ഗവ. ചീഫ് വിപ്പും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എന്‍. ജയരാജ് എം.എല്‍.എ. വായനവാരത്തില്‍ ദീപനാളത്തോടു സംസാരിക്കുന്നു.
അഭിമുഖം
എഴുത്തുകാരനും അധ്യാപകനും ഒപ്പം, രാഷ്ട്രീയക്കാരനുമായ താങ്കള്‍ക്ക് ഇത്തവണത്തെ വായനവാരത്തില്‍ കുട്ടികള്‍ക്കു നല്‍കാനുള്ള സന്ദേശമെന്താണ്?
എത്ര വിപുലമായ സാങ്കേതികവിദ്യാഭ്യാസം നല്‍കിയാലും വായനയില്‍നിന്നു ലഭിക്കുന്നത് വിജ്ഞാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഒരു മനുഷ്യനെ യഥാര്‍ഥമനുഷ്യനാക്കി മാറ്റുന്നതില്‍ വായനയ്ക്കു വലിയ പങ്കുണ്ട്. കാരണം, വായന ഉദാത്തമായ ഒരു പ്രക്രിയയാണ്. നമ്മുടെ എല്ലാ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും കാഴ്ചപ്പാടുകളെയും വായന വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. അക്ഷരസ്ഫുടതയോടെ സംസാരിക്കാന്‍ ശീലിക്കുന്നതിനായി ഉറക്കെ വായിക്കണം എന്നു ഞാന്‍ പറയാറുണ്ട്.
നമ്മുടെ ലൈബ്രറികളില്‍ ഒരു ജന്മം മുഴുവന്‍ വായിച്ചാലും തീരാത്ത അറിവിന്റെ മഹാസാഗരമുണ്ട്. ഓരോ ദിവസവും ഓരോ പുസ്തകംവീതം വായിച്ചാല്‍പോലും ഒരാളുടെ ജീവിതകാലത്തു വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന പുസ്തകങ്ങള്‍ക്കു പരിമിതിയുണ്ട്. വായിക്കുന്തോറും മനുഷ്യന്‍ സംസ്‌കൃതചിത്തനായി മാറുന്നു. അവന്റെ കാഴ്ചപ്പാടുകളിലൂടെ, ആശയങ്ങളിലൂടെ പുതിയ ഒരു ലോകം കണ്ടെത്താന്‍ അവനു കഴിയും.
കുട്ടികളോട് എനിക്കു പറയാനുള്ളത്, മികച്ച വായനക്കാരായി മാറുക എന്നുള്ളതാണ്. ലോകത്തിലെ എഴുത്തുകാരും ചിന്തകരുമെല്ലാം ഒരുദിവസം വെറുതേ പൊട്ടിമുളച്ചവരല്ല. ദീര്‍ഘമായ വായനയിലൂടെ സ്വാംശീകരിച്ച അറിവിന്റെ ഒരു ചെറിയ അംശമാണ് അവര്‍ക്കു പുറത്തേക്കു നല്‍കാന്‍ കഴിയുന്നത്. എന്റെ അധ്യാപകനായിരുന്ന എം. കൃഷ്ണന്‍നായര്‍സാര്‍ വായനയുടെ വിശാലമായ തലങ്ങള്‍ കീഴടക്കിയ ആളാണ്. ഞങ്ങളെ വായനയിലേക്ക് അടുപ്പിച്ചത് അദ്ദേഹമാണ്. ഈ കാര്യത്തില്‍ കുട്ടികളെ മോട്ടിവേറ്റ് ചെയ്യാന്‍ യഥാര്‍ഥത്തില്‍ അധ്യാപകര്‍ക്കാണു കഴിയുന്നത്. കുട്ടികളോടു വെറുതെ പറഞ്ഞിട്ടു കാര്യമില്ല. അധ്യാപകന്‍ വായിക്കുകയും കുട്ടികളെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വായനയുടെ പുതിയ തലങ്ങള്‍ കണ്ടെത്താന്‍ അങ്ങനെ നമ്മുടെ കുട്ടികള്‍ക്കു സാധിക്കും. നിലപാടുകളും സ്വന്തം കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതില്‍ വായനയ്ക്കു വലിയ ഒരു പങ്കുണ്ട്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച 'പുറപ്പാട്' സമഗ്രവിദ്യാഭ്യാസപദ്ധതിയുടെയും സംസ്‌കൃതിയുടെയും സംഘാടകനായിരുന്നല്ലോ അങ്ങ്. ചീഫ് വിപ്പ് എന്ന നിലയില്‍, ഈ പദ്ധതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍മാത്രം ഒതുക്കാതെ മറ്റു മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാത്തത് എന്താണ്?
''പുറപ്പാട് വിദ്യാഭ്യാസപദ്ധതി'' എന്ന ആശയം പ്രഫ. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സമയത്ത് ആവിഷ്‌കരിച്ച ഒരു പദ്ധതിയുടെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ചതാണ്. കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഈ പരിപാടി വ്യത്യസ്തമായ രീതികളില്‍ നടക്കുന്നുണ്ട്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി ആ പ്രദേശത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കനുയോജ്യമായ പദ്ധതികളാണ് എല്ലാ സ്ഥലത്തും നടപ്പാക്കുന്നത്.
പുറപ്പാട് എന്ന ആശയംകൊണ്ട് യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്. എല്ലാ രംഗത്തും കുട്ടികള്‍ക്കു പ്രാവീണ്യമുണ്ടാക്കുകയാണു ലക്ഷ്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാഷാസ്‌നേഹികളായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ്.
അതുപോലെതന്നെ പ്രധാനമാണ് കുട്ടികളില്‍ പരിസ്ഥിതിബോധം വളര്‍ത്തിയെടുക്കുക എന്നതും. അതിന്റെ ഭാഗമാണ് 'വാട്ടര്‍ ആര്‍മി' എന്ന പേരില്‍ നമ്മുടെ പുഴകളെ സംരക്ഷിക്കാനുള്ള കുട്ടികളുടേതുമാത്രമായ സംവിധാനം. അതോടൊപ്പംതന്നെ കലാകായികരംഗങ്ങളില്‍ കുട്ടികള്‍ക്കു കൂടുതല്‍ മികവു നല്‍കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.
ഈ വര്‍ഷം എല്ലാ സ്‌കൂളുകളിലും ഏകദേശം മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നമ്മള്‍ കൊടുക്കുന്നുണ്ട്. വായനയില്‍ അവരുടെ മികവു മനസ്സിലാക്കി കൂടുതല്‍ പ്രോത്സാഹനം കൊടുക്കാനുള്ള ഒരു പരിപാടി നമ്മള്‍ നടപ്പാക്കുകയാണ്. ഇതോടൊപ്പംതന്നെയാണ് പഞ്ചായത്തുമായി സഹകരിച്ച് പെണ്‍കുട്ടികള്‍ക്കു കരാട്ടെപരിശീലനം നല്കിയിരുന്നത്. അതുകൂടാതെ, ഈ വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ മുഴുവന്‍ കുട്ടികളെയും ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചു. കൂടാതെ, 'സൈലം' എന്ന പ്ലാറ്റ്‌ഫോമുമായി സഹകരിച്ചുകൊണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ 'നീറ്റ്' ഉള്‍പ്പെടെയുള്ള പരീക്ഷകളെഴുതാന്‍ പ്രാപ്തരാക്കുന്ന ഒരു സൗജന്യപരിശീലനപദ്ധതിക്കു ധാരണയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ നമ്മള്‍ അതാരംഭിക്കും. യുവജനങ്ങളുടെ റിസേര്‍ച്ച് ആറ്റിറ്റിയൂഡ് അഥവാ സയന്റിഫിക് ആയിട്ടുള്ള ഒരു ആറ്റിറ്റിയൂഡ് ഡെവലപ് ചെയ്യാനുള്ള സംവിധാനംകൂടി ഈ വര്‍ഷം നമ്മള്‍ രൂപപ്പെടുത്തുകയാണ്.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനം സ്‌കൂളുകളില്‍ എത്തിക്കുന്ന പദ്ധതിയുമുണ്ട്. ഉദാഹരണത്തിന്, സ്മാര്‍ട്ട് ക്ലാസ്മുറികള്‍. കായികമേഖലയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ഇപ്പോള്‍ത്തന്നെ രണ്ടു കളിക്കളങ്ങള്‍ - ഒരു സ്‌പോര്‍ട്‌സ് സ്‌കൂളിന്റെയും മറ്റൊരു സ്‌കൂളിന്റെയും - സജ്ജമായിക്കഴിഞ്ഞു. വോളിബോളിനുവേണ്ടിയുള്ള രണ്ടു കോര്‍ട്ടുകള്‍ ഈവര്‍ഷം പൂര്‍ത്തിയാവുകയാണ്. 'പുറപ്പാടി'ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ സമഗ്രമായ പ്രോത്സാഹനത്തിന്റെ ഒരു വേദിയാക്കി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.
എഴുത്തും വായനയും രാഷ്ട്രീയജീവിതത്തില്‍ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
എഴുത്തും വായനയും എന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. ഒരു നല്ല സാമാജികന്‍ അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ നല്ല വായനക്കാരന്‍കൂടിയായിരിക്കണം. കാരണം, ലോകത്തിലെ വിജ്ഞാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്; നമ്മള്‍ ഒരു കാര്യത്തില്‍ ഇടപെടുമ്പോള്‍ ലോകത്തിലെ മാറ്റങ്ങള്‍ നമുക്കു വായനയിലൂടെയല്ലാതെ എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? അതുകൊണ്ട്, നല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിനു വായന ഒരു പ്രധാനപ്പെട്ട കാര്യമാണ്. കിട്ടുന്ന ഏത് അറിവും തീര്‍ച്ചയായും നമുക്കു പ്രയോജനപ്രദമാണ്. നമുക്കറിയാം, പൊളിറ്റിക്‌സ് എന്നു പറയുന്നത് ക്രിയേറ്റീവായ, പ്രാക്ടിക്കലായ ഒരു ക്രിയേഷനാണ്. പ്രാക്ടിക്കലായ ക്രിയേഷനു വായനയുടെ പിന്‍ബലം വളരെ പ്രധാനമാണ്. രാഷ്ട്രീയത്തില്‍ വായനയ്ക്കു വലിയ പങ്കുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനം ഏതു രൂപത്തിലും നടത്താം. എന്നാല്‍, വായിക്കുകയും പഠിക്കുകയും മനനം ചെയ്യുകയും അതിനെക്കുറിച്ചു ഗവേഷണം നടത്തുകയും അതിന്റെ ആധികാരികമായ കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനമാകുമ്പോള്‍ ആ രാഷ്ട്രീയപ്രവര്‍ത്തനം കുറേക്കൂടി സര്‍ഗാത്മകമായി മാറുന്നു. അതുകൊണ്ടാണ് രാഷ്ട്രീയവും വായനയും അറിവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നു ഞാന്‍ പറയുന്നത്.
സാമാജികന്‍ സാക്ഷി എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യം എന്താണ്?
'സാമാജികന്‍ സാക്ഷി'യില്‍ കഴിഞ്ഞ പത്തുപതിനെട്ടു വര്‍ഷക്കാലം പൊതുജീവിതത്തിലുണ്ടായ സംഭവങ്ങളെ വ്യക്തിപരമായല്ലാതെ ഞാന്‍ നോക്കിക്കാണുകയാണ്. ഒരാള്‍ക്കു ലഭിക്കേണ്ടതായ അവസരങ്ങള്‍ പലതുകൊണ്ടും നഷ്ടപ്പെടുമ്പോള്‍ അവന്‍ അനുഭവിക്കുന്ന നിരാശയും സങ്കടങ്ങളും പ്രയാസങ്ങളുമൊക്കെ നേരിട്ടു കാണുന്നതില്‍നിന്നുണ്ടായ അനുഭവങ്ങള്‍.
പല കാര്യങ്ങളും - വികസനപ്രവര്‍ത്തനങ്ങളോ മറ്റുള്ളവയോ ആകട്ടെ - അനാവശ്യമായ നിയമക്കുരുക്കുകളിലും മറ്റുംപെട്ട് മനുഷ്യനു കിട്ടാതെ വരുന്നു. അപ്പോള്‍ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു കാണാനിടയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ വിമര്‍ശനബുദ്ധ്യാ കാണാനും കഴിഞ്ഞിട്ടുണ്ട്. ഇതാണ് 'സാമാജികന്‍ സാക്ഷി'യുടെ പ്രത്യേകത. ഒരുപാടു നിര്‍ദേശങ്ങള്‍ ഞാനിതില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നമ്മുടെ വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുറേക്കൂടി ഭംഗിയാക്കാം, ഊര്‍ജസ്വലമാക്കാം, ക്രിയാത്മകമാക്കാം എന്ന ചിന്തയുടെ വെളിച്ചത്തില്‍നിന്നുള്ള ഒരു കുറിപ്പാണിത്. ചില നന്മകള്‍ സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ അവയ്ക്കുനേരേ കണ്ണടച്ചുനില്ക്കാന്‍ എല്ലായ്‌പ്പോഴും നമുക്കു കഴിയാറില്ല.
ആ ഒരു ദുഃഖമാണു പലപ്പോഴും പങ്കുവയ്ക്കപ്പെടുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ചില യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ നമുക്കു കഴിയും. അങ്ങനെയുള്ള എന്റെ ചില ബോധ്യങ്ങളുടെ കുറിപ്പുകളാണ് സാമാജികന്‍ സാക്ഷി എന്ന പുസ്തകം.
പബ്ലിക് ഫിനാന്‍സില്‍ ഡോക്ടറേറ്റ് നേടിയ, എന്‍എസ്എസ് കോളജുകളില്‍ ഇക്കണോമിക്‌സ് അധ്യാപകനായിരുന്ന താങ്കളെ രാഷ്ട്രീയത്തിലേക്കു വരാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നു?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലായിരുന്നു അധ്യാപനം. വളരെ അവിചാരിതമായി രാഷ്ട്രീയത്തിലേക്കു വന്നയാളാണു ഞാന്‍. മാണിസാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാപഞ്ചായത്തിലേക്കു മത്സരിച്ചു. മനസ്സില്ലാമനസ്സോടെയാണ് ഞാനതിനു തയ്യാറായത്. രാഷ്ട്രീയജീവിതത്തിലെ എല്ലാ നന്മതിന്മകളും നേരിട്ടിട്ടുള്ള ഒരാളാണു ഞാന്‍. പിതാവ് ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നതുകൊണ്ടുതന്നെ എനിക്ക് ഇതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. സാമ്പത്തികമായി വളരെ ഞെരുക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് ഭൂസ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഞാനിതിനോട് അല്പം അകലംപാലിക്കാന്‍ ശ്രമിച്ചിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മറ്റുള്ള ആളുകള്‍ക്ക് അവസരമുണ്ടാകട്ടെ എന്നും കരുതി. പക്ഷേ, മാണിസാറിന്റെ നിര്‍ദേശത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്.
ആളുകള്‍ക്കു പ്രയോജനമുണ്ടാകുന്ന കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അത് ദൈവാനുഗ്രഹമായി ഞാന്‍ കരുതുന്നു. ജനങ്ങളില്‍ വിശ്വാസമുണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദൈവാനുഗ്രഹംകൊണ്ട് അത് ഒരു പരിധിവരെയെങ്കിലും എനിക്കു സാധിച്ചിട്ടുണ്ട്. എപ്പോഴും നിഷ്പക്ഷനായിരിക്കാനും നീതിപൂര്‍വം പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.
തിരക്കുപിടിച്ച ഒട്ടേറെ രാഷ്ട്രീയോത്തരവാദിത്വങ്ങള്‍ക്കിടയിലും കവിതകള്‍ എഴുതാനും വായിച്ചാസ്വദിക്കാനും അങ്ങു സമയം കണ്ടെത്തുന്നുണ്ട്. ഒരു നല്ല വായനക്കാരനും കവിയും എന്ന നിലയില്‍ സമകാലികകവിതകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
കാലത്തിന്റെ മാറ്റം കവിതകളിലും കാണുന്നുണ്ട്. ലോകത്തെമ്പാടുമുള്ള സാഹിത്യത്തിന്റെ മാറ്റങ്ങള്‍ ഏറ്റവും പെട്ടെന്ന് അനുഭവിക്കുന്നതും സ്വാംശീകരിക്കുന്നതും മലയാളകവിതയിലാണ്.
സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള കവികള്‍ ധാരാളം വിദേശകവിതകള്‍ മലയാളത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. കവിതയ്ക്കു ഭാഷ പ്രശ്‌നമല്ല. കവിത ഒരു ആശയമാണ്. ഏതു കാലത്തെയും മനുഷ്യര്‍ അവരുടെ വേദനകളും പ്രയാസങ്ങളും കവിതയിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. മനുഷ്യന്റെ ആത്മനൊമ്പരങ്ങള്‍, അവന്റെ സങ്കല്പങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം കവിതയില്‍ വന്നിട്ടുണ്ട്. കവിതയും മറ്റെല്ലാംപോലെ കാലത്തിനനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമാണ്. അതുകൊണ്ടുതന്നെ, മുന്‍കാലങ്ങളിലെ കവിതകള്‍പോലെ വൃത്തനിബന്ധനയൊന്നും ഇന്നത്തെ കവിതകളിലുണ്ടാകണമെന്നു നിര്‍ബന്ധമില്ല. പക്ഷേ, ചെറിയ വാക്കുകളിലൂടെ വലിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കവിതയ്ക്കു കഴിയാറുമുണ്ട്.
എല്ലാവര്‍ക്കും കവിതയെഴുതാന്‍ കഴിയാറില്ല. കവിതയെഴുതാന്‍ കഴിയാത്ത പലരും കവിതയെഴുതാന്‍ സാഹസികമായി ശ്രമിക്കുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ദുഃഖം തോന്നാറുണ്ട്. എന്നാല്‍ നന്നായി കവിതയെഴുതുന്ന ഒരുപാടു കവികള്‍ ഇന്നുണ്ട്. നല്ല ഭാഷയില്‍, നല്ല ആവിഷ്‌കാരഭംഗിയില്‍, ആശയശുദ്ധിയില്‍ കവിതയെഴുതുന്ന പുതുതലമുറക്കവികളുടെ ഒരു നിരതന്നെ നമുക്കുണ്ട്.
അതുകൊണ്ട്, ആധുനികമോ അത്യന്താധുനികമോ എന്നുപറഞ്ഞ് കവിതയെ പല രീതിയില്‍ മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമില്ല. ഓരോ കാലഘട്ടത്തിന്റെയും സ്വരൂപങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ആ കാലഘട്ടത്തിന്റെ ദര്‍ശനങ്ങളെയാണ് കവികള്‍ ആവിഷ്‌കരിക്കുന്നത്.
കാളിദാസന്‍ മേഘസന്ദേശമെഴുതിയത് കാല്പനികതയുടെ അസാധാരണമായ ഒരു പുതിയ കാലഘട്ടത്തെ വിളംബരം ചെയ്തുകൊണ്ടാണ്. അത്തരമൊരു കൃതി ഇന്ന് എഴുതാന്‍ സാധിക്കില്ല. ഒ.എന്‍.വി. സാറൊക്കെ അവരുടെ കാലഘട്ടത്തിന്റെ പ്രത്യേകതകളെക്കുറിച്ചാണ് എഴുതിയത്. കാലാതിവര്‍ത്തിയായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളുണ്ട്.
അംബ പേരാറേ, നീ മാറിപ്പോമോ
ആകുലയാമൊരഴുക്കു ചാലായ്!
എന്ന് ഇടശ്ശേരി ചോദിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ദാര്‍ശനികനായ ഒരു കവിയെ ഇവിടെ കാണാം. കവികള്‍ പ്രവാചകന്മാരെപ്പോലെ സംസാരിക്കുന്നു. ഭൂമിയും ഭൂമിക്കൊരു ചരമഗീതവും ഒ.എന്‍.വി. കുറുപ്പ് ഇരുപതുവര്‍ഷത്തിനിടയ്ക്ക് എഴുതിയ കവിതകളാണ്. ഈ ചുരുങ്ങിയ കാലത്തിനിടയില്‍ പ്രകൃതിക്കുണ്ടായ മാറ്റങ്ങള്‍ അദ്ദേഹം വേദനയോടെ കുറിക്കുന്നു.
വ്യക്തികേന്ദ്രീകൃതമായ പഴയകാലകവിതകളില്‍നിന്ന് ഒരുപാടു മാറ്റം വന്നിട്ടുണ്ട്. പുതിയ കവിതയില്‍ പുതിയ ആവിഷ്‌കാരത്തിന്റെ ശൈലികളാണ്. പുതിയ ജീവിതത്തിന്റെ സംത്രാസങ്ങളും പ്രതിസന്ധികളും സാഹചര്യങ്ങളുമൊക്കെയാണ് പുതുകവിതകളില്‍ കടന്നുവരുന്നത്.
സാഹിത്യവും സമൂഹവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടല്ലോ. അതിലേക്ക് രാഷ്ട്രീയം കലരുമ്പോള്‍ എഴുത്തിന്റെ ശൈലിയും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നുപറയുന്നത് ഒരു ക്ലീഷേ ആയിട്ടാണ് എനിക്കു തോന്നുന്നത്. നമുക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ എഴുതുന്നത് നമുക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയുമാണ്. എല്ലാവരുടെയും കൃതികള്‍ എല്ലാവരും ഉള്‍ക്കൊള്ളണമെന്നില്ല. ലോകത്തില്‍ എഴുതപ്പെട്ട മുഴുവന്‍ പുസ്തകങ്ങളും നമുക്കു വായിക്കാന്‍ പറ്റില്ലല്ലോ. നമുക്ക് ആവശ്യമുള്ളതും താത്പര്യമുള്ളതുംമാത്രമാണ് നാം വായിക്കുന്നത്.
ആവിഷ്‌കാരസ്വാതന്ത്ര്യം അതിരുകടക്കുമ്പോള്‍ അത് വ്യക്തിഹത്യയിലേക്കും സാമൂഹിക-വംശീയഹത്യയിലേക്കും എത്തിച്ചേര്‍ന്നേക്കാം. അതു നല്ലതല്ല. എഴുത്ത് സൃഷ്ടിപരമായ ഒരു പ്രവൃത്തിയാണ്. അത് സര്‍ഗാത്മകമായിരിക്കണം. ആ സര്‍ഗാത്മകത എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സമൂഹത്തിനും പ്രയോജനപ്രദമാകണം. പുസ്തകം അച്ചടിക്കുന്നതും വില്ക്കുന്നതും മാത്രമായിരിക്കരുത് എഴുത്തുകാരുടെ ലക്ഷ്യം.
ലോകത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കെല്ലാം എഴുത്തിനും സാഹിത്യത്തിനും വലിയ പങ്കുണ്ടായിരുന്നു. പുസ്തകങ്ങള്‍ പുതിയ ദര്‍ശനങ്ങളും ആശയങ്ങളും സമൂഹത്തിനു പകര്‍ന്നുനല്കണം. എഴുത്തിന്റെ ദാര്‍ശനികത വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മനുഷ്യമനസ്സിന്റെ വേദനകളും സങ്കടങ്ങളും സന്തോഷങ്ങളും എങ്ങനെയാണ് എഴുത്തുകാരന്‍ കണ്ടതെന്നും മനസ്സിലാക്കിയതെന്നുമാണ് അയാള്‍ തന്റെ കൃതികളിലൂടെ വെളിവാക്കുന്നത്. അതുകൊണ്ടുതന്നെ, അയാള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. നന്മയുടെ ഒരു ദാര്‍ശനികതയായിരിക്കണം അയാള്‍ പകര്‍ന്നുനല്‌കേണ്ടത്. നിയമത്തിന്റെ കുരുക്കുകളോ അധികാരത്തിന്റെ വാളുകളോ ഉപയോഗിച്ച് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ മുറിക്കാന്‍ കഴിയില്ല. എഴുത്തുകാരന്റെ സ്വാതന്ത്ര്യം എവിടെവരെയാണ് എന്നു തീരുമാനിക്കുന്നത് എഴുത്തുകാരനല്ല, വായനാസമൂഹമാണ്. ആ പരിധി അയാള്‍ ലംഘിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഒരു എഴുത്തുകാരന്‍ അവന്റെ ഇടം സ്വയം കണ്ടെത്താന്‍ ശ്രമിക്കുക. അവിടെയാണ് അയാള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി എഴുതാന്‍ സാധിക്കുന്നത്. അപ്രകാരം എഴുതപ്പെടുന്ന കൃതികള്‍ കാലത്തെ അതിജീവിക്കും.