•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവരുടെ സ്വപ്‌നങ്ങളെ അഗ്നിയിലെരിയിച്ചതാര്?

സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുമായി പുതുജീവിതം തേടി അറേബ്യന്‍ മണലാരണ്യങ്ങളിലേക്കു പോയ ഒരുകൂട്ടം യുവാക്കള്‍, കുവൈറ്റ് എന്ന മോഹഭൂവില്‍ അഗ്‌നിയിലമര്‍ന്ന സ്വപ്‌നങ്ങളുമായി പ്രിയപ്പെട്ടവരെയും പിറന്ന നാടിനെയും കണ്ണീരിലാഴ്ത്തി ചേതനയറ്റ് മരണപേടകങ്ങളില്‍ തിരിച്ചെത്തിയതിന്റെ സങ്കടക്കടലിലാണു കേരളം. ലോകമെങ്ങുമുള്ള മലയാളികള്‍ക്കും കടല്‍കടന്നെത്തിയ ഈ അപ്രതീക്ഷിതതിരിച്ചുവരവും യാത്രാമൊഴിയും താങ്ങാനാവാത്ത നൊമ്പരമാണു സമ്മാനിച്ചത്.
   ജൂണ്‍ 12 ബുധനാഴ്ച കുവൈറ്റിലെ മംഗഫില്‍ വിദേശത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ എരിഞ്ഞടങ്ങിയത് അമ്പതു ജീവനുകള്‍, അതില്‍ ഇരുപത്തിമൂന്നുപേരും മലയാളികളാണ് എന്ന വാര്‍ത്ത വിശ്വസിക്കാനാവുമായിരുന്നില്ല.  ഗുരുതരമായി പൊള്ളലേറ്റവരേറെ. പ്രവാസജീവിതം അപ്രതീക്ഷിതമായി അവസാനിപ്പിച്ച് അന്ത്യോ
പചാരങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ എത്തിയപ്പോള്‍ അതു പ്രിയപ്പെട്ടവരുടെ മാത്രമല്ല, നാടിന്റെതന്നെ ഹൃദയവിലാപമായി. ജീവിക്കാനായി ഒരുപാടു സ്വപ്‌നങ്ങളുമായി നാടുവിട്ടവര്‍ മരണപേടകത്തില്‍ തിരികെവരുന്നത് ഉറ്റവര്‍ക്ക് എങ്ങനെയാണു സഹിക്കാനാവുക?
    പതിറ്റാണ്ടുകളായി പ്രവാസികളായവര്‍മുതല്‍ കുവൈറ്റിലെത്തിയിട്ട് ഒരാഴ്ചപോലുമാകാത്തവര്‍വരെ ദുരന്തത്തിനിരയായതു സങ്കടം ഇരട്ടിപ്പിക്കുന്നതായി. തൊഴിലാളികള്‍ താമസിച്ചിരുന്ന ഏഴുനിലക്കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സെക്യൂരിറ്റിറൂമില്‍നിന്നു പടര്‍ന്ന തീയ്‌ക്കൊപ്പം മുകളിലേക്കു പുക പടര്‍ന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചുവെന്നാണു മനസ്സിലാവുന്നത്. ദുരന്തം പുലര്‍ച്ചേയായിരുന്നതിനാല്‍ ഉറങ്ങിക്കിടന്നവര്‍ പലരുംശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു. അപകടമറിഞ്ഞ് കെട്ടിടത്തില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണു മരിച്ചവരുമുണ്ട്. സംഭവിക്കുന്നതെന്താ
ണെന്നു മനസ്സിലാക്കാന്‍ പോലുമാകുംമുമ്പേ അവരിലേക്കു  മരണമെത്തുകയായിരുന്നു.
   ഇരുപത്തിമൂന്നു മൃതദേഹങ്ങളുമായി കുവൈറ്റില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനാവിമാനം കൊച്ചിയിലെത്തിയ വെള്ളിയാഴ്ച കേരളത്തിനു ദുഃഖവെള്ളിയായി, വിലാപദിനമായി.  ആ പ്രിയപ്പെട്ടവര്‍ ആശ്രയമായിരുന്ന എത്രയോ കുടുംബങ്ങളാണ് ആശയറ്റ നിലയിലായത്.
      നാല്പത്തിനാലുകാരനായ ബിനോയ് തോമസ് ദുരന്തത്തിന് അഞ്ചുദിവസംമുമ്പുമാത്രമാണ് തൃശൂര്‍ ചാവക്കാടുനിന്ന് കുവൈറ്റിലേക്കു പോയത്! രണ്ടരസെന്റില്‍ കെട്ടിയ ഒറ്റമുറിവീടിന്റെ പണിപോലും പൂര്‍ത്തിയാക്കാനാകാത്തവിധം സാമ്പത്തികബാധ്യതയിലായിരുന്ന ആ ചെറുപ്പക്കാരന്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞു പ്രതീക്ഷിച്ചതിനുംമുമ്പേ വീടെത്തിയത് ആ കൊച്ചുവീടിനെ വിലാപക്കടലിലാക്കി. സുഹൃത്തിന്റെ സഹായത്തോടെ കുവൈറ്റിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കറായി ജോലി നേടിയ ബിനോയ് ദുരന്തദിനത്തിലും പുലര്‍ച്ചെ രണ്ടുമണിവരെ ഭാര്യയുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ചു വിവരമുണ്ടായിരുന്നില്ല.
     കൊല്ലം സ്വദേശിയായലൂക്കോസ്, മകള്‍ ലിഡിയയെ ബംഗളൂരുവിലെ കോളേജിലേക്കു കൊണ്ടുപോകുന്നതിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ഒരു മാസംമുമ്പ് അവധി  ലഭിക്കുമായിരുന്നെങ്കിലും മകള്‍ക്കുവേണ്ടി  അവധി നീട്ടിയെടുത്തതു മരണത്തിലേക്കായി.
ഇരുനൂറോളം പേരാണ് അഗ്നിബാധയുണ്ടായ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതെന്നു   പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലമാണ് ദുരന്തമുണ്ടായതെന്നു പറയുന്നുണ്ട്. എന്തായാലും ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചു താമസിക്കുന്നയിടത്ത് സുരക്ഷാകാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് ഈ ദുരന്തം പറയുന്നു. ഗള്‍ഫിലായാലും നമ്മുടെ നാട്ടിലായാലും തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പല താമസസ്ഥലങ്ങളിലെയും സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ ദുരന്തം ഓര്‍മപ്പെടുത്തുന്നത്.
     മലയാളിവ്യവസായി കെ.ജി. ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനി അവരുടെ ജീവനക്കാര്‍ക്കായി എടുത്തിരുന്ന ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. കുവൈറ്റ് പൗരന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തില്‍ സുരക്ഷാവീഴ്ചകളുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കെട്ടിട ഉടമയും സുരക്ഷാജീവനക്കാരനും അറസ്റ്റിലായിട്ടുണ്ടെന്നാണറിയുന്നത്. 
     കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് ദുരന്തത്തിനു വഴിവച്ചതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി ഫഹദ് യൂസുഫ് സൗ അല്‍ സബാഹി പറഞ്ഞത് ഗൗരവമേറിയ  ആരോപണമാണ്. കെട്ടിടം വാടകയ്‌ക്കെടുത്ത കമ്പനി മാനേജ്‌മെന്റിനും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.  മലയാളികളല്ലാത്ത നിരവധിയാളുകളും ഈ ദുരന്തത്തില്‍ പെട്ടുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മലയാളികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെയും ഈ ദുരന്തം വേദനയാണ്.
ദുരന്തവാര്‍ത്ത വന്നതുമുതല്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത് ആശ്വാസംതന്നെ. മരിച്ചവരുടെ കുടുംബത്തിനു കമ്പനിയും കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളും കുവൈറ്റ്‌സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായികളായ യൂസഫ് അലിയും രവി പിള്ളയും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു ധനസഹായം  അറിയിച്ചിട്ടുണ്ട്. 
     ഗള്‍ഫ്‌രാജ്യങ്ങള്‍ പണ്ടുമുതലേ തൊഴിലന്വേഷകരായ മലയാളികളുടെ സ്വപ്നഭൂമിയാണ്.  ഇന്ത്യയില്‍നിന്നു ലക്ഷക്കണക്കിനാളുകളാണ് വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നത്. കടലിനക്കരെ മലയാളിയുടെ സ്വപ്നങ്ങള്‍ക്കു പച്ചപ്പു ചാര്‍ത്തിയ സ്വപ്നഭൂമിതന്നെയാണ് കുവൈറ്റ്. ആ രാജ്യവും അവിടുത്തെ ഭരണനേതൃതവും മറ്റു ഗള്‍ഫുനാടുകളെേപ്പാലെതന്നെ എന്നും മലയാളികളെ ചേര്‍ത്തുനിര്‍ത്തിയിട്ടേയുള്ളൂ. കുവൈറ്റിലെ ജനസംഖ്യയില്‍ പത്തു ലക്ഷത്തോളം പേരും ഇന്ത്യക്കാരാണെന്നാണു കണക്കുകള്‍. ജോലിക്കാരില്‍ നല്ലൊരുപങ്കും മലയാളികളാണ്.
     കുടുംബത്തിനുവേണ്ടി കടല്‍കടന്ന മലയാളിസമൂഹത്തിന്റെ വരുമാനമാണ് കേരളത്തിന്റെ സാമ്പത്തികപുരോഗതിക്ക് എന്നും കാരണമായത്. പ്രവാസിത്തൊഴിലാളികളുടെ സംഭാവനകളെ വളരെയധികം ആശ്രയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടെ നാടിന്റേത്. അതുകൊണ്ടുതന്നെ, ഈ ദുരന്തവേളയില്‍ അവരുടെ കുടുംബങ്ങളുടെ കൈപിടിക്കേണ്ടത് നമ്മുടെ കടമയാണ്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)