പാലാ: ബാലനായ ഈശോയെ പരിശുദ്ധ അമ്മ പരിശീലിപ്പിച്ചതുപോലെ മക്കളെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രധാനപ്പെട്ട മൂന്നു കര്‍മമേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
അരുണാപുരം സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ രൂപത മാതൃവേദി പ്രസിഡന്റ് സിജി ലൂക്ക്‌സണ്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ആമുഖപ്രസംഗം നടത്തി. കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും അതിനു പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും മാതാപിതാക്കളെ സജ്ജരാക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാറ്റിനം ജൂബിലിയിലേക്കു പാലാ രൂപത പ്രവേശിക്കുമ്പോള്‍ ഫാമിലി അപ്പോസ്തലേറ്റുവഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മപരിപാടികള്‍ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശദീകരിച്ചു.
പിതൃവേദി പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ എല്‍സാ ടോം, പ്രൊലൈഫ് പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ടോമി തുരുത്തിക്കര, ഷേര്‍ലി ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.