•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

സ്‌നേഹവീടും രക്ഷാകര്‍ത്തൃപരിശീലനവും

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇക്കൊല്ലം നടന്ന പ്രവേശനോത്സവത്തിന്റെ സവിശേഷത, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവത്കരണക്ലാസായിരുന്നു. പുതിയ പാഠ്യപദ്ധതിയുടെ ചുവടുപിടിച്ച് പുത്തന്‍ പാഠപുസ്തകങ്ങള്‍ അവതരിപ്പിക്കുന്ന ഇക്കൊല്ലം രക്ഷാകര്‍ത്തൃവിദ്യാഭ്യാസത്തിന്റെ സുപ്രധാനപങ്കാണ് വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്യുന്നത്. അതിന്റെ മികച്ച തുടക്കമായി ഈ ക്ലാസിനെ കാണാം.
വിദ്യാഭ്യാസത്തിന്റെ പരമപ്രധാനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നത് രക്ഷാകര്‍ത്താക്കള്‍, കുട്ടികള്‍, അധ്യാപകര്‍ എന്നിവര്‍ സംയോജിതമായി ഇടപെടുമ്പോഴാണെന്ന കാഴ്ചപ്പാടിലാണ് രക്ഷാകര്‍ത്തൃപരിശീലനം പ്രസക്തമാകുന്നത്. ജനകീയമായ അന്തരീക്ഷത്തില്‍ രക്ഷിതാക്കളുടെ തുറന്നുപറച്ചിലുകള്‍ സാധ്യമാക്കുക, വിദ്യാലയാനുഭവങ്ങളെ സന്തോഷപ്രദമാക്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുക എന്നതൊക്കെ വിദ്യാലയം രക്ഷാകര്‍ത്തൃശക്തീകരണത്തിന് ഉപയുക്തമാക്കുന്നതിന്റെ ലക്ഷ്യങ്ങളാണ്.
ഒമ്പത് ആശയമേഖലകളായിത്തിരിച്ച, കൃത്യമായ പരിശീലനരേഖ നല്‍കിയാണ് രക്ഷാകര്‍ത്തൃപരിശീലനത്തിനായി വിദ്യാലയങ്ങളെ സര്‍ക്കാര്‍ സജ്ജമാക്കിയത്. കുട്ടികളെക്കുറിച്ചുള്ള സമഗ്രമായ അറിവ്, അവകാശങ്ങളും ജാഗ്രതാനിയമങ്ങളും, പഠനവും പരീക്ഷയും, സാമൂഹികരക്ഷാകര്‍ത്തൃത്വം, വിദ്യാലയവും രക്ഷിതാക്കളും തുടങ്ങിയ ആശയമേഖലകളില്‍ പ്രധാനപ്പെട്ടതായിത്തോന്നിയ മറ്റൊന്നാണ് 'സ്‌നേഹവീട്' എന്ന തലക്കെട്ടിലുള്ള കാര്യങ്ങള്‍. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവ കുട്ടികളുടെ സുപ്രധാന അവകാശങ്ങളായി ചൂണ്ടിക്കാണിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ കുടുംബത്തിന്റെ പ്രാധാന്യവും കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കുള്ള അനുകൂലാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ മറ്റേതൊരു ഘടകത്തെക്കാളും വീടിനു പ്രാധാന്യമേറുന്നതായി കാണാം. കുട്ടികള്‍ ജീവിക്കേണ്ട ഇടം വെറും വീടല്ല, ഭംഗിയുള്ള വീടല്ല, സൗകര്യങ്ങളുള്ള വീടല്ല; മറിച്ച്, സ്‌നേഹമുള്ള വീടാണ്. ഒരു വീടിനു വെറുതെ സ്‌നേഹവീടാകാന്‍ കഴിയില്ല. അവിടെ ഒരു കുടുംബം ഉണ്ടാകണം. സ്‌നേഹിക്കുന്ന കുടുംബമുള്ള വീട് സ്‌നേഹവീടായി മാറും. അവിടെനിന്നു വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്കു വിജയം നേടാന്‍ കഴിയും, വളര്‍ന്നുവിളയാന്‍ കഴിയും.
മാതാപിതാക്കളുടെ പരസ്പരസ്‌നേഹം, ദാമ്പത്യലയം, മക്കളോടുള്ള വാത്സല്യം എന്നിവയൊക്കെ സ്‌നേഹവീടിന്റെ സവിശേഷതകളാണ്. പരിശീലനരേഖയില്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും പരിഗണനയുള്ള ഇടമാകണം സ്‌നേഹവീട്. അവിടെ തുറന്നുപറച്ചിലിനുള്ള അവസരങ്ങള്‍ ലഭ്യമാകണം. പരസ്പരം അംഗീകാരവും സ്‌നേഹവും നല്‍കാനും സ്വീകരിക്കാനും കഴിയണം. പങ്കുവയ്ക്കലിന്റെ വേദിയായി മാറുന്ന ഒരു വീടിനേ സ്‌നേഹവീടാകാന്‍ കഴിയൂ.
വ്യത്യസ്തസാഹചര്യങ്ങളില്‍നിന്നു പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കുന്നു, അവയോടു പ്രതികരിക്കുന്നു. ഏതു നിലയിലുള്ള രക്ഷിതാക്കള്‍ക്കും അനിവാര്യമായ ജീവിതപാഠങ്ങളാണല്ലോ ഇവ. കുടുംബം എന്ന വ്യവസ്ഥിതി വ്യക്തിസ്വാതന്ത്ര്യത്തിനു ഹാനികരമാണെന്നും കുടുംബത്തെ തകര്‍ത്താലേ പുരോഗമനം കൈവരികയുള്ളൂ എന്നും വാദിക്കുകയും അതിനായി അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്ന ചിലരെങ്കിലും സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും തിളങ്ങിനില്‍ക്കുന്ന കാലമാണിത്. വിവേചനശേഷിയില്ലാതെ അത്തരക്കാരുടെ അനുകര്‍ത്താക്കളാകാന്‍ വെമ്പല്‍കൊള്ളുന്നവരും ഇന്നേറെയുണ്ട്. കുടുംബത്തെ തമസ്‌കരിക്കുന്നതാണ് ഫാഷന്‍ എന്നുവന്നിരിക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍തലത്തില്‍ കുടുംബപരിപോഷണശ്രമം എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം യത്‌നങ്ങളില്‍ ഇടപെടുന്നത് ശുഭദായകമാണ്.
രക്ഷിതാക്കള്‍ക്കായുള്ള പ്രത്യേക കൈപ്പുസ്തകവും തുടര്‍പരിശീലനങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപിതപരിപാടികളില്‍പ്പെടുന്നതാണ്. അവ വേണ്ടവിധം മുന്നോട്ടുപോയാല്‍ വരുംതലമുറയുടെ നന്മയ്ക്ക് ഉതകുമെന്നതില്‍ തര്‍ക്കമില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)