തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പുച്ചിന്‍ സന്ന്യാസശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസപദവിയിലേക്ക്. നാമകരണനടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്നു ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്ന് അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്കു കുടിയേറിയതാണ്.
മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍ 25 ന് ജനിച്ചു.
കേരളസഭയില്‍ കരിസ്മാറ്റിക് നവീകരണത്തിനു തുടക്കം കുറിച്ചത് ഫാ. ആര്‍മണ്ടിന്റെ നേതൃത്വത്തിലാണ്. 2001 ജനുവരി 12 ന് അന്തരിച്ച അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ക്കായുള്ള ശ്രമങ്ങള്‍ 2019 ല്‍ തലശേരി അതിരൂപതയും കപ്പുച്ചിന്‍ സഭയും തുടങ്ങി. ദൈവദാസപദവി പ്രഖ്യാപനവും തുടര്‍നടപടികളും പിന്നീട് അറിയിക്കുമെന്ന് മാര്‍ ജോസഫ് പാംപ്ലാനിയും നാമകരണനടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ജിതിന്‍ ആനിക്കുഴിയിലും അറിയിച്ചു.