ഒരു കുട്ടി പുസ്തകം വായിച്ചു പറയും
ഈ ഭൂമിയെത്ര പച്ചയായിരുന്നെന്ന്
തെളിനീരു വറ്റാത്ത പുഴകളുണ്ടെന്ന്
മഴമേഘം ചുംബിച്ച മലകളുണ്ടെന്ന്
ഹരിതവൃക്ഷങ്ങള്‍ കുടചൂടിനിന്നെന്ന്
ഒരു കുട്ടി പുസ്തകം വായിച്ചു പറയും...
വയലുകളുഴുതന്ന് വിത്തെറിഞ്ഞെന്ന്
വയല്‍പ്പാട്ടു പാടി കൊയ്‌തെടുത്തെന്ന്
കതിരുകൊത്തിപ്പാറി കിളി ചിലച്ചെന്ന്
കടവത്തു കരയുന്ന തവളയുണ്ടെന്ന്
മധുരപ്പഴങ്ങളില്‍ മായമില്ലെന്ന്
ഒരു കുട്ടി പുസ്തകം വായിച്ചു പറയും...
വഴികളില്‍ ദുര്‍ഗന്ധക്കൂനകളില്ലെന്ന്
വായുവില്‍ മാരകവിഷമയമില്ലെന്ന്
മണ്ണിന്റെ മാറില്‍ മാലിന്യമില്ലെന്ന്
വിണ്ണിന്റ കൂരയില്‍ വിള്ളലുകളില്ലെന്ന്
ഒരു കുട്ടി പുസ്തകം വായിച്ചു പറയും...
ഒരു കുട്ടി പുസ്തകം വായിച്ചു ഭയക്കും
ഇനിയുമീ വേനലില്‍ തീമഴ പെയ്യും
ഇനിയും പ്രളയം കരകവിഞ്ഞൊഴുകും
ഇനിയുള്ള ജീവിതം ദുരിതക്കടലാകും
ഒരു കുട്ടി പുസ്തകം വായിച്ചു പറയും
ഈ ഭൂമിയെത്ര പച്ചയായിരുന്നെന്ന്!