അമ്മയും അപ്പനും ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍. അപ്പന്‍ മെഡിക്കല്‍ ഫീല്‍ഡിലാണ്. രണ്ടു മക്കള്‍. അപ്പന്റെ അഭിപ്രായത്തില്‍ മൂത്തവന്‍ മണ്ടനാണ്. ഇളയവനു കണക്കറിയാം. അതിനാല്‍ അവന്‍ മിടുക്കനാണ്. ഈ അപ്പന്‍ മറ്റൊന്നുകൂടി കണ്ടെത്തി. മൂത്തവന്‍ ഭാര്യയുടെ കുട്ടിയാണ്. കാരണം, കണക്കറിയില്ല. ഇളയവന്‍ ഇദ്ദേഹത്തിന്റേതാണ്. കാരണം കണക്കറിയാം! മൂത്തവനെ ലാളിക്കില്ല. മടിയില്‍ ഇരുത്തില്ല. കാരണം, അവന്‍ മണ്ടനാണ്. മെഡിക്കല്‍ഫീല്‍ഡില്‍ ഉയര്‍ന്ന ഡിഗ്രിയും ഉദ്യോഗവുമുള്ള തന്റെ ഭര്‍ത്താവിന് ചെറിയ ഒരു വലിയ പ്രശ്‌നമുണ്ടെന്നു ഭാര്യയ്ക്കറിയാം. അത് അവര്‍ പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവ് ഇവരെ വീട്ടില്‍നിന്നു പുറത്താക്കും. അതിനാല്‍, അവര്‍ മകനെ കണക്കു പഠിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നു. അങ്ങനെ ഇവര്‍ കൗണ്‍സലിങ്ങിനായി എന്റെയടുക്കല്‍ എത്തി.
മകന്റെ പ്രശ്‌നം ഡിസ്‌കാല്‍ക്കുലിയ. തലച്ചോറിന്റെ ചില പ്രത്യേകതകളുടെ ഫലമായി (ജന്മനാ ഉള്ളതോ, സാഹചര്യവശാല്‍ ഉണ്ടായതോ ആയവ) ഗണിതശാസ്ത്രം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടാണ് ഡിസ്‌കാല്‍ക്കുലിയ. അപ്പന്‍ നാര്‍സിസ്റ്റ്‌വ്യക്തിത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുമുണ്ട്. അവനവന്റെ കഴിവില്‍ മതിമറന്ന് മറ്റുള്ളവരെ അടച്ചാക്ഷേപിക്കുന്ന ഒരു തരം വ്യക്തിത്വവൈകല്യമാണിത്. അമ്മ മാനസികാരോഗ്യമുള്ള വ്യക്തിയാകയാല്‍ മകനില്‍ കൗണ്‍സലിങ്ങും പഠനവൈകല്യത്തെ മറികടക്കാനുള്ള വിദ്യകളും ഫലിച്ചു. അവന്‍ അവരുടെ നാട്ടിലെ അഞ്ചാം ഗ്രേഡ് നല്ല മാര്‍ക്കോടെ വിജയിച്ചു. താന്‍ എല്ലാം തികഞ്ഞവനാണെന്നും മെഡിക്കല്‍ ഫീല്‍ഡില്‍ താന്‍ അതിബുദ്ധിമാനാണെന്നും അപ്പന്‍ കരുതുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രശ്‌നം ഇപ്പോഴും തുടരുന്നു. കുറുന്തോട്ടിക്കു വാതം വന്ന അവസ്ഥ! മകന്റെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ കുറച്ചുകൂടി ധൈര്യശാലിയായി. അതിനാല്‍ത്തന്നെ ഭര്‍ത്താവ് ഇപ്പോള്‍ അതിരുവിട്ട പെരുമാറ്റങ്ങള്‍ വളരെ കുറച്ചിരിക്കുന്നു. ഈ ലേഖനത്തില്‍ ഇന്നു നാം ചര്‍ച്ച ചെയ്യുന്നത് പഠനവൈകല്യങ്ങളെക്കുറിച്ചാണ്.
എന്താണ് പഠനവൈകല്യം?
തലച്ചോറിന്റെ ചില പ്രത്യേകകളാല്‍ (വൈകല്യങ്ങളാല്‍) പഠനമികവോടെ ബൗദ്ധികവിജ്ഞാനം നേടാന്‍ കഴിയാതെവരുന്ന അവസ്ഥയാണ് പഠനവൈകല്യം. വായിക്കാനുള്ള ബുദ്ധിമുട്ട്, എഴുതാനുള്ള ബുദ്ധിമുട്ട്, ഗണിതശാസ്ത്രസംബന്ധികളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്, ശരിയായ ശരീരഭാഷ പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പൊതുവായി പഠനവൈകല്യങ്ങളുടെ ഗണത്തില്‍പ്പെടുന്നു.
തലച്ചോറിന്റെ ജന്മനായുള്ള പ്രത്യേകതകള്‍, ഗര്‍ഭപാത്രത്തില്‍വച്ചോ ജനിച്ച സമയത്തോ ജനിച്ചതിനുശേഷമോ തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ ഇവയൊക്കെ പഠനവൈകല്യങ്ങളിലേക്കു കുട്ടിയെ നയിക്കാം. കൂടാതെ, കുട്ടിയുടെ പരിസ്ഥിതിയിലെ രാസവസ്തുക്കളുടെ അമിതസ്വാധീനം, പോഷകാംശത്തിന്റെ കുറവ് എന്നിവയും പഠനവൈകല്യത്തിലേക്കു നയിക്കാം.
പഠനവൈകല്യങ്ങളുടെ ലക്ഷണങ്ങള്‍
പഠനവൈകല്യങ്ങളുടെ പൊതുവായ ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട്.
2. ഓര്‍ത്തിരിക്കാനുള്ള ബുദ്ധിമുട്ട്.
3. ഗണിതശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട്.
4. സമയവുമായി ബന്ധപ്പെട്ടു വ്യക്തതയില്ലായ്മ.
5. കാര്യങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി ചെയ്യാന്‍ കഴിയായ്ക.
6. നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാനും കഴിയായ്ക.
7. വികലമായ ശാരീരികചേഷ്ടകള്‍.
മേല്‍സൂചിപ്പിച്ച ലക്ഷണങ്ങളെ കൂടുതലായി വിശകലനം ചെയ്യുമ്പോള്‍ പേരുകള്‍ വായിക്കാന്‍ പറ്റാതെ വരിക, വളരെ സ്പീഡില്‍ വായിക്കുക, വായിക്കേണ്ട വാക്കുകള്‍ക്കു പകരം മറ്റു വാക്കുകള്‍ വായിക്കുക, വളരെ പതുക്കെ വായിക്കുക, ഗണിതശാസ്ത്രത്തിലെ രൂപങ്ങള്‍, സാദൃശ്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിയാതെ വരിക, എഴുതുമ്പോള്‍ അക്ഷരങ്ങള്‍ മാറിപ്പോവുക, എഴുതുന്ന രീതി മാറ്റിയെഴുതുക, എഴുതുമ്പോള്‍ കൈ ശരിയായ രീതിയില്‍ പിടിക്കാതിരിക്കുക എന്നിങ്ങനെ അനേകം പ്രശ്‌നങ്ങള്‍ കണ്ടെത്താം.
പഠനവൈകല്യങ്ങളും പരിഹാരമാര്‍ഗങ്ങളും
ലഭ്യമായ കണക്കുകള്‍പ്രകാരം, ഭാരതത്തില്‍ കുട്ടികളില്‍ പത്തു ശതമാനത്തിനു പഠനവൈകല്യങ്ങളുണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. വ്യക്തിപരമായി പഠനവൈകല്യങ്ങള്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേതും. പതിനേഴു വയസ്സു കഴിഞ്ഞതോടെ എന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിച്ചുതുടങ്ങി. ഇന്ന് കൗണ്‍സലിങിനെത്തുന്ന പലരോടും ഞാന്‍ എന്നെക്കുറിച്ചു പറയാറുണ്ട്. കാരണം, എന്റെ പഠനവൈകല്യങ്ങള്‍ മാറിയത് സ്വാഭാവികമായിത്തന്നെയാണ്. ഇതു പറയാന്‍ കാരണം ഒരു വലിയ ശതമാനം മനഃശാസ്ത്രവിദഗ്ധര്‍ പഠനവൈകല്യങ്ങള്‍ തനിയെ മാറും എന്നു വിശ്വസിക്കുന്നു. എന്നാല്‍, ഇന്ന് പഠനവൈകല്യങ്ങളെ നേരത്തേ കണ്ടെത്തുന്നതിനും ഒരളവില്‍ പരിഹാരം നേടുന്നതിനും ശാസ്ത്രീയമാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലവ ചുവടെ ചേര്‍ക്കുന്നു.
a. പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുക
ഈ ഒരു മാര്‍ഗത്തില്‍ പഠിക്കേണ്ട കാര്യങ്ങള്‍ ചിത്രം, ശബ്ദം, അനുഭവം, മണം, രുചി എന്നിവയുമായി ബന്ധിപ്പിച്ച് അവരെ പഠിപ്പിക്കുന്നു എന്നതാണ്.
b അടിത്തറ ഉറപ്പിക്കല്‍ പരിശീലനം
ഈ മാര്‍ഗത്തിലൂടെ ഉദ്ദേശിക്കുന്നത് കുട്ടികള്‍ക്കു വഴങ്ങാത്ത കാര്യങ്ങളുടെ അടിത്തറ പഠിപ്പിച്ചുകൊടുക്കുക എന്നതാണ്. ഉദാ: എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഗണിതശാസ്ത്രവൈദഗ്ധ്യമുണ്ടെങ്കില്‍ അവന്‍ ചെറുക്ലാസുകളില്‍ പഠിക്കേണ്ടിവരുന്ന ഗണിതശാസ്ത്രത്തിന്റെ അടിത്തറ ഇപ്പോള്‍ ഉണ്ടാക്കിക്കൊടുക്കണം.
c. കൗണ്‍സലിങ്ങും തെറാപ്പികളും
പഠനവൈകല്യമുള്ള കുട്ടികളില്‍ പഠനം സുഗമമാകാത്തതിന്റെ പേരില്‍ പിരിമുറുക്കം അനുഭവപ്പെടാം. ഇതു നിലവിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. പഠനവൈകല്യവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന മറ്റു പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കൗണ്‍സലിങ്ങിലൂടെ സാധിക്കും. ഒപ്പം, പഠനവൈകല്യമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്ന ചുമതലകൂടി കൗണ്‍സലര്‍ ഏറ്റെടുക്കാറുണ്ട്.
മേല്‍സൂചിപ്പിച്ചവയ്‌ക്കൊപ്പം താഴെപ്പറയുന്ന ഘടകങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതാണ്.
a. മാതാപിതാക്കളും ടീച്ചേഴ്‌സും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം.
b. ഇത്തരം കുട്ടികളെ മനസ്സിലാക്കാന്‍ ടീച്ചേഴ്‌സിനെ ഒരുക്കുകയും അവരെ പരിശീലിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുക.
ചുരുക്കത്തില്‍, പഠനവൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും കുട്ടിയുമായി ബന്ധപ്പെടുന്ന ഏവരുടെയും വലിയ സഹകരണം ആവശ്യമാണ്. ഇവിടെ ഓര്‍ക്കേണ്ട കാര്യം, പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ധൈര്യം കൈവെടിയരുത് എന്നതാണ്. ഇതു സര്‍വസാധാരണമായ ഒരു പ്രശ്‌നമാകയാല്‍ അനാവശ്യമായ ആധിയുടെ ആവശ്യമില്ല. പഠനവൈകല്യങ്ങളെ സാധാരണ പ്രശ്‌നമായിക്കണ്ട് ലോകത്തിലെ വിജയികള്‍ക്കൊക്കെ ഇത്തരത്തിലുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ പ്രശ്‌നങ്ങള്‍ കുട്ടിക്കാലത്തുണ്ടായിരുന്നു എന്നു മനസ്സിലാക്കി മുമ്പോട്ടു പോവുക. നിങ്ങളുടെ കുട്ടിക്കും വിജയം ഉറപ്പാണ്.