അവയവദാനത്തിന്റെ ആദ്യപടിയാണ് രക്തദാനമെന്നു പറയാം. അതിസൂക്ഷ്മങ്ങളായ ചുവന്ന രക്താണുക്കളും ശ്വേതരക്താണുക്കളും പ്ലേറ്റ്‌ലറ്റുകളും പ്ലാസ്മയും ഉള്‍ക്കൊള്ളുന്ന ദ്രവരൂപമായ വസ്തുവാണു രക്തം. ഓരോ രക്താണുവിനും അതിന്റേതായ കര്‍മങ്ങളുണ്ട്. ജീവപ്രധാനമായ പ്രാണവായു ശരീരത്തിലെ എല്ലാ കോശവ്യൂഹങ്ങളിലും സദാ എത്തിച്ചുകൊടുക്കുന്നതു ചുവന്ന രക്താണുക്കളാണ്. രോഗങ്ങളുണ്ടാക്കുന്ന വിവിധ പരാദങ്ങളെ നിര്‍ജീവമാക്കുന്നത് ശ്വേതരക്താണുക്കളാണ്. രക്തസ്രാവമുണ്ടാകാതെ ശരീരത്തെ പരിരക്ഷിക്കുന്നത് പ്ലേറ്റ്‌ലറ്റുകളാണ്. കൂടാതെ, രക്തത്തില്‍ പോഷകസമൃദ്ധമായ പരശതം ഘടകങ്ങളുണ്ട്. ശരീരത്തിന്റെ ഈ ജീവജലം വിവിധ കോശസമൂഹങ്ങളെ നിര്‍വിഘ്‌നം പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ രക്തമില്ലാതെ ജീവന് അടിസ്ഥാനമില്ല. ഹോര്‍മോണുകളും ജീവകങ്ങളും ധാതുലവണങ്ങളും ആന്റിബോഡികളും പ്രാണവായുവും ഇമ്യൂണ്‍കോശങ്ങളും ഉള്‍ക്കൊള്ളുന്ന രക്തം ശരീരവളര്‍ച്ചയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ തനതായ താപനില നിലനിര്‍ത്തുന്നതും രക്തംതന്നെ. മനുഷ്യശരീരത്തില്‍ ഏതാണ്ട് അഞ്ചു ലിറ്റര്‍ രക്തമാണുള്ളത്.
രക്തം ശരീരത്തില്‍നിന്നു നഷ്ടപ്പെടുന്നത് പലവിധമാണ്. അപകടങ്ങള്‍, ശസ്ത്രക്രിയ, ആമാശയ അള്‍സറുകള്‍, അര്‍ബുദം, കുട്ടിയുടെ ജനനം തുടങ്ങിയ അവസരങ്ങളിലെല്ലാം രക്തം ശരീരത്തില്‍നിന്നു നഷ്ടപ്പെടുന്നു. രക്താണുക്കളുടെ ഉത്പാദനം കുറയുമ്പോഴും നാശം സംഭവിക്കുമ്പോഴും രക്തദാരിദ്ര്യം അഥവാ അനീമിയ ഉണ്ടാകുന്നു. എന്തൊക്കെ കാരണങ്ങളാലും രക്തക്കുറവുണ്ടാകുമ്പോള്‍ അതു ജീവന്റെ സുഗമമായ നിലനില്പിനു ഭീഷണിയാകുന്ന അവസ്ഥയില്‍ എത്രയുംവേഗം രക്തം പുനഃസ്ഥാപിക്കുകതന്നെ വേണം. രക്തക്കുറവിന്റെ ഗൗരവമനുസരിച്ചാണ് എത്രമാത്രം രക്തം എത്ര വേഗത്തില്‍ കൊടുക്കണമെന്നു തീരുമാനിക്കുന്നത്.
കുറവുള്ള രക്തം പുനഃസ്ഥാപിക്കണമെങ്കില്‍ അതേ രക്തഗ്രൂപ്പുള്ള രക്തം മറ്റൊരു വ്യക്തിയില്‍നിന്നു ലഭിക്കുകതന്നെവേണം. സാധാരണഗതിയില്‍ 470 മില്ലിലിറ്റര്‍ രക്തമാണ് ഒരുവനു നല്‍കാന്‍ പറ്റുന്നത്. അത് അയാളുടെ ആകെയുള്ള രക്തത്തിന്റെ എട്ടുശതമാനമാണ്. നഷ്ടപ്പെട്ട രക്തത്തിന്റെ ഈ അളവ് ഏതാണ്ട് രണ്ടു ദിവസങ്ങള്‍ക്കകം ശരീരം പുനഃസ്ഥാപിക്കും. നഷ്ടപ്പെട്ട ചുവന്ന രക്താണുക്കളുടെ പുനഃസ്ഥാപനം 10-12 ആഴ്ചകള്‍കൊണ്ടേ നടക്കൂ.
രക്തദാനംകൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്ന് ഓര്‍ക്കണം. ചുവന്ന രക്താണുക്കളുടെ അളവു ക്രമീകരിക്കപ്പെടുന്നതുകൊണ്ട് കരള്‍രോഗങ്ങള്‍ കുറയുന്നു, പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ശരീരവ്യവസ്ഥ സജീവമാകുന്നു, രക്തദാനംവഴി ഒരേസമയം നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു, രക്തദാനസമയത്തുള്ള പ്രാഥമികപരിശോധനയും കൗണ്‍സലിങ്ങും ഒരു മിനി ഹെല്‍ത്ത് ചെക്കപ്പുതന്നെ. നല്ല ആരോഗ്യമുള്ള 18 നും 60 നും വയസ്സിനിടയിലുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാം. ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാര്‍ക്ക് 12 ഗ്രാമിലും സ്ത്രീകള്‍ക്ക് 12.5 ഗ്രാമിലും കൂടിയിരിക്കണം.
എല്ലാവര്‍ക്കും മുന്‍കരുതലുകളില്ലാതെ രക്തം ദാനം ചെയ്യാന്‍ പാടില്ലെന്നും പല രോഗാവസ്ഥകളും രക്തദാനത്തിന് അനുവാദം നല്‍കുന്നില്ലെന്നും മനസ്സിലാക്കണം. ഹൃദ്രോഗം, വൃക്കരോഗം, അര്‍ബുദം, പ്രമേഹം, ലൈംഗികരോഗങ്ങള്‍, കരള്‍രോഗം, ക്ഷയരോഗം, കലശലായ ശ്വാസകോശരോഗങ്ങള്‍, മനോവ്യഥകള്‍, രക്തസ്രാവരോഗമുള്ളവര്‍ തുടങ്ങിയവര്‍ പൊതുവെ രക്തം ദാനംചെയ്യാന്‍ പാടില്ല.
ഹൃദ്രോഗമുള്ളവര്‍ രക്തം ദാനം ചെയ്യുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോയെന്ന ചോദ്യം പലപ്പോഴും ഉയരുന്നു. ഇതു സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പൊതുവേ പറഞ്ഞാല്‍ ഹാര്‍ട്ടറ്റാക്ക്, സ്‌ട്രോക്ക്, ഹൃദയപരാജയം, ഹൃദ്രോഗമരുന്നുകള്‍ ഉപയോഗിക്കുന്ന അവസ്ഥ തുടങ്ങിയ അവസരങ്ങളില്‍ രക്തദാനം സാധ്യമല്ല. ബൈപ്പാസ് സര്‍ജറി, ഹൃദയവാല്‍വുകളുടെ ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങളില്‍ രക്തം നേര്‍പ്പിക്കുന്ന ഔഷധങ്ങള്‍ സേവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും രക്തം ദാനം ചെയ്യാന്‍ പാടില്ല.
ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ ധമനിയില്‍ സ്ഥാപിക്കുന്ന സ്റ്റെന്റ് ലോഹനിര്‍മിതമായതുകൊണ്ട് അവിടെ രക്തം കട്ടിയാകാനും വീണ്ടും സ്റ്റെന്റ് അടയാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, സ്റ്റെന്റ് സ്ഥാപിക്കപ്പെട്ട എല്ലാവരും കൃത്യമായി രക്തം നേര്‍പ്പിക്കുന്ന ഔഷധങ്ങളായ ആസ്പിരിന്‍, ക്ലോപിഡോഗ്രേല്‍, ടിക്കാഗ്രേലോര്‍ തുടങ്ങിയവ ആജീവനാന്തം എടുക്കണം. അതുപോലെ, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവരും രക്തക്കുഴലുകളോടു ചേര്‍ത്തു വച്ചുപിടിപ്പിച്ചിട്ടുള്ള ഗ്രാഫ്റ്റ് അടഞ്ഞുപോകാതിരിക്കാന്‍ ആജീവനാന്തം രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ എടുക്കണം. ഇനി കൃത്രിമവാല്‍വുകള്‍ വച്ചുപിടിപ്പിച്ചിട്ടുള്ളവര്‍ രക്തം കട്ടപിടിച്ച് വാല്‍വുകളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടാതിരിക്കാന്‍ കൃത്യമായി ശക്തിയേറിയ വാര്‍ഫാരിന്‍ എന്ന മരുന്നു സേവിക്കണം. ഇക്കൂട്ടര്‍ യാതൊരു കാരണവശാലും രക്തദാനം ചെയ്യരുത്.
സ്ഥിരമായി രക്തം ദാനം ചെയ്യുന്നവരില്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞുകാണുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൂടിയ ഇരുമ്പുസത്തിന്റെ അളവ് ഹാര്‍ട്ടറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഏതാണ്ട് 500 മില്ലിലിറ്റര്‍ രക്തം കൊടുക്കുമ്പോള്‍ ശരീരത്തില്‍നിന്ന് 225-250 മില്ലിഗ്രാം ഇരുമ്പുസത്ത് നഷ്ടമാകുന്നു. ഇതു ഹൃദയാരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, ഹാര്‍ട്ടറ്റാക്കുണ്ടായ ഒരു രോഗി യാതൊരു കാരണവശാലും രക്തദാനം ചെയ്യരുത്. പ്രത്യേകിച്ച് ഹാര്‍ട്ടറ്റാക്കുണ്ടായശേഷം ആറു മാസങ്ങളില്‍ തീര്‍ച്ചയായും രക്തം ദാനം ചെയ്യരുത്. ചുവന്ന രക്താണുക്കള്‍കൊണ്ടു സമൃദ്ധമായ രക്തം ആവശ്യത്തിനു പ്രാണവായു ഹൃദയകോശങ്ങളിലെത്തിച്ചുകൊടുക്കുന്നു. അതുകൊണ്ട്, വ്രണിതാവസ്ഥയിലായ ഹൃദയപേശികളുടെ പുനര്‍നിര്‍മാണം ഉണ്ടാകുന്നു. എന്നാല്‍, ചുവന്ന രക്താണുക്കള്‍ കുറഞ്ഞ അവസ്ഥ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ, ഹൃദയപരാജയമുള്ളവര്‍ യാതൊരു കാരണവശാലും രക്തദാനം ചെയ്യരുത്. ചുവന്ന രക്താണുക്കള്‍ കുറഞ്ഞാല്‍ ഹൃദയപരാജയം വഷളായി രോഗിക്കു കലശലായ ശ്വാസതടസ്സവും ശരീരവീക്കവുമുണ്ടാകുന്നു.
അമിതരക്തസമ്മര്‍ദമുള്ളവര്‍ക്ക് രക്തദാനം സാധ്യമാണോ? തത്ത്വത്തില്‍ സാധ്യമാണ്. എന്നാല്‍, സിസ്റ്റോളിക് പ്രഷര്‍ 180 ല്‍ കുറഞ്ഞും 100 ല്‍ കൂടിയും ഉണ്ടാവണം. സാധാരണമായി പ്രഷര്‍മരുന്നുകള്‍ രക്തദാനത്തിനു തടസ്സമല്ല.
രക്തദാനത്തിനുമുമ്പ് എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, നല്ല ഭക്ഷണം കഴിക്കണം, ധാരാളം ജലം കുടിക്കണം. മാനസികമായി തയ്യാറെടുക്കണം. കടുത്ത വ്യായാമവും കായികാധ്വാനവും രക്തദാനത്തിനുശേഷം ഒഴിവാക്കണം.
ഇന്നു മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിതോപയോഗം സമൂഹത്തില്‍ കണ്ടുവരുന്നു. അതുപയോഗിക്കുന്ന ഭൂരിഭാഗംപേരും ചെറുപ്പക്കാരാണ്. ഇക്കൂട്ടര്‍ സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാത്തവരാണെങ്കില്‍ മയക്കുമരുന്നുകള്‍ വാങ്ങാനുള്ള പണമുണ്ടാക്കാന്‍ രക്തം കൂടുതലായി ദാനം ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു പ്രായോഗികതലത്തില്‍ രക്തം സ്വീകരിക്കുന്നവര്‍ക്ക് അഭിലഷണീയമല്ല. പലതരത്തിലുള്ള രോഗവാഹകരായിരിക്കും ഇക്കൂട്ടര്‍. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്, ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍, മാനസികരോഗങ്ങള്‍ ഇവയെല്ലാം ഇത്തരക്കാരില്‍ കൂടുതലായി കാണപ്പെടുന്നു. ഇക്കൂട്ടര്‍ രക്തം ദാനംചെയ്യുന്നത് അഭികാമ്യമല്ല. എന്നാല്‍, ഇവരെ തിരഞ്ഞുപിടിച്ച് രക്തദാനത്തില്‍നിന്നു പിന്തിരിപ്പിക്കുന്നത് ശ്രമകരമാണ്. കൃത്യമായ കൗണ്‍സലിങ്ങും പ്രാഥമികപരിശോധനകളുംമാത്രമാണു രക്തദാനകേന്ദ്രങ്ങളില്‍ ചെയ്യാന്‍ പറ്റുക. ലഹരിപദാര്‍ഥങ്ങളുടെ വിനിയോഗം കണ്ടുപിടിക്കാനുള്ള കൃത്യമായ പരിശോധനകളില്ലെന്നോര്‍ക്കണം. കൗണ്‍സലിങ്ങും പരിശോധനകളും കഴിഞ്ഞ് ആരെങ്കിലും ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞാല്‍ അവരെ രക്തംകൊടുക്കാന്‍ അനുവദിക്കില്ല.
രക്തം ശരീരത്തില്‍ കൂടുതലുണ്ടാകാന്‍ സഹായിക്കുന്ന ആഹാരപദാര്‍ഥങ്ങളേതെന്നറിയണം. പൊതുവേ പറഞ്ഞാല്‍, ഇരുമ്പുസത്തു കൂടുതലായുള്ള പഴങ്ങളും പച്ചക്കറികളും മാംസാഹാരവുമെല്ലാം രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ആപ്പിള്‍, മുന്തിരിങ്ങ, ഈന്തപ്പഴം, ഏത്തപ്പഴം, മാതളനാരങ്ങ, വാട്ടര്‍മെലണ്‍, ആപ്രിക്കോട്ട് തുടങ്ങിയവ ഹീമോഗ്ലോബിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇരുമ്പുപാത്രങ്ങളില്‍ ഭക്ഷണം പാകംചെയ്യുക, വിറ്റാമിന്‍ സി കൂടുതലായുള്ള പഴങ്ങള്‍ ഭക്ഷിക്കുക, കൃത്യമായ വ്യായാമം തുടങ്ങിയവയെല്ലാം രക്തോത്പാദനത്തിന് ഏറെ സഹായിക്കുന്നു.