ഞാന്‍ സ്ഥലം മാറിച്ചെന്നിട്ട് അധികമായില്ല. പുതിയ സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഉച്ചതിരിഞ്ഞ സമയം. ഞാന്‍ ഏതോ രേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പള്ളിയില്‍നിന്ന് ഉച്ചത്തിലുള്ള പ്രാര്‍ഥന: ''ദൈവമേ, ''നിന്നെ'' രക്ഷിക്കണേ...!'' ഞാന്‍ കേട്ടതിലെ പിഴവായിരിക്കുമെന്നു കരുതി കാതോര്‍ത്തു.
ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നതിനാല്‍ ഞാന്‍ ഇറങ്ങിച്ചെന്നു നോക്കി. അപ്പോള്‍, പള്ളിയുടെ മധ്യത്തില്‍ ഒരു മനുഷ്യന്‍ കൈ വിരിച്ചുപിടിച്ചു പ്രാര്‍ഥിക്കുന്നു. പരിസരബോധം മറന്ന് അയാള്‍ പ്രാര്‍ഥനയില്‍ ലയിച്ചിരിക്കുകയാണ്. വല്ല മാനസികവികല്പവും സംഭവിച്ചയാളാണാവോ! ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുക!
കുറേക്കഴിഞ്ഞ് അയാള്‍ പ്രാര്‍ഥന നിര്‍ത്തി പുറത്തേക്കിറങ്ങി വന്നു. 'ദൈവമേ, എന്നെ രക്ഷിക്കണേ എന്നല്ലേ പ്രാര്‍ഥിക്കേണ്ടത്?' ഞാന്‍ ചോദിച്ചു. 'എന്നാലങ്ങനെ പ്രാര്‍ഥിക്കാം' എന്നു പറഞ്ഞ് വീണ്ടും പള്ളിയിലേക്കു കയറി. മൂന്നു നാലു തവണ അയാള്‍ 'എന്നെ' എന്നു പറഞ്ഞു പ്രാര്‍ഥിച്ചു. അതുകഴിഞ്ഞ് വീണ്ടും 'നിന്നെ' എന്നുതന്നെയായി പ്രാര്‍ഥന...!
ഞാന്‍ അയാളെപ്പറ്റി അന്വേഷിച്ചു. കൂലിപ്പണി എടുത്തായിരുന്നു അയാളുടെ ജീവിതം. പള്ളിക്കൂടത്തില്‍ പോയിട്ടില്ല. ഇപ്പോള്‍ ജോലിയെടുക്കാന്‍ വയ്യെന്നായി. എല്ലാവര്‍ക്കും അയാളെപ്പറ്റി നല്ലതേ പറയാനുള്ളൂ. മക്കളെയൊക്കെ പഠിപ്പിച്ചു. അവര്‍ക്കു ജോലിയുമുണ്ട്. അവര്‍ അയാളെ കാര്യമായി അന്വേഷിക്കുന്നുമുണ്ട്.
മറ്റൊരു സംഭവം. ഒരു സ്ത്രീ മരിക്കാറായി കിടക്കുന്നു. രോഗീലേപനം കൊടുക്കാന്‍ ഞാനും കപ്യാരുംകൂടി ഇറങ്ങി. നടന്നുവേണം പോകാന്‍. യാത്രാസൗകര്യങ്ങളില്ലാത്ത കുഗ്രാമം. വീട് അടുക്കാറായപ്പോള്‍ ഉച്ചത്തില്‍ ഒരാള്‍ പ്രാര്‍ഥിക്കുന്നു. അന്നൊക്കെ മരണാസന്നര്‍ക്ക് 'ഈശോ മറിയം' ഉച്ചത്തില്‍ ചൊല്ലിക്കൊടുക്കുന്ന പതിവുണ്ട്. മരിക്കാന്‍ കിടക്കുന്ന രോഗിക്ക് വലിയ അസ്വസ്ഥതയുളവാക്കുന്നതാണെന്നു മനസ്സിലാക്കാതെ അന്നത്തെ കാലത്ത് ഇതു പതിവായിരുന്നു. തെല്ലമര്‍ഷത്തോടെ ഞാന്‍ നടന്നുനീങ്ങി. അടുത്തുചെന്നപ്പോള്‍ മനസ്സിലായി മരിക്കാന്‍ കിടക്കുന്ന അമ്മാമ്മയാണു പ്രാര്‍ഥിക്കുന്നത്. അവരുടെ പ്രാര്‍ഥന: ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, എന്റെ അറിവില്ലായ്മകൊണ്ടു 'ചെയ്യാതെപോയ' എല്ലാ പാപങ്ങളും എന്നോടു ക്ഷമിക്കണമേ!''
വേറൊരു സംഭവം. ഇതെല്ലാം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നവയാണ്. ഞാന്‍ വേഗത്തില്‍ നടന്നുനീങ്ങുകയാണ്. അപ്പോള്‍ വഴിയോരത്ത് ഒരു ചെറുസംഘം ഇരുന്നു വര്‍ത്തമാനം പറയുകയാണ്. സൂക്ഷിച്ചുനോക്കിയപ്പോള്‍, അവര്‍ ഭിക്ഷക്കാരാണെന്നു മനസ്സിലായി. ഞാന്‍ നടന്നുനീങ്ങി. ഒരു വൃദ്ധയുടെ സ്വരം ഉച്ചത്തില്‍ കേട്ടു: ''അരി മേടിക്കാന്‍ കാശ് തമ്പിരാന്‍ തരുമെന്നേ...!''
അന്നത്തെ ഭിക്ഷാടനത്തില്‍ കാര്യമായി ഒന്നും കിട്ടിയില്ല എന്നു വ്യക്തം. ആ സാന്ത്വനവാക്കിന്റെ ധ്വനി അതാണല്ലോ. ഞാന്‍ പോക്കറ്റില്‍ പരതി. അഞ്ചു രൂപയുടെ ഒരു നോട്ടു കിട്ടി. ഞാന്‍ തിരികെച്ചെന്ന് അത് ആ വൃദ്ധയുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു: ''അരി മേടിക്കാന്‍ കാശ് തമ്പുരാന്‍ തരുമെന്നേ.'' അവര്‍ അന്തംവിട്ട് എന്നെ നോക്കി കൈകള്‍ കൂപ്പി...!
ഇവിടെ മൂന്നു മുഹൂര്‍ത്തങ്ങള്‍. ഒന്ന് പള്ളിയില്‍, വേറൊന്ന്, മരണക്കിടക്കയില്‍, മറ്റൊന്ന് വഴിയോരത്ത്. ഇവിടെയെല്ലാം ത്രസിച്ചുനില്‍ക്കുന്നത് ഈശ്വരചിന്ത, വിശ്വാസം, പ്രാര്‍ഥന! ഒന്നിലും ദൈവശാസ്ത്രത്തിന്റെ ഈടുറ്റ ചിന്താധാരകളൊന്നുമില്ല. മൂന്നു കഥാപാത്രങ്ങളും നിരക്ഷരകുക്ഷികള്‍. പഠിപ്പോ പത്രാസോ പണമോ പദവിയോ ഒന്നുമില്ല. മൂവരും അവഗണിക്കപ്പെട്ടവര്‍. പക്ഷേ, ദൈവത്തിന്റെ പരിഗണനയില്‍ മുന്‍പന്തിയില്‍! ഈശോ പറഞ്ഞല്ലോ, ''നിങ്ങള്‍ക്കുമുമ്പേ ചുങ്കക്കാരും പാപികളും...''
മൂവരിലും വിശ്വാസത്തിന്റെ ആഴം അളവറ്റത്. ദൈവത്തോടുള്ള ബന്ധം അതിശക്തം. ദൈവത്തെ മുഖാമുഖം ദര്‍ശിച്ചു സംസാരിക്കുന്ന രീതി. പ്രാര്‍ഥനയിലെ വ്യാകരണപ്പിഴവ് അതിന്റെ ആത്മാര്‍ഥതകൊണ്ടും ലാളിത്യംകൊണ്ടും മറികടന്നു എന്നുമാത്രമല്ല, അതിശ്രേഷ്ഠവും അതിമനോഹരവുമാകുന്നു. ദൈവത്തോടു ഗാഢമായി ഐക്യപ്പെട്ട ജീവിതങ്ങള്‍. പള്ളിയിലെ പ്രാര്‍ഥനയില്‍ തന്നെ രക്ഷിക്കണമേയെന്നു നിലവിളിച്ചു പ്രാര്‍ഥിക്കുമ്പോള്‍ ദൈവമേ, നിന്നെ രക്ഷിക്കണേ എന്നായിപ്പോകുന്നു! കേള്‍വിക്കാര്‍ക്കു പരിഹാസം; പക്ഷേ, ദൈവത്തിനു ഹൃദ്യം. അമ്മാമ്മ പ്രാര്‍ഥിക്കുന്നതും ക്ഷമ ചോദിക്കുന്നതും അറിവില്ലായ്മകൊണ്ടു 'ചെയ്യാതെപോയ' പാപങ്ങളെക്കുറിച്ച്! ചെയ്തുപോയ പാപങ്ങളല്ല, ചെയ്യാതെപോയ പാപങ്ങള്‍! അതു നമ്മുടെ നോട്ടത്തില്‍. ദൈവം അതിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ് നിഷ്‌കളങ്കയായ ആ സ്ത്രീ ചെയ്തുപോയ ലഘുപാപങ്ങള്‍പോലും പൊറുത്ത് അവരെ സ്വര്‍ഗസൗഭാഗ്യത്തില്‍ ചേര്‍ക്കുന്നു. ഭിക്ഷക്കാരി സ്ത്രീ കൂട്ടുകാര്‍ക്കു വിശ്വാസപരിശീലനം നല്കുന്നു! പാഠപുസ്തകത്തില്‍ നോക്കിയല്ല, സ്വന്തം ജീവിതക്കണ്ണാടിയിലൂടെ.