വേനലവധിയോടു വിട പറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുകയാണ്. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്കു കന്നിച്ചുവടു വയ്ക്കുന്ന കുരുന്നുകളും, പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്‍ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള്‍ തങ്ങളുടെ പ്രയാണമാരംഭിക്കുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ താഴെച്ചേര്‍ക്കുന്ന ചില ചിന്തകള്‍ ക്രൈസ്തവമാതാപിതാക്കളും മക്കളും ഒരുപോലെ തങ്ങളുടെ ഓര്‍മത്താളുകളില്‍ കുറിച്ചിട്ടാല്‍ കൊള്ളാം.
വിശ്വാസമാണ് വിജ്ഞാനത്തെക്കാള്‍ വിലയേറിയത്
അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസ്സുറ്റതും അര്‍ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കേ ലോകം വില കല്പിക്കൂ. നാലക്ഷരം അറിയാവുന്നവര്‍ക്കേ നട്ടെല്ലു നിവര്‍ത്തി നില്ക്കാനാവൂ. അതുകൊണ്ടുതന്നെ, അറിവിനുവേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയും അലച്ചിലും അവസാനിക്കുന്നില്ല. വിശുദ്ധഗ്രന്ഥത്തില്‍ വിജ്ഞാനത്തെ രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠമെന്നാണു ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, കേവലം അറിവിന്റെ അക്ഷരക്കൂട്ടുകള്‍ക്കു മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനോ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. അവിടെയാണ് വിശ്വാസത്തിന്റെ മുന്‍തൂക്കം മനുഷ്യന്‍ മനസ്സിലാക്കേണ്ടത്.
അറിവിന്റെ ആരംഭം വിശ്വാസത്തില്‍ അടിത്തറ പാകിയ ദൈവഭയമാണ്. വിശ്വാസത്തില്‍ വേരൂന്നാത്ത മനുഷ്യന്റെ വിജ്ഞാനം അവനോടൊപ്പം അവസാനിക്കും. വിജ്ഞാനി മരിക്കും. എന്നാല്‍, വിശ്വാസി മരിച്ചാലും ജീവിക്കും. ഓര്‍ക്കണം, വിദ്യാലയങ്ങള്‍ പള്ളിക്കൂടങ്ങളായിട്ടാണ് ആരംഭിച്ചത്. പള്ളി ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസത്തിന്റെ കൂടാരമാണ്. അതിനോടടുത്തുള്ള വിദ്യാലയത്തില്‍ തെളിച്ചുകൊടുക്കുന്ന വിജ്ഞാനത്തിന്റെ വിളക്കുതിരിക്ക് വിശ്വാസതൈലത്തിന്റെ നനവാണുള്ളത്. ഒരു ക്രിസ്ത്യാനിയുടെ ജീവിതമാകുന്ന വൃക്ഷത്തിന്റെ തായ്ത്തടി വിശ്വാസവും ശിഖരങ്ങള്‍ വിവിധ തരത്തിലുള്ള വിജ്ഞാനവുമാണ്. വിശ്വാസത്തെ വിസ്മരിച്ച് നാം വാരിക്കൂട്ടുന്ന വിജ്ഞാനമണികള്‍ വിരലുകളുടെ വിടവുകളിലൂടെ വെറുതെ ചോര്‍ന്നുപോവുകയേ ഉള്ളൂ. പുല്‍ക്കൂട്ടിലെ പൈതലിനു പാദപൂജ ചെയ്ത ജ്ഞാനികളെപ്പോലെ, വിജ്ഞാനം വിശ്വാസത്തിനു പാദസേവ ചെയ്യുകതന്നെ വേണം. കാരണം, വിശ്വാസമാണ് വിജ്ഞാനത്തിനു ശക്തിയും ശുദ്ധിയും ശോഭയുമേകുന്നത്.
വിജ്ഞാനം ദൈവികദാനമാണ്
വിദ്യയെ വിഗ്രഹത്തെപ്പോലെ പൂവിട്ടു പൂജിക്കുന്ന മനുഷ്യന്‍ മറന്നുപോകരുതാത്ത ഒരു പരമാര്‍ഥമാണ് അറിവിന്റെ ഉറവിടം ദൈവമാണെന്നത്. പരിജ്ഞാനത്തില്‍ പേരുകേട്ട സോളമന്‍രാജാവിന് ദൈവമാണ് വിജ്ഞാനം വരമേകുന്നത്. കൈക്കുള്ളിലൊതുക്കുന്ന ഒരു സമ്പാദ്യമെന്നതിലുപരിയായി സര്‍വജ്ഞാനിയായ തമ്പുരാന്‍ നല്കുന്ന ഒരു സമ്മാനമാണ് ജ്ഞാനം. കഠിനാധ്വാനവും കഷ്ടപ്പാടുമൊക്കെ അതിന് അര്‍ഹരാകാന്‍ ആവശ്യവുമാണ്. ദൈവം ലോകത്തിനു നല്കിയ ഏറ്റവും മഹത്തായ ദാനം തന്റെ ഏകജാതനാണ്. ആ ക്രിസ്തുതന്നെയാണ് നമ്മുടെ യഥാര്‍ഥ ജ്ഞാനവും. അവനില്‍ ശരണപ്പെടുന്നവര്‍ക്ക് തന്റെ ജ്ഞാനത്തിന്റെ ഓഹരി അവന്‍ നല്കും. ആകയാല്‍, അറിവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ ആത്മാവിന്റെ അനുഗ്രഹത്തിനായി അനുദിനം പ്രാര്‍ഥിക്കണം. കാരണം, ആത്മാവാണ് ആധികാരികതയുള്ള അധ്യാപകന്‍. അവന്‍ പകര്‍ന്നുതരുന്ന വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെട്ടത്തില്‍മാത്രമേ തട്ടിവീഴാതെ ദൂരങ്ങള്‍ താണ്ടാന്‍ നമുക്കു കഴിയൂ.
വിശ്വാസശിക്ഷണവും വിജ്ഞാനശിക്ഷണവും
ബാലനായ ഈശോ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വരച്ചാണ് വളര്‍ന്നുവന്നത്. വേണ്ടത്ര വിദ്യാഭ്യാസവും പൊതുപരിജ്ഞാനവും അവനു നല്കാന്‍ അവന്റെ അപ്പനമ്മമാര്‍ അതീവശ്രദ്ധാലുക്കളായിരുന്നു. അക്കാരണത്താല്‍ത്തന്നെ, ദൈവാലയത്തില്‍ ഉപാധ്യായന്മാരുടെ ഒപ്പമിരുന്ന് അവരോടു മറുചോദ്യങ്ങള്‍ ഉന്നയിക്കാനും അതുവഴി അവരുടെയൊക്കെ ആശ്ചര്യത്തിനും പ്രശംസയ്ക്കും പാത്രമാകാനും അവനു സാധിച്ചു. അപ്പോഴും, ദൈവികവും മതപരവുമായ കാര്യങ്ങള്‍ക്കാണ് അവന്‍ മുന്‍ഗണന കൊടുത്തിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളോടു പ്രതിബദ്ധതയില്ലാത്ത അപ്പനും അമ്മയും തങ്ങളെത്തന്നെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. പരിജ്ഞാനത്തിലുള്ള പരിശീലനമാണ് കുഞ്ഞുങ്ങളെ രക്ഷിതാക്കളോടും രാഷ്ട്രത്തോടുമൊക്കെ കടപ്പാടുള്ള പൗരരാക്കി മാറ്റുന്നത്.
അറിവിനെ തിരിച്ചറിവാക്കുന്നതു വിശ്വാസമാണ്. വിശ്വാസത്തിന്റെ തായ്‌വേരില്ലാത്ത വിജ്ഞാനം തലച്ചോറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിള്‍ക്കണ്ണിമാത്രമാണ്. കാലവ്യതിയാനത്തില്‍ അതു കരിഞ്ഞുപോകും. അറിവ് മനുഷ്യരെ മൃഗങ്ങളല്ലാതാക്കുന്നേയുള്ളൂ. തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. അറിവിന്റെ അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്ളപ്പോള്‍, തിരിച്ചറിവിന്റെ താളുകള്‍ വിശ്വാസഗ്രന്ഥങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ, ക്രൈസ്തവകുഞ്ഞുങ്ങളുടെ മത, വേദ, വിശ്വാസപരിശീലനം മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയായിട്ടാണ് കത്തോലിക്കാസഭ കണക്കാക്കുന്നത്.
വേദപാഠക്ലാസുകള്‍ വിശ്വാസസിരകളാണ്
സിനഗോഗുകളില്‍ പഠിപ്പിച്ചും പ്രസംഗിച്ചും ചുറ്റിസഞ്ചരിച്ച കര്‍ത്താവ് തന്റെ ശ്രോതാക്കളെയും ശിഷ്യരെയുമൊക്കെ വിശ്വാസശിക്ഷണത്തില്‍ രൂപീകരിക്കുകയായിരുന്നു. ശിശുക്കളെ അരികിലേക്കു വിളിച്ച് അനുഗ്രഹിച്ചപ്പോഴും, ആലിംഗനം ചെയ്തപ്പോഴും അവന്‍ അവര്‍ക്കു വിശ്വാസത്തിന്റെ വിശുദ്ധ സ്പര്‍ശമാണു സമ്മാനിച്ചത്. ഗുരുവധരങ്ങളില്‍നിന്നു വിശ്വാസത്തിന്റെ മധുമൊഴികള്‍ കേട്ടുപഠിച്ച അപ്പസ്‌തോലഗണം പിന്നീട് വിവിധ സഭാസമൂഹങ്ങളെ മതബോധനത്തിലൂടെ പ്രബുദ്ധരാക്കി. അതുകൊണ്ടുതന്നെ, കത്തോലിക്കാസഭ ഇന്നും മതബോധനക്ലാസുകള്‍ക്ക് അഗ്രസ്ഥാനം കൊടുക്കുന്നു. ക്രിസ്ത്യാനിയായ ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്ക് ദൈവവിശ്വാസമാകുന്ന ആത്മീയരക്തം സംവഹിക്കുന്ന ധമനികളാണ് വേദപാഠക്ലാസ്സുകള്‍.
വിശുദ്ധരെല്ലാവരും തങ്ങളുടെ ജീവിതത്തില്‍ മതബോധനത്തെ പ്രധാന പീഠത്തില്‍ പ്രതിഷ്ഠിച്ചവരാണ്. വി. ആഗസ്തീനോസ്, നിസ്സായിലെ വി. ഗ്രിഗറി, വി. ജോണ്‍ ക്രിസോസ്തം, അലക്‌സാണ്ട്രിയയിലെ വി. ക്ലെമന്റ്, വി. ഡെന്നീസ് തുടങ്ങിയവരെല്ലാം വേദോപദേശകരായിരുന്നു. വി. ജെറോം അദ്ദേഹത്തിന്റെ ജീവിതസായാഹ്നം കുട്ടികള്‍ക്കു മതബോധനം കൊടുക്കുന്നതിനാണു നീക്കിവച്ചത്. പാരീസിലെ പ്രസിദ്ധ ചാന്‍സലറായിരുന്ന ജീന്‍ ഗേര്‍സണ്‍ താന്‍ കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍, 'കുഞ്ഞുങ്ങളെ നരകസര്‍പ്പത്തില്‍നിന്നു രക്ഷിക്കുകയും, സഭയുടെ പൂന്തോട്ടത്തിലെ ഈ ഇളംചെടികള്‍ക്കു വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യുന്നതിനെക്കാള്‍ മഹത്തായ ഒരു സേവനം എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല' എന്നാണ് മറുപടി നല്കിയത്. വി. ഇഗ്നേഷ്യസും വി. ഫ്രാന്‍സീസ് സേവ്യറും വി. ഫ്രാന്‍സീസ് ബോര്‍ഗിയയും കുട്ടികള്‍ക്കു വേദോപദേശം നല്കുന്നതിനു തങ്ങളെത്തന്നെ നിയോഗിച്ചവരാണ്.
ക്ലരീഷ്യന്‍ സന്ന്യാസസഭാസ്ഥാപകനായ വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് തന്റെ ചെറുപ്പകാലംമുതല്‍ വേദപഠനത്തോട് ആഴമായ സ്‌നേഹവും ആഭിമുഖ്യവും പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. ബാലനായ ആന്റണി ഒരിക്കല്‍പ്പോലും ഞായറാഴ്ചകളിലെ മതബോധനക്ലാസ്സുകള്‍ മുടക്കിയിരുന്നില്ല. പിന്നീട്, ഒരു സെമിനാരി വിദ്യാര്‍ഥി, വൈദികന്‍, മിഷനറി, കൂടാതെ ക്യൂബയിലെ ആര്‍ച്ചുബിഷപ് എന്നീ നിലകളില്‍ ആയുഷ്‌കാലം മുഴുവന്‍ കുട്ടികളെയും മുതിര്‍ന്നവരെയും തീക്ഷ്ണതയോടെ വേദപാഠം പഠിപ്പിക്കുക എന്നത് തന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമായി കണക്കാക്കി. ഇതേക്കുറിച്ച് അദ്ദേഹം കുറിക്കുന്നത്, 'ക്രിസ്തീയവിശ്വാസസത്യങ്ങള്‍ കുട്ടികളെ അഭ്യസിപ്പിക്കുക എന്നതിനായിരുന്നു ഞാന്‍ പ്രാഥമികപരിഗണന നല്കിയത്. ഈ തരത്തിലുള്ള വിദ്യാഭ്യാസത്തോട് എനിക്കു ശക്തിയായ ഒരു അഭിവാഞ്ഛ ഉണ്ടായിരുന്നതുകൊണ്ടു മാത്രമല്ല, ഇതിന്റെ മുഖ്യപ്രാധാന്യം ഞാന്‍ മനസ്സിലാക്കുകയും ചെയ്തതിനാലായിരുന്നു ഇത്. മതപരവും, ധാര്‍മികവുമായ ജീവിതസൗധത്തിന്റെ അടിത്തറ വേദോപദേശത്തിലുള്ള അറിവാണ്. അതില്‍ കൂടുതലായി, കുട്ടികള്‍ താത്പര്യത്തോടെ പഠിക്കുകയും, അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. തെറ്റുകള്‍, ദുരാചാരങ്ങള്‍, അജ്ഞത എന്നിവയില്‍നിന്നെല്ലാം വേദോപദേശം അവരെ സംരക്ഷിക്കുകയും പുണ്യങ്ങളില്‍ അവരെ വളരെയെളുപ്പം ഉറപ്പിക്കുകയും ചെയ്യുന്നു' എന്നാണ്. മതാധ്യാപനത്തിലൂടെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന ഒരു കുട്ടി ദൈവദൃഷ്ടിയില്‍ ഈ ലോകത്തിലെ സകല സാമ്രാജ്യങ്ങളെക്കാള്‍ വിലയേറിയ ഒരു നിധിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ചുരുക്കത്തില്‍, വിശ്വാസവീഥിയിലെ വിളക്കുമരങ്ങളാണ് വേദപാഠങ്ങള്‍. വിശ്വാസപരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും മതിയായി മനസ്സിലാക്കിക്കൊണ്ട് ഈ അധ്യയനവര്‍ഷത്തില്‍ നമ്മുടെ മക്കള്‍ മതബോധനക്ലാസ്സുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നു എന്നുറപ്പുവരുത്താം. ട്യൂഷന്‍, കോച്ചിംഗ്, ആഘോഷങ്ങള്‍ എന്നിവ മതബോധനക്ലാസുകളെ ബാധിക്കാത്തവിധത്തില്‍ ക്രമീകരിക്കാം. ഇടവകയിലെ മതപഠനസംബന്ധമായ എല്ലാ സംരംഭങ്ങളോടും സഹകരിക്കാം. ഒപ്പം, മതാധ്യാപകരെ മാനിക്കാം. ദിവ്യമായ ഒരു ദൗത്യമാണ് അവരുടേത്. അവരുടെ സേവനങ്ങളെ വിലമതിക്കാം. കുടുംബത്തില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ അവരെ അധിക്ഷേപിച്ചു സംസാരിക്കാതിരിക്കാം. അവരോടുള്ള അപമാനം അവര്‍ പകര്‍ന്നുകൊടുക്കുന്ന ദൈവികമായ അറിവിനോടുള്ള അനാദരവുതന്നെ. വീടുകളില്‍ കുട്ടികള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ വിജ്ഞാനത്തില്‍ വളര്‍ന്നവരട്ടെ. വേദാഭ്യാസവും വിദ്യാഭ്യാസവും അവരുടെ സമ്പാദ്യങ്ങളാകട്ടെ. വചനങ്ങളും നിര്‍വചനങ്ങളും അവര്‍ ഒരുപോലെ ഉരുവിടട്ടെ. അങ്ങനെ, അവരിലൂടെ കുടുംബങ്ങള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടട്ടെ.