പാലാ: ഭാരതത്തിന്റെ പ്രഥമവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടനകേന്ദ്രത്തില്‍ 2024-25 സ്ലീവാ എന്ന പേരില്‍ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷമായി ആഘോഷിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തീര്‍ഥാടനകേന്ദ്രത്തില്‍ മേയ് 19 ന് രാവിലെ ആറിനു നടന്ന ദിവ്യബലിയെത്തുടര്‍ന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
സമ്മേളനത്തില്‍ പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഫൊറോനപ്പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, എഫ്.സി.സി. ഭരണങ്ങാനം പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസി മരിയ ഓലിക്കല്‍, അസ്സീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്‍ട്ടിന്‍ മാന്നാത്ത്, ഡിഎസ്ടി സന്ന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ സി. സലോമി മൂക്കന്‍തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആത്മീയഉണര്‍വിനായി അമ്പതിനപ്രോഗ്രാമുകളാണ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആത്മീയസാധനയെ സംബന്ധിച്ച ദേശീയ, അന്തര്‍ദേശീയസെമിനാറുകള്‍, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നടത്തുന്ന അല്‍ഫോന്‍സാ പഠനശിബിരങ്ങളുള്‍പ്പെടെ നിരവധി തലങ്ങളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
അല്‍ഫോന്‍സിയന്‍ കൂട്ടായ്മ, അല്‍ഫോന്‍സിയന്‍ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങള്‍, നവീകരണങ്ങള്‍, സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍, ശിശുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമര്‍പ്പിതര്‍ക്കും വൈദികര്‍ക്കുംവേണ്ടിയുള്ള നവീകരണപ്രോഗ്രാമുകള്‍, അല്‍ഫോന്‍സിയന്‍ സാംസ്‌കാരികവേദി, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുംവേണ്ടിയുള്ള ശുശ്രൂഷകള്‍, അല്‍ഫോന്‍സാ ഗാര്‍ഡന്‍, കള്‍ച്ചറല്‍ മ്യൂസിയം എന്നിവയും അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷത്തിന്റെ കര്‍മപരിപാടികളാണ്.
പരിപാടികള്‍ക്ക് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്ററിലെ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, ഫാ. ഏബ്രഹാം കണിയാംപടി, ഫാ. അലക്‌സ് മൂലക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫാ. തോമസ് തോട്ടുങ്കല്‍, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പന്തക്കുസ്താതിരുനാള്‍ ദിവസം ഭരണങ്ങാനത്ത് ആദ്യാക്ഷരം കുറിക്കല്‍
പന്തക്കുസ്താ തിരുനാള്‍ദിവസം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ നടന്നു. രാവിലെ 7.30 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. റായ്പൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് ചരണംകുന്നേല്‍, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, രൂപത ചാന്‍സിലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, ഭരണങ്ങാനം ഇടവകവികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി.