ധനത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബത്തിന്റെ ദൈനംദിനാവശ്യങ്ങള്‍ക്കും നടത്തിപ്പിനും പണം അത്യന്താപേക്ഷിതമാണ്. ആവശ്യത്തിനുള്ള പണം ഇല്ലാതെവരുമ്പോള്‍ അതു കുടുംബത്തെ പലവിധത്തിലും ബാധിക്കും. സാമ്പത്തികബുദ്ധിമുട്ട് അംഗങ്ങളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതയ്ക്കു കാരണമാകും. മരത്തിന് ഇലകള്‍പോലെ വീടിന് ധനം പ്രധാനപ്പെട്ടതാണ്. അക്കാരണത്താല്‍ ധനസമ്പാദനം അതിനാല്‍ത്തന്നെ ന്യായീകരിക്കപ്പെടുന്ന ഒന്നാണ്.
മാന്യമായ ഉപജീവനമാര്‍ഗം തേടാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, ജീവിക്കുക എന്ന ഉത്തമമായ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി അധമമായ മാര്‍ഗത്തിലൂടെയുള്ള പണസമ്പാദനം ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല. കുടുംബത്തിന്റെ അനുദിനചെലവുകള്‍ക്കു പണം വേണമെന്നിരിക്കിലും അതു നേടുന്ന വഴിയും വിധവുമൊന്നും അന്യായവും സത്യത്തിനു നിരക്കാത്തതുമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ആവശ്യങ്ങള്‍ കൂടുമ്പോള്‍ മനസ്സാക്ഷിക്കു ചേരാത്ത തരത്തിലുള്ള ധനശേഖരണത്തിലേക്കു നീങ്ങാതെ സൂക്ഷിക്കണം. അവിഹിതമായി നേടിയ ഒരു നാണയംപോലും വീട്ടില്‍ വന്നു കയറാന്‍ ഇടയാകരുത്. ഏതൊരു തൊഴിലിനും അതിന്റേതായ മഹത്ത്വമുണ്ട്. ഓരോരുത്തരും ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തിക്കൊണ്ട് അതില്‍നിന്നു ലഭിക്കുന്ന വേതനത്തിലൂടെ കുടുംബം പുലര്‍ത്താന്‍ പരിശ്രമിക്കണം. ധനാസക്തി ആപത്കരമാണ്. സ്വത്താണ് സകലതും എന്നു കരുതരുത്. ധനം മനംകവരാതെ കാക്കണം. സമ്പത്തിലുള്ള സുരക്ഷിതത്വം സുസ്ഥിരമല്ല. പണം കുടുംബത്തിലേക്കു വരുന്ന വഴികള്‍ മാനംമര്യാദയുള്ളവയായിരിക്കണം. സ്വന്തം വിയര്‍പ്പുെകാണ്ടു സമ്പാദിക്കുന്നവ മാത്രമേ സംതൃപ്തി നല്കുകയുള്ളൂ. അല്ലാത്തവ മുള്ളുപോലെ സദാ കുത്തിനോവിക്കും. വ്യാപാരവ്യവസായങ്ങളില്‍ അനുവദനീയമായിട്ടുള്ള ലാഭമെടുക്കുന്നതു ന്യായമാണ്. ന്യായത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുമ്പോഴാണ് അത് അധാര്‍മികമായി മാറുന്നത്. അര്‍ഹമല്ലാത്തതൊന്നും ആവശ്യമില്ല എന്ന മനോഭാവമുണ്ടാകണം. വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പണം അതിന്റെ ഫണം വിടര്‍ത്തും. ധനവാന്റെ സ്വര്‍ഗപ്രവേശനത്തിനു തടസ്സമായി നില്‍ക്കുന്നത് അവന്റെ സ്വത്തല്ല, അതു നേടിയെടുക്കുന്നതിലെ പിഴവുകളും പരോപകാരപ്രദമായി ചെലവാക്കുന്നതിലെ പോരായ്മകളുമാണ്. സമ്പത്ത് കുടുംബങ്ങളില്‍ സൈ്വരക്കേടിനല്ല, സന്തോഷത്തിനു കാരണമാകട്ടെ. നേര്‍വഴികളിലൂടെ നേടുന്ന ധനംകൊണ്ടു പുലരുന്ന കുടുംബങ്ങളില്‍ സമാധാനമെന്ന സമ്പത്ത് സമൃദ്ധമായുണ്ടാകും.