•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ ഈശോ നമുക്കു നല്‍കിയ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥനയാണെങ്കില്‍, ''വിശ്വാസപ്രമാണം'' തിരുസ്സഭ നമുക്കു നല്‍കിയിരിക്കുന്ന വിശിഷ്ടമായ ഒരു പ്രാര്‍ഥനയാണ്. ഒരു പ്രാര്‍ഥനയായതിനാലാണ് മറ്റു പ്രാര്‍ഥനകള്‍പോലെ ഇതും ''ആമ്മേന്‍''കൊണ്ട് അവസാനിക്കുന്നത്. ''പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍'' എന്ന ആദ്യകാല പ്രാര്‍ഥനയോടു കാലാകാലങ്ങളില്‍ വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സാര്‍വത്രികസൂനഹദോസുകളിലൂടെ ചര്‍ച്ചചെയ്ത് അംഗീകരിച്ചു നല്‍കപ്പെട്ടിരിക്കുന്ന വിശ്വാസപ്രമാണം നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹമാണ്. മതബോധനത്തിന്റെ പ്രഥമവും ആധികാരികവുമായ സംശോധകസ്രോതസ്സായി വിശ്വാസപ്രമാണം നിലകൊള്ളുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, പി.ഒ.സി., 2011, പേജ് 52).

വിവിധ വിശ്വാസപ്രമാണങ്ങള്‍ സഭയില്‍ രൂപംകൊണ്ടിട്ടുണ്ട്; നിഖ്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, കാല്‍സിഡണ്‍, ലാറ്ററന്‍, ലിയോണ്‍സ്, ട്രെന്റോസ്, അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം, ദമാസൂസ് വിശ്വാസപ്രമാണം, അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം, ദൈവജനത്തിന്റെ വിശ്വാസപ്രമാണം തുടങ്ങിയവ. ഇവയില്‍ രണ്ടെണ്ണമാണു കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവ: നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണവും അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണവും. അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം അപ്പസ്‌തോലന്മാരുടെ രണ്ടാംതലമുറയില്‍പ്പെട്ട റോമായിലെ  ഒരു വിശ്വാസ പരിശീലകന്‍ ക്രോഡീകരിച്ചു സൂക്ഷിച്ചതാണ്. ഈ വിശ്വാസപ്രമാണത്തില്‍ അപ്പസ്‌തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും പ്രധാന പഠനങ്ങളുടെ വലിയ സ്വാധീനം കാണാം. ഈ വിശ്വാസസംഹിത ക്രിസ്തുവര്‍ഷം 100 നോടടുത്താണ് വിരചിതമായത്. റോമന്‍സഭയുടെ പ്രാചീനമായ മാമ്മോദീസ - വിശ്വാസപ്രമാണമാണിത്. എല്ലാ പ്രധാന പാശ്ചാത്യ, പൗരസ്ത്യസഭകള്‍ക്കും പൊതുവായിട്ടുള്ളതാണ് നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം. ഈ വിശ്വാസപ്രമാണത്തിന്റെ ആധികാരികതയുടെ അടിസ്ഥാനം ഇത് ആദ്യത്തെ രണ്ട് സാര്‍വത്രിക സൂനഹദോസുകളില്‍നിന്നു രൂപംകൊണ്ടു എന്നതാണ്. 'അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം' ആരംഭിക്കുന്നത് 'ഞാന്‍ വിശ്വസിക്കുന്നു' എന്നും 'നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം ആരംഭിക്കുന്നത് 'ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നുമാണ്. മിശിഹായിലുള്ള വിശ്വാസത്തിന്റെ പരസ്പരപൂരകങ്ങളായ രണ്ടു മാനങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്.
നിഖ്യായില്‍ വിശ്വാസപ്രമാണം രൂപപ്പെടുന്നു
നിഖ്യാവിശ്വാസപ്രമാണം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം ത്രിത്വത്തിലെ രണ്ടാം ആളായ പുത്രന്‍തമ്പുരാനെക്കുറിച്ചുള്ള ആരിയൂസിന്റെ തെറ്റായ പഠനങ്ങളും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഇടപെടലും നിഖ്യാകൗണ്‍സിലുമാണ്. രണ്ടര നൂറ്റാണ്ടുകാലത്തെ (ക്രിസ്തുവര്‍ഷം 64-306) മതമര്‍ദനങ്ങള്‍ക്കുശേഷം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തങ്ങള്‍ അതുവരെ വിശ്വസിച്ച കാര്യങ്ങളെപ്പറ്റി ചിലര്‍ കൂടുതല്‍ ചിന്തിക്കാനും വ്യാഖ്യാനിക്കാനും തുടങ്ങി. അലക്‌സാണ്‍ഡ്രിയായിലെ ഒരു പുരോഹിതനായിരുന്ന ആരിയുസിന്റെ 'പുത്രന് എങ്ങനെ പിതാവിന് ഒപ്പം ആയിരിക്കാന്‍ സാധിക്കും', അതിനാല്‍, പുത്രന്‍ പിതാവിനെക്കാള്‍ ഒരുപടി താഴെയാണ് (subordinate),, പുത്രന്‍ ഒരു സൃഷ്ടിയാണ്, പിതാവിന്റെതന്നെ സത്തയല്ല (substance) എന്ന തെറ്റായ പഠനങ്ങള്‍ക്ക്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസില്‍ 325 ജൂണ്‍ 19 ന് കൊടുത്ത മറുപടിയാണ് നിഖ്യാവിശ്വാസപ്രമാണം. ഇതിന്റെ സംഗ്രഹം 'പുത്രന്‍ പിതാവിന്റെ  സൃഷ്ടിയല്ല, പിതാവില്‍നിന്നു ജനിച്ചവനാണ്, പിതാവിന് ഒപ്പം അനാദിയിലേ ഉള്ളവനാണ്, പുത്രന് പിതാവിന്റെ തന്നെ സത്തയാണ് (homo ousios) എന്നാണ്.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിപുലപ്പെടുത്തുന്നു
ആരിയൂസിന്റെ ആശയം നിഖ്യാസൂനഹദോസ് തള്ളിക്കളയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തുവെങ്കിലും കോണ്‍സ്റ്റന്റയിന്റെ പിന്‍ഗാമിയായ കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്റെ കാലത്ത് ആര്യനിസത്തിനു കൂടുതല്‍ പ്രചാരം ലഭിക്കുകയും അതിന്റെ പുതിയ രൂപമായി സെമി-ആര്യനിസം  രൂപപ്പെടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന മാസിഡോണിയസ് 'പരിശുദ്ധാത്മാവും പുത്രനെപ്പോലെ പിതാവിന്റെ കീഴിലാണ്' എന്നു വാദിച്ചു.
ആര്യനിസത്തില്‍ പുത്രന്റെ ദൈവത്വം നിഷേധിക്കപ്പെട്ടുവെങ്കില്‍ സെമി - ആര്യനിസത്തില്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വമാണു നിഷേധിക്കപ്പെടുന്നത്. രണ്ടിലും ദൈവത്വം നിഷേധിക്കപ്പെടുന്നുവെന്നതാണ് ഈ രണ്ടു പഠനങ്ങള്‍ തമ്മിലുള്ള സാദൃശ്യം. റോമാ ചക്രവര്‍ത്തിയായിരുന്ന തെയഡോഷ്യസ് രണ്ടാമന്‍ 381 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു സിനഡ് വിളിച്ചുകൂട്ടി പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഈ പഠനം തെറ്റാണ് എന്നു പ്രഖ്യാപിക്കുകയും നിഖ്യാ പഠിപ്പിച്ചത് ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. ഈ സിനഡിലും ഒരു വിശ്വാസപ്രമാണത്തിനു രൂപം കൊടുത്തു. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം എന്ന് ഇതിനെ വിളിക്കാമെങ്കിലും നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം എന്നാണ് ഇതിന്റെ പേര്. ഇപ്പോള്‍ കിഴക്കും പടിഞ്ഞാറുമുള്ള സഭകള്‍ ആരാധനക്രമത്തില്‍ ഇത് ഉപയോഗിക്കുന്നു.
''ഫീലിയോക്വേ''(Filioque)  പ്രശ്‌നം
'പരിശുദ്ധാത്മാവ് പിതാവില്‍നിന്നു പുറപ്പെടുന്നു' എന്ന് 381 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ കൃത്യമായി പറഞ്ഞുവച്ചു. പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെ നിരാകരിച്ച സെമി-ആര്യന്മാര്‍ക്ക് കൊടുത്ത ഉത്തരവുംകൂടിയായിരുന്നു ഇത്. എന്നാല്‍, താമസിയാതെ 'പിതാവില്‍നിന്നുള്ള പരിശുദ്ധാത്മാവിന്റെ പുറപ്പെടല്‍' (procession) എങ്ങനെയെന്ന് പലരും ചിന്തിക്കാനും ഉത്തരം കണ്ടെത്താനും തുടങ്ങി. ഈ പുറപ്പെടലില്‍ പുത്രന്റെ പങ്ക് എന്ത്? പിതാവില്‍നിന്നുമാത്രമാണോ, അതോ പുത്രനില്‍നിന്നുകൂടിയാണോ, കാരണം, പിതാവിന്റെതന്നെ സത്തയല്ലേ പുത്രന്? തുടങ്ങിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ് 'പിതാവില്‍നിന്ന് പുത്രനിലൂടെ' പുറപ്പെടുന്നു എന്നാണ് ഗ്രീക്കുസഭ ചിന്തിച്ചത്. എന്നാല്‍, 'പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും കൂടെ പുറപ്പെടുന്നു' എന്ന് റോമന്‍ സഭയും ചിന്തിച്ചു. 'പുത്രനിലൂടെ' എന്ന ഗ്രീക്ക്‌സഭയുടെ പ്രയോഗവും  'പുത്രനില്‍നിന്നുകൂടെ' (ഫീലിയോക്വേ Filioque)  എന്ന ലത്തീന്‍സഭയുടെ പ്രയോഗവും നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഇല്ലാത്തതാണ്.
പിതാവിന്റെയും പുത്രന്റെയും അതേ സത്തയാണ് പരിശുദ്ധാത്മാവ് എന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ സുനഹദോസ് പ്രഖ്യാപിച്ചു. ക്രിസ്തുവര്‍ഷം 447 ല്‍ ഒന്നാം ലെയോ മാര്‍പാപ്പാ 'പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്' എന്നതിനു പകരമായി 'പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്' എന്ന് ഉപയോഗിച്ചുതുടങ്ങി. സ്‌പെയിനിലെ തൊളേദോ പ്രാദേശികസിനഡില്‍ 675 ല്‍ ഈ ഏറ്റുചൊല്ലല്‍ നിഖ്യാ- കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തോട് കൂട്ടിച്ചേര്‍ത്തു. ഈ കൗണ്‍സിലിനുശേഷം സ്‌പെയിനില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലെ 'പിതാവില്‍നിന്നു പുറപ്പെടുന്നവനും' എന്നതിനു പകരം 'പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും' എന്ന് ഉപയോഗിച്ചുതുടങ്ങി. വിശുദ്ധ കുര്‍ബാനയിലെ വിശ്വാസപ്രമാണത്തിലും ഇങ്ങനെതന്നെ ഉപയോഗിച്ചു.
പാശ്ചാത്യ പൗരസ്ത്യ വ്യത്യാസം
നിഖ്യ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കല്‍ പൗരസ്ത്യസഭകള്‍ക്കു സ്വീകാര്യമായിരുന്നില്ല. 786 ലെ രണ്ടാം നിഖ്യാ സൂനഹദോസില്‍ 'പരിശുദ്ധാത്മാവ് പിതാവില്‍നിന്നു പുത്രനിലൂടെ പുറപ്പെടുന്നുവെന്ന്' പ്രസ്താവിച്ചു. 431 ലെ എഫേസൂസ് സൂനഹദോസിന്റെയും 451 ലെ കാല്‍സിഡണ്‍ സൂനഹദോസിന്റെയും നിലപാടനുസരിച്ച് നിഖ്യാ- കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍നിന്നു വ്യത്യസ്തമായ ഒരു വിശ്വാസം പ്രഖ്യാപിക്കുന്നവന്‍ സഭയുടെ ശത്രുവാണ്. അതിനാല്‍, പൗരസ്ത്യസഭ ഫീലിയേക്വേ വിശ്വാസപ്രമാണത്തില്‍ ചേര്‍ക്കുന്നതിനെ സ്വാഗതം ചെയ്തില്ല. 797 ല്‍ ഫ്രൈയൂളില്‍ കൂടിയ ഒരു സിനഡില്‍ അക്ക്വിലായിലെ മെത്രാനായിരുന്ന പൗളിനോസ് ഫീലിയോക്വേയുടെ കൂട്ടിച്ചേര്‍ക്കലിനെ സ്വാഗതം ചെയ്തു. ഏകദേശം 800-മാണ്ടോടുകൂടി കൂട്ടിച്ചേര്‍ക്കലോടുകൂടിയ വിശ്വാസപ്രമാണം ഫ്രാന്‍സിലും സമീപപ്രദേശങ്ങളിലും ദൈവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഈ സ്ഥലങ്ങളിലെ സന്ന്യാസസമൂഹങ്ങളില്‍ ഇത് അഭിപ്രായഭിന്നതയ്ക്കു കാരണമായി. അതിനാല്‍, ഈ വിഷയം ലെയോ മൂന്നാമന്‍ പാപ്പായുടെ തീരുമാനത്തിന് എത്തി. ഫീലിയോക്വേ അദ്ദേഹം അംഗീകരിച്ചെങ്കിലും നിഖ്യാ- കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഏതെങ്കിലും മാറ്റം വരുത്തുന്നതിനു തയ്യാറായില്ല. 1014 ല്‍ ബെനഡിക്ട് ഏഴാമന്‍ പാപ്പായുടെ കാലത്താണ് റോമിലെ വിശുദ്ധ കുര്‍ബാനകളില്‍ ഫീലിയോക്വേയോടുകൂടിയ വിശ്വാസപ്രമാണം ചൊല്ലാന്‍ ഔദ്യോഗികമായ അംഗീകാരം നല്‍കപ്പെട്ടത്. ബൈസന്റൈന്‍ ദൈവശാസ്ത്രജ്ഞനായിരുന്ന ഫോസിയൂസ് ഫീലിയോക്വേയെ ശക്തമായി എതിര്‍ത്തുകൊണ്ടു ധാരാളമായി എഴുതുകയും പിതാവില്‍നിന്നുമാത്രമേ പരിശുദ്ധാത്മാവ് പുറപ്പെടുന്നുള്ളൂ എന്നു വാദിക്കുകയും ചെയ്തു. ത്രിത്വത്തിലെ വ്യക്തികള്‍ വ്യത്യസ്തരാണെന്നും പരസ്പരം പങ്കുവയ്ക്കാനാവാത്ത വ്യതിരിക്തത ഓരോ വ്യക്തിക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കു'മെന്ന (യോഹ. 15:26) ദൈവവചനത്തെ ആസ്പദമാക്കി തന്റെ വാദഗതികള്‍ അവതരിപ്പിക്കാന്‍ ഫോസിയൂസിനു കഴിഞ്ഞു. 867 ല്‍ ബൈസന്റൈന്‍ പാത്രിയാര്‍ക്കീസ് ഒരു സൂനഹദോസ് വിളിച്ചുകൂട്ടുകയും അവിടെവച്ച് ഫോസിയൂസ് ലത്തീന്‍സഭയുടെ അജ്ഞതയെയും തെറ്റുകളെയും തള്ളിപ്പറയുകയും ഫീലിയോക്വേ ചേര്‍ത്ത് സഭയുടെ അടിസ്ഥാനവിശ്വാസപ്രമാണത്തെ ചൂഷണം ചെയ്തു എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
പതിനൊന്നാം നൂറ്റാണ്ടില്‍ മൈക്കിള്‍ ചെറുലാരിയൂസ് ബൈസന്റയിന്‍ പാത്രിയാര്‍ ക്കീസായിരുന്ന കാലത്ത് കടുത്ത ഭിന്നത ഉടലെടുത്തു. പരമ്പരാഗതമായി റോമന്‍സഭയുടെ അവകാശമായിരുന്ന മുന്‍ഗണനയെ (primacy of Rome) ബൈസന്റൈന്‍ അവകാശമായി അദ്ദേഹം ഉന്നയിച്ചു. ഇതറിഞ്ഞ ലെയോ ഒമ്പതാമന്‍ പാപ്പാ റോമില്‍നിന്ന് അയച്ച പ്രതിനിധികള്‍ ബൈസന്റൈന്‍ പാത്രിയാര്‍ക്കീസിനെ സ്ഥാനഭ്രഷ്ടനാക്കുകയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ചെറുലാരിയൂസ് പാ്രതിയാര്‍ക്കീസ് വിളിച്ചുകൂട്ടിയ സൂനഹദോസില്‍വച്ച് (1054) ഫീലിയോക്വേയെ തിരസ്‌കരിച്ചുകൊണ്ടുള്ള ഫോസിയൂസിന്റെ 867 ലെ പ്രബോധനത്തെ ശരിവച്ചു.
പരിശുദ്ധാത്മാവിന്റെ പുറപ്പെടലിനെ സംബന്ധിച്ച് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതുമൂലം സഭ കത്തോലിക്കാസഭയും ഓര്‍ത്തഡോക്‌സ്‌സഭയുമായി വിഭജിക്കപ്പെട്ടു. വിശുദ്ധ ഗ്രന്ഥത്തില്‍ 'പിതാവ് അയയ്ക്കുന്ന', 'പുത്രനില്‍നിന്നു പുറപ്പെടുന്ന ആത്മാവ്' (യോഹ. 14: 26, അപ്പ. 2: 33) എന്നീ വിശേഷണങ്ങള്‍ കാണുന്നു. 'പുത്രനില്‍നിന്നുംകൂടെ പരിശുദ്ധാത്മാവ് പുറപ്പെടുന്നു' എന്നത് ഒരു തെറ്റായ പഠനമായി പൗരസ്ത്യസഭയും കാണുന്നില്ല. ഗ്രീക്കുസഭാപിതാക്കന്മാരായ വിശുദ്ധ ബേസില്‍, നിസിയാന്‍സിലെ വിശുദ്ധ ഗ്രിഗറി, നിസ്സായിലെ വിശുദ്ധ ഗ്രിഗറി എന്നിവര്‍ 'പരിശുദ്ധാത്മാവ് പിതാവില്‍ നിന്നു പുത്രനിലൂടെ പുറപ്പെടുന്നു' എന്ന തത്ത്വം അംഗീകരിക്കുന്നവരാണ്. പരിശുദ്ധാത്മാവിന്റെ പുറപ്പെടലിനെക്കുറിച്ച് ഒരു തര്‍ക്കവും ഇല്ലാതിരുന്ന സമയത്ത് സഭാപിതാക്കന്മാര്‍ ഇങ്ങനെ പഠിപ്പിച്ചു.
ഒരേ യാഥാര്‍ത്ഥ്യം
സാര്‍വത്രികസഭയാണ് ഫീലിയോക്വേ കൂടാതെയുള്ള നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം സ്വീകരിച്ചേറ്റു പറഞ്ഞത്. ഈ വിശ്വാസപ്രമാണത്തില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്തുന്നതും സാര്‍വത്രികസഭയുടെ അംഗീകാരത്തോടെ തന്നെയാവണം. ഫീലിയോക്വേ എന്ന തത്ത്വം അംഗീകരിച്ചില്ലെങ്കിലും അത് വിശ്വാസപ്രമാണത്തോടു കൂട്ടിച്ചേര്‍ക്കാന്‍ ലെയോ മൂന്നാമന്‍ പാപ്പാ  വിസമ്മതിച്ചത് അതുകൊണ്ടാണ്. വിശ്വാസപ്രമാണം സാര്‍വത്രികസഭയുടെ സ്വത്താണെന്നും അതിലെ സമാനതകള്‍ ദൈവജനത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുന്നതാണെന്നും അതിനാല്‍, ഏതെങ്കിലും പ്രാദേശികസഭകള്‍ അതില്‍ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തരുതെന്നും വ്യക്തം.
വിശുദ്ധഗ്രന്ഥംതന്നെ 'പുത്രനില്‍നിന്നുകൂടെ' പരിശുദ്ധാത്മാവ് പുറപ്പെടുന്നു എന്നതിനു സാക്ഷ്യം നല്‍കുന്നു. ഗ്രീക്കുസഭാപിതാക്കന്മാരും ഇത് അംഗീകരിക്കുന്നവരാണ്. പിതാവും പുത്രനും തമ്മിലുള്ള അതേ ബന്ധംതന്നെയാണ് പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ളത്. യോഹ. 15:26 ല്‍ എഴുതിയിരിക്കുന്നു:  'പിതാവില്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം നല്‍കും.' ഈ വചനം പുത്രനില്‍നിന്നു പരിശുദ്ധാത്മാവ് പുറപ്പെടുന്നു എന്ന സത്യത്തിനു വിരുദ്ധമല്ല. മാത്രമല്ല, ഈ വചനത്തിന്റെ ആദ്യഭാഗത്ത് 'ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍' എന്നു ചേര്‍ത്തിരിക്കുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ 'ഫീലിയോക്വേ' ഇല്ലാതിരുന്നതിന്റെയും പിതാവില്‍നിന്നു പുറപ്പെടുന്നതെന്നു പറഞ്ഞതിന്റെയും കാരണം പരിശുദ്ധാത്മാവ് ദൈവമല്ല എന്നു പഠിപ്പിച്ച മാസിഡോണിയനിസത്തിനെതിരേ രൂപപ്പെട്ടതായിരുന്നു അത് എന്നതുകൊണ്ടാണ്.
യഥാര്‍ഥത്തില്‍, പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നതെന്നു പറയുന്നതും പിതാവില്‍നിന്നും പുത്രനിലൂടെ പുറപ്പെടുന്നതെന്നു പറയുന്നതും ഒരേ യാഥാര്‍ഥ്യമാണെന്ന് ഫ്‌ളോറന്‍സ് കൗണ്‍സില്‍ പഠിപ്പിച്ചു. പിതാവില്‍നിന്നും പുത്രനില്‍നിന്നും പരിശുദ്ധാത്മാവ് പുറപ്പെടുമ്പോള്‍ അടിസ്ഥാനപരമായി ഒരു ഉറവിടമേയുള്ളൂ. കാരണം, പിതാവിന്റെ സ്വന്തം മകനായാണ് പുത്രന്‍ ഈ ഉദ്യമത്തില്‍ പങ്കുകാരന്‍ ആകുന്നത്. പരിശുദ്ധാത്മാവ് ഒറ്റസ്രോതസ്സില്‍നിന്നാണ് പുറപ്പെടുന്നത് എന്ന് രണ്ടാം ലിയോണ്‍സ് സൂനഹദോസിന്റെ പ്രഖ്യാപനത്തിന്റെ അര്‍ഥവും ഇതുതന്നെയാണ്. ഒരേസത്യംതന്നെ വ്യത്യസ്തരീതിയില്‍ പഠിപ്പിക്കുന്നു.  പുത്രനും പരിശുദ്ധാത്മാവും പിതാവിന്റെ കരങ്ങള്‍ ആണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (704) പഠിപ്പിക്കുന്നു.
ഫീലിയോക്വേ നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിനു വിരുദ്ധമല്ല. എങ്കിലും, ഐക്യത്തിനുവേണ്ടി അത് ഒഴിവാക്കുന്നതു നല്ലതാണെന്ന് പാശ്ചാത്യദൈവശാസ്ത്രജ്ഞര്‍പോലും പറയുന്നു. 1987 ഡിസംബര്‍ ഏഴിന് പത്രിയാര്‍ക്കീസ് ദിമിത്രിയോസ് ഒന്നാമനും 1999 ജൂണില്‍ ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസും റോമില്‍വച്ച് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായോടൊപ്പം ദിവ്യബലിയില്‍ പങ്കെടുത്തപ്പോള്‍ മാര്‍പാപ്പാ ഫീലിയോക്വേ ഒഴിവാക്കി കൊണ്ടുള്ള വിശ്വാസപ്രമാണമാണു ചൊല്ലിയത്. 1995 ല്‍ പരിശുദ്ധപിതാവിന്റെ നിര്‍ദേശപ്രകാരം 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി' ഇറക്കിയ രേഖയില്‍ പിതാവാണ് ത്രിത്വത്തിന്റെ ഉറവിടം എന്ന പാശ്ചാത്യനിലപാടിനെ അംഗീകരിച്ചേറ്റുപറയുന്നു. പൗരസ്ത്യ മെത്രാന്മാരോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോഴും എക്യുമെനിക്കല്‍ പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തുമ്പോഴും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഫീലിയോക്വേ ഒഴിവാക്കിക്കൊണ്ടാണ് വിശ്വാസപ്രമാണം ചൊല്ലിയിരുന്നത്.
അതേസമയംതന്നെ, ഫീലിയോക്വേ വിശ്വാസപ്രമാണത്തിനെതിരാണെന്ന് പൗരസ്ത്യരും തീര്‍പ്പു കല്പിക്കരുത്. കാരണം; ഫീലിയോക്വേ നിയമാനുസൃതമായും ദൈവശാസ്ത്രപരമായും ശരിയായ ഒരു നിലപാടാണ്. പൗരസ്ത്യകത്തോലിക്കര്‍ ഈ നിലപാടിനെ സ്വീകരിച്ചിരിക്കുന്നു. അതുപോലെ പൗരസ്ത്യഅകത്തോലിക്കര്‍ക്കും ഒരു ലത്തീന്‍ പാരമ്പര്യമായെങ്കിലും ഇത് അംഗീകരിക്കാവുന്നതാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ എഴുതിയ 'ഓറിയന്‍ താലേ ലൂമെന്‍', ഊത് ഊനും സിന്റ്' എന്നീ അപ്പസ്‌തോലികലേഖനങ്ങള്‍ കത്തോലിക്കാ - ഓര്‍ത്തഡോക്‌സ് ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നവയാണ്. പൗരസ്ത്യപാരമ്പര്യവും ദൈവശാസ്ത്രവും പാശ്ചാത്യലോകം കൂടുതല്‍ പഠിക്കണമെന്നും അറിയണമെന്നും മാര്‍പാപ്പാ ഇതില്‍ ആവശ്യപ്പെടുന്നു.
അക്ഷരങ്ങള്‍ക്കല്ല പ്രാധാന്യം അര്‍ഥത്തിനാണ്
പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് ഐക്യത്തിന്റെ നിദാനം. 'എവിടെ പരിശുദ്ധാത്മാവുണ്ടോ അവിടെ പിതാവും പുത്രനും ഉണ്ട്' എന്ന ഫ്‌ളോറന്‍സ് കൗണ്‍സില്‍ (1274) പഠിപ്പിക്കുന്നു. ഐക്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനെച്ചൊല്ലിയാണ് സഭയില്‍ ഏറ്റവും വലിയ വിഭജനമുണ്ടായത്. ഇനി അത് ആവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ പാടില്ല. വിഭിന്ന അഭിപ്രായങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും തിരുസ്സഭയില്‍ എന്നും ഉണ്ടായിട്ടുണ്ട്. കലഹങ്ങളും വിഭജനങ്ങളുമല്ല അതിനു പരിഹാരം. വാദപ്രതിവാദങ്ങളുടെയും വിഭജനങ്ങളുടെയും അര്‍ഥശൂന്യത പിന്നീട് മാത്രമാണു മനസ്സിലാകുക. ഫീലിയോക്വേ വിവാദത്തില്‍ കലാശിച്ച പരിശുദ്ധാത്മാവിന്റെ പുറപ്പെടലിനെ സംബന്ധിച്ച് പാശ്ചാത്യപൗരസ്ത്യസഭകളിലെ പിതാക്കന്മാര്‍ ഒരേകാര്യംതന്നെയാണ് പഠിപ്പിച്ചത്; വ്യത്യസ്തരീതിയില്‍ അവതരിപ്പിച്ചെന്നുമാത്രം. അക്ഷരങ്ങള്‍ക്കല്ല അര്‍ഥത്തിനാണ്, വാക്കുകള്‍ക്കല്ല ആത്മാവിനാണ് (sprit) (റോമ. 2:29) പ്രാധാന്യം കൊടുക്കേണ്ടത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)