പരീക്ഷയ്ക്കു മാര്‍ക്കുകുറഞ്ഞതിന്റെ പേരിലും,ആഗ്രഹിച്ചതുനേടിയെടുക്കാന്‍ കഴിയാത്തതിന്റെ പേരിലുമൊക്കെ യുവതീയുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ ശ്രദ്ധിക്കാനിടയായി. വിടര്‍ന്നുവിളങ്ങേണ്ട പലപുഷ്പങ്ങളും അകാലത്തിലേ പൊഴിയുന്നതു കാണുന്നത് അത്യന്തം വേദനാജനകമാണ്. അതു പ്രകൃതിനിയമത്തിനെതിരാണ്. സര്‍വോപരി ദൈവത്തിന്റെ അനന്തപദ്ധതിക്ക് എതിരാണ്.
ഈലോകജീവിതം നാം ആഗ്രഹിക്കുന്ന രീതിയില്‍ സുഗമമായി പോകണമെന്നു നിര്‍ബന്ധമില്ല. പ്രതികൂലങ്ങളായ പലതും അപ്രതീക്ഷിതമായ അതിഥിയായി നമ്മുടെ ജീവിതങ്ങളിലേക്കും കുടുംബങ്ങളിലേക്കും കടന്നുവന്ന് സന്തോഷങ്ങള്‍ കെടുത്തിയെന്നു വരാം. അത് ഒരുപക്ഷേ, രോഗമായിട്ടായിരിക്കാം, ചിലപ്പോള്‍ മരണമായിട്ടായിരിക്കാം, അല്ലെങ്കില്‍ അപ്രതീക്ഷിതപരാജയമായിട്ടായിരിക്കാം... തീര്‍ച്ചയായും, അതൊക്കെ നമ്മുടെ മനസ്സിന്റെ താളം കെടുത്താന്‍മാത്രം പ്രഹരശേഷിയുള്ള തകര്‍ച്ചകളാണ്. എന്നിരുന്നാലും, ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ അതൊന്നും ഒരു കാരണമായിത്തീരരുത്. ഒരുതകര്‍ച്ചയും ജീവിതം ഇല്ലാതാക്കിക്കളയാന്‍ ഇടനല്‍കരുത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
നമ്മുടെ ഉള്ളിലെ ദീപം ഒരിക്കലും അണയാനുള്ളതല്ല; ദൈവം ദാനമായിത്തന്ന ജീവന്റെ ദീപനാളം കത്തിനില്‍ക്കാനുള്ളതാണ്. ചെറുതാണെന്നു തോന്നിയാലും ആ ദീപം അനേകരുടെ ഉള്ളിലെ അന്ധകാരം അകറ്റാനായി ദൈവം സൃഷ്ടിച്ചതാണ്. എന്നിലെ ദീപം അണയാതിരിക്കാനായി എനിക്ക് എന്തു ചെയ്യാന്‍ കഴിയും?
2011 ഓഗസ്റ്റ് 18-21 തീയതികളില്‍ സ്‌പെയിനിലെ 'മാഡ്രിഡില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പുണ്യസ്മരണാര്‍ഹനായ ബെനഡിക്ട് പതിനാറാമന്‍പാപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു: ''നമ്മളാരും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ജനിച്ചവരല്ലപിന്നെയോ, ദൈവ സ്‌നേഹത്താല്‍ അവിടുത്തെ പ്രത്യേക പദ്ധതിയനുസരിച്ച് ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. നമ്മള്‍ത്തന്നെ ഇവിടെവേണമെന്നാഗ്രഹിച്ച് ദൈവസ്‌നേഹപദ്ധതിയാല്‍ പ്രത്യേകം രൂപപ്പെട്ടവരുമാണ്. നാമോരോരുത്തരും ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. നാമോരോരുത്തരും ദൈവം തിരുമനസ്സായതാണ്, നാമോരോരുത്തരുംദൈവത്താല്‍ സ്‌നേഹിക്കപ്പെട്ടവരാണ്, നാമോരോരുത്തരും ഒരു ആവശ്യമാണ്.'' തിരുവചനം പഠിപ്പിക്കുന്നു: ''കര്‍ത്താവ് ഓരോന്നിനെയും നിശ്ചിതലക്ഷ്യത്തോടെ സൃഷ്ടിച്ചു'' (സുഭാഷിതങ്ങള്‍ 16:4). അതായത്, കര്‍ത്താവിന് ഒരാളെക്കൊണ്ട് ഒരു ഉദ്ദേശ്യമുണ്ട് എന്നുതന്നെയാണ്. പലരും മനസ്സിലാക്കാന്‍ വൈകുന്ന ഒരു സത്യമുണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന് ഓരോരുത്തരെയുംകുറിച്ച് ഒരു വലിയ പദ്ധതിയുണ്ട് എന്നുള്ളതാണ്. ജെറെമിയായുടെ പ്രവചനത്തില്‍ ദൈവം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് ഈ പരമമായ സത്യം. ''കര്‍ത്താവ് അരുള്‍ ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറെ. 29:11).
കുട്ടികളും യുവജനങ്ങളും പഠിക്കേണ്ടത് ജയിക്കാന്‍വേണ്ടി മാത്രമായിരിക്കരുത്; മറിച്ച്, ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളില്‍ തട്ടി തോല്‍വിയിലേക്കു വീഴുന്ന നിമിഷങ്ങളില്‍ തകരാതിരിക്കാനാണ്. എല്ലാവര്‍ക്കും ഒരേപോലെ ജയിക്കാനും ഒന്നാമതെത്താനും ഒരിക്കലും കഴിയില്ലല്ലോ. ''മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?(1 കോറി. 9:24). എല്ലാവരും നന്നായി ഓടണം. വചനം പറയുന്നതുപോലെ,
''...ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍'' (1 കോറി. 9:24 യ). പക്ഷേ, ആ ഓട്ടത്തില്‍ എങ്ങാനും തോറ്റുപോയാലും അത് ഒരു അവസാനമല്ല എന്നുള്ള ബോധം നമുക്കുണ്ടായിരിക്കണം.
ദൈവം തന്നതെല്ലാം നല്ലതാണ്. ഓരോരുത്തരുടെയും നിറവും കഴിവും കുടുംബവും മാതാപിതാക്കളും സഹോദരീസഹോദരന്മാരുമെല്ലാം അവര്‍ തിരഞ്ഞെടുത്തതല്ല; ദൈവം തന്നതാണ്. അതിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഒരാള്‍ പക്വതയിലേക്കു വളരുന്നത്. പിശാച് ചതിയനാണ്. അവന്‍ ഒരാളെ ക്രിസ്തു വാഗ്ദാനം ചെയ്തിരിക്കുന്ന പ്രത്യാശയിലേക്കു നയിക്കില്ല; മറിച്ച്, ലഭിച്ച നന്മകളില്‍ സംതൃപ്തി കൊടുക്കാതെ നിരാശയിലേക്കും അപകര്‍ഷതാബോധത്തിലേക്കും നയിക്കും. ദൈവവുമായുള്ള ഐക്യത്തില്‍ ജീവിക്കാന്‍ ഓരോ നിമിഷവും പരിശ്രമിക്കണം. പള്ളിയില്‍ വരുമ്പോള്‍മാത്രം ദൈവത്തിലേക്കു ദൃഷ്ടിയുയര്‍ത്തുന്ന പ്രാര്‍ഥനാശൈലി നാം ഇനി മാറ്റണം. ദൈവത്തെ അടുത്തറിയണം. ആ ദൈവത്തോടുള്ള വിശ്വസ്തതയില്‍ ജീവിക്കാന്‍ കഴിയണം. ആ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിക്കണം. ആ ദൈവത്തോട് നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം പങ്കുവയ്ക്കാന്‍ കഴിയണം. ഡിഗ്രി സമ്പാദിച്ചതുകൊണ്ട് ഒരാള്‍ക്ക് അറിവുണ്ടാകില്ല. ദൈവത്തെ അറിയാന്‍ ഒരാള്‍ക്കു കഴിയണം. തിരുവചനം പറയുന്നു: ''ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്'' (സുഭാ. 9:10).
നമുക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കളെ നാം ബഹുമാനിക്കണം. അവരോടു സ്‌നേഹം ഉണ്ടായിരിക്കണം. അവരുടെ കഷ്ടപ്പാടുകള്‍ നമ്മുടെ ഹൃദയത്തില്‍ കടപ്പാടായി എന്നും ഉണ്ടാകണം. എന്റെ അപ്പന്റെ ശിരസ്സ് ഞാന്‍മൂലം താഴാന്‍ ഇടകൊടുക്കരുത്. എന്റെ അമ്മയുടെ കണ്ണ് ഞാന്‍മൂലം നിറയാന്‍ അനുവദിക്കരുത്. നമുക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കള്‍ നമ്മുടെ തെറ്റായ തീരുമാനംമൂലം തോല്‍ക്കാനിടയായാല്‍ അത് ദൈവസന്നിധിയില്‍ മാരകമായ പാപമാണ്.
നമുക്കു നമ്മുടെയോ മറ്റൊരാളുടെയോ ജീവന്‍ നശിപ്പിക്കാന്‍ അധികാരമില്ല. ജീവന്റെ ഉടയവന്‍ ദൈവംമാത്രമാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ''തനിക്കു ജീവന്‍ നല്‍കിയ ദൈവത്തോട് ഓരോരുത്തനും ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്ത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണു നാം, ജീവന്റെ ഉടമസ്ഥരല്ല (നമ്പര്‍ 2280).
ദൈവം തന്ന ജീവനെ നശിപ്പിക്കാന്‍ ഒരു കാരണവശാലും നാം ശ്രമിക്കരുത്. ആത്മഹത്യ മാരകമായ പാപമാണ്. കാരണം, ജീവന്‍ അമൂല്യമായ ദൈവത്തിന്റെ ദാനമാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ''തന്റെ ജീവന്‍ സംരക്ഷിക്കുന്നതിനും തുടരുന്നതിനുമുള്ള മനുഷ്യന്റെ സ്വാഭാവികപ്രവണതയ്‌ക്കെതിരാണ് ആത്മഹത്യ. ന്യായമായ സ്വയംസ്‌നേഹത്തിനു തികച്ചും വിരുദ്ധമാണത്. അതുപോലെതന്നെ, അത് അയല്‍ക്കാരനോടുള്ള സ്‌നേഹത്തെ വ്രണപ്പെടുത്തുന്നു. കാരണം, നമുക്ക് തുടര്‍ന്നും കടപ്പാടുകളുള്ള കുടുംബം, രാഷ്ട്രം, അപരമനുഷ്യസമൂഹങ്ങള്‍ എന്നിവയോടുള്ള ദൃഢൈക്യത്തിന്റെ ബന്ധങ്ങളെ അത് അന്യായമായി വിച്ഛേദിക്കുന്നു. ജീവിക്കുന്ന ദൈവത്തോടുള്ള സ്‌നേഹത്തിനും എതിരാണ് ആത്മഹത്യ'' (നമ്പര്‍ 2281).
പ്രിയമുള്ളവരേ, പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാകും. ആര്‍ക്കും എന്നെ മനസ്സിലാകുന്നില്ല, ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ് എന്നുവരെ ചിലപ്പോള്‍ തോന്നിയേക്കാം. മനസ്സ് ദുര്‍ബലമാകുമ്പോള്‍ ദൈവത്തിലേക്ക് ഒന്നു നോക്കാന്‍ നമുക്കു സാധിക്കണം. ആ ഒരു നോട്ടത്തില്‍ അവനു നമ്മോടുള്ള സ്‌നേഹം തിരിച്ചറിയാന്‍ കഴിയും. തെറ്റായ ചിന്തകള്‍ മനസ്സിലേക്കു കടന്നുവരുമ്പോള്‍ നമ്മെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന, നമ്മുടെ നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ മുമ്പില്‍ നമ്മുടെ മനസ്സിന്റെ വേദനയും ഭാരവും ഒന്ന്ഇറക്കിവയ്ക്കാന്‍ കഴിഞ്ഞാല്‍ പിശാച് ഒരുക്കുന്ന വലിയ തിന്മകള്‍ ജീവിതത്തില്‍നിന്ന് ഒഴിവാകും. നമ്മുടെ സമൂഹത്തില്‍നിന്ന് ഒരു ജീവനും ഇനി അണയാന്‍ പാടില്ല. ബനഡിക്ട് പാപ്പാ യുവജനങ്ങളോടു പറഞ്ഞതുപോലെ, ''പ്രിയ സുഹൃത്തുക്കളേ, ഒരു കഷ്ടപ്പാടും നമ്മെ തളര്‍ത്താന്‍ പാടില്ല. നമ്മുടെ ബലഹീനതകളെയോ ഭാവിയെപ്പറ്റിയുള്ള ആശങ്കകളെയോ ഈ ലോകത്തെയോ നമ്മള്‍ ഭയപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ ഭാഗമായി നിങ്ങള്‍ ഇന്ന് ജീവനോടെ ഇരിക്കുന്നുവെങ്കില്‍ അതിനു കാരണം നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസവും അതുവഴി ദൈവനാമം ലോകം മുഴുവനും പ്രതിധ്വനിക്കുന്നതിനുമാണ്.''
കവര്‍സ്റ്റോറി
ജയിക്കാനോ തോല്‍ക്കാനോ അല്ല ജീവിതം ജീവിക്കാനുള്ളതാണ്
