അരുവിത്തുറ: കനത്ത മഴയിലും ആവേശം ചോരാതെ അരുവിത്തുറപ്പട്ടണത്തെ പുളകംകൊള്ളിച്ചുകൊണ്ടു നടന്ന കത്തോലിക്കാകോണ്‍ഗ്രസ് റാലിയും പൊതുസമ്മേളനവും, സഭയുടെയും സമുദായത്തിന്റെയും കെട്ടുറപ്പാര്‍ന്ന ബന്ധത്തിന്റെ സമുജ്ജ്വലസാക്ഷ്യമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് എ.കെ.സി.സി. പ്രവര്‍ത്തകര്‍ റാലിയിലും തുടര്‍ന്ന് അരുവിത്തുറ പള്ളിയങ്കണത്തില്‍ നടന്ന സമ്മേളനത്തിലും പങ്കെടുത്തു. പതാകകളേന്തി മുദ്രാവാക്യം വിളിച്ച് അവര്‍ സമ്മേളനവേദിയിലേക്ക് ഒഴുകിയെത്തി. വന്യമൃഗ അതിക്രമങ്ങള്‍ വിവരിക്കുന്ന ഫ്‌ളോട്ടും റാലിക്ക് അകമ്പടിയായിരുന്നു.
സെന്റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്നാരംഭിച്ച റാലി പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്കാകോണ്‍ഗ്രസ് പതാകയുമേന്തി ഗ്ലോബല്‍ ഭാരവാഹികള്‍ ഏറ്റവും മുന്‍നിരയില്‍ അണിനിരന്നു. തുടര്‍ന്ന്, രൂപതയിലെ വിവിധ ഇടവകകള്‍ പ്രത്യേക ബാനറുകള്‍ക്കു കീഴില്‍ അണിചേര്‍ന്നു.
സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അരുവിത്തുറ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, സെക്രട്ടറി ജോസ് വട്ടുകുളം, ഗ്ലോബല്‍ ഭാരവാഹികള്‍, രൂപതാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്‍കി.