ദൈവം സീനായ്മലയില്‍വച്ച് ഉടമ്പടി സ്ഥാപിച്ചതിന്റെ ഓര്‍മയ്ക്കായി യഹൂദജനം ആഘോഷിച്ചിരുന്ന തിരുനാളായിരുന്നു ആദിമപന്തക്കുസ്ത. യഹൂദരുടെ പന്തക്കുസ്താദിനാചരണത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള യഹൂദരെല്ലാം ജെറുസലേമില്‍ ഒത്തുകൂടിയിരുന്നു. യേശുവിന്റെ ഉത്ഥാനത്തോടനുബന്ധിച്ചുള്ള അമ്പതാമത്തെ ദിവസമായിരുന്നു അന്ന്. പന്തക്കുസ്ത എന്ന ഗ്രീക്കുവാക്കിന്റെ അര്‍ഥം അമ്പത് എന്നാണ്.
യേശു ഉത്ഥാനത്തിനുശേഷം നാല്പതുദിവസം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് വേണ്ടത്ര തെളിവുകള്‍ നല്‍കി ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു കല്പിച്ചു; നിങ്ങള്‍ ജെറുസലേം വിട്ടുപോകരുത്. എന്നില്‍നിന്നു കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. യേശു പറഞ്ഞതനുസരിച്ച് പരിശുദ്ധമറിയത്തോടൊപ്പം ശിഷ്യന്മാര്‍ പ്രാര്‍ഥനയില്‍ പരിശുദ്ധാത്മാവിനെ കാത്തിരുന്നു. അവര്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊടുങ്കാറ്റ് അടിക്കുന്നതുപോലുള്ള ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ താമസിച്ചിരുന്ന വീടു മുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ ഓരോരുത്തരുടെയുംമേല്‍ വന്നുനില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവാല്‍ നിറഞ്ഞു.
യഹൂദരുടെ പന്തക്കുസ്താദിനാചരണത്തോടനുബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജെറുസലേമില്‍ വന്ന ഭക്തരായ യഹൂദരെല്ലാം ഈ ആരവം കേട്ട് ശിഷ്യന്മാര്‍ താമസിച്ചിരുന്ന വീടിനു ചുറ്റും ഒരുമിച്ചുകൂടുകയുണ്ടായി. ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവില്‍ പൂരിതരായ ശിഷ്യന്മാര്‍, ഒത്തുകൂടിയ ജനസമൂഹത്തോട് അവരവരുടെ ഭാഷകളില്‍ സംസാരിച്ചു. മുക്കുവരും സാധാരണക്കാരുമായിരുന്ന ശിഷ്യന്മാരെല്ലാം പരിശുദ്ധാത്മാവിന്റെ വരവോടുകൂടി ആത്മാവിന്റെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, ആത്മശക്തി, ദൈവഭക്തി തുടങ്ങിയ വരങ്ങള്‍ സ്വായത്തമാക്കി. ഭയം അവരെ വിട്ടുമാറി. അവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി. വിവിധ ഭാഷകളില്‍ സംസാരിച്ചു. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ശിഷ്യന്മാര്‍ ശക്തിയോടെ പത്രോസിന്റെ നേതൃത്വത്തില്‍ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനാല്‍ രൂപാന്തരപ്പെടുകയും ശക്തീകരിക്കപ്പെടുകയും ചെയ്തു. ആദ്യദിവസംതന്നെ പത്രോസിന്റെ വാക്കുകള്‍ ശ്രവിച്ച മൂവായിരത്തോളം ആളുകള്‍ ഈശോയെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ചു. സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസമായിരുന്നു അത്. അങ്ങനെ പന്തക്കുസ്ത സഭയുടെ ജന്മദിനമായി മാറി.
യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ ക്ലൈമാക്‌സാണ് പന്തക്കുസ്താദിവസം സംഭവിച്ചത്. പരിശുദ്ധാത്മാവ് നയിക്കപ്പെടുന്ന ഒരു സമൂഹമായി സഭ രൂപംകൊണ്ടു. ഭീരുക്കളായിരുന്ന അപ്പസ്‌തോലന്മാരെ പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ധീരസാക്ഷികളാക്കി. ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ പൂര്‍ണമായും ശിഷ്യന്മാര്‍ക്കു മനസ്സിലാകുന്നത് റൂഹായുടെ ആവാസത്തിലാണ്. കര്‍ത്താവ് അനനിയാസ് വഴി പൗലോസ് എന്ന സാവൂളില്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചതും ആത്മാവ് സാവൂളില്‍ വരുത്തിയ മാറ്റവും പരിശുദ്ധാത്മാവിന്റെ ശക്തി വിളിച്ചോതുന്നതാണ്. 'ഈശോ കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്ന്' പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
ദൈവം നമുക്കു നല്‍കിയ ശ്രേഷ്ഠദാനമാണ് അവിടുത്തെ പരിശുദ്ധാത്മാവ്. നമ്മുടെ ബലഹീനതയില്‍ നമ്മളെ സഹായിക്കുന്ന ദൈവമാണ് അവിടുന്ന്. എന്നേക്കും നമ്മോടുകൂടെയായിരിക്കുന്ന ദൈവം. നമ്മുടെ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശത്തിലും സഹായിക്കാന്‍ അവിടുന്ന് അതീവശ്രദ്ധാലുവാണ്. ആരുടെയും ജീവിതത്തിലേക്കു പരിശുദ്ധാത്മാവ് സ്വമേധയാ കടന്നുവരികയില്ല, അവനെ ക്ഷണിക്കുന്ന പക്ഷം നമ്മളെ സഹായിക്കാന്‍ അവന്‍ വരും. പരിശുദ്ധാത്മാവിന്റെ സഹായം സ്വീകരിച്ച് അഭിവൃദ്ധി പ്രാപിച്ച നിരവധിയാളുകള്‍ നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. നിങ്ങള്‍ ക്ഷണിച്ചാല്‍ എല്ലാ കാര്യത്തിലും അവിടുന്ന് നമ്മെ സഹായിക്കും.
വിശുദ്ധ പൗലോസ് 1 കോറി. 3:16 ലൂടെ ചോദിക്കുന്നു: ''നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?'' നശ്വരമായ നമ്മുടെ ശരീരത്തെ അനശ്വരമാക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നാം എത്രയധികം വിലമതിക്കണം! നമ്മുടെ ഉള്ളിലെ പരിശുദ്ധാത്മാവിനെ നാം ആരാധിക്കണം, അവിടുത്തോടു സംസാരിക്കണം, നിരന്തരസാമീപ്യം അനുഭവിക്കണം. നമ്മുടെ ഉള്ളിലെ പരിശുദ്ധാത്മാവുമായി വ്യക്തിബന്ധം നാം സ്ഥാപിക്കണം. നമ്മുടെ ശരീരത്തില്‍ പരിശുദ്ധാത്മാവായ ദൈവത്തെ വാഴ്ത്തി സ്തുതിക്കണം. നമ്മുടെ ശരീരം വിശുദ്ധിയോടെ കാത്തുസൂക്ഷിക്കണം.
റോമാക്കാര്‍ക്ക് എഴുതിയ ലേഖനം 12:1 ല്‍ വിശുദ്ധ പൗലോസ് പറയുന്നു: ''ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന.'' നമ്മുടെ പ്രവൃത്തികളും ചിന്തയും അശുദ്ധമാണെങ്കില്‍ ദൈവത്തിന്റെ ആത്മാവ് നമ്മുടെ ശരീരത്തില്‍നിന്ന് അകന്നുപോകും. നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിന് നമ്മെ ത്തന്നെ സമര്‍പ്പിച്ചുകൊടുക്കണം.
ആത്മാവില്‍ നിറഞ്ഞ പൗലോസ് നമ്മോടു പറയുന്നു: ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിനെതിരാണ്. ആത്മാവിന്റെ ഫലങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതുനിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നമുക്കു സാധിക്കാതെ വരുന്നു. അതിനാല്‍, ഈ ലോകത്തില്‍ ദൈവം നമുക്ക് അനുവദിച്ചിരിക്കുന്ന കൊച്ചുജീവിതം ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കാം. നമ്മുടെ മനസ്സിനെ നവീകരണംവഴി രൂപാന്തരപ്പെടുത്താം. തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ, ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ നമുക്കു മഹത്ത്വപ്പെടുത്താം.