•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

'കേരളത്തില്‍ നിന്നിട്ട് എന്തു കിട്ടാനാ?'

ടുത്തകാലത്ത് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയും അവിടെ താമസിക്കുകയും ചെയ്തപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഇരുപതുവര്‍ഷംമുമ്പുള്ള തമിഴ്‌നാടേ അല്ല. ഈ മാറ്റം കെട്ടിടങ്ങളുടെയും റോഡുകളുടെയും വികസനംമാത്രമല്ല; മറിച്ച്, അവിടുത്തെ സാധാരണക്കാരുടെയുള്‍പ്പെടെ ജീവിതത്തിലുണ്ടായ വലിയ പോസിറ്റീവായ മാറ്റമാണ്. ജനങ്ങളുടെ ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലും സമ്പത്തിലും വലിയ ഉയര്‍ച്ച കാണാന്‍ കഴിഞ്ഞു. ഈ മാറ്റത്തിന് അടിത്തറയിട്ടത് അവിടെയുള്ള സര്‍ക്കാരാണ്. വിദ്യാഭ്യാസരംഗത്തു ഗുണമേന്മയ്ക്കു പ്രാധാന്യം നല്‍കുന്നതിനൊപ്പം വ്യവസായസൗഹൃദാന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു. അതോടെ ധാരാളം രാജ്യാന്തര ഐടി, ഓട്ടോമൊബൈല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ തമിഴ്‌നാട്ടില്‍ ചുവടുറപ്പിച്ചു. ആ കമ്പനികളില്‍ തദ്ദേശീയരായ അനേകായിരങ്ങള്‍ക്കു തൊഴില്‍ ലഭിച്ചു. അവരാരും തൊഴില്‍ തരുന്ന സ്ഥാപനങ്ങള്‍ സമരം നടത്തി അടച്ചുപൂട്ടാന്‍ ശ്രമിച്ചില്ല. ഒപ്പം, വ്യവസായസ്ഥാപനങ്ങളില്‍നിന്നു കോടിക്കണക്കിനു രൂപ നികുതിയായി സര്‍ക്കാരിനു ലഭിച്ചപ്പോള്‍, അതു വിവിധ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. സ്ഥലമില്ലാത്തവര്‍ക്കു സൗജന്യസ്ഥലം, വിവാഹ-വിദ്യാഭ്യാസധനസഹായം, ഒരു രൂപയ്ക്ക് അരിയുള്‍പ്പെടെ ജനങ്ങളിലേക്കു നേരിട്ടെത്തി. അതോടെ, ദരിദ്രരായിരുന്ന വലിയൊരു വിഭാഗം തമിഴ്ജനത വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലെത്തി.
അടുത്തകാലത്ത്, തമിഴ്‌നാട് ഐടി മിനിസ്റ്റര്‍ ഡോ. പളനിവേല്‍ ത്യാഗരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും കാണാന്‍ കഴിഞ്ഞത് രാഷ്ട്രീയത്തിനും 'ഏതു പദ്ധതിയിലും എനിക്കെന്തു കിട്ടും' എന്ന സ്വാര്‍ഥചിന്താഗതിക്കും അപ്പുറമുള്ള ദേശതാത്പര്യമാണ്. മുപ്പതുവര്‍ഷംമുമ്പ് അമേരിക്കയിലെ പ്രശസ്തമായ മസാച്യുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കുകയും എന്‍ജിനീയറിങ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടുകയും ചെയ്തിട്ടുള്ള ഡോ. പളനിവേല്‍ മുന്‍ ധനകാര്യമന്ത്രികൂടിയാണ്. ഓരോ മേഖലയിലും വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ളവര്‍ മന്ത്രിസ്ഥാനങ്ങളിലേക്കു വരുമ്പോള്‍ അവിടെ മികച്ച ഭരണം ലഭിക്കുന്നു.
ഈയൊരു സാഹചര്യത്തില്‍ കേരളത്തിന്റെ സമകാലികചിത്രം പരിശോധിക്കുക. വലിയൊരു ശതമാനം യുവജനങ്ങള്‍ കേരളം വിടാന്‍ താത്പര്യം കാണിക്കുന്നു. ''കേരളത്തില്‍ നിന്നിട്ട് എന്തു കിട്ടാനാ?'' പലരും ചോദിക്കുന്നു.
കഷ്ടപ്പെട്ടു പഠിച്ച് മത്സരപ്പരീക്ഷ എഴുതിയശേഷം റിസല്‍ട്ടു വരുമ്പോള്‍ വിവിധ സംവരണങ്ങളുടെ പേരില്‍ പിന്നിലായിരിക്കുന്ന പലരും മുമ്പിലെത്തുന്നു.റാങ്കുലിസ്റ്റില്‍വരെ പേരു വന്നിട്ട് ഒടുവില്‍ അതു കാലഹരണപ്പെടുമ്പോള്‍ ഒന്നും ചെയ്യാനാവാതെ നോക്കിനില്‍ക്കേണ്ട അവസ്ഥ - മറ്റു ചിലര്‍ പറയുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി, രാഷ്ട്രീയക്കാര്‍ക്കു താത്പര്യമുള്ളവരെ താത്കാലികമായി നിയമിച്ച് പിന്നീടവരെ സ്ഥിരപ്പെടുത്തുന്നതും മറ്റൊരു കാഴ്ച.പലചരക്കുമുതല്‍ ഇലക്‌ട്രോണിക് കടകള്‍വരെ കുത്തകഭീമന്മാരുടെയും ഓണ്‍ലൈന്‍വ്യാപാരത്തിന്റെയും നിയന്ത്രണത്തിലായപ്പോള്‍ ബിസിനസിലും പച്ച പിടിക്കാന്‍ കഴിയാതെ നീര്‍ക്കയത്തില്‍ മുങ്ങുന്നു ഒരു വിഭാഗം യുവജനങ്ങള്‍.
കനത്ത ചൂട് കാര്‍ഷികോത്പാദനം കുറയുന്നതിനു കാരണമാകുന്നതിനൊപ്പം വിലത്തകര്‍ച്ചയും കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു.
ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പഠിച്ച കോഴ്‌സിനെക്കാള്‍ താഴ്ന്ന ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ. 35 വയസ്സു കഴിഞ്ഞിട്ടും വിവാഹം നടക്കാത്തതിന്റെ വേദന. വിദേശത്തു പഠിക്കാന്‍ പോയശേഷം കൂട്ടുകാരുടെ സ്വാധീനത്തില്‍ കുറേശ്ശെയായി ഉപയോഗിച്ച് ലഹരിമരുന്നിനടിമയായ കഥകള്‍... ലക്ഷങ്ങള്‍ വിദ്യാഭ്യാസവായ്പയെടുത്തു വിദേശത്തു പഠിച്ചശേഷം ജോലി ലഭിക്കാതെ നാട്ടിലേക്കു മടങ്ങിയശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ക്ലേശിക്കുന്നവര്‍... പ്രണയം നടിച്ചുള്ള കെണികളില്‍ വീണവര്‍, രസത്തിന് ഓജോ ബോര്‍ഡും മറ്റുമുപയോഗിച്ച് ഒടുവില്‍ സാത്താന്‍സേവക്കാരുടെ നീരാളിപ്പിടിത്തത്തില്‍ കഴിയുന്നവര്‍...
കേരളത്തിലെ ക്രൈസ്തവയുവതയുടെ പ്രശ്‌നങ്ങളിലേക്കു കണ്ണോടിക്കുമ്പോള്‍ തെളിയുന്ന അനുഭവങ്ങളാണിവയെല്ലാം. ധ്യാനകേന്ദ്രങ്ങളില്‍ 70 ശതമാനത്തിലധികം 35 വയസ്സില്‍ താഴെയുള്ളവര്‍ നിറയുമ്പോള്‍ അവരില്‍ നല്ലൊരു ശതമാനം അസംതൃപ്തിയും നിരാശയും പുകയുന്നവരാണെന്നുള്ളതാണു യാഥാര്‍ഥ്യം.
നിരാശ സാത്താന്റെ കെണിയാണ്. ദൈവത്തിന് ഇനി നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന തോന്നലിലേക്കു മനസ്സിനെ എത്തിക്കുന്നതാണ് നിരാശ. ഇവിടെ നിരാശയല്ല വേണ്ടത്; മറിച്ച്, പ്രതികൂലസാഹചര്യങ്ങളിലും അതിനെ നേരിട്ടു മറികടക്കാനുള്ള മനസ്സാണ്. എന്റെ ദൈവം എന്നോടുകൂടി, എന്നെ വഴിനടത്താനുള്ളപ്പോള്‍ ഞാനെന്തിനു ഭയപ്പെടണം എന്നു ചിന്തിക്കുക. ''നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു'' (റോമ. 8:18).
''കര്‍ത്താവിനെ ഭയപ്പെടുന്നവന് അനര്‍ഥം സംഭവിക്കുകയില്ല, ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും'' (പ്രഭാഷകന്‍ 33:1).
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു. (റോമ. 8:28)
നമ്മുടെ ഏതവസ്ഥയിലും ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുക. തീര്‍ച്ചയായും അവിടുന്ന് ജീവിതത്തില്‍ ഇടപെടും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)