1. ഒരാളുടെ പ്രതിദിനവരുമാനം നാലു കോടി രൂപ എന്നു കേട്ടാല്‍ ആര്‍ക്കാണു തല പെരുക്കാത്തത്? അയാള്‍ പതിമ്മൂന്നു വയസ്സിനു ശേഷം സ്‌കൂളില്‍ പോയിട്ടേയില്ല എന്നുകൂടി കേട്ടാലോ? ''പൊളി പറയാതെടോ'' എന്നായിരിക്കും പ്രതികരണം. എന്നാലത് പൊളിയല്ല. നന്‍പകല്‍പോലെ തിളക്കമാര്‍ന്ന സത്യമാണ്. കക്ഷിയെ നിങ്ങള്‍ക്കറിയാം, ലയണല്‍ മെസ്സി. ഒരു വര്‍ഷം അങ്ങേരുടെ കീശയില്‍ വീഴുന്നത് 65 മില്യണ്‍ ഡോളറാണ്. 2023 ല്‍ അദ്ദേഹത്തിന്റെ വരുമാനം 4960 കോടി രൂപയായിരുന്നുവെന്ന് ഫോര്‍ബ്‌സ് മാസിക വെളിപ്പെടുത്തുന്നു.
ഹോര്‍മോണ്‍ അപര്യാപ്തതമൂലം വളര്‍ച്ച മുരടിക്കുന്നു എന്ന കാരണത്താല്‍ പതിനൊന്നാം വയസ്സില്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍നിന്നു പുറത്താക്കപ്പെട്ട മെസ്സി ലോകഫുട്‌ബോളര്‍ കിരീടം നേടിയത് ഏഴുവട്ടമാണെന്നോര്‍ക്കുക.
2. എന്നാല്‍, നാലാം ക്ലാസിനപ്പുറം സ്‌കൂളില്‍ പോയിട്ടില്ലാത്ത മറ്റൊരു കക്ഷി മെസ്സിയെയും കടത്തി വെട്ടി 2023 ല്‍. ഓരോ മണിക്കൂറിലും അദ്ദേഹത്തിന്റെ കൈയില്‍ വരുന്നത് പതിനേഴുലക്ഷത്തി അറുപതിനായിരം രൂപയാണ് (17,60,000). അതാരാണെന്നോ? ക്രിസ്ത്യാനോ റൊണാള്‍ഡോ. വര്‍ഷത്തില്‍ 5000 കോടിക്കു മുകളില്‍ വരുമാനം.
3. കുട്ടിക്കാലത്തെ ഗ്രാമര്‍ പഠനത്തിനുശേഷം സ്‌കൂള്‍ കാണാത്ത ഒരാളാണ് ഇംഗ്ലീഷ്‌സാഹിത്യത്തിന്റെ കുലപതി എന്നുപറയാം. അദ്ദേഹത്തിന്റെ പേരും കൃതികളുമില്ലാത്തൊരു ഇംഗ്ലീഷ് സാഹിത്യപഠനമോ ചരിത്രമോ ഇല്ല. സാക്ഷാല്‍ വില്യം ഷേക്‌സ്പിയര്‍. അമ്പത്തിരണ്ടു വയസ്സിനിടെ വിശ്വവിഖ്യാതമായ 38 നാടകങ്ങളും അനേകം ക്ലാസിക് കവിതകളുമെഴുതിയ ഷേക്‌സ്പിയറിനു കാര്യമായ ഔപചാരികവിദ്യാഭ്യാസം ഇല്ലായിരുന്നു എന്നു വിശ്വസിക്കാന്‍ അത്ര എളുപ്പമല്ല.
4. ടോം സോയറിനെയും ഹക്കിള്‍ ബെറി ഫിന്നിനെയുംപോലുള്ള അവിസ്മരണീയകഥാപാത്രങ്ങളെ സാഹിത്യലോകത്തിനു സമ്മാനിച്ച, അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവെന്നു വില്യം ഫോക്‌നെര്‍ വിശേഷിപ്പിച്ച മാര്‍ക്ക് ട്വയിന്‍, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ പഠനം ഉപേക്ഷിച്ചു. പിന്നെ, അച്ചടിശാലയിലെ കൂലിക്കാരനായും ബോട്ട് ഡ്രൈവറായും ജോലിയെടുത്തു. പിന്നീട്, വ്യവസായിയും പ്രസാധകനും വിഖ്യാതനര്‍മസാഹിത്യകാരനുമായി ട്വയിന്‍.
5. ലോകത്തിലെ ഗണിതശാസ്ത്രപ്രതിഭകളില്‍ ആദ്യനിരയിലുള്ള, ഇന്ത്യയിലെ ഗണിതശസ്ത്ര ചക്രവര്‍ത്തിയെന്നറിയപ്പെടുന്ന ശ്രീനിവാസരാമാനുജന് ഒരു ബി എ ഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഗണിതശാസ്ത്രത്തില്‍ ഔപചാരികവിദ്യാഭ്യാസം ഒട്ടുമേയില്ലായിരുന്നു.
വെറും മുപ്പത്തിരണ്ടുവയസ്സിനിടെ അദ്ദേഹം ലോകത്തിനു സമ്മാനിച്ചത് ാമവേലാമശേരമഹ മിമഹ്യശെ,െ ിൗായലൃ വേലീൃ്യ, ശിളശിശലേ ലെൃശല െമിറ രീിശേിൗലറ ളൃമരശേീി,െ ശിരഹൗറശിഴ ീെഹൗശേീി െീേ ാമവേലാമശേരമഹ ുൃീയഹലാ െവേലി രീിശെറലൃലറ ൗിീെഹ്‌മയഹല തുടങ്ങിയ സമാനതകളില്ലാത്ത ഗണിതശാസ്ത്രതത്ത്വങ്ങളാണ്.
6. ദാരിദ്ര്യംമൂലം കുട്ടിക്കാലത്തുതന്നെ സ്‌കൂള്‍ പഠനം നിര്‍ത്തേണ്ടിവന്ന ഒരു പയ്യന്‍ സ്വയം പഠിച്ചുയര്‍ന്ന് വക്കീലും അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പ്രസിഡന്റുമായി. ഇംഗ്ലീഷ്ഭാഷയുടെ കാച്ചിക്കുറുക്കിയ പ്രയോഗങ്ങളുടെ പെരുന്തച്ചനായി വളര്‍ന്നു. മാറ്റാരുമല്ല, എബ്രഹാം ലിങ്കണ്‍.
7. 'ഇവനെ പഠിപ്പിച്ചിട്ടു വലിയ കാര്യമില്ല, ഇവന്റെ കോമളത്തംകൊണ്ടു ഭാവിയില്‍ എന്തെങ്കിലും ഉപകാരമുണ്ടായേക്കാം' എന്നു കുറിപ്പെഴുതി ഒരു ടീച്ചര്‍ മൂന്നാം ക്ലാസിലെ ഒരു കുട്ടിയുടെ അമ്മയെ ഏല്പിച്ചു. പിന്നെ അവനെ പഠിപ്പിച്ചത് അമ്മയായിരുന്നു. ഭാവിയില്‍ അവന്‍ നേട്ടങ്ങള്‍ കൊയ്തതും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയതും 'കോമളത്തം' കൊണ്ടായിരുന്നില്ല; മറിച്ച്, ഇച്ഛാശക്തികൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടുമായിരുന്നു. 1200 കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ് സ്വന്തമാക്കിയ തോമസ് ആല്‍വ എഡിസണ്‍.
8. നാലു വയസ്സുവരെ ഒന്നുംതന്നെ സംസാരിക്കാന്‍ പറ്റാതിരുന്ന ഒരു കുട്ടിയുണ്ട്. അവന്‍ സ്‌കൂളില്‍ ചെന്നപ്പോഴാകട്ടെ ടീച്ചര്‍മാര്‍ അവനെ മണ്ടനെന്നു വിളിച്ചു. കുറച്ചു വളര്‍ന്നപ്പോള്‍, താന്‍ എന്താണെന്ന് അവന്‍ ലോകത്തിനു കാണിച്ചുകൊടുത്തു. ലോകം കണ്ട ഏറ്റവും വലിയ ധിഷണാശാലിയും ശാസ്ത്രപ്രതിഭയുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
9. ഒറ്റമുറിക്ലാസിലെ എട്ടു വര്‍ഷത്തെ പഠനത്തിനുശേഷം ഹൈസ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്ത ഒരു വ്യക്തി മോട്ടോര്‍ വാഹനവ്യവസായലോകത്തിന്റെ നെറുകയില്‍ സ്ഥാനംപിടിച്ചത് അസാമാന്യമായ നിശ്ചയദാര്‍ഢ്യംകൊണ്ടും കഠിനാധ്വാനം കൊണ്ടുമായിരുന്നു. കാര്‍നിര്‍മാണരംഗത്ത് 'അസംബ്ലി ലൈന്‍' എന്ന പദ്ധതി ആവിഷ്‌കരിച്ച ഹെന്റി ഫോര്‍ഡിന്റെ കാര്യമാണു പറഞ്ഞത്.
10. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു പഠനം പാതിവഴി ഉപേക്ഷിച്ചു പുറത്തിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ലോകത്തിലെ സമ്പന്നന്മാരുടെ ചക്രവര്‍ത്തിയായത് കരസ്ഥമാക്കിയ ഡിഗ്രികളുടെ ബലത്തിലല്ല; മറിച്ച്, ദീര്‍ഘവീക്ഷണവും കിടയറ്റ ഭാവനയും നിരന്തരാധ്വാനവുംകൊണ്ടായിരുന്നു. ആരാണെന്നു പറയേണ്ടല്ലോ. അതേ, ബില്‍ ഗേറ്റ്‌സ് തന്നെ. നൂറു ഡോളറിന്റെ നോട്ടുകള്‍ മുകളിലേക്ക് അടുക്കിവച്ചാല്‍ കുറഞ്ഞത് പത്തു കിലോമീറ്റര്‍ ഉയരമുണ്ടാകും അദ്ദേഹത്തിന്റെ ആസ്തിക്ക് എന്നൊരു വിശേഷണമുണ്ട്.
11. പതിനഞ്ചാം വയസ്സില്‍ പഠനം ഉപേക്ഷിച്ചു കളിക്കളത്തിലിറങ്ങിയ ഒരു പയ്യന്‍ പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു; ഇന്ത്യയുടെ നായകനായി. ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 'എ പ്ലസ്' നേടിയ ആ ചെറുപ്പക്കാരന്‍ പിന്നെ നാല്പത്തിരണ്ടാം വയസ്സില്‍ ഭാരതരത്‌നമായി. പേരു പറയേണ്ട ആവശ്യമില്ല; സച്ചിന്‍ തെണ്ടുല്‍ക്കര്‍.
'എ പ്ലസ്' അല്ല, 'എ' യോ 'ബി' യോ 'സി' യോ പോലും നേടാത്തവര്‍ക്കും സ്‌കൂളില്‍ പോയിട്ടില്ലാത്തവര്‍ക്കുമുണ്ട് വിജയത്തിന്റെ വീരഗാഥകള്‍.
സ്വന്തം ജീവിതത്തില്‍മാത്രമല്ല ലോകചരിത്രത്തില്‍ത്തന്നെ എ പ്ലസ് വിശേഷണങ്ങളില്‍ ഒതുങ്ങാത്തവിധം ചിരപ്രതിഷ്ഠ നേടിയവര്‍. അങ്ങനെയുള്ള ഏതാനും പേരുകള്‍മാത്രമാണ് ഇവിടെ കുറിച്ചത്.
ഇവിടത്തെ എസ്എസ്എല്‍സിയിലെ 99.69 % വിജയവും, സ്‌കൂളുകളുടെ 100 ശതമാനം വിജയവും കുട്ടികളുടെ 'ഫുള്‍ എ പ്ലസ്' ആഘോഷങ്ങളും ഇത്രയധികം ആഘോഷമാക്കേണ്ടതില്ല.
മുഴുവന്‍ മാര്‍ക്ക് കിട്ടുന്നത് നല്ല കാര്യംതന്നെ. പക്ഷേ, പരീക്ഷക്കടലാസ്സില്‍ വീഴുന്ന മാര്‍ക്കുകള്‍ മഹാസംഭവമാണെന്ന മിഥ്യ കൊണ്ടുനടക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കേരളത്തിന്റെ നൂറു ശതമാനം സാക്ഷരതയെക്കുറിച്ച് അഭിമാനിക്കാന്‍ വലിയ വകയൊന്നുമില്ല. കാരണം, ഈ മാര്‍ക്കുകള്‍ എങ്ങനെ വരുന്നു എന്നത് എല്ലാവര്‍ക്കുമറിയാം. പേപ്പര്‍ വായിച്ചുപോലും നോക്കാതെ മാര്‍ക്കിടുന്ന സാറമ്മാരും സാറത്തികളുമുണ്ട് ഈ നാട്ടില്‍. പേപ്പര്‍ നിറയെ മാര്‍ക്കിട്ടു കൊടുക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുണ്ട്.
മാതൃഭാഷയായ മലയാളത്തിന് 95 മാര്‍ക്ക് വാങ്ങിച്ചവര്‍ക്ക് ഒരു കേട്ടെഴുത്ത് ഇട്ടുകൊടുത്താല്‍ കാണാം അവരുടെ മലയാളവിജ്ഞാനമെത്രയുണ്ടെന്ന്.
എ പ്ലസ് നേടിയവരുടേതായി ഓരോ ദിവസവും പത്രത്തില്‍ കാണാം നൂറു കണക്കിനു പടങ്ങള്‍. ആരു നോക്കാന്‍ ഈ പടങ്ങളൊക്കെ? ഇതിനെന്തു തിളക്കം?
ഞാന്‍ പത്താം ക്ലാസ് പാസായ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 56 ആയിരുന്നു. 600 ല്‍ 240 വേണമായിരുന്നു ജയിക്കാന്‍. പിന്നെയത് 210 എന്നാക്കി. അക്കാലത്ത് 60% മാര്‍ക്കുപോലും വലിയ നേട്ടമായിരുന്നു. കാരണം, അത് യഥാര്‍ഥ മാര്‍ക്കായിരുന്നു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ വിജയശതമാനം കൂടിക്കൂടിവന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 95% നും മുകളിലാണ്. എന്തിനാണിങ്ങനെ ഉന്തി മരം കേറ്റുന്നത്? ഉന്തി മരംകേറ്റിയാല്‍ നെഞ്ചുരയും, പിടിവിട്ടാല്‍ താഴെവീഴും.
മക്കളുടെയും സ്‌കൂളുകളുടെയും 'ഫുള്‍ എ പ്ലസ്' ആഘോഷമാക്കുന്നവര്‍ ഓര്‍ക്കുക, പൂക്കോട് കോളജില്‍ സിദ്ധാര്‍ഥ് എന്ന പാവം പയ്യനെ ഇഞ്ചിഞ്ചായി ചതച്ചുകൊന്നവന്മാരൊക്കെത്തന്നെ അതിനും മൂന്നു വര്‍ഷം മുമ്പത്തെ ഫുള്‍ എ പ്ലസ്‌കാരായിരുന്നു, കടലാസില്‍മാത്രം.
ഈ മാര്‍ക്കുകളൊന്നുമല്ല ജീവിതത്തിലെ ആത്യന്തികവിജയത്തിന്റെ അടിസ്ഥാനമെന്നും മാര്‍ക്കു കുറയുന്നതും തോല്‍ക്കുന്നതുമൊന്നും ഒരു കുറവേയല്ലെന്നും വേണം ആദ്യം പഠിപ്പിക്കാന്‍. തോല്‍വികളെ നേരിടാനും അവയില്‍നിന്നു കരുത്താര്‍ജിക്കാനും പഠിപ്പിക്കണം. മനുഷ്യത്വമെന്തെന്നു പഠിപ്പിക്കണം. ജയം ആഘോഷിക്കുന്നതിനേക്കാള്‍ വലുതാണ് തോല്‍വിയില്‍ തളരാതെ മുന്നോട്ടുള്ള കുതിപ്പ് എന്നു പഠിപ്പിക്കണം. ഒരിക്കലും നിങ്ങള്‍ തോറ്റിട്ടില്ലെങ്കില്‍ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണര്‍ഥം.
എ പ്ലസ് ഒന്നുപോലും കിട്ടാത്തവരേ, തോറ്റവരേ, നിങ്ങള്‍ക്കുമാകും ഈ ലോകത്തിന് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍. നിങ്ങള്‍ക്കുമുണ്ട് ഒത്തിരി നേടാന്‍.
തളരാതെ, തകരാതെ, മനമിടറാതെ മുന്നോട്ടു മുന്നോട്ടു നീങ്ങുക. നിങ്ങളുടെ വഴിയും വാതിലും താനേ തെളിഞ്ഞും തുറന്നും വരും. ആശംസകള്‍.