ലോകത്തെ ഞെട്ടിച്ച കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും മണിപ്പുരില്‍ തീയണഞ്ഞിട്ടില്ല. അക്രമങ്ങളുടെയും കൊടുംക്രൂരതകളുടെയും വിങ്ങുന്ന ഓര്‍മകള്‍ ജനമനസ്സുകളില്‍ നീറിപ്പുകയുകയാണ്. പന്ത്രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും പകയും വെറുപ്പും മാറാത്ത ജനതകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണു കൂടുതലും. സംസ്ഥാനത്തിന്റെ ഉള്ളിലെ കനലെരിയുകയാണ്. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ഭരണകൂടങ്ങള്‍ ദയനീയപരാജയമായി.
ലോകസഭാതിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടയിലും ബൂത്ത് ആക്രമണവും വോട്ടിങ്‌യന്ത്രങ്ങള്‍ നശിപ്പിക്കലും ബോംബേറും ഉണ്ടായി. ഇംഫാലില്‍നിന്ന് കാങ്‌പോക്പിവഴി നാഗാലാന്‍ഡിലെ ദിമാപുരിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പാലത്തിനും ബോംബാക്രമണത്തില്‍ കേടുപാടുണ്ടായി. ആകെ രണ്ടു ലോകസഭാമണ്ഡലങ്ങളുള്ള മണിപ്പുരില്‍ രണ്ടു ദിവസമായി നടത്തിയ തിരഞ്ഞെടുപ്പിലുണ്ടായ അക്രമങ്ങള്‍ സംസ്ഥാനത്തെ രൂക്ഷമായ പ്രശ്‌നത്തിന്റെ സൂചനയാണ്. ഉക്രുളില്‍ രണ്ടു ബൂത്തുകളിലെ വോട്ടിങ്‌യന്ത്രങ്ങള്‍ അക്രമികള്‍ തട്ടിയെടുത്തു നശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടു തവണയായി 17 ബൂത്തുകളിലെ വോട്ടെടുപ്പു റദ്ദാക്കി റീപോളിങ് നടത്തേണ്ടിവന്നു.
രാജ്യത്തിനാകെ വേദനയുണ്ടാക്കിയ കലാപം തുടങ്ങിയശേഷം ഇന്നേവരെ ആ സംസ്ഥാനം സന്ദര്‍ശിക്കാനോ ഇരകളെ നേരിട്ട് ആശ്വസിപ്പിക്കാനോ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായില്ല. എന്നിട്ടും, കേന്ദ്രസര്‍ക്കാരിന്റെ സമയോചിത ഇടപെടലും മണിപ്പുര്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുംമൂലം സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ പ്രകടമായ പുരോഗതിയുണ്ടായിട്ടുണ്ട് എന്നാണു കഴിഞ്ഞ ഏപ്രില്‍ എട്ടിന് ആസാമിലെ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്.
മെയ്‌തെയ് ഭൂരിപക്ഷ ഇംഫാലിലെ താഴ്‌വാരങ്ങളും കുക്കി ഭൂരിപക്ഷ മലയോരപ്രദേശങ്ങളും തമ്മില്‍ രണ്ടു രാജ്യമെന്നപോലെ പരസ്പരസംഘര്‍ഷം മാസങ്ങളായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. മോദി പറഞ്ഞതിനുശേഷവും സുരക്ഷാസൈനികരും ചെറുപ്പക്കാരുമടക്കം നിരവധി പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. സൈനികവാഹനം തടഞ്ഞുനിര്‍ത്തി തോക്കുകള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച മെയ്‌തെയ് സ്ത്രീകളെ പിരിച്ചുവിടാന്‍ സൈനികര്‍ക്ക് ആകാശത്തേക്കു പലതവണ വെടിവയ്‌ക്കേണ്ടിവന്നു. ഫെബ്രുവരിക്കുശേഷം ഏതാനും ആഴ്ചകളായി നിലച്ചിരുന്ന അക്രമങ്ങളാണു വീണ്ടും ആരംഭിച്ചത്.
നോക്കുകുത്തിയായ കമ്മീഷനുകള്‍
മണിപ്പുരിലെ ക്രമസമാധാനപാലനം തകര്‍ന്നിട്ട് ഒരു വര്‍ഷമായി. ക്രമവും പാലനവും സമാധാനവും ഇല്ലാത്ത നില. ഒരു സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം വെട്ടിയും കുത്തിയും വെടിവച്ചും ബോംബെറിഞ്ഞും കൊല്ലുന്നതു തുടര്‍ന്നിട്ടും നിരവധി ആയുധപ്പുരകള്‍ കൊള്ളയടിച്ചിട്ടും സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തിട്ടും പൊലീസും കേന്ദ്രസേനകളും നോക്കുകുത്തികളാകുന്ന നില. കൃത്യമായ നിര്‍ദേശം നല്‍കിയാല്‍ മണിക്കൂറുകള്‍കൊണ്ട് ഏതു കലാപവും അമര്‍ച്ച ചെയ്യാന്‍ ത്രാണിയുള്ള ഇന്ത്യന്‍സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന സ്ഥിതിവിശേഷം. ഭരിക്കുന്ന സര്‍ക്കാരുകളുടെ തോന്ന്യാസവും വലിയ വീഴ്ചയും ഇതില്‍ പ്രകടമാണ്.
ഭരണഘടനാ, നിയമവ്യവസ്ഥകള്‍ പലതിനും മണിപ്പുരില്‍ പുല്ലുവിലയായതാണു ദുരന്തം. മനുഷ്യാവകാശലംഘനങ്ങളുടെ എണ്ണിയാല്‍ തീരാത്ത സംഭവപരമ്പരകളാണ് മണിപ്പുരിലുണ്ടായത്. സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ കൊടിയ ക്രൂരതകളും അക്രമങ്ങളും ഉണ്ടായി. എന്നിട്ടും ദേശീയ മനുഷ്യാവകാശ, വനിതാ, പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ കമ്മീഷനുകള്‍ സഹായത്തിനെത്തുകയോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതില്‍ വന്‍പരാജയമായി. ദേശീയകമ്മീഷനുകളുടെയെല്ലാം നട്ടെല്ലു വളയ്ക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനുള്ള പങ്കു ചെറുതല്ല. തീവ്രവാദം, ഭീകരത, അക്രമം, കൊലപാതകം തുടങ്ങിയവയില്‍ ജാതിയും മതവും നോക്കാതെയുള്ള പൗരാവകാശസംരക്ഷണം ഉറപ്പാക്കാനാകുന്നില്ല. ഭരണഘടനയും നിയമസംവിധാനങ്ങളും അര്‍ഥമില്ലാതാകുന്ന നില ഒരു രാജ്യത്തിനും നല്ലതിനല്ല.
അരംബായി തെങ്കോള്‍ ചെറുമീനല്ല
മെയ്‌തെയ്കളുടെ തീവ്രസായുധഗ്രൂപ്പായ അരംബായി തെങ്കോളിനെ കയറൂരിവിട്ടിരിക്കുകയാണെന്നു കുക്കികള്‍ ആരോപിച്ചു. അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച അരംബായി തെങ്കോളും മെയ്‌തെയ് ലിപൂണും കുക്കി സായുധസംഘടനകളും നിരവധി അക്രമക്കേസുകളില്‍ പ്രതികളാണ്.
മണിപ്പുരിലെ തദ്ദേശീയമായ സനാമഹിസം പുനരുജ്ജീവിപ്പിക്കുന്നതിനായി തുടങ്ങിയ അരംബായി തെങ്കോള്‍ എന്ന ഗ്രൂപ്പാണു കുക്കികള്‍ക്കെതിരേ സായുധകലാപത്തിനു പ്രധാനമായും നേതൃത്വം നല്‍കിയത്. തികച്ചും ഏകപക്ഷീയമായാണ് ബിരേന്‍സിങ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു പ്രധാന ഇരകളായ കുക്കികള്‍ പറയുന്നു.
കുക്കി സായുധസംഘങ്ങളെയും മയക്കുമരുന്നു മാഫിയയെയുമാണു സംസ്ഥാനസര്‍ക്കാരും മെയ്‌തെയ്കളും പഴിക്കുന്നത്. കുക്കിഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചുരാചന്ദ്പുരിലെ ലംക എന്ന് കുക്കികള്‍ വിളിക്കുന്ന നഗരത്തില്‍ നടത്തിയ പ്രകടനങ്ങളില്‍ തോക്കുകളും മറ്റ് ആയുധങ്ങളും പരസ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. കുക്കി സായുധസംഘങ്ങള്‍ക്ക് മ്യാന്‍മറില്‍നിന്നും മയക്കുമരുന്നുമാഫിയകളില്‍നിന്നും ആയുധങ്ങളും പണവും അടക്കം സഹായം കിട്ടുന്നുവെന്നതും അത്ര രഹസ്യമല്ല.
മന്ത്രിമാരുള്‍പ്പെടെ മണിപ്പുരിലെ 37 എംഎല്‍എമാരെക്കൊണ്ടും രണ്ട് എംപിമാരെക്കൊണ്ടും ഭീഷണിപ്പെടുത്തി പ്രതിജ്ഞയെടുപ്പിച്ചതോടെയാണ് അരംബായി തെങ്കോള്‍ എന്ന തീവ്രവലതുപക്ഷഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ നേടിയത്. തലസ്ഥാനമായ ഇംഫാലിലെ കാംഗ്ലകോട്ടയില്‍ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു സനാമഹിസത്തിന്റെ നാമത്തിലുള്ള പ്രതിജ്ഞ. നിര്‍ബന്ധിതപ്രതിജ്ഞയെ ചോദ്യം ചെയ്ത മണിപ്പുര്‍ പിസിസി അധ്യക്ഷന്‍ കെ. മേഘചന്ദ്ര ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരെ മര്‍ദിക്കുകയും ചെയ്തു.
മണിപ്പുരിന്റെ അഖണ്ഡത നിലനിര്‍ത്തുക, ദേശീയപൗരത്വരജിസ്റ്ററില്‍ 1951 നു മുമ്പുള്ള രേഖകള്‍ അടിസ്ഥാനമാക്കുക (ആസാമില്‍ 1971 ആണ്), കുക്കി സായുധഗ്രൂപ്പുകളുമായി സര്‍ക്കാര്‍ ഒപ്പുവച്ച സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് (എസ്ഒഒ) കരാര്‍ റദ്ദാക്കുക തുടങ്ങിയ അംരബായി തെങ്കോളിന്റെ ആവശ്യങ്ങള്‍ 15 ദിവസത്തിനകം നടപ്പാക്കുമെന്നാണു ജനപ്രതിനിധികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. മെയ്‌തെയ്കള്‍ക്കുവേണ്ടി എല്ലാക്കാര്യത്തിലും നിലകൊള്ളുകയെന്നതാണു മുഖ്യം.
മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ സായുധരായ കലാപകാരികള്‍ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും പ്രതിജ്ഞയെടുപ്പിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. രാജ്യത്തിന്റെയോ നിയമവ്യവസ്ഥിതിയുടെയോ അല്ലാത്ത പ്രതിജ്ഞാപരിപാടി കടുത്ത രാജ്യദ്രോഹമാണ്. ഭീകരവിരുദ്ധനിയമമായ യുഎപിഎ അടക്കം ചാര്‍ത്തി കേസെടുക്കേണ്ട അരംബായി തെങ്കോളിന്റെ അക്രമങ്ങള്‍ക്കെതിരേ വിരലനക്കാന്‍ മുഖ്യമന്ത്രി ബിരേന്‍സിങ്ങിന് ധൈര്യമുണ്ടാകില്ലെന്ന് മെയ്‌തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു.
ആസൂത്രിത അക്രമപരമ്പരകള്‍
ഭൂരിപക്ഷമായ മെയ്‌തെയ്കള്‍ക്കുകൂടി പട്ടികവര്‍ഗസംവരണം നല്‍കാനുള്ള ബിരേന്‍സിങ്ങ് സര്‍ക്കാരിന്റെ നീക്കത്തിനനുകൂലമായി മണിപ്പുര്‍ ഹൈക്കോടതി നല്‍കിയ വിവാദ ഉത്തരവിനെതിരേ 2023 മേയ് മൂന്നിന് നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യമാര്‍ച്ചിന്റെ പേരിലാണ് മെയ്‌തെയ്-കുക്കി അക്രമം തുടങ്ങിയത്. കുക്കികളും നാഗകളും അടക്കം ഗോത്രസമൂഹം ഒരുമിച്ചാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. എങ്കിലും നാഗകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു അക്രമം. ചുരാചന്ദ്പുരിലെ ബി ഫൈനോം ഗ്രാമത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും മെയ്‌തെയ് അക്രമിസംഘങ്ങള്‍ തേര്‍വാഴ്ച നടത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ട്. മേയ് മൂന്നിന് വൈകുന്നേരത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപം രാത്രിയില്‍ കത്തിപ്പടരുകയായിരുന്നു. പിറ്റേന്നും കനത്ത ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടന്നു. കൃത്യമായ ആസൂത്രണമില്ലാതെ രണ്ടുദിവസം കൊണ്ട് ഇരുഭാഗത്തും ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാകാനിടയില്ല.
ആയിരത്തിലേറെ വീടുകളാണ് അഗ്‌നിക്കിരയാക്കിയത്. ഏഴായിരത്തോളം കുക്കിവനങ്ങളും ആറായിരത്തിലേറെ മെയ്‌തെയ് വനങ്ങളും തകര്‍ത്തു തീയിട്ടതായി ഇരുവിഭാഗവും പറയുന്നു. മുന്നൂറിലേറെ ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. മൂന്നൂറ്റമ്പതിലേറെ ക്രൈസ്തവദൈവാലയങ്ങളും നൂറോളം ഹിന്ദു, സനാമഹി (മെയ്‌തെയ്കളുടെ തദ്ദേശീയവിശ്വാസം) ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. ഇരുനൂറിലേറെ പള്ളികളും 17 ഹൈന്ദവക്ഷേത്രങ്ങളും തകര്‍ത്തതിന്റെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ക്രൈസ്തവരായ കുക്കികളുടേതിനു പുറമേ, മെയ്‌തെയ് ക്രൈസ്തവരുടെ പള്ളികളും ആക്രമിക്കപ്പെട്ടു. തകര്‍പ്പെട്ട ആരാധനാലയങ്ങളും ഗ്രാമങ്ങളും വീടുകളും പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഫലപ്രദമായ നടപടികളോ നഷ്ടപരിഹാരമോ ഇനിയും നല്‍കിയിട്ടില്ല.
മണിപ്പുരില്‍ ആകെയുള്ള രണ്ടു മണ്ഡലങ്ങളില്‍ ഏപ്രില്‍ 19, 26 തീയതികളിലായി നടത്തിയ വോട്ടെടുപ്പില്‍, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വോട്ടു ചെയ്യുന്നതിനായി 94 പ്രത്യേക പോളിങ് ബൂത്തുകളാണ് ഒരുക്കിയത്.
വിലയില്ലാതായ മനുഷ്യജീവനുകള്‍
മണിപ്പുര്‍ കലാപത്തിന്റെ കൃത്യവും വിശ്വസനീയവുമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. സര്‍ക്കാരിന്റെ കണക്കുകള്‍ പൂര്‍ണമായി വസ്തുതാപരവും സത്യസന്ധവും വിശ്വസനീയവുമല്ലെന്ന് ആക്ഷേപമുണ്ട്. ആഭ്യന്തരയുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന കലാപത്തില്‍ 223 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അറുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി ഗവര്‍ണര്‍ അനസൂയ യൂകെ 2024 ഫെബ്രുവരിയില്‍ മണിപ്പുര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഏകദേശം 10,000 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ നാലുവരെ 142 പേര്‍ കൊല്ലപ്പെടുകയും 54,448 പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്നുണ്ടെന്ന് മണിപ്പുര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷം തുടങ്ങിയശേഷം 1,87,000 പേരെ കരുതല്‍തടങ്കലില്‍ വച്ചശേഷം മോചിപ്പിച്ചതായി ഗവര്‍ണര്‍ അനസൂയ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത 9,332 എഫ്—ഐആറുകള്‍ പ്രകാരം 325 പേരെ മാത്രമാണ് അറസ്റ്റു ചെയ്തതെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ മണിപ്പുര്‍ പോലീസ് ഐജി ഐ.കെ. മുയിവാ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കലാപത്തിനിടെ 5,668 തോക്കുകളും 6,64,002 വെടിയുണ്ടകളും 1,825 സ്‌ഫോടകായുധങ്ങളും മണിപ്പുര്‍ പോലീസില്‍നിന്നും സൈനികക്യാമ്പുകളില്‍ നിന്നും കൊള്ളയടിക്കപ്പെട്ടുവെന്നും ഇതേ പത്രസമ്മേളനത്തില്‍ ഐജി വ്യക്തമാക്കി.
കുഴയ്ക്കുന്ന വംശീയതയും വര്‍ഗീയതയും
മണിപ്പുരിലേതു വംശീയകലാപമാണെന്നും വര്‍ഗീയം അല്ലെന്നും കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാരുകളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സര്‍ക്കാര്‍ അനുകൂലമാധ്യമങ്ങളും തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നുണ്ട്. മണിപ്പുരില്‍ എല്ലാക്കാലത്തും വംശീയസംഘര്‍ഷവും കലാപവും ഉണ്ടായിട്ടുണ്ടെന്നതാണ് സംഘപരിവാര്‍ അനുകൂലികളുടെ വാദത്തിന്റെ അടിസ്ഥാനം. എന്നാല്‍, പല മാനങ്ങളുള്ള വളരെ സങ്കീര്‍ണമായ പ്രശ്‌നത്തിന്റെ ഒരുവശംമാത്രമാണ് വംശീയതയെന്നും കൃത്യമായ ക്രൈസ്തവവേട്ട പ്രകടമാണെന്നും കുക്കികള്‍ തറപ്പിച്ചു പറയുന്നു. കുക്കികളുടെമാത്രമല്ല, മെയ്‌തെയ്കളുടെ ക്രൈസ്തവദൈവാലയങ്ങള്‍പോലും മുച്ചൂടും തകര്‍ത്തു തീയിട്ടതിനെക്കുറിച്ച് എന്തു പറയാനാകും?
എന്നാല്‍, മണിപ്പുരിലെ മുന്‍കാലകലാപങ്ങളും സംഘര്‍ഷങ്ങളും പ്രധാനമായും നാഗകളും കുക്കികളും തമ്മിലായിരുന്നുവെന്നതു വിസ്മരിച്ചാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം തുടരുന്നതെന്നു ഡല്‍ഹി സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൂണ്ടിക്കാട്ടി. പഴയകാലത്ത് മെയ്‌തെയ് രാജവംശത്തിന്റെ സംരക്ഷകരായിരുന്നു കുക്കികള്‍. മെയ്‌തെയ്കളും കുക്കികളും തമ്മില്‍ വലിയ കലാപങ്ങളൊന്നും ചരിത്രത്തില്‍ ഉണ്ടായിട്ടേയില്ല. ആദ്യമായാണ് കുക്കികള്‍ക്കെതിരേ സംഘടിച്ച് മെയ്‌തെയ് തീവ്രഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അക്രമം ഉണ്ടാകുന്നത്. പോരാളികളും സായുധരുമായ കുക്കികള്‍ തിരിച്ചടിച്ചതാണു നിയന്ത്രിക്കാനാകാതെ അക്രമങ്ങള്‍ പടരാന്‍ കാരണം.
ഭൂരിപക്ഷമായ മെയ്‌തെയ്കള്‍ക്കുകൂടി പട്ടികവര്‍ഗസംവരണം നല്‍കാനുള്ള ബിരേന്‍സിങ് സര്‍ക്കാരിന്റെ നീക്കവും ഇതിനനുകൂലമായി മണിപ്പുര്‍ ഹൈക്കോടതി നടത്തിയ നിര്‍ദേശവും കലാപത്തിനു നാന്ദിയായെന്നതു ശരിയാണ്. ഹൈക്കോടതിയുടെ വിവാദ ഉത്തരവ് പിന്നീട് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. കോടതി ഉത്തരവിന്റെയും അതിനെതിരേ നടന്ന ആദിവാസിമാര്‍ച്ചിന്റെയും പേരില്‍ തുടങ്ങിയെങ്കിലും കൃത്യമായ വംശീയ, വര്‍ഗീയമാനങ്ങള്‍ മണിപ്പുര്‍ കലാപത്തിനുണ്ടെന്നു കാണാനാകും.
പട്ടികവര്‍ഗക്കാരായ ഗോത്രജനതയുടെ വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങളോടൊപ്പം മലയോരത്തെ ഭൂമിയില്‍ കടന്നുകയറാനുള്ള മെയ്‌തെയ്കളുടെ മോഹവും വിഷയം കൂടുതല്‍ കുഴയ്ക്കുന്നുണ്ട്. മണിപ്പുരിന്റെ മലയോരങ്ങളിലെ വിശാലമായ ഭൂപ്രദേശവും ധാതുസമ്പത്തും ജൈവവൈവിധ്യവും കൈക്കലാക്കി ലാഭം കൊയ്യാന്‍ നോക്കുന്ന കോര്‍പ്പറേറ്റ് കുത്തകകള്‍മുതല്‍ രാഷ്ട്രീയമുതലെടുപ്പുകാര്‍വരെ കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു. വികസനത്തിലെയും ഫണ്ടുവിതരണത്തിലെയും അസന്തുലിതാവസ്ഥയും വലിയ പ്രശ്‌നമാണ്. മ്യാന്‍മറില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരും മ്യാന്‍മര്‍ അതിര്‍ത്തിയിലെ കേന്ദ്രത്തിന്റെ വേലികെട്ടലും മയക്കുമരുന്നുമാഫിയയുംമുതല്‍ സായുധസേനകളുടെ പ്രത്യേകാവകാശനിയമം (അഫ്‌സ്പ), സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് തുടങ്ങിയ പ്രശ്‌നത്തിനു നിരവധിയായ മറ്റനേകം മാനങ്ങളുമുണ്ട്.
പ്രശ്‌നപരിഹാരത്തിന് ഒറ്റമൂലികളില്ല
മണിപ്പുരിലെ 53 ശതമാനം വരുന്ന മെയ്‌തെയ്കളും 16 ശതമാനത്തോളം വരുന്ന കുക്കികളും തമ്മിലുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ കാലങ്ങളെടുത്തേക്കും. കുക്കിമേഖലകള്‍ ഉള്‍പ്പെടുത്തി സ്വയംഭരണാവകാശമുള്ള ഭരണസംവിധാനം വേണമെന്ന് ബിജെപിക്കാരായ എംഎല്‍എമാര്‍ അടക്കമുള്ള കുക്കിനേതാക്കളും സംഘടനകളും ശക്തമായി വാദിക്കുന്നു. എന്തുവന്നാലും, മണിപ്പുരിനെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്ന് മെയ്‌തെയ് സംഘടനകളും മുഖ്യമന്ത്രി ബിരേന്‍സിങ്ങും ആണയിടുന്നു.
നാഗകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഗോത്രവര്‍ഗങ്ങള്‍, പംഗള്‍ മുസ്‌ലീംകള്‍ തുടങ്ങി മറ്റു ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ഇംഫാല്‍ താഴ്‌വാരമേഖലയില്‍ കേന്ദ്രീകരിച്ച വികസനം മലയോര ഗോത്രമേഖലകളിലേക്കുകൂടി എത്തിക്കുക പ്രധാനമാണ്. സാമ്പത്തികവും ഭൂമിയും ബിസിനസും വിദ്യാഭ്യാസവും തൊഴിലുമടക്കമുള്ള അസമത്വങ്ങളും കുറയ്‌ക്കേണ്ടതുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗീയത വളര്‍ത്തി മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ, ഭരണ, മത, തീവ്രവാദിനേതാക്കളെ നിലയ്ക്കു നിര്‍ത്താതെ സമാധാനവും സുരക്ഷയും ഉണ്ടാകില്ല. ചുരുക്കത്തില്‍, പ്രശ്‌നപരിഹാരം എളുപ്പമല്ല, അസാധ്യവുമല്ല.
വേണം, സമാധാനവും സുരക്ഷയും
മെയ്‌തെയ്കളും കുക്കികളും തമ്മിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും അന്തരീക്ഷം മാറ്റുകയാണ് ആദ്യം വേണ്ടത്. ശത്രുരാജ്യങ്ങളിലെ ജനങ്ങളെപ്പോലെയാണ് ഇരുഭാഗത്തെയും ജനജീവിതം. മനുഷ്യരും കാര്‍ഷികോത്പന്നങ്ങളും ഭക്ഷണവുംവരെ മറുഭാഗത്തേക്കു പോകുന്നതിനെ ഇരുവിഭാഗവും നിയന്ത്രിക്കുന്നു. പട്ടാളക്കാരെവരെ തടയുന്ന സ്ഥിതിയുണ്ട്. വൈരാഗ്യം മൂത്തപ്പോള്‍ സ്ത്രീകളോടും കുട്ടികളോടുംമാത്രമല്ല, മൃതദേഹങ്ങളോടുപോലും അക്രമികള്‍ ക്രൂരത കാട്ടി. ഇംഫാല്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട അനേകം കുക്കികളുടെ സംസ്‌കാരം മാസങ്ങള്‍ നീണ്ടതു മാനുഷികതയ്‌ക്കെതിരായി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധസംഘടനകളും മതമേധാവികളും മണിപ്പുരിലെ പൊതുസമൂഹവും സമാധാനത്തിനായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജൂണില്‍ അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാനുണ്ട്. മണിപ്പുരില്‍ നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുകയും പക്ഷപാതപരമായ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടത് ആദ്യപടിയാണ്. പിന്നീട്, എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും പാത കണ്ടെത്തുക. ജാതി, മത, ഗോത്രവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതിയും സമാധാനവും സുരക്ഷയും ഉണ്ടായാല്‍ ജനതയുടെയും ഇന്ത്യയുടെയും അഭിമാനവും നേട്ടവുമാകും മണിപ്പുര്‍.