ഓരോ മനുഷ്യനെ സംബന്ധിച്ചും ചരിത്രപരമായ ഒരു നിയോഗമുണ്ട്. അത് ആദ്യം കണ്ടുപിടിക്കണം. അതിനാവശ്യമായ സഹായം മാതാപിതാക്കന്മാരില്‍നിന്നും ഗുരുക്കന്മാരില്‍നിന്നും സമ്പാദിക്കണം. ഒപ്പം, ശ്രേഷ്ഠകൃതികള്‍ വായിച്ച് അതിലെ തത്ത്വങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും വേണം.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കണമെങ്കില്‍ വ്യക്തമായ ഒരു ലക്ഷ്യബോധം കണ്ടെത്തണം. ഒരുവന്‍ തന്റെ കഴിവും പോരായ്മകളും അന്വേഷിച്ചു കണ്ടുപിടിച്ചു സാധ്യതാപഠനം നടത്തണം. എന്നിട്ടു ഭാവിയില്‍ ആരാകണമെന്ന് ഒരു ഉറച്ച തീരുമാനമെടുക്കണം.
ലക്ഷ്യം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ സ്വന്തം ഫ്രെയിമിനകത്തു നിന്നുകൊണ്ടുവേണം പ്രവര്‍ത്തിക്കാന്‍. ഏതു ജോലിയിലാണോ താത്പര്യം അതിനെക്കുറിച്ചു സമഗ്രമായ അറിവു സമ്പാദിക്കണം. അറിവാണു ശക്തിയെന്ന കാര്യം ഓര്‍മ്മിക്കുക.
നീയെത്ര ശക്തനാണെങ്കിലും ദൈവത്തിന്റെ കൃപയില്ലെങ്കില്‍ തിളക്കമുള്ള വിജയം ലഭിക്കുകയില്ല. താന്‍പാതി ദൈവംപാതി എന്ന തത്ത്വം മനസ്സില്‍ വച്ചുകൊണ്ടുവേണം ലക്ഷ്യത്തിലേക്കു കുതിക്കുവാന്‍.
നീയെത്ര ഉന്നതപദവിയിലെത്തിയാലും മൂല്യബോധമില്ലെങ്കില്‍ നിനക്കൊരു സാമൂഹികാംഗീകാരം കിട്ടുകയില്ല. മനസ്സിനു വീര്യവും ഉണ്ടാവുകയില്ല. സ്‌നേഹം, സേവനം, നീതിബോധം, സ്വതന്ത്രചിന്ത, മനുഷ്യത്വം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിച്ച് നീയൊരു ഉത്തമമനുഷ്യനായി രൂപാന്തരപ്പെടണം. ഒരു വ്യക്തിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമതുലിതമായ വികസനംവഴിയാണ് ഒരുവന്‍ നല്ല മനുഷ്യനായിത്തീരുന്നത്. ഈ ഘടകങ്ങള്‍ നശിപ്പിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയില്‍നിന്ന് പൂര്‍ണ്ണമായും മോചനം നേടണം. വേറൊരു കാര്യം: ദൈവം സൃഷ്ടിച്ചതാണെന്ന ബോധത്തോടെ പ്രപഞ്ചത്തെ സ്‌നേഹിക്കുകയും സേവിക്കുകയും വേണം. പ്രകൃതിയെ ദ്രോഹിക്കുന്നവന്‍ ദുരിതക്കയത്തിലാവും വീഴുക.
ഒരുവന്‍ ഏതെങ്കിലും ഒരു രംഗത്ത് ജോലി ചെയ്ത് അവിടെ നക്ഷത്രമായിത്തീരുന്നതോടൊപ്പം അവന്റെ മിച്ചസമയവും, മിച്ചബുദ്ധിയും ഉപയോഗിച്ചു കലാ- സാഹിത്യ-സാംസ്‌കാരിക-കായിക - സാമൂഹികശുശ്രൂഷ എന്നിങ്ങനെ പല മേഖലകളിലും സ്വന്തം കാര്യശേഷിക്കുതകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
മറ്റൊന്ന്, അയല്‍ക്കാരന്റെ ക്ഷേമം അന്വേഷിക്കുന്നത് ദൈവത്തിനു പ്രിയങ്കരവും സ്വീകാര്യവുമായ സംഗതിയാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
സത്കൃത്യങ്ങളാല്‍ മനുഷ്യരെയും അതുവഴി ദൈവത്തെയും പ്രസാദിപ്പിക്കണം.
ജീവിതം ലഹരിമയമാക്കണമെങ്കില്‍ സന്തുഷ്ടകുടുംബം കെട്ടിപ്പടുക്കണം. സന്തുഷ്ടകുടുംബമാണ് ഭൂമിയിലെ സ്വര്‍ഗ്ഗം. നല്ല അച്ഛന്‍, നല്ല അമ്മ, നല്ല ഭാര്യ, നല്ല ഭര്‍ത്താവ്, നല്ല മക്കള്‍, നല്ല സഹോദരീസഹോദരന്മാര്‍, സേവനമനോഭാവമുള്ള നല്ല ബന്ധുക്കള്‍ - ഇവരെല്ലാംകൂടി സ്‌നേഹശുശ്രൂഷയില്‍ ഏര്‍പ്പെടുമ്പോഴാണ് നല്ല കുടുംബം ഉണ്ടാവുക.
എല്ലാ വസ്തുക്കളെക്കാളും ദൈവത്തെ സ്‌നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന കാര്യം നിന്റെ ഓര്‍മ്മയിലുണ്ടാവണം. നന്മ ചെയ്ത് നീ വീട്ടിലെ വിളക്കാവണം, നാട്ടിലെ ദീപമാവണം, സമൂഹത്തില്‍ നക്ഷത്രമായിത്തീരുകയും വേണം.