നമ്മുടെ അഭിമാനമായ ഇന്ത്യയുടെ മുന്‍പ്രസിഡന്റ് ഡോ. അബ്ദുള്‍ കലാമിന്റെ ഉറ്റസുഹൃത്താണ് ഡോ. മേത്ത. പേരുകേട്ട ഹൃദ്രോഗവിദഗ്ധന്‍.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ഒരു കേസ് അദ്ദേഹത്തിന്റെ പരിഗണനയ്ക്കുവന്നു. ജീവന്‍ രക്ഷിക്കുക അസാധ്യമെന്നു ഡോക്ടര്‍മാരെല്ലാം വിധിയെഴുതിയ ഒരു ആറുവയസുകാരിയുടെ സര്‍ജറിക്കേസ്.
കാഴ്ചയില്‍ ഒരസുഖവും തോന്നാത്ത അവളുടെ ചലനങ്ങള്‍പോലും ഡോ. മേത്ത സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. സന്ധ്യയാകുമ്പോള്‍ കുട്ടിയും അമ്മയും ഏറെ നേരം എന്തൊക്കെയോ പ്രാര്‍ഥിക്കുന്നതായി ഡോക്ടര്‍ കണ്ടു.
ഓപ്പറേഷന്‍ സമയത്തു ഡോ. മേത്ത കുട്ടിയോടു പറഞ്ഞു: ''മോളേ, പേടിക്കാനൊന്നുമില്ല. ഞാനൊരു ഇന്‍ജക്ഷന്‍ തരും. മോള്‍ പിന്നൊന്നുമറിയില്ല. ഓപ്പറേഷന്‍ കഴിഞ്ഞു മോള്‍ സുഖം പ്രാപിക്കും.'' കുട്ടി പറഞ്ഞു: ''എനിക്കു പേടിയൊന്നുമല്ല അങ്കിള്‍. ദൈവം ഹൃദയത്തിലുണ്ടെന്നാണ് മമ്മി പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്, അങ്കിള്‍ ഓപ്പറേഷനായി എന്റെ ഹൃദയം തുറക്കുമ്പോള്‍ ദൈവത്തെ കാണുമെങ്കില്‍ ദൈവം എങ്ങനെയാണിരിക്കുന്നത് എന്ന് എന്നോടുപറഞ്ഞു തരണം!'' ഡോക്ടര്‍ അദ്ഭുതസ്തബ്ധനായി, എന്താണു കുട്ടിയോടു പറയേണ്ടതെന്നറിയാതെ കുഴങ്ങി. കുട്ടിക്കു ഭയമോ പരിഭ്രമമോ ഇല്ല.
കുട്ടിയെ സാന്ത്വനപ്പെടുത്തിയശേഷം ഡോ. ഓപ്പറേഷന്‍ ആരംഭിച്ചു. ഹൃദയം തുറന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. ഒരു തുള്ളി രക്തംപോലും ഹൃദയത്തിലേക്കു വരുന്നില്ല! ഓപ്പറേഷന്‍ പരാജയപ്പെടുമെന്നു ഡോക്ടര്‍ക്ക് ഉറപ്പായി. ഇനി ഒന്നും ചെയ്യാനില്ല! ഡോക്ടറുടെ കണ്ണുകള്‍ ഈറനണിഞ്ഞു. നിഷ്‌കളങ്കയായ ആ കുട്ടിയുടെ വാക്കുകള്‍ ഡോക്ടര്‍ ഓര്‍ത്തു. ദൈവം ഹൃദയത്തിനുള്ളിലുണ്ട്. ഡോ. മേത്താ അറിയാതെ ഉരുവിട്ടു. ദൈവമേ, ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എനിക്കിനി ഒന്നും ചെയ്യാനില്ല. അങ്ങു ഹൃദയത്തിലുണ്ട് എന്നല്ലേ കുഞ്ഞു പറഞ്ഞുകൊണ്ടിരുന്നത്? അങ്ങ് ഈ കുഞ്ഞിന്റെ കുഞ്ഞുഹൃദയത്തിലെവിടെങ്കിലുമുണ്ടെങ്കില്‍ എന്നെ സഹായിക്കണേ...!
നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. അപ്പോഴിതാ പ്രധാന സഹായിയായ ഡോക്ടര്‍ വിളിച്ചു പറഞ്ഞു: ഡോ. മേത്താ, അതാ... തുള്ളിതുള്ളിയായി കുഞ്ഞിന്റെ ഹൃദയത്തിലേക്കു രക്തം ഇറ്റിറ്റു വീഴുന്നു. ഡോക്ടര്‍മാര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഡോ. മേത്താ നിര്‍ദേശങ്ങള്‍ കൊടുത്തു. നിര്‍ത്തിവയ്ക്കാന്‍ തുടങ്ങിയ ശസ്ത്രക്രിയ പുനരാരംഭിച്ചു. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയം കണ്ടു. കുട്ടി പൂര്‍ണമായ സുഖം പ്രാപിച്ചു...!
ഈ സംഭവം ഡോ. മേത്ത കലാമിനോടു നേരിട്ടു വിവരിച്ചു. എന്നിട്ടു ചോദിച്ചു: ഞാന്‍ ആ കുട്ടിയോട് എന്തുപറയണം? കലാം പറഞ്ഞു: മോളുടെ ഹൃദയത്തിലേക്ക് ദൈവം രക്തത്തുള്ളികളായി കടന്നുവന്നു എന്ന്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ദൈവം അനുഭവമാണ്; ദൈവത്തെ നഗ്നനേത്രങ്ങള്‍കൊണ്ടു കാണാനാവില്ല. വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടേ കാണാനാവൂ. അതിപ്രഗല്ഭനായ ഡോക്ടര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുത്ത പിഞ്ചുബാലിക!
ഇത്തരുണത്തില്‍ ഈയിടെ വളരെ വൈറലായ സഞ്ചാരി സന്തോഷ് കുളങ്ങരയുടെ ഒരു പ്രസ്താവന ഓര്‍ത്തുപോകുന്നു: ''ഭൂമിയില്‍ ഒന്നും ചെയ്യാത്ത ദൈവം സ്വര്‍ഗത്തില്‍ എന്തു വാഴയ്ക്കയാണു ചെയ്യുന്നത്? അല്പന്‍ അര്‍ധരാത്രിയില്‍ കുടയും ചൂടി നടന്നപ്പോള്‍ ചോദിച്ച ഒരു ചോദ്യം എന്നല്ലാതെ എന്തു പറയേണ്ടൂ! സന്തോഷിന്റെതന്നെ ഭാഷയില്‍ ചോദിച്ചുപോകുന്നു: ''താങ്കള്‍ ഈ സഞ്ചാരമൊക്കെ നടത്തിയിട്ട് എന്തു വാഴയ്ക്കയാണു കണ്ടത്? മനുഷ്യന്റെ ക്രൂരതയുടെയും സ്വാര്‍ഥതയുടെയുമൊക്കെ പ്രതീകമായ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും യുദ്ധത്തിന്റെ ഫലമായി തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളും ഭൂകമ്പങ്ങളുടെയും പ്രകൃതിക്ഷോഭത്തിന്റെയും ഫലമായുണ്ടായ നാശനഷ്ടങ്ങളുടെ അവശിഷ്ടങ്ങളും ക്രിസ്ത്യാനികളെ ക്രൂരമൃഗങ്ങള്‍ക്ക് എറിഞ്ഞിട്ടു കൊടുത്തിട്ട് അവരെ പിച്ചിച്ചീന്തുന്ന ക്രൂരത കണ്ടാസ്വദിക്കുന്നതിനു തയ്യാറാക്കിയിട്ടുള്ള ആംഫി തിയേറ്ററുമൊക്കെയല്ലേ താങ്കള്‍ കണ്ടാസ്വദിച്ചത്. അതൊക്കെ ഭൂമിയില്‍ ദൈവം ചെയ്തതും ചെയ്യിച്ചതുമാണോ അതോ മനുഷ്യന്‍ ചെയ്തതും ചെയ്യിച്ചതുമാണോ? ചിന്തോദ്ദീപകമായ കവിവാക്യം സന്തോഷിനെ ഓര്‍മിപ്പിക്കട്ടെ:
'അനന്തമജ്ഞാതമവര്‍ണനീയ-
മീലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തി രുന്നു
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു!'
സമൂഹമാധ്യമത്തില്‍ ആരോ പ്രതികരിച്ചത് ആവര്‍ത്തിക്കട്ടെ. സന്തോഷിന്റെ വീട് മരങ്ങാട്ടുപിള്ളിയിലാണ്. അധികം അകലെയല്ലാതെ പാലാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്‍ഡ് കഴിഞ്ഞ് മരിയസദനം എന്നൊരു സ്ഥാപനമുണ്ട്. അവിടെവരെ ഒന്നു പോകുക. മുന്നൂറിലധികം മാനസികരോഗികളെ പരിപാലിക്കുന്ന ഒരു സന്തോഷിനെ കാണാം. ആ സന്തോഷിനോട് ഒന്നു ചോദിക്കൂ, 'താങ്കള്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥാപനം നടത്തുന്നത്' എന്ന്! അതോടൊപ്പം സ്വയം ചോദിക്കുക: 'ഈ സന്തോഷിന്റെ സംരക്ഷണയില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകാതെ പോയത് താങ്കളുടെ സാമര്‍ഥ്യംകൊണ്ടാണോ?' വീണ്ടും അധികം അകലെയല്ലാത്ത ഭരണങ്ങാനത്തിനു പോകുക. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച ഒരു കന്യാസ്ത്രീയുടെ കബറിടത്തിങ്കല്‍ ലക്ഷക്കണക്കിന് ആളുകള്‍ വന്നു പ്രാര്‍ഥിക്കുന്നു! അത് ആ പുണ്യവതി സ്വര്‍ഗത്തിലിരുന്നു വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ പ്രാപിക്കാനല്ലേ?