•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പുമഹോത്സവം

ലോകത്തിലെ ഏറ്റവും ബൃഹത്തായ തിരഞ്ഞെടുപ്പുപ്രക്രിയ ഭാരതത്തിലേതാണ്. 141 കോടി ജനങ്ങളില്‍ 97 കോടി ജനങ്ങള്‍ വോട്ടവകാശമുള്ളവരാണ്. 49.7 കോടി പുരുഷവോട്ടര്‍മാരും 47.1 കോടി വനിതാവോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍മാരില്‍ 1.8 കോടി നവാഗതരാണ്. 80 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരത്രേ. സമ്മതിദായകരില്‍ 82 ലക്ഷത്തിലധികംപേര്‍ 85 നു മുകളില്‍ പ്രായമുള്ളവരും 2,18,000 പേര്‍ നൂറു വയസ്സ് പിന്നിട്ടവരുമാണ്. ഇലക്ഷന്‍ ആവശ്യങ്ങള്‍ക്കുവേണ്ടി നാലു ലക്ഷം വാഹനങ്ങളാണുപയോഗിക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിനു കണക്കാക്കപ്പെടുന്ന മൊത്തം ചെലവ് 1.35 ലക്ഷം കോടി രൂപയാണ്. അത് 2019 ലെ തിരഞ്ഞെടുപ്പിന്റെ ഏകദേശം ഇരട്ടിയിലധികം തുകയാണ്.
ഏഴു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. അതി ല്‍ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. (ഏപ്രില്‍ 19, 26) മേയ് 7, 13, 20, 25 ജൂണ്‍ ഒന്ന് തീയതികളിലെ തിരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്. തിരഞ്ഞെടുപ്പ് എളുപ്പമാക്കാനും വേഗത്തിലാക്കാനും 10.5 ലക്ഷത്തോളം വോട്ടെടുപ്പുകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പു നിയന്ത്രിക്കുന്നത്. രാജ്യം ആരു ഭരിക്കുമെന്നറിയാന്‍ ജൂണ്‍ നാലുവരെ കാത്തിരിക്കണം.
ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന ഇന്ത്യാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യപ്രചാരകനാണ്. രാഹുല്‍ഗാന്ധി ഇന്ത്യാ സഖ്യത്തിന്റെയും. 370 - 400 സീറ്റ് ഉറപ്പുമായിട്ടാണ് ബിജെപി തിരഞ്ഞെടുപ്പു പ്രചാരണമാരംഭിച്ചത്. ബിജെപിയെ പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളെല്ലാം മൂന്നാംവട്ട ഭരണം മോദിക്ക് ഉറപ്പാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. രണ്ടു ഘട്ടം തിരഞ്ഞെടുപ്പു പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ ആവേശം ചോര്‍ന്നതുപോലെ തോന്നുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ 370-400 കേള്‍ക്കുന്നതേയില്ല. മോദി ഗ്യാരന്റി എന്ന പ്രയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ബിജെപിയുടെയും മോദിയുടെയും മോടി കുറഞ്ഞിട്ടുണ്ടെന്നതിന്റെ സൂചനയാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം. നടത്തിയ വികസനത്തെക്കുറിച്ചല്ല പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത്. വിഭാഗീയതയും വിഭജനവും സൃഷ്ടിക്കത്തവിധം വര്‍ഗീയവിഷം ചീറ്റുന്ന വാക്കുകളാണ് അദ്ദേഹം രാജസ്ഥാനിലെ ഒരു യോഗത്തില്‍ പറഞ്ഞത്. മുസ്ലീംവിരുദ്ധത പറഞ്ഞ് ഹിന്ദുവോട്ടുകളുടെ ഏകീകരണം സാധ്യമാക്കാനുള്ള തന്ത്രം എപ്പോഴും വിജയിച്ചുകൊള്ളണമെന്നില്ല.
2019 ലെ തരംഗം ഇപ്പോള്‍ ഒരു സംസ്ഥാനത്തുംതന്നെയില്ല. ബിജെപിയെ മുസ്ലീംകള്‍ മാത്രമല്ല, നിഷ്പക്ഷവോട്ടര്‍മാരും സംശയിച്ചുതുടങ്ങിയിരിക്കുന്നു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു എന്ന ചിന്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനാധിപത്യവിശ്വാസികളെല്ലാം ആഗ്രഹിക്കുന്നത് മതേതരത്വവും സമത്വവും സമഭാവനയുമുള്ള ഭാരതത്തെയാണ്. വിഭജനരാഷ്ട്രീയത്തെ സമാധാനകാംക്ഷികള്‍ പിന്തുണയ്ക്കുകയില്ല.
തുടര്‍ഭരണം സ്വാഭാവികമായും ഭരണവിരുദ്ധവികാരം ക്ഷണിച്ചുവരുത്തും. ഹൈവേകളും പാലങ്ങളും വിമാനത്താവളങ്ങളും  തുറമുഖങ്ങളുമാണ് വികസനമെന്നു സാധാരണക്കാര്‍ വിശ്വസിക്കുന്നില്ല. ദാരിദ്ര്യം പെരുകുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറുകയും ചെയ്യുന്നിടത്ത് വികസനമുണ്ടെന്ന് ആരും സമ്മതിച്ചുകൊടുക്കില്ല.
ഇതിനുപുറമേയാണ് പല സംസ്ഥാനങ്ങളിലുംനിന്നുയരുന്ന എതിര്‍പ്പുകള്‍. രാജസ്ഥാനിലെ രജപുത്രരും ജാട്ടുവിഭാഗക്കാരും കേന്ദ്രസര്‍ക്കാരിനെതിരാണ്. കര്‍ഷകസമരം ജാട്ടുകളുടെ നേതൃത്വത്തിലാണ്. മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കും നീളുന്നതാണ് ഈ പ്രതിഷേധം. പൗരത്വഭേദഗതിനിയമവും അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ഇലക്ടറല്‍ബോണ്ടുവിവാദവുമെല്ലാം വന്‍തോതില്‍ ബിജെപിക്ക് എതിരായി. ഇന്ത്യാസഖ്യം ശക്തിപ്പെട്ടതും രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെട്ടതും മോദി സര്‍ക്കാരിനു ഭീഷണിയായി. പ്രാദേശികനേതാക്കന്മാരെ അവഗണിച്ചതും കേന്ദ്രനേതൃത്വത്തോടുള്ള അതൃപ്തിക്കിടയാക്കി. യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കന്മാരെ ഇപ്പോള്‍ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത് നിസ്സഹകരണവും പ്രതിഷേധവും കുറയ്ക്കാനാണ്.
തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലേക്കു നീട്ടിയത് വിമര്‍ശനവിധേയമായിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്ക് എല്ലാ സ്ഥലങ്ങളിലും പോകാനും ഓരോ ഘട്ടത്തിലെയും വോട്ടുനിലയും ജനവികാരവും മനസ്സിലാക്കാനും ജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ പയറ്റാനുമാണ് ഏഴു ഘട്ടങ്ങളെന്നു ചിന്തിക്കുന്നവരുണ്ട്. അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യകളും വര്‍ധിച്ച ഇക്കാലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ് ജനത്തിനു താത്പര്യം.

 

Login log record inserted successfully!