•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൊവിഡ് കാലത്ത് ഹൃദയം മറന്നാല്‍

ന്നും ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണത്തിനിരയാകുന്നത് കൊവിഡ്-19 രോഗബാധകൊണ്ടല്ല, ഹൃദ്രോഗത്തിന്റെ സങ്കീര്‍ണതകള്‍കൊണ്ടാണെന്നോര്‍ക്കണം. ഹൃദ്രോഗംമൂലം പ്രതിവര്‍ഷം 17.9 ദശലക്ഷം പേരാണ് മൃത്യുവിനിരയാകുന്നത്.  ലോകത്ത് പ്രതിദിനം 6000 പേര്‍ കൊവിഡ്-19 ബാധയെത്തുടര്‍ന്ന് മരണമടയുമ്പോള്‍, ഹൃദ്രോഗംമൂലം 50,000 പേരാണ് മൃത്യുവിനിരയാകുന്നത്. ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ പ്രതിദിനം ഏതാണ്ട് 950 ആണ്. എന്നാല്‍, ഹൃദ്രോഗാനന്തരം 10959 പേര്‍ മരണമടയുന്നു.
കൊവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് മരിച്ച രോഗികളില്‍ സിംഹഭാഗത്തിനും മറ്റനുബന്ധരോഗങ്ങളുണ്ടായിരുന്നുവെന്നാണ് തെളിഞ്ഞത്. മറ്റു രോഗങ്ങളില്ലാത്തവരില്‍ കൊവിഡ്-19 ബാധയെത്തുടര്‍ന്ന് മരിക്കുവാനുള്ള സാധ്യത രണ്ടു ശതമാനത്തോളമാകുമ്പോള്‍ ഹൃദ്രോഗം-10.5 ശതമാനം, പ്രമേഹം-7.3 ശതമാനം, ശ്വാസകോശരോഗങ്ങള്‍-6.3 ശതമാനം, അര്‍ബുദം-5.6 ശതമാനം എന്നിങ്ങനെയാണ്.
വുഹാനിലെ സീഫുഡ് ചന്തയില്‍നിന്നു വാങ്ങിയ വവ്വാല്‍, ഈനാംപേച്ചി തുടങ്ങിയ ജീവികളുടെ മാംസത്തില്‍നിന്ന് മനുഷ്യശരീരത്തിലെത്തി വിചിത്രമായ ജനിതകമാറ്റങ്ങള്‍ സംഭവിച്ച് ശീഘ്രവ്യാപനശേഷി ആര്‍ജ്ജിച്ച് മരണഭീതി പരത്തുന്ന വൈറസ്  2021-22 വരെ നമ്മോടൊപ്പമുണ്ടാകുമെന്ന് അമേരിക്കയിലെ എപ്പിഡെമിയോളജി സൊസൈറ്റിയിലെ വിദഗ്ധര്‍ പ്രസ്താവിക്കുന്നു. നിഗൂഢവും ദുര്‍ഗ്രഹവുമായ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ ലോകമെമ്പാടും നൂറില്‍പ്പരം വാക്‌സിനുകള്‍ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
കൊവിഡ്-19 രണ്ടുവിധത്തിലാണ് ഹൃദ്രോഗതീവ്രതയുണ്ടാക്കുന്നത്. ഒന്ന്, നേരത്തേ ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരില്‍ പുതുതായുണ്ടാക്കുന്ന ഹൃദയാഘാതം. രണ്ടാമത്തേത്, ഹൃദ്രോഗം നിര്‍ണ്ണയിച്ചവരിലും അതിനു സാധ്യതയുള്ളവരിലും രോഗാവസ്ഥ മൂര്‍ച്ഛിച്ചുണ്ടാകുന്ന ഹൃദയാഘാതം.
വൈറസ് ബാധയെത്തുടര്‍ന്ന് വുഹാന്‍ ആശുപത്രികളിലും ഇറ്റലിയിലെ ആശുപത്രികളിലും മരണമടഞ്ഞവരെ ആധാരമാക്കി നടത്തിയ ബൃഹത്തായ പഠനഫലം ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. അക്കൂട്ടരില്‍ 59 ശതമാനം പേരും മൃത്യുവിനിരയായത്  ''മയോ കാര്‍ഡൈറ്റിസ്'' എന്ന ഗുരുതരമായ ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. ന്യൂമോണിയ സംബന്ധമായ രോഗലക്ഷണങ്ങളുമായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരില്‍ നടന്ന വിശദമായ പരിശോധനകള്‍ ഗുരുതരമായ ഹൃദയപരാജയമുള്ള രോഗികളെയാണ് കണ്ടെത്തിയത്. ഇക്കൂട്ടര്‍ക്ക് കൊറോണബാധയ്ക്കുമുമ്പ് യാതൊരു ഹൃദ്രോഗവുമില്ലായിരുന്നു. വൈറസ് ബാധയുണ്ടായപ്പോള്‍ ന്യൂമോണിയയ്ക്കു പുറമേ ഹൃദയപേശികളുടെ സമൂലമായ സങ്കോചനക്ഷയത്തിനു നിദാനമായ വീക്കമാണുണ്ടായത്. അങ്ങനെ ഹൃദയകോശങ്ങളിലെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ഭംഗംവന്ന് ഹൃദയഅറകളുടെ പമ്പിങ് ശേഷി നഷ്ടപ്പെടുന്നു. ഇത് അതിസങ്കീര്‍ണമായ ഹൃദയപരാജയത്തിലേക്കു നയിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഹാര്‍ട്ടറ്റാക്കല്ല എന്നു മനസ്സിലാക്കണം. ഹാര്‍ട്ടറ്റാക്കിന് ഹൃദയധമനികളില്‍ ബ്ലോക്കുണ്ടാകണം. ഇത്തരം രോഗികളില്‍ നടത്തിയ കൊറോണറി ആന്‍ജിയോഗ്രാഫിയില്‍ ധമനികളില്‍ യാതൊരുവിധ ബ്ലോക്കും കണ്ടില്ല. എക്കോകാര്‍ഡിയോഗ്രാഫി പരിശോധനയില്‍ ഹൃദയഅറകള്‍ വീര്‍ത്തു വികസിച്ചിരുന്നു. ഹൃദയകോശങ്ങളുടെ അപചയംമൂലം രക്തത്തില്‍ കുമിഞ്ഞുകൂടുന്ന 'ട്രോപോണിന്‍' എന്ന സൂചകത്തിന്റെ തോത് വര്‍ദ്ധിച്ചുകണ്ടു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിയവരില്‍ മയോകാര്‍ഡൈറ്റിസിന്റെ സങ്കീര്‍ണ്ണതകള്‍ യഥാസമയത്ത് ചികിത്സിച്ചതിനാല്‍ രോഗതീവ്രത കുറഞ്ഞു. എന്നാല്‍, ചിലര്‍ മരണത്തിനു കീഴടങ്ങി. മയോകാര്‍ഡൈറ്റിസ് കൂടാതെ 'കാര്‍ഡിയോജെനിക് ഷോക്ക്', താളംതെറ്റിയ ഹൃദയമിടിപ്പ് (ഏട്രിയല്‍ ഫിബ്രിലേഷന്‍, വെന്‍ട്രിക്കുലര്‍ റ്റാഹിക്കാര്‍ഡിയ), കാര്‍ഡിയോ മയോപ്പതി തുടങ്ങിയ ഗുരുതരാവസ്ഥകളും കൊവിഡ്-19 ന്റെ സങ്കീര്‍ണ്ണതകളായുണ്ടായി.
മേലുദ്ധരിച്ച രോഗാവസ്ഥകളെല്ലാം നേരത്തേ ഹൃദ്രോഗമില്ലാത്തവരില്‍ ഉണ്ടായതാണ്. എന്നാല്‍, ഹൃദ്രോഗമുണ്ടെന്നു നിര്‍ണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കൊവിഡ്-19 ന്റെ ആക്രമണം പുതുതായി ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഹൃദയധമനികളില്‍ ഗുരുതരമായ ജരിതാവസ്ഥയുള്ളവരില്‍ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്)  ഉറപ്പില്ലാതെയായി. തന്മൂലം പ്ലാക്ക്  വിണ്ടുകീറി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട്, വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസ്സവും ശരീരത്തെ പൊതുവായി ബാധിച്ച വീക്കവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്തതയെ പരിഹരിക്കുവാനായി ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിന് ആഘാതമുണ്ടാക്കി. ഈയവസരത്തില്‍ ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങി ട്രോപോണിന്‍ രക്തത്തില്‍ വര്‍ദ്ധിച്ചു. ഹാര്‍ട്ടറ്റാക്ക് ഉണ്ടായ ഈ രണ്ട് അവസ്ഥകളിലും വൈറസിന്റെ പ്രത്യാഘാതവും കൂടിയായപ്പോള്‍ രോഗികള്‍ കൂടുതലായി മരിച്ചു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനംപേരില്‍ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങള്‍ പ്രകടമായി. പൊതുവേ പറഞ്ഞാല്‍, ഹാര്‍ട്ടറ്റാക്കുണ്ടായ കൊവിഡ് രോഗികളില്‍ മരണനിരക്ക് 10-12 ശതമാനമായി വര്‍ദ്ധിച്ചു.
കൊവിഡ്-19 വൈറസിനെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നോര്‍ക്കണം. ലോകമാസകലം ശീഘ്രഗതിയില്‍ നൂറില്‍പ്പരം വാക്‌സിനുകളുടെ നിര്‍മ്മാണയജ്ഞമാണു നടക്കുന്നത്. ഹൈഡ്രോക്‌സിക്ലോറോക്യൂന്‍-ആസിത്രോമൈസിന്‍ സംയുക്തം, പാരസെറ്റാമോള്‍, വിറ്റമിന്‍ സി, വിറ്റാമിന്‍ ഡി, സ്റ്റിറോയ്ഡ്, രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ എല്ലാം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും രസകരമായ കാര്യം, കൊവിഡ്-19 ബാധിച്ചവരില്‍ 80 ശതമാനം പേരിലും കാര്യമായ യാതൊരു രോഗലക്ഷണങ്ങളുമുണ്ടാകുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഇക്കൂട്ടര്‍ ചികിത്സയൊന്നുമെടുക്കാതെ ചിട്ടയായ ജീവിതശൈലിയിലൂടെ മുന്നോട്ടുപോകുന്നു. 15 ശതമാനം പേരില്‍ മിതമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇക്കൂട്ടരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാം. ശേഷിച്ച അഞ്ചു ശതമാനം പേര്‍ക്കാണ് കലശലായ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ന്യൂമോണിയയും ശ്വാസതടസ്സവും മറ്റനുബന്ധരോഗാവസ്ഥകളും വഷളാകുന്ന ഇക്കൂട്ടരെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സിക്കണം.
ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കൊവിഡ്-19 ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും, വന്നുപെട്ടാല്‍ സങ്കീര്‍ണ്ണതകള്‍ ഏറെയുണ്ടാകാനുള്ള സാധ്യത ഹൃദ്രോഗികള്‍ക്കു കൂടുതലായതുകൊണ്ട് അവര്‍ അനുവര്‍ത്തിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്.
 ഹൃദ്രോഗത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ യാതൊരു മുടക്കവുംകൂടാതെ സേവിക്കുക. ചിലപ്പോള്‍ അതേപേരുള്ള മരുന്നുകള്‍ കിട്ടിയില്ലെങ്കിലും ഉള്ളടക്കം കൃത്യമായാല്‍ മതി. പ്രത്യേകിച്ച് ഹാര്‍ട്ടറ്റാക്ക്-ആന്‍ജിയോപ്ലാസ്റ്റി-ബൈപ്പാസ് സര്‍ജറി തുടങ്ങിയവ കഴിഞ്ഞവര്‍. സ്റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാനും രോഗതീവ്രത കുറയ്ക്കാനും രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം.
കൂടാതെ സ്റ്റാറ്റിന്‍ മരുന്നുകള്‍, ബീറ്റാ ബ്ലോക്കര്‍, ഹൃദയപരാജയത്തിനുള്ള ഔഷധങ്ങള്‍ എല്ലാം മുടങ്ങാതെ കഴിക്കുക.
 നെഞ്ചുവേദനയോ ശ്വാസംമുട്ടലോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടായാല്‍ തീര്‍ച്ചയായും ചികിത്സകനെ കാണുക. പരിശോധനകള്‍ നടത്തി മരുന്നുകള്‍ വേണ്ടരീതിയില്‍ വ്യതിയാനപ്പെടുത്തുക.
 കൃത്യമായ വ്യായാമമുറകളിലേര്‍പ്പെടുക. നടത്തംതന്നെ ഏറ്റവും എളുപ്പവും മെച്ചവും. 30-45 മിനിട്ട് കൃത്യമായി ദിവസവും നടക്കുക.
 ഭക്ഷണത്തിനു പിശുക്കു വേണ്ട. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളം ചൂടുവെള്ളം കുടിക്കുക. ശരീരഭാരം കൂടരുത്.
 ആവശ്യത്തിന് ഉറക്കം വേണം. ദിവസം 7-8 മണിക്കൂര്‍ ഉറങ്ങണം. വായുസഞ്ചാരമുള്ള തുറസ്സായ മുറിയില്‍ ഉറങ്ങുന്നതു നന്ന്.
 ''സ്റ്റീം ഇന്‍ഹലേഷന്‍'' ദിവസവും പല പ്രാവശ്യം എടുക്കുക. പ്രത്യേകിച്ച് പുറത്തുപോയി വീട്ടില്‍ വന്നാല്‍ ഉടന്‍. ഇത് നാസാരന്ധ്രങ്ങളിലെ വൈറസിനെ നിര്‍വീര്യമാക്കാന്‍ പര്യാപ്തമാകും.
 കുളിയും മറ്റും ചൂടുവെള്ളത്തില്‍ മാത്രം. ഉപ്പുള്ള ചൂടുവെള്ളമോ മറ്റൗഷധങ്ങള്‍ ചേര്‍ത്ത ചൂടുവെള്ളമോ കവിളിലും തൊണ്ടയിലും നിര്‍ത്തി പല പ്രാവശ്യം ''ഗാര്‍ഗിള്‍'' ചെയ്യുക.
 മദ്യപാനവും പുകവലിയും കര്‍ശനമായി ഒഴിവാക്കുക.
 പ്രമേഹവും പ്രഷറും  ഉള്ളവര്‍ അവ നിയന്ത്രണവിധേയമാക്കുക.
 അമിതമായ ഭയവും പരിഭ്രാന്തിയും വെടിയുക. എല്ലാ രോഗങ്ങളെയുംപോലെ ഈ വൈറസ് വ്യാപനവും പിടിയിലാകും. അതുകൊണ്ട് അനാവശ്യമായി നൈരാശ്യത്തിലേക്കും വിഷാദരോഗത്തിലേക്കും കൂപ്പുകുത്തരുത്. അതും നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശക്തിയെ താറുമാറാക്കും. ഇപ്പോള്‍ വേണ്ടത് തികഞ്ഞ ആത്മവിശ്വാസമുള്ള ഒരു മനസ്സും കെല്പുള്ള ഒരു ശരീരവുമാണ്. അതുകൊണ്ട് മനസ്സ് എപ്പോഴും ശാന്തമാകണം. നല്ലതു കേള്‍ക്കുകയും പറയുകയും വേണം. നല്ല പുസ്തകങ്ങള്‍ വായിക്കുക, ഗാനങ്ങള്‍ കേള്‍ക്കുക, നല്ല സിനിമകള്‍ കാണുക. അങ്ങനെ ഒരു പോസിറ്റീവ് മനസ്സിന്റെ ഉടസ്ഥരാകുക. സ്വാസ്ഥ്യമുള്ള ശരീരത്തില്‍ രോഗങ്ങള്‍ക്ക് സ്ഥാനമില്ല.


(ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)