ഉഷ്ണതരംഗം മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിമാത്രമായിരുന്നു മലയാളികള്‍ക്ക്. ഉത്തരേന്ത്യയിലായിരുന്നു ഈ പ്രതിഭാസം കൂടുതലായി അനുഭവപ്പെട്ടിരുന്നത്. ഇന്ന് ഇതു കേരളത്തിലുമെത്തി. കുത്തനെ ഉയര്‍ന്ന താപനില ജനജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ഈ കൊടുംചൂടും വരള്‍ച്ചയും വരുംകാലങ്ങളിലും തുടര്‍ന്നേക്കാമെന്നുള്ള സൂചനയാണു നിലവിലുള്ളത്.
കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും യാത്രികര്‍ക്കും തുടങ്ങി എല്ലാവര്‍ക്കും അസ്സഹനീയമാണ് ചൂട്. കൊടുംവരള്‍ച്ചകൊണ്ടു കുടിവെള്ളമില്ലാതെ വലയുന്ന ജനങ്ങള്‍. പക്ഷിമൃഗാദികളെയും ഉഷ്ണതരംഗവും വരള്‍ച്ചയും ഏറെ ബാധിക്കുന്നു. ചൂടുകാരണം ഉണങ്ങിവരണ്ട കാടുകള്‍ക്കു തീപിടിക്കുന്നത് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നില്‍ തൃശൂര്‍, കൊല്ലം ജില്ലകളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. പാലക്കാട്, കണ്ണൂര്‍ ജില്ലകളി ലായി മൂന്നു വയോധികര്‍ സൂര്യാഘാതംമൂലം മരണമടഞ്ഞിട്ടുണ്ട്.
പൊതുവെ കാര്‍ഷികമേഖലയായ പാലക്കാട് ജില്ലയില്‍ വേനല്‍മഴയുടെ ലഭ്യത മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്. അതുകൊണ്ടുതന്നെ, കൃഷിക്കു സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ ഡാമിലെ ജലദൗര്‍ലഭ്യതയും കൃഷിയെ പ്രതികൂലമായി ബാധിച്ചു.
കേരളത്തിന്റെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ നീരൊഴുക്കു നിലച്ചിട്ടു നാളുകളായി. കുടിവെള്ളത്തിനായി പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ആശ്രയിക്കുന്നത് പ്രധാനമായും നിളയെയാണ്.
എന്താണ് ഉഷ്ണതരംഗം?
ശരാശരി ഉയര്‍ന്ന ഊഷ്മാവിനെക്കാള്‍ 5 ഡിഗ്രി കൂടുതലായി അഞ്ചു ദിവസത്തിനു മുകളില്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ ഉഷ്ണതരംഗമായി. ഉഷ്ണതരംഗത്തിനു പല കാരണങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കാരണം, അന്തരീക്ഷവായുവിന്റെ ഘടികാരദിശയിലുള്ള കറക്കമാണ്. അന്തരീക്ഷത്തില്‍ ഒന്നര കിലോമീറ്ററിനും മുകളിലായി ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ആന്റിസൈക്ലോണ്‍ വായുവിനെ താഴോട്ടു ഞെരിച്ചമര്‍ത്തുകയും തത്ഫലമായി സമ്മര്‍ദത്തിനടിമപ്പെടുന്ന വായു കൂടുതല്‍ ചൂടാകുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഇന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ഉഷ്ണതരംഗത്തിന്റെ പ്രധാനകാരണം. ഇതിന്റെ ഫലമായി കേരളത്തിലും താപനില കൂടുന്നു.
ആഗോളകാലാവസ്ഥയില്‍ സൂര്യനിലെ ചാക്രികമാറ്റങ്ങളാണ് ചൂടിന്റെ വര്‍ധനയ്ക്കു പിന്നില്‍. 2018, 2019 വര്‍ഷത്തില്‍ സൂര്യന്റെ തീവ്രത കുറഞ്ഞിരുന്നതിനാല്‍ മേഘാവരണം വര്‍ധിക്കുകയും മേഘസ്‌ഫോടനവും തീവ്രമഴയും ഉണ്ടാവുകയും പ്രളയത്തിനു കാരണമാവുകയും ചെയ്തു. പിന്നീട്, സൂര്യന്‍ അടുത്ത ചാക്രികഘട്ടത്തിലേക്കു കടന്നു. അതിനാല്‍, തുടര്‍ന്നുള്ള മൂന്നുനാലുവര്‍ഷത്തേക്കു സൂര്യന്റെ തീവ്രത വര്‍ധിക്കുന്ന നിലയിലായി. ഇതിന്റെ പരിണതഫലം മണ്‍സൂണിന്റെ കുറവും കൊടുംവരള്‍ച്ചയ്ക്കുള്ള സാധ്യതയുമാണ്. സൂര്യനില്‍നിന്നുള്ള വികിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ് അന്തരീക്ഷമാറ്റങ്ങള്‍ക്കു കാരണം.
ഉയര്‍ന്ന ഉഷ്ണതരംഗം കൃഷിനാശത്തിനും ഉയര്‍ന്ന വൈദ്യുതിയുപയോഗത്തിനും കാരണമാകുന്നു. ഉഷ്ണതരംഗം കനത്ത പ്രതിസന്ധികളിലേക്കു രാജ്യത്തെ നയിക്കും. കൃഷിനാശം, ധാന്യങ്ങളുടെ വിലക്കയറ്റം, ജൈവ ഇന്ധനങ്ങളുടെ ലഭ്യതക്കുറവ്, വൈദ്യുതി ഉത്പാദനക്കുറവ്, ജലക്ഷാമം തുടങ്ങിയ ആഗോളപ്രതിസന്ധികള്‍ ഉഷ്ണതരംഗംമൂലം സംഭവിക്കാം. ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന പരിഹാരമില്ലാത്ത ദുരന്തമാണിവ.
പരിഹാരം പ്രകൃതിസംരക്ഷണമാണ്
പറ്റാവുന്നത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും നികത്തിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ സംരക്ഷിച്ചുനിര്‍ത്തുകയും കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കാതിരിക്കുകയും വേണം. ഭാവിയിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍ മുന്നില്‍ക്കണ്ട് സര്‍ക്കാര്‍തലത്തില്‍ പരിഹാരങ്ങള്‍ ചെയ്തുതുടങ്ങണം.
ചിട്ടയോടെയുള്ള ജീവിതചര്യകള്‍കൊണ്ടുമാത്രമേ ചൂടിനെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ശീലമാക്കുക. ക്ഷീണം വരാതിരിക്കാന്‍ നാരങ്ങാവെള്ളം, സംഭാരം തുടങ്ങിയവ കുടിക്കുക. അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്തു ജോലി ചെയ്യുന്നവര്‍ തൊപ്പി ഉപയോഗിക്കുക, വെയിലത്തു യാത്ര ചെയ്യുന്നവര്‍, കുട, സണ്‍ഗ്ലാസ്, വെള്ളം എന്നിവ കരുതുക.
മനുഷ്യനെപ്പോലെതന്നെ കരുതല്‍ മൃഗങ്ങള്‍ക്കും കൊടുക്കണം, കുടിവെള്ളം എപ്പോഴും കരുതിവയ്ക്കണം. കനത്ത വേനലില്‍ മൃഗങ്ങളെ മേയാന്‍ വിടുന്നവര്‍വളരെ സൂക്ഷിക്കുക.
പക്ഷികള്‍ക്കു വെള്ളം കരുതിവയ്ക്കുക. വീടിനു പുറത്ത് ഇപ്പോഴും കുറച്ചു വെള്ളം കിളികള്‍ക്കും ലഭ്യമാകുന്നരീതിയില്‍ വയ്ക്കുക.
പ്രകൃതിയോടുള്ള മനുഷ്യന്റെ മോശമായ സമീപനംതന്നെയാണ് നാം ഇന്നനുഭവിക്കുന്ന പലതരത്തിലുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കു കാരണം. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കു പകരം പുതിയവ പരമാവധി വച്ചുപിടിപ്പിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്.