•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

എല്ലാം ദൈവദാനമെന്നു വിശ്വസിച്ചവള്‍

റോഡിലൂടെ നടന്നുപോകുമ്പോള്‍ പിറകില്‍നിന്നു വണ്ടിയുടെ ഹോണ്‍ കേട്ടാല്‍ നാമെല്ലാം തിരിഞ്ഞുനോക്കും. അതുപോലെ ചില സംഭവങ്ങളോ, അനുഭവങ്ങളോ നമ്മുടെതന്നെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാന്‍ ഇടയാക്കുന്നുണ്ട്. ഈയടുത്തകാലത്ത് ഞാനൊരു മൃതസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. തലേദിവസം വൈകുന്നേരം മൃതദേഹം ഭവനത്തില്‍ കൊണ്ടുവന്നു. ഞങ്ങളും കാണാന്‍പോയി. പുതിയ വീട്, എല്ലാ സൗകര്യങ്ങളുമുണ്ട്. ഹൗസിങ് കോംപ്ലക്‌സാണ്. അയല്‍പക്കത്തു താമസിക്കുന്ന എല്ലാവരും ഭവനത്തിലെത്തി, പ്രാര്‍ഥന നടത്തുകയായിരുന്നു. മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിച്ചു, മരിച്ച സ്ത്രീയാണല്ലോയെന്നാണു ഞാന്‍ കരുതിയത്.
പിറ്റേദിവസം പത്തുമണിക്കായിരുന്നു സംസ്‌കാരം. അതിനും ഞങ്ങള്‍ പോയിരുന്നു. ശവമഞ്ചം പള്ളിയില്‍ എത്തിയപ്പോഴേക്കും പള്ളിനിറച്ച് ആളുകളായി. പുരോഹിതന്‍ പ്രാര്‍ഥനാശുശ്രൂഷ ആരംഭിച്ചു. ചരമപ്രസംഗം നടത്തിയത് ചേടത്തിയെ അറിയാവുന്ന പ്രായമുള്ള ഒരച്ചനായിരുന്നു. മരിച്ചപ്പോള്‍ ചേടത്തിക്ക് എഴുപതു വയസ്സ്. രണ്ടുവര്‍ഷമായി സുഖമില്ലാതിരിക്കുകയായിരുന്നു.
ചരമപ്രസംഗത്തില്‍ അച്ചന്‍ പറഞ്ഞ വാക്കുകളാണ് എന്നെ ചിന്തിപ്പിച്ചത്. ചേടത്തിയെ ചെറുപ്പംമുതല്‍ അച്ചനറിയാം. ഏഴ് ആങ്ങളമാര്‍ക്കുള്ള ഒരു പെങ്ങള്‍. ഒരു മലയുടെ അടിവാരത്തിലായിരുന്നു താമസം. ഒരു കര്‍ഷകകുടുംബമായിരുന്നു അവരുടേത്. അടുത്തെങ്ങും സ്‌കൂളോ പള്ളിയോ ആശുപത്രിയോ ഒന്നുമില്ലായിരുന്നു. ചെറിയ വീട്ടില്‍ സന്തോഷത്തോടെ താമസിച്ചിരുന്ന വലിയൊരു കുടുംബം. പതിനേഴു വയസ്സായപ്പോള്‍ ചേടത്തിക്കു വിവാഹാലോചനകള്‍ വന്നു തുടങ്ങി. മലയുടെ ഏറ്റവും മുകളിലാണ് പാപ്പച്ചന്റെ വീട്. രണ്ട് ആണ്‍മക്കളും, ആറു പെണ്‍മക്കളുമുണ്ട്. പാപ്പച്ചന്‍ ഇളയ മകനാണ്. പാപ്പച്ചന്റെ വീടിനുചുറ്റും അഞ്ചാറേക്കര്‍ സ്ഥലവും കുറെ പശുക്കളും കൃഷിയുമെല്ലാമുണ്ട്. മലയുടെ മുകളിലെത്തിയാല്‍ ആദായമുള്ള ഭൂമിയാണ്. ഇതെല്ലാം അറിഞ്ഞപ്പോള്‍ പാപ്പച്ചനെക്കൊണ്ട് ചേടത്തിയെ വിവാഹം കഴിപ്പിച്ചു. അന്നത്തെ കാലത്ത് പാപ്പച്ചന്റെ വീട്ടിലേക്ക് ജീപ്പുപോലും എത്തുകയില്ല. വിവാഹം മലയുടെ താഴെയുള്ള പള്ളിയിലായിരുന്നു.
പാപ്പച്ചന്റെ കുടുംബത്തില്‍ കാല്‍കുത്തിയതുമുതല്‍ ചേടത്തി ആ കുടുംബത്തിന്റെ ഐശ്വര്യമായി ജീവിച്ചു. പാപ്പച്ചന്റെ അമ്മയോടൊപ്പം അധ്വാനിച്ചു. പെങ്ങന്മാരുടെ വിവാഹം സന്തോഷത്തോടെ നടത്തി. സഹോദരങ്ങളുമായി സ്‌നേഹത്തില്‍ ജീവിച്ചു. കാലത്തിന്റെ പൂര്‍ണതയില്‍ അവര്‍ക്ക് അഞ്ചു മക്കളുണ്ടായി. മക്കള്‍ മലയിറങ്ങി, ദീര്‍ഘദൂരം നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. അങ്ങനെയിരിക്കേ പാപ്പച്ചനൊരു പനി പിടിച്ചു. അറിയാവുന്ന മരുന്നുകളെല്ലാം പ്രയോഗിച്ചുനോക്കി. പനി കുറഞ്ഞില്ല. എന്തായാലും ഒരാഴ്ചകഴിഞ്ഞ് പാപ്പച്ചന്‍ മരിച്ചു. അപ്പോഴേക്കും പാപ്പച്ചന്റെ അപ്പനും അമ്മയും മരിച്ചിരുന്നു. പാപ്പച്ചന്റെ ചേട്ടന്‍ വീടുവച്ച് മലയുടെ താഴെയാണു താമസം.
ചേടത്തിയും അഞ്ചുമക്കളും എന്തെന്നില്ലാതെ വിഷമിച്ചു. എന്നാലും മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ തീരുമാനിച്ചു. സ്വന്തം പറമ്പില്‍ പണിതും, അയല്‍ക്കാരന്റെ പറമ്പില്‍ കൃഷി ചെയ്തും കൂലിപ്പണി ചെയ്തും മക്കളെ നോക്കി. പെണ്‍മക്കളെയും ആണ്‍മക്കളെയും പഠിപ്പിച്ചു. കുട്ടികള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ അവരെയുംകൊണ്ട് വെളുപ്പിനുതന്നെ മലയിറങ്ങി ദൈവാലയത്തില്‍ എത്തിയിരുന്നു. മാതാവിനോടുള്ള ഭക്തി എടുത്തുപറയേണ്ടതായിരുന്നു. പഠനംകഴിഞ്ഞ് പെണ്‍മക്കള്‍ വിദേശരാജ്യങ്ങളില്‍ നേഴ്‌സിങ് ജോലിക്കായി പോയി. അതോടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയാന്‍ തുടങ്ങി. ആണ്‍മക്കളും കഷ്ടപ്പെട്ടു വിദേശരാജ്യങ്ങളില്‍ ജോലി തേടി പോയി. എല്ലാവരുടെയും വിവാഹപ്രായമായപ്പോള്‍ മക്കളുടെ നിര്‍ബന്ധപ്രകാരം മലയിലുള്ള സ്ഥലംവിറ്റ് സൗകര്യമുള്ള സ്ഥലത്തു സ്ഥലം വാങ്ങി ആധുനികരീതിയിലുള്ള വീടു നിര്‍മിച്ചു. മക്കളുടെയെല്ലാം വിവാഹം നടത്തി. എല്ലാവരും സുഖമായി ജീവിക്കുന്നു. കൊന്തനമസ്‌കാരത്തിനിടയിലാണ് അന്ത്യശ്വാസം വലിച്ചതെന്നു പലരും പറയുന്നുണ്ടായിരുന്നു.
എല്ലാവര്‍ക്കും നല്ലതുമാത്രമേ പറയാനുള്ളൂ. വിശ്വാസത്തില്‍ ജീവിച്ചവള്‍, എല്ലാവരോടും സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറി. മക്കളെ നന്നായി വളര്‍ത്തി. ഭര്‍ത്തൃകുടുംബത്തിനു സന്തോഷമേകി. ഭര്‍ത്താവിന്റെ മരണശേഷവും ആ കുടുംബത്തോടു നല്ല ബന്ധം നിലനിര്‍ത്തി. മക്കള്‍ അമ്മയ്ക്കു കൊടുക്കുന്ന പണത്തില്‍നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കു കൊടുക്കാനും മടികാണിച്ചിരുന്നില്ല. പുതിയ വീട്ടില്‍ താമസം തുടങ്ങിയതിനുശേഷം എല്ലാ ദിവസവും ആദ്യത്തെ കുര്‍ബാനയ്ക്ക് എത്തുമായിരുന്നു. എല്ലാം ദൈവത്തിന്റെ ദാനമാണെന്നു വിശ്വസിച്ചവള്‍. സങ്കടവും സന്തോഷവും അനുഭവിച്ചു ജീവിച്ച്, കര്‍ത്താവിന്റെ  സന്നിധിയിലേക്കു ചേര്‍ക്കപ്പെട്ട ചേടത്തിക്ക് ഉചിതമായ യാത്രയയപ്പു നല്‍കുകയെന്നു പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ചിന്തയില്‍നിന്നുണര്‍ന്നത്.
നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്നതു നല്ലതാണ്. ഞാന്‍ എങ്ങനെ? ജീവിതത്തില്‍ എന്തെങ്കിലും നേടിയോ? ഞാന്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തു പറയും? എന്റെ വിശ്വാസം ഞാന്‍ നിലനിര്‍ത്തുന്നുണ്ടോ? മക്കളെയും കൊച്ചുമക്കളെയും ഞാനെങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നു എന്നിവയെല്ലാം. എല്ലാം ദൈവത്തിന്റെ ദാനമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)