സന്ന്യാസിനികള്‍ ആവൃതികളില്‍ ദൈവത്തെ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും
സ്‌നേഹിച്ചും ഇരുന്നാല്‍ മാത്രം പോരാ, സഹജരുടെ വേദനകളില്‍ പങ്കുപറ്റിയും അവര്‍ക്കു സേവനം ചെയ്തും
ആദ്ധ്യാത്മികതയില്‍ വളരണമെന്ന് മദര്‍ വിശ്വസിച്ചു.
സന്ന്യാസത്തില്‍ ഒരു നൂതനപാത ത്രേസ്യാ എന്ന യുവസുന്ദരി തുറന്നിരിക്കുന്നു. ധ്യാനാത്മകതയും കുടുംബബന്ധിയായ പരസ്‌നേഹപ്രവൃത്തികളും സമഞ്ജസമായി സമ്മേളിപ്പിച്ചതാണീ പാത.
2000 ഏപ്രില്‍ 7 ന് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കേ വി. ജോണ്‍പോള്‍ രണ്ടാമന്‍ പറഞ്ഞു: വ്യക്തിപരമായ വിശുദ്ധീകരണം വേണമെന്ന് ദൈവസ്‌നേഹം തന്നോടാവശ്യപ്പെടുന്നതായി മറിയം ത്രേസ്യാ മനസ്സിലാക്കിയിരുന്നു. തന്മൂലം പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അവള്‍ മുഴുകി. അപ്പോള്‍ ആദ്ധ്യാത്മികപരീക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടലും ഉണ്ടായി. എങ്കിലും ക്ഷമയോടും പ്രാര്‍ത്ഥനയോടുംകൂടി സ്ഥിരമായിനിന്ന് തന്റെ ദൈവവിളിയുടെ ഉള്‍പ്പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. അത് തിരുക്കുടുംബസന്ന്യാസസഭയുടെ അടിത്തറ പാകി. ധ്യാനാത്മക അരൂപി, സാധുജനപ്രേമം എന്നീ വിശുദ്ധിയുടെ ദ്വിമുഖസവിശേഷതകളില്‍നിന്ന് ഈ സഭ പ്രചോദനമുള്‍ക്കൊള്ളുന്നു. ഭവനസന്ദര്‍ശനം, നല്ല ഉപദേശം, പ്രാര്‍ത്ഥന, പ്രായശ്ചിത്തം, മുതലായവവഴി പാപികളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാന്‍ അവള്‍ ആവതു ചെയ്തു.
1876 ഏപ്രില്‍ 26 ബുധനാഴ്ച ത്രേസ്യാ ജനിച്ചു. ഇപ്പോഴത്തെ ഇരിങ്ങാലക്കുട രൂപത (22-06-1978 ല്‍ സ്ഥാപിതം) പുത്തന്‍ചിറ ഇടവകയിലെ തോമസ് - താണ്ടാ ദമ്പതികളാണ് മാതാപിതാക്കള്‍. അവരുടെ പുണ്യജീവിതം ത്രേസ്യായെ പുണ്യപാതയിലൂടെ നയിച്ചു. സ്വന്തം മാതാവ് മുഖേന ത്രേസ്യാ യേശുവിനെ കൂടുതല്‍ അറിഞ്ഞു, സ്‌നേഹിച്ചു. കാരണം, ബൈബിളിലെ കാര്യങ്ങള്‍ അമ്മ മകളെ പറഞ്ഞു കേള്‍പ്പിച്ചിരുന്നു.
ത്രേസ്യാ എന്ന പേരു നല്‍കിയത് ആവിലായിലെ ആ വലിയ പുണ്യവതിയെ അനുസ്മരിച്ചാണ്. 12-ാം വയസ്സില്‍ ത്രേസ്യായുടെ അമ്മ മരിച്ചു. അന്നുമുതല്‍ പരി. കന്യാമറിയത്തെ ത്രേസ്യാ സ്വന്തം മാതാവായി സ്വീകരിച്ചു.
38 വര്‍ഷം ത്രേസ്യാ, പല പരീക്ഷണങ്ങള്‍ - സഹനം, സങ്കടം എല്ലാം - സഹിച്ചു ജീവിച്ചു. പിശാച് ത്രേസ്യായെ പലവിധത്തില്‍ പരീക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എങ്കിലും പതറാതെ എല്ലാം അവള്‍ നേരിട്ടു. മാതാവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അവള്‍ തന്റെ ആദ്ധ്യാത്മികപിതാവിനോടു പറഞ്ഞു, മറിയം എന്ന നാമം ത്രേസ്യായോടു ചേര്‍ക്കണമെന്ന്. 1908 ഡിസംബര്‍ 8 ന് അവള്‍ മറിയം ത്രേസ്യായായി.
ഭവനസന്ദര്‍ശനം
പുത്തന്‍ചിറ ഗ്രാമത്തിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മാതാവ് പ്രത്യക്ഷപ്പെട്ട് ത്രേസ്യായോട് ആവശ്യപ്പെട്ടു. അവള്‍ അതിന്‍പ്രകാരം പ്രവര്‍ത്തിച്ചുപോന്നു. എന്നാല്‍, തൃശൂര്‍ ബിഷപ് മാര്‍ മേനാച്ചേരി ത്രേസ്യായെ ഒല്ലൂരിലുള്ള കര്‍മ്മലീത്ത മഠത്തിലാക്കി. പക്ഷേ, കര്‍മ്മലീത്താ ജീവിതരീതിയല്ല തന്റേതെന്നു ത്രേസ്യാ മനസ്സിലാക്കുകയും അത് കുമ്പസാരക്കാരനെ അറിയിക്കുകയും ചെയ്തു. അതേസമയം, ത്രേസ്യാ യുടെ ഭവനസന്ദര്‍ശനങ്ങളുടെ സത്ഫലങ്ങള്‍ അനുഭവിച്ചറി ഞ്ഞ പുത്തന്‍ചിറയിലെ ജനങ്ങള്‍ പിതാവിനോടപേക്ഷിച്ചു, ത്രേസ്യായെ പുത്തന്‍ചിറയില്‍ കൊണ്ടുവരണമെന്ന് ത്രേസ്യായ്ക്ക് അനുകൂലമായി പിതാവ് നിലപാട് എടുത്തു. പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് ത്രേസ്യായ്ക്കുവേണ്ടി ഫാ. വിതയത്തില്‍ ഒരു ഏകാന്തഭവന്‍ നിര്‍മ്മിച്ചു. പണിക്കു പണം തികയാതെ വന്നപ്പോള്‍ ത്രേസ്യാ ഭിക്ഷയാചിച്ച് വേണ്ട തുക സമാഹരിച്ചു. പിതാവ് അയച്ച ഫാ. ജോണ്‍ ഊക്കന്‍ 1913 സെപ്റ്റംബര്‍ 23 ന് ഏകാന്തഭവന്‍ വെഞ്ചരിച്ചു. തുടര്‍ന്ന് 1913 ഒക്‌ടോബര്‍ 7 ന് ത്രേസ്യാ താമസം ഏകാന്തഭവനത്തിലാക്കി. ചില കൂട്ടുകാരികള്‍ രാത്രി കൂട്ടിനു വന്നിരുന്നു. താമസിയാതെ ചിലര്‍ ത്രേസ്യായോടു ചേര്‍ന്നു താമസം തുടങ്ങി. ഇങ്ങനെ തിരുക്കുടുംബ കോണ്‍ഗ്രിഗേഷന്‍ 1914 മേയ് 14 ന് സ്ഥാപിതമായി.
ക്രമേണ അംഗങ്ങള്‍ സഭയില്‍ ചേര്‍ന്നുകൊണ്ടിരുന്നു. കുറെക്കാലം കഴിഞ്ഞ് തുമ്പൂര്‍ എന്ന സ്ഥലത്ത് ഒരു മഠവും ചാപ്പലും പണിതുയര്‍ത്തി. അവിടെ ആറ് അര്‍ത്ഥിനികള്‍ ഒരു ദിവസം തലമുണ്ടു സ്വീകരിക്കുകയും ചെയ്തു. മദര്‍ മറിയം ത്രേസ്യാ മുട്ടിന്മേല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കൂടുതലായി വന്ന ജനം തിക്കലുണ്ടാക്കിയതിനാല്‍ അഴിക്കാലിന്റെ ഒരു ഭാഗം മറിഞ്ഞുവീണ് മദറിന്റെ കാലില്‍ മുറിവുണ്ടായി.
മദറിന്റെ മുറിവേറ്റ കാലില്‍ നീരു കൂടിവന്നു, കൂടെ നല്ല വേദനയും. അതുകൊണ്ട് മദറിനെ ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാക്കി. പ്രമേഹവും വര്‍ദ്ധിച്ചു. എങ്കിലും കാലില്‍ ഓപ്പറേഷന്‍ നടത്തി.
1926 ല്‍ മദര്‍ മറിയം ത്രേസ്യായെ കുഴിക്കാട്ടുശേരിയില്‍ കൊണ്ടുവന്നു. രോഗം വര്‍ദ്ധിച്ചുവന്നതിനാല്‍ രോഗീലേപനം എന്ന കൂദാശ നല്‍കപ്പെട്ടു. പല മഠങ്ങളില്‍നിന്നും സിസ്റ്റേഴ്‌സ് മദറിനെ കാണാന്‍ വന്നു. മദര്‍ എല്ലാവരെയും ആശ്വസിപ്പിച്ചു. നിങ്ങള്‍ എന്തിനു വിഷമിക്കുന്നു? നമ്മുടെ സഭയെ നിങ്ങള്‍ വളര്‍ത്തണം. ആത്മാര്‍ത്ഥതയോടും സ്‌നേഹത്തോടുംകൂടി അധികാരികളോടു പെരുമാറണം. പരസ്പരം സ്‌നേഹിക്കുക, സഹായിക്കുക - ഇതായിരുന്നു മദറിന്റെ അവസാന ഉപദേശം.
മദറിന്റെ ആഗ്രഹപ്രകാരം നിലത്തു പായവിരിച്ച് മദറിനെ അതില്‍ കിടത്തി. ഫാ. വിതയത്തില്‍ മുട്ടുകുത്തി സുകൃതജപം (ഈശോ മറിയം) ചൊല്ലിക്കൊടുത്തു. രാത്രി എട്ടോടെ സ്ഥലം വികാരി കയ്യാലയ്ക്കകം വന്നു. വേദനയുടെ ആധിക്യം ശാന്തതയോടെ സഹിച്ച്, സ്വയം ദൈവത്തിനു സമര്‍പ്പിച്ച് സുകൃതജപം സാവധാനം ചൊല്ലിക്കൊണ്ട് മദര്‍ മറിയം ത്രേസ്യാ പരലോകം പ്രാപിച്ചു.
ആ രാത്രിതന്നെ പൂന്തോട്ടത്തിലെ ജാസ്മിന്‍ ചെടികള്‍ പൂവണിഞ്ഞു. ആ പൂക്കള്‍കൊണ്ട് ശവമഞ്ചം അലങ്കരിച്ചു, ശിരസ്സില്‍ മുടിവയ്ക്കുകയും ചെയ്തു.
1905 ല്‍ തന്റെ 28-ാം വയസ്സില്‍ മറിയം ത്രേസ്യായ്ക്ക് ആദ്യമായി പഞ്ചക്ഷതങ്ങളുണ്ടായി. പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും മൂന്നുമണിമുതല്‍ എട്ടുമണിവരെ ഇതു കാണപ്പെട്ടു.
കുടുംബപ്രേഷിതത്വം എന്ന ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത് മറിയം ത്രേസ്യായാണ്. സന്ന്യാസിനികള്‍ ആവൃതികളില്‍ ദൈവത്തെ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും സ്‌നേഹിച്ചും ഇരുന്നാല്‍ മാത്രം പോരാ, സഹജരുടെ വേദനകളില്‍ പങ്കുപറ്റിയും അവര്‍ക്കു സേവനം ചെയ്തും ആദ്ധ്യാത്മികതയില്‍ വളരണമെന്ന് മദര്‍ വിശ്വസിച്ചു.
ക്രിസ്തുവിനുവേണ്ടി സഹിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ സൂക്തവും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ സഹിക്കുക, എളിമപ്പെടുക എന്ന തത്ത്വവും മറിയം ത്രേസ്യാ സ്വീകരിച്ചിരുന്നു.
2019 ഒക്‌ടോബര്‍ 13 ന് ഫ്രാന്‍സീസ് മാര്‍പാപ്പാ മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചു.