പ്രാര്‍ഥനയ്ക്കു തക്കതായ നിര്‍വചനമുണ്ടോ? അതു ഹൃദയത്തിന്റെ ആന്തരികവിലാപമോ യാചനയോ ആണ്. ദാതാവും രക്ഷകനുമായ ഒരു അദൃശ്യശക്തിയോടുള്ള ബന്ധപ്പെടലാണ് പ്രാര്‍ഥന. ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമല്ല, സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കുമ്പോഴും ദൈവവുമായി ബന്ധപ്പെടണം. ദൈവത്തെ അനുഭവിക്കാത്ത ഒരുവന് യഥാര്‍ഥത്തില്‍ അവിടുത്തെപ്പറ്റി പറയാന്‍ സാധിക്കുമോ? ദൈവത്തെ മുഖാമുഖം കണ്ടവര്‍ ആരെങ്കിലുമുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍... എന്നാല്‍, യഥാര്‍ഥ ദൈവഭക്തന്റെ പ്രാര്‍ഥനയില്‍ ലാഭേച്ഛയുണ്ടാവരുതെന്നാണു തത്ത്വം. അനുഗ്രഹങ്ങളും കഷ്ടതകളും സ്വര്‍ഗവും നരകവും ഒരു സാക്ഷാല്‍ ദൈവഭക്തനു വിഷയമാകരുത്. അവന് ഒന്നു മാത്രം മതി, ദൈവകൃപ. എന്നാല്‍, അഴുക്കും മാലിന്യവും കുമിഞ്ഞുകൂടിക്കിടക്കുന്ന ഒരു ഹൃദയത്തിലേക്ക് ദൈവകൃപ അങ്ങനെ കടന്നുവരില്ല. മാലിന്യമുക്തമായി ഹൃദയം ശൂന്യവത്കരിക്കപ്പെടുമ്പോള്‍ ദൈവകൃപ താനേ വന്നുകൊള്ളും.
ശരീരനാശം സൃഷ്ടിക്കുകയും മരണഭീതിയുളവാക്കുകയും ചെയ്ത് മൃതിഭീകരതയുടെ സംവേദനത്തെ കോര്‍ത്തിണക്കുന്ന രോഗത്തെ അദ്ഭുതകരമായി പിടിയിലൊതുക്കാന്‍ പ്രാര്‍ഥനയ്ക്കും തപസ്സിനും സാധിക്കുമെന്നു നാം തിരിച്ചറിയണം. ശരീരത്തിന്റെ ഊര്‍ജസ്രോതസ്സുകളില്‍ ലീനമായി കിടക്കുന്ന ആന്തരികശക്തികളാണ് രോഗാതുരതയെ തടയുന്നതും ശമിപ്പിക്കുന്നതുമെന്നും നാം മനസ്സിലാക്കണം. ഇവയുടെ സന്തുലിതാവസ്ഥ പതറുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തികള്‍ക്കുള്ള ഉത്തേജനം മാത്രമാണ് വിവിധ ചികിത്സാരീതികള്‍. അല്ലാതെ ഒരു ഔഷധചികിത്സയും ഒരു രോഗത്തെയും പൂര്‍ണമായി ഉന്മൂലനം ചെയ്യുന്നില്ല.
ഡോക്ടര്‍മാരില്‍ പലരും തങ്ങള്‍ ചികിത്സിക്കുന്ന രോഗികള്‍ സുഖം പ്രാപിക്കുമ്പോള്‍ അതു തങ്ങളുടെമാത്രം കഴിവുകൊണ്ടാണെന്നു കരുതി ലഹരികൊള്ളുകയോ അഹങ്കരിക്കുകയോ ചെയ്യുന്നു. ശാസ്ത്രത്തിനു മാത്രമേ എന്തിനും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന ധാര്‍ഷ്ട്യം ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമാണ്; അതവരുടെ കരുത്തായി കരുതുന്നു. ദൈവത്തിന്റെ രോഗശാന്തിപ്രക്രിയ ഇഹലോകത്തു പ്രാവര്‍ത്തികമാക്കാന്‍ നിയുക്തരായ ഉപകരണങ്ങള്‍ മാത്രമാണു ഡോക്ടര്‍മാര്‍ എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് രോഗീശുശ്രൂഷ പൂര്‍ണവും സമഗ്രവുമാകുന്നത്.
1912ല്‍ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഒരുമിച്ച് നൊബേല്‍ പുരസ്‌കാരം ലഭിച്ച അലക്‌സിസ് കാരല്‍ എന്ന ഫ്രഞ്ച്ശാസ്ത്രജ്ഞന്റെ ജീവിതവീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തെയും അദ്ഭുതരോഗസൗഖ്യത്തെയും എപ്പോഴും തള്ളിപ്പറഞ്ഞിരുന്ന അലക്‌സിസ് കാരല്‍, ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ഥാടനകേന്ദ്രത്തില്‍വച്ച് അദ്ഭുതകരമായി രോഗവിമുക്തി നേടിയ ബര്‍ണദത്ത എന്ന യുവതിയുടെ ശാരീരികപരിവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ടറിഞ്ഞ് ഒരു ദൈവവിശ്വാസിയായി മാറി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അവിടുത്തോടുള്ള നിരന്തരമായ പ്രാര്‍ഥനയും മനുഷ്യശരീരത്തില്‍ വിസ്മയകരമായ രാസപരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്നദ്ദേഹം തിരിച്ചറിഞ്ഞു. 1947ല്‍ പ്രസിദ്ധീകരിച്ച 'പ്രാര്‍ഥന' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ അദ്ദേഹം ഇപ്രകാരമെഴുതി: ''പ്രാര്‍ഥനയിലൂടെയാണ് മനുഷ്യന്‍ ദൈവത്തിലെത്തിച്ചേരുന്നതും ദൈവം മനുഷ്യനില്‍ പ്രവേശിക്കുന്നതും. പ്രാണവായുവും ജലവും ആവശ്യമാകുന്നതുപോലെ ദൈവത്തെയും മനുഷ്യനാവശ്യമാണ്.''
കണ്‍മുമ്പില്‍ കാണുന്ന ഗവേഷണനിരീക്ഷണങ്ങളുടെ ഫലങ്ങളെമാത്രം തൊട്ടറിഞ്ഞു വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ സ്പര്‍ശനാതീതവും പ്രകൃത്യതീതവുമായ പ്രതിഭാസങ്ങളോട് അവിശ്വാസം പുലര്‍ത്തുന്നതു യാദൃച്ഛികമല്ല. ഇനി വിശ്വാസമുണ്ടെങ്കില്‍ത്തന്നെ അതു പുറത്തുപറയാന്‍ മടിക്കുന്നവരാണു പലരും. കാരണം, തങ്ങള്‍ മതഭ്രാന്തന്മാരും വിഡ്ഢികളുമായി മുദ്ര കുത്തപ്പെടുമോ എന്ന ഭയം. ധൈഷണികസിദ്ധാന്തങ്ങളെമാത്രം വാരിപ്പുണരുന്ന ശാസ്ത്രജ്ഞര്‍, തനിക്കു പഞ്ചേന്ദ്രിയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അറിവുകള്‍മാത്രമേ പരിചയമുള്ളൂവെന്നു തിരിച്ചറിയുന്നില്ല. പ്രപഞ്ചനിയന്താവായ ദൈവത്തിന്റെ ലക്ഷ്യങ്ങളും സൃഷ്ടിപരിപാലനരഹസ്യങ്ങളും മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണെന്നു വിശുദ്ധ ബൈബിളില്‍ ജോബിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.
ശാസ്ത്രഗവേഷണങ്ങള്‍ക്കു വഴിപ്പെടാത്ത ഒരു പ്രകൃത്യതീതശക്തി അഥവാ ദൈവം ഉണ്ടെന്നു ദൃഢമായി വിശ്വസിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? എന്നാല്‍, അറിവിന്റെ പാരമ്യത്തിലും ദൈവത്തെ കണ്ടെത്തിയ മഹാന്മാരുണ്ടെന്നു മനസ്സിലാക്കണം. ഫയദോര്‍ ഡോസ്റ്റോവ്‌സ്‌കി പറയുന്നതു കേള്‍ക്കണം: ദൈവത്തെക്കൂടാതെയുള്ള ജീവിതം ദുരിതപൂര്‍ണമാണ്. ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തോടു പ്രാര്‍ഥിക്കുകയും ചെയ്യാതെ ജീവിക്കാന്‍ മനുഷ്യന് അസാധ്യമാണ്.
മതം കേവലവിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടാണ്, അല്ലാതെ തെളിവുകളുടെ ബലത്തിലല്ല അതിന്റെ പ്രമാണങ്ങളും തത്ത്വസംഹിതകളും എഴുതിവച്ചിരിക്കുന്നതെന്നു വിമര്‍ശിക്കുന്ന നാസ്തികരും യുക്തിവാദികളുമുണ്ട്. എന്നാല്‍, ലോകം കണ്ട ബുദ്ധിജീവികള്‍ പലരും ഈ വാദഗതിയെ ഖണ്ഡിച്ചിട്ടുണ്ട്. നിരന്തരമായ പ്രാര്‍ഥനയും ധ്യാനവും ശരീരത്തിലുളവാക്കുന്ന ജൈവശാസ്ത്രപരവും രാസഘടനാപരവുമായ വ്യതിയാനങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഗവേഷണനിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ കണ്ടെത്തിയ ഗുണകരമായ ഫലങ്ങള്‍: രക്തസമ്മര്‍ദം കുറയ്ക്കുന്നു, ഹൃദയമിടിപ്പു സന്തുലിതമാക്കുന്നു, ഹൃദയ-ശ്വാസകോശഏകീകരണം സംഭവിക്കുന്നു, നല്ല ഹോര്‍മോണുകളായ സെറോട്ടോണിന്‍, ഡോപ്പമിന്‍, ഓക്‌സിട്ടോസിന്‍, എന്‍ഡോര്‍ഫിന്‍, മെലോട്ടോണിന്‍ എന്നിവയുടെ അളവു വര്‍ധിക്കുന്നു. പ്രതിരോധശക്തി വര്‍ധിക്കുന്നു, സ്‌ട്രെസ് കുറയുകയും മനസ്സു 'പോസിറ്റീവ്' ആകുകയും ചെയ്യുന്നു, സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവുകള്‍ കുറയുന്നു.
ഇന്നത്തെ അതിസാങ്കേതികമികവുള്ള വൈദ്യപരിപാലനരംഗത്ത് ഡോക്ടര്‍മാര്‍ പലപ്പോഴും മെഡിക്കല്‍ ടെക്‌നീഷ്യന്മാരാണെന്നു തോന്നുംവിധമാണ് ചികിത്സ. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിര്‍മിതബുദ്ധിയുടെ കുതിപ്പുകള്‍ ചികിത്സാരംഗത്തെയും കീഴടക്കിക്കൊണ്ടിരിക്കുന്നു. രോഗിയുടെ കഥകള്‍ ശ്രവിച്ച്, അവരുടെ നിസ്വനങ്ങളും പരിദേവനങ്ങളും അനുഭവിച്ചു ചികിത്സ സംവിധാനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഇന്നു വിരളം. അല്പംസമയം രോഗിയോടൊപ്പമിരുന്നു സംസാരിച്ചാല്‍ തീരുന്ന അസ്വാസ്ഥ്യങ്ങള്‍ക്കുപോലും ചെയ്യേണ്ടിവരുന്ന പരിശോധനകള്‍ കൂടുകയാണ്. എന്നാല്‍, സ്‌കാനിങ്ങുകളില്‍ കാണാത്ത രോഗങ്ങളുണ്ടെന്നും അവ കണ്ടുപിടിച്ചു ചികിത്സിക്കാനുള്ള മാര്‍ഗങ്ങള്‍ വേറെയാണെന്നും മനസ്സിലാക്കാന്‍ 'ഹൈടെക്' ഡോക്ടര്‍മാര്‍ തയ്യാറല്ല. രോഗസൗഖ്യത്തിനുള്ള നിരന്തരമായ പ്രാര്‍ഥനയുടെ പ്രസക്തിയെപ്പറ്റി പറഞ്ഞാല്‍ ആ ഡോക്ടര്‍ പഴഞ്ചനാകും. മറ്റു ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ എത്രയെത്ര രോഗികള്‍ എന്റെയടുത്ത് ചികിത്സയ്ക്കായി വരുന്നു! ആയുസ്സ് ഏതാനും മാസങ്ങള്‍ മാത്രം കല്പിക്കപ്പെട്ട രോഗികള്‍, കര്‍ശനമായ ജീവിതചര്യകളിലൂടെയും ഔഷധചികിത്സയിലൂടെയും എത്രയേറെ വര്‍ഷങ്ങള്‍ ജീവിക്കുന്നു! അവരോടു ഞാന്‍ പറയുന്നത് ഒരു കാര്യം മാത്രമാണ്; നിങ്ങള്‍ നിരന്തരമായി പ്രാര്‍ഥിക്കണം. പ്രാര്‍ഥനയുടെ ശക്തിയെപ്പറ്റി അവര്‍ക്കു ഞാന്‍ പറഞ്ഞുകൊടുക്കും.