•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആയിരങ്ങള്‍ക്ക് അഭയമരുളിയ ആത്മീയജ്യോതിസ്സ്

റെ സവിശേഷതകളുടെ ഉടമയായിരുന്ന ഫാ. അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ ഏതര്‍ഥത്തിലും ഒരൊന്നൊന്നര വൈദികനായിരുന്നു. അഗതിസ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്ന ബഹുമാനപ്പെട്ട അവിരാച്ചന്റെ നൂറു വയസ്സ് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ നിത്യസഹായമാതാവിലൂടെ ദൈവം സാധിച്ചുകൊടുത്തു. അച്ചന്റെ ജീവചരിത്രം എഴുതാനുള്ള ആഗ്രഹം പല സന്ദര്‍ഭങ്ങളില്‍ - ഉദാ: അശീതി, ശതാഭിഷേകം, നവതി - അറിയിച്ചിട്ടും വൈമുഖ്യം. 93-ാം വയസ്സില്‍ അദ്ഭുതകരമായി വത്തിക്കാനില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ സന്നിധിയിലെത്തിയ ചരിത്രസംഭവത്തിനു പിന്നാലെ, ജീവചരിത്രത്തിന്റെ കാര്യം ഞാനോര്‍മിപ്പിച്ചു. ''നിനക്കെന്നാ ധൃതി?'' എന്നായിരുന്നു മറുപടി. 
98-ാം വയസ്സിലാണ് ഞങ്ങളുടെ നിര്‍ബന്ധത്തിന് അച്ചന്‍ വഴങ്ങി ''ഫാ. അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ നൂറില്‍ നൂറുമായി നൂറിലേക്ക്'' - എന്ന പുസ്തകം ഞാന്‍ എഴുതിയത്. അവതാരിക എഴുതിയത് പാലാ രൂപതയുടെമാത്രമല്ല, കേരള കത്തോലിക്കാസഭയുടെതന്നെ അഭിമാനമായ അഭിവന്ദ്യ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പിറ്റേവര്‍ഷം ജീവചരിത്രം ഇംഗ്ലീഷില്‍ എഴുതാനുള്ള എന്റെ ആഗ്രഹത്തിന് ആദ്യമറുപടി 'നേരമാകുമ്പം പറഞ്ഞേക്കാം. നീ ധൃതിപിടിച്ചിട്ടു കാര്യമില്ല' എന്നായിരുന്നു. പിന്നീട് സമ്മതിച്ചു. ഞാന്‍ അവതരിപ്പിച്ച മൂന്നു തലക്കെട്ടുകളില്‍ അ േവേല ഠംശഹശഴവ േീള മ എൃൗശളtuഹ ഇലിൗേൃ്യ അച്ചന് ഇഷ്ടപ്പെട്ടു. ദൈവത്തില്‍ ഏറെ ആശ്രയിച്ച്, ഈശോയെയും നിത്യസഹായമാതാവിനെയും ഹൃദയത്തോടു ചേര്‍ത്തുവച്ചിരുന്ന കൈപ്പന്‍പ്ലാക്കലച്ചന്റെ സെഞ്ച്വറി എന്ന ആഗ്രഹം സ്‌നേഹഗിരി സിസ്റ്റേഴ്‌സിന്റെ സ്‌നേഹപൂര്‍ണമായ പരിചരണത്താല്‍ സഫലമായി. 2014 ഏപ്രില്‍ 16 ന് നൂറു വയസ്, തുടര്‍ന്ന് മൂന്നാഴ്ചകൂടി. 
കൈപ്പന്‍പ്ലാക്കലച്ചന്റെ ഔന്നത്യം മനസ്സിലാക്കാന്‍ 2014 മേയ് 6 ലെ മൃതസംസ്‌കാരംമാത്രം മതി. അന്നുവരെ പാലാ കണ്ട ഏറ്റവും ജനനിബിഡമായ സംസ്‌കാരശുശ്രൂഷകള്‍. രണ്ടു കര്‍ദിനാള്‍മാര്‍, പത്തു ബിഷപ്പുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാലു മന്ത്രിമാരും, നൂറുകണക്കിനു വൈദികരും സിസ്റ്റേഴ്‌സും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പതിനായിരങ്ങളും (ഇതിനെ പിന്നിലാക്കിയ പാലായിലെ ഏക അന്ത്യയാത്ര പ്രിയങ്കരനായിരുന്ന കെ.എം. മാണിസാറിന്റേതുമാത്രം). 
സഭാധികാരികളുടെ പ്രോത്സാഹനവും പാലായിലെയും പരിസരത്തെയും വമ്പിച്ച ജനപിന്തുണയും തടസ്സങ്ങള്‍ മറികടക്കാന്‍ അച്ചനെ പ്രാപ്തനാക്കി. പ്രാതികൂല്യങ്ങളുടെ മധ്യത്തില്‍നിന്ന് അച്ചനെ കൈപിടിച്ചുയര്‍ത്തിയ ഒരു മഹല്‍വ്യക്തിത്വമാണ് ലോകാവസാനംവരെ മുഴങ്ങുന്ന 'ഹരിവരാസന'ത്തിന്റെയും പതിനായിരക്കണക്കിന് സൂപ്പര്‍ഗാനങ്ങളുടെയും ഉടമ പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്. 1980 മുതല്‍ 1992 വരെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഒരു പ്രതിഫലവും വാങ്ങാതെ ദാസേട്ടന്‍ നടത്തിയ അഞ്ചു ഗാനമേളകള്‍ കൈപ്പന്‍പ്ലാക്കലച്ചന്റെ സാമ്പത്തികഭദ്രതയും ഒപ്പം ആത്മവിശ്വാസവും ദ്വിഗുണീഭവിപ്പിച്ചു. 2010 ല്‍ അച്ചനെ ചെത്തിമറ്റത്തെ ദൈവദാന്‍ സെന്ററില്‍ സന്ദര്‍ശിച്ച യേശുദാസ് ഒരു ഗാനമേളകൂടി ഓഫര്‍ ചെയ്തു. നടക്കാന്‍ ബുദ്ധിമുട്ടിലായിരുന്ന അവിരാച്ചനച്ചന്‍ വേച്ചുവേച്ച് എഴുന്നേറ്റ് ദാസിന്റെ ഇരുകൈകള്‍ കൂട്ടി നന്ദിയോടെ, ക്ഷമാപണത്തോടെ പറഞ്ഞു: ''ടിക്കറ്റ് വില്‍ക്കാന്‍ വീടുകള്‍ കയറാന്‍ എനിക്കാവില്ലല്ലോ മോനേ.'' 
അച്ചന്‍ പാലായില്‍ സ്ഥാപിച്ച സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ്, മലയാറ്റൂരില്‍ തുടക്കമിട്ട ദൈവദാന്‍ സന്ന്യാസിനീസമൂഹം എന്നിവയിലെ അറുന്നൂറോളം സിസ്റ്റേഴ്‌സിലൂടെ, 110 അഗതിഭവനങ്ങളിലെ 5300 ലേറെ നിരാശ്രയര്‍ക്ക് സ്‌നേഹസംരക്ഷണം. ഇതില്‍ വൃദ്ധ സ്ത്രീ-പുരുഷന്‍മാര്‍, നിര്‍ധന ബാലികാബാലന്‍മാര്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍ എല്ലാം ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് അഗതികള്‍ക്ക് അവരുടെ ഒപ്പം വസിച്ച് സ്‌നേഹശുശ്രൂഷയും ഭാഗ്യമരണവും നല്‍കി എന്നതുമാത്രമല്ല കൈപ്പന്‍പ്ലാക്കലച്ചന്റെ വ്യത്യസ്തത. സാമ്യമറ്റ ആ പ്രവര്‍ത്തനമികവിന്റെ ഉത്തമദൃഷ്ടാന്തങ്ങളില്‍ ചിലതാണ് പാലാ ളാലം സെന്റ് മേരീസ് ദൈവാലയവും അവിടെ തുടക്കമിട്ട നിത്യസഹായമാതാവിന്റെ നൊവേനയും. 1958 ല്‍ തുടങ്ങിയ കേരളത്തിലെ രണ്ടാമത്തെ നിത്യസഹായമാതാവിന്റെ നൊവേന ഒരുകാലത്ത് ആയിരങ്ങളെ പാലായിലേക്ക് ആനയിച്ചു. അവിശ്വസനീയമായ ചെലവുചുരുക്കലില്‍ ഏതാണ്ട് അറുപതിനായിരത്തില്‍ താഴെ രൂപമാത്രം മുടക്കി ആറു മാസംകൊണ്ട് അച്ചന്‍ പുതുക്കിപ്പണിത ളാലം പഴയ പള്ളി ലാളിത്യത്തിന്റെയും വിസ്തൃതിയുടെയും സര്‍വോപരി യഥാര്‍ഥ ദൈവസാന്നിധ്യത്തിന്റെയും ഉദാത്തമാതൃകയായി നിലകൊളളുന്നു. പാലാ ടൗണ്‍ കുരിശുപള്ളിയില്‍ നടത്തപ്പെടുന്ന ജൂബിലിത്തിരുനാളിന് മുപ്പതിലേറെ വര്‍ഷക്കാലം ആദ്യദിനപ്രസംഗകന്‍ കൈപ്പന്‍പ്ലാക്കലച്ചനും സമാപനപ്രസംഗകന്‍ പാലാ ബിഷപ്പുമായിരുന്നു.
യാതൊരുവിധ വിദേശസഹായത്തിനോ സ്ഥാപനപിന്തുണയ്‌ക്കോ പോകാതെ നേടിയെടുത്ത അന്യാദൃശമായ പൊതുജനസഹകരണം പ്രതിസന്ധികളുടെ പ്രദോഷങ്ങളിലും കൈപ്പന്‍പ്ലാക്കലച്ചനു കരുത്തുനല്‍കി. പുതിയ ബിസിനസ് സംരംഭങ്ങള്‍, പുതിയ വാഹനങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ഏതു മംഗളകര്‍മ്മത്തിനും പാലാക്കാര്‍ക്ക് നാല്പതു വര്‍ഷത്തോളം കൈപ്പന്‍പ്ലാക്കലച്ചന്‍മാത്രം മതിയായിരുന്നു. ഏറ്റവുമധികം പേര്‍ക്ക് അന്ത്യകൂദാശയും ഭാഗ്യമരണവും നല്‍കിയതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം അച്ചന്‍ അര്‍ഹിക്കുന്നു. സുദീര്‍ഘമായ സേവനപാതയിലെ ആദ്യനാഴികക്കല്ലുകളായ പാലാ ബോയ്‌സ് ടൗണ്‍, കൊഴുവനാല്‍ ഗേള്‍സ് ടൗണ്‍ തുടങ്ങിയവയില്‍ സംരക്ഷണവും പരിശീലനവും ലഭിച്ച് നല്ല നിലയിലെത്തിയ നാനാജാതിമതസ്ഥരുടെ സംഖ്യ അഞ്ചക്കമാണ്.
അനാഥര്‍ക്കും ദരിദ്രര്‍ക്കുംവേണ്ടി എക്‌സ്ട്രാ മൈല്‍ നടക്കാന്‍ എന്നും സന്നദ്ധനായിരുന്ന കൈപ്പന്‍പ്ലാക്കലച്ചന്റെ സവിശേഷതകള്‍ എളുപ്പത്തില്‍ സംഗ്രഹിക്കാനാവും: 
1. മികച്ച നേതൃത്വയോഗ്യതകള്‍ - സംഘാടകവൈഭവം, ദീര്‍ഘവീക്ഷണം, നിശ്ചയദാര്‍ഢ്യം, കഠിനാധ്വാനം, ധാര്‍മികത, നയചാതുര്യം, തികഞ്ഞ ആതിഥ്യമര്യാദ. 
2. ക്രിയാത്മകമനോഭാവം
3. നലംതികഞ്ഞ പ്രസംഗവൈഭവം
4. അഗതികളോടുള്ള സഹഭാവം
5. പ്രതിസന്ധികളില്‍ തളരാത്ത ആത്മവിശ്വാസം
6. അധികാരികളോടുള്ള ആദരവ്
7. ജീവിതലാളിത്യം, മിതവ്യയം
8. വായന - സഞ്ചാരപ്രിയം 
9. നര്‍മബോധം
10. ദൈവേഷ്ടത്തിനുള്ള സമര്‍പ്പിതഭാവം
2014 മേയ് 4ന് അന്തരിച്ച ഞങ്ങളുടെ ബഹുമാനപ്പെട്ട എബ്രാഹം കൈപ്പന്‍പ്ലാക്കലച്ചന്റെ കബറിടത്തില്‍ നിരവധിപേര്‍ അനുദിനം പ്രാര്‍ഥിക്കാനെത്തുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട അവിരാച്ചനച്ചന്റെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ ലഭിച്ചവരില്‍ സഹോദരീപൗത്രനായ ഈ ലേഖകനും ഉള്‍പ്പെടുന്നു.

 

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)