•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഈ അതിക്രമങ്ങള്‍ അങ്ങു കാണുന്നില്ലേ?

പ്രധാനമന്ത്രിക്കൊരു കത്ത് 

   സാര്‍, ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി എന്നുമാത്രമല്ല, ലോകത്തിലെ മികച്ച രാഷ്ട്രത്തലവന്മാരിലൊരാള്‍ എന്നൊരു ബഹുമതികൂടി താങ്കള്‍ക്കുണ്ടല്ലോ. അതില്‍ ഈ രാജ്യത്തിനു വലിയ അഭിമാനമുണ്ട്. ആ നിലയില്‍, ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും രാഷ്ട്രസംബന്ധമായ വികാരങ്ങളും ആശങ്കകളും ആകുലതകളും ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കു കഴിയുമെന്ന ഉറപ്പിലും പ്രതീക്ഷയിലുമാണ് ഞാന്‍ ഈ വാക്കുകള്‍ കുറിക്കുന്നത്. 
നിരവധി മക്കളുള്ള ഒരു കുടുംബനാഥന് തന്റെ മക്കള്‍ പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണെങ്കിലും അവരുടെ ന്യായമായ ആവശ്യങ്ങള്‍ മനസ്സിലാക്കാനും നടത്തിക്കൊടുക്കാനും കഴിയുമ്പോഴാണല്ലോ അയാള്‍ യഥാര്‍ഥ കുടുംബനാഥനാകുന്നത്. അതാണല്ലോ കുടുംബനാഥനെന്ന നിലയില്‍ അയാളുടെ ആദ്യചുമതല. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യശുശ്രൂഷകള്‍, ധര്‍മികമൂല്യങ്ങള്‍ എന്നിവ വേണ്ടതുപോലെ കൊടുത്ത് സമാധാനപൂര്‍ണമായ കുടുംബാന്തരീക്ഷം നിലനിര്‍ത്തുക എന്നതൊക്കെ ആ ചുമതലയില്‍ വരുന്നതാണ്. 
വിദ്യാഭ്യാസമാണ് സര്‍വതോമുഖമായ വികസനത്തിന്റെ താക്കോല്‍ എന്നത് ലോകം അംഗീകരിച്ച ഒരു വസ്തുതയാണല്ലോ. ഏതു മാനദണ്ഡം വച്ച് അളന്നാലും ഇന്ത്യയിലെ ഏറ്റവും വികസിതസംസ്ഥാനങ്ങളില്‍ ഒന്നായി നില്‍ക്കാന്‍ കേരളത്തിനുകഴിയുന്നതിന്റെ രഹസ്യവും അതുതന്നെ, വിദ്യാഭ്യാസം. 
രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിശീര്‍ഷവരുമാനത്തില്‍ കേരളം കുറച്ചു പിന്നിലാണെങ്കിലും, വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും ജീവിതനിലവാരത്തിന്റെയും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെയും കുറഞ്ഞ ശിശുമരണനിരക്കിന്റെയുമൊക്കെ  മാര്‍ക്കുകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന്റെ രഹസ്യം ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവുമൊക്കെയാണെന്നു വ്യക്തമാണല്ലോ. വികസിതരാജ്യങ്ങളുടേതിനു തുല്യമാണത് എന്നുപോലും വിലയിരുത്തപ്പെടുന്നു. അങ്ങനെയാണ് രാജ്യാന്തരതലത്തില്‍ 'കേരള മോഡല്‍' എന്നൊരു ബഹുമതി കേരളത്തിനു കിട്ടിയത്.
ഇതെങ്ങനെ സംഭവിച്ചു എന്നതിലേക്കു ഞാന്‍ താങ്കളുടെ സവിശേഷശ്രദ്ധ ക്ഷണിക്കട്ടെ:
നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ വിദേശമിഷണറിമാര്‍ തുടക്കമിട്ട സമഗ്രവിദ്യാഭ്യാസസമ്പ്രദായമാണ് കേരളത്തില്‍ മാറ്റം കൊണ്ടുവന്നത്. ജാതിമതഭേദമെന്യേ സകലര്‍ക്കും പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അവര്‍ ശ്രമിച്ചു. അതേ, 'സകലര്‍ക്കും വിദ്യാഭ്യാസം' എന്നുതന്നെ. അതേത്തുടര്‍ന്ന് ചാവറയച്ചന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയവര്‍ ദളിതരുള്‍പ്പെടെ സകലരെയും വിദ്യയുടെ പ്രകാശത്തിലേക്കു നയിച്ചു. 
മുകളില്‍ പറഞ്ഞ ധന്യാത്മാക്കളും അവരുടെ പിന്മുറക്കാരും,  ആശ്രമങ്ങളും പള്ളിക്കൂടങ്ങളുംവഴി നല്‍കിയ വിദ്യാഭ്യാസമാണ് ഇവിടത്തെ ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കും അടിമകള്‍ക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാകാനും സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനും  അവസരമൊരുക്കിയത്. 
മിഷണറിമാര്‍ എവിടെയൊക്കെ എത്തിയോ, അവിടെയൊക്കെ വിദ്യാഭ്യാസത്തിലൂടെ ഈ പുരോഗതി കൈവന്നതായി കാണാം. 
1947 ല്‍ കേരളത്തിലെ സാക്ഷരതാനിരക്ക് 48 ശതമാനമായിരു ന്നുവെങ്കില്‍ ഇപ്പോള്‍ 94 ശതമാനമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക്.
ഏറ്റവും കുറഞ്ഞ നിരക്കുള്ള തെലുങ്കാനാ,  ആന്ധ്ര, ബീഹാര്‍, യുപി, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍പോലും സ്‌കൂളുകളും ആശുപ ത്രികളുംവഴി ക്രിസ്ത്യന്‍മിഷനറിമാര്‍ ചെയ്യുന്ന സേവനത്തെ സര്‍ക്കാര്‍പോലും കണ്ടില്ലെന്നു വയ്ക്കുകമാത്രമല്ല, തകര്‍ക്കാന്‍ ശ്രമിക്കുകകൂടി ചെയ്യുന്നുവെന്നതു പരിതാപകരമാണ്.
എന്നാല്‍, ജനങ്ങളെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനായിരുന്നു മിഷണറിമാര്‍ വന്നത് എന്നൊരു വ്യാജപ്രചാരണമാണ് ഇപ്പോഴും തുടരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ആകൃഷ്ടരായി അനേകര്‍ അവരോടൊപ്പം ചേര്‍ന്നിട്ടുണ്ടാകാം. ആര്‍ക്കും ഏതു മതത്തിലും വിശ്വസിക്കാനും ഒന്നിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തിലേക്കും മാറാനും സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണഘടനയുള്ള രാജ്യത്ത് മതംമാറ്റം ഒരു കുറ്റമേയല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കുറ്റമാകുന്നത്. എന്നാല്‍, ഏതെങ്കിലുമൊരു മിഷണറി ആരെയെങ്കിലും നിര്‍ബന്ധിച്ചു തന്റെ മതത്തില്‍ ചേര്‍ത്തതായി ഒരു കേസുമില്ല. 
രാജ്യത്തിന്റെ നാനാഭാഗത്തും മുക്കിലും മൂലയിലും ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്ഥാപിച്ച സ്‌കൂളുകളിലും കോളജുകളിലും പഠിച്ച നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം ജനങ്ങള്‍തന്നെയാണ് ഇതിന്റെ സാക്ഷികള്‍. അവിടെ പഠിക്കണമെങ്കില്‍ മതം മാറണമെന്നൊരു വ്യവസ്ഥയുമില്ലായിരുന്നു. അവര്‍ക്കാര്‍ക്കും മതം മാറേണ്ടിവന്നതുമില്ല. പക്ഷേ, അവിടെ പഠിച്ചവര്‍പോലും ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതും സ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതും അതിനെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍ മൗനംപാലിക്കുന്നതും കാണുമ്പോള്‍ രാജ്യത്തിന്റെ അരക്ഷിതാവസ്ഥയെപ്പറ്റി ജനം ആകുലരാകുന്നുണ്ട്.
രാജ്യമെമ്പാടും ഇത്തരം അക്രമങ്ങളും അധിക്ഷേപങ്ങളും നടന്നിട്ടും യാതൊരു നിയമനടപടികളും ഉണ്ടാകുന്നില്ല. ഏറ്റവുമൊടുവില്‍ തെലുങ്കാനാ സംസ്ഥാനത്തെ കണ്ണേപ്പള്ളി ഗ്രാമത്തിലെ മദര്‍ തെരേസ സ്‌കൂളില്‍ നടന്ന ആക്രമണം താങ്കള്‍ അറിഞ്ഞുകാണുമല്ലോ. രാജ്യത്തെ ഏറ്റവും സാക്ഷരത കുറഞ്ഞ സംസ്ഥാനമാണ് തെലുങ്കാന എന്നോര്‍ക്കണം. അവിടെ വളരെ പരിമിതമായ സൗകര്യങ്ങളില്‍, ഒരു ലാഭവും പ്രതീക്ഷിക്കാതെ അനേകം ക്രിസ്ത്യന്‍മിഷണറിമാര്‍ സ്‌കൂളുകളും ആശുപത്രികളും നടത്തുന്നു. അത്തരമൊരു സ്‌കൂളിലാണ് കാവിവസ്ത്രധാരികളായ 120 പേര്‍ എത്തി സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും പ്രിന്‍സിപ്പലിനെ മര്‍ദിക്കുകയും ചെയ്തത്. സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണു നശിപ്പിച്ചത്. എന്തൊരു അന്ധതയും ബുദ്ധിശൂന്യതയുമാണത്! കുട്ടികളെ അപമാനിച്ചു എന്നതാണ് അവരുടെ ആരോപണം. അക്രമികളെ പോലീസിനറിയാമായിട്ടും, സ്‌കൂള്‍ അധികൃതര്‍ പരാതി കൊടുത്തിട്ടും അവര്‍ക്കെതിരേ നടപടി എടുക്കുന്നതിനു പകരം സ്‌കൂളിനെതിരേ കേസെടുത്തതായിട്ടാണു വാര്‍ത്ത. 
കുട്ടികള്‍ സ്‌കൂള്‍യൂണിഫോമിനു പകരം കാവിവസ്ത്രം ധരിച്ചു സ്‌കൂളില്‍ വന്നത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. സ്‌കൂളില്‍ യൂണിഫോം ധരിക്കണമെന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ കുട്ടികളും മാതാപിതാക്കളും ബാധ്യസ്ഥരാണല്ലോ. ഏതൊരു സ്ഥാപനത്തിന്റെയും ഓഫീസുകളുടെയും നല്ല നടത്തിപ്പിന് അത്തരം നിയമങ്ങളുണ്ടായിരിക്കണം. ഞാന്‍ യൂണിഫോം ധരിക്കില്ല എന്നു പറയുന്ന ഒരു സൈനികന് സൈന്യത്തില്‍ തുടരാന്‍ പറ്റില്ലല്ലോ. 
യുപിയിലും മധ്യപ്രദേശിലുമൊക്കെ ആളുകള്‍ സംഘം ചേര്‍ന്ന് അന്യമതസ്ഥരെ ചാണകത്തില്‍ കുളിപ്പിക്കുകയും മര്‍ദിക്കുകയും നിര്‍ബന്ധിച്ചു ജയ് ശ്രീറാം എന്നു വിളിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. പൊലീസിന്റെ കണ്മുന്നില്‍പ്പോലും ഇതു സംഭവിക്കുന്നു. നിര്‍ബന്ധിതമതപരിവര്‍ത്തനംപോലെതന്നെ കുറ്റകരമാണ് ഈ അക്രമങ്ങള്‍. അക്രമികളെ ഇതിനായി അഴിച്ചുവിട്ടിരിക്കുകയാണോ എന്നു തോന്നിപ്പോകും. ഈ അതിക്രമങ്ങള്‍ അവസാനിപ്പിച്ചു സകലര്‍ക്കും പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ താങ്കളോട് അഭ്യര്‍ഥിക്കുന്നു.
തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയുള്ള വോട്ടിങ് നിര്‍ത്തിയിട്ട് യന്ത്രവോട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് അതില്‍ കൃത്രിമമുണ്ട്, മെഷീന്‍ വോട്ടിങ് വിശ്വാസയോഗ്യമല്ല തുടങ്ങിയ ആരോപണങ്ങള്‍. അതു ശരിയാണെന്ന് ഇലക്ട്രോണിക് എഞ്ചിനീയറിങ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ നൂറു ശതമാനം കുറ്റമറ്റതും വിശ്വാസയോഗ്യവുമായ രീതിയിലാണ് തിരഞ്ഞെടുപ്പു നടക്കുന്നതെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം താങ്കള്‍ക്കുണ്ട്. കാരണം,  തട്ടിപ്പിലൂടെയും അട്ടിമറിയിലൂടെയുമല്ലല്ലോ ജനാധിപത്യം ജീവിക്കേണ്ടത്.
മണിപ്പുരിലെ വംശീയകലാപങ്ങളും കൂട്ടക്കുരുതികളും മണിപ്പുരിലെ ഒരു ന്യൂനപക്ഷത്തിന്റെമാത്രം വേദനയല്ല, ഈ രാജ്യത്തിന്റെതന്നെ നീറുന്ന മുറിവാണ്. അതവസാനിപ്പിക്കാന്‍ താങ്കളുടെ ഒരു വാക്കു മതി. അതു കേള്‍ക്കാന്‍ രാജ്യം കാത്തിരിക്കുന്നു.
ചുരുക്കത്തില്‍, രാജ്യത്തെവിടെയും ഏതു മതക്കാര്‍ക്കും ഏതു ജാതിയില്‍പ്പെട്ടവനും പീഡനമര്‍ദനഭീതികളില്ലാതെ ജീവിക്കാന്‍ കഴിയുന്ന യഥാര്‍ഥസ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഈ രാജ്യത്തിനു കഴിയണം. അങ്ങനെയൊരവസ്ഥ സൃഷ്ടിക്കുക എന്ന പ്രഥമദൗത്യം താങ്കള്‍ നിര്‍വഹിക്കുന്നതു കാണാനും രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)