•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

ജീവന്‍ കവര്‍ന്നെടുക്കുന്ന അബദ്ധവിശ്വാസങ്ങള്‍

മാസം ആരംഭത്തില്‍ കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്ത വന്നു. കോട്ടയം സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അധ്യാപികയും അരുണാചല്‍പ്രദേശിലെ  ഒരു ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍  മരിച്ച നിലയില്‍ കാണപ്പെട്ടു. ദമ്പതികള്‍ ആയുര്‍വേദഡോക്ടര്‍മാരായിരുന്നു. അവരുടെ കൂട്ടആത്മഹത്യയ്ക്കു കാരണം സാമ്പത്തികഞെരുക്കമോ രോഗമോ മറ്റാരില്‍നിന്നെങ്കിലുമുള്ള ഭീഷണിയോ ആയിരുന്നില്ല. അവരുടെ തെറ്റായ ചില വിശ്വാസധാരകളാണ് അവരെ ദുരന്തത്തിലേക്കു നയിച്ചത്.
മരണാനന്തരജീവിതത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും അറിയുന്നതിന് അവര്‍ പല വെബ്‌സൈറ്റുകളിലും അന്വേഷണം നടത്തിയതായി പോലീസിന്റെ അന്വേഷണങ്ങളില്‍ വ്യക്തമായി. അന്യഗ്രഹങ്ങളില്‍ മനുഷ്യവാസമുണ്ടെന്നും അവിടെ ഭൂമിയിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമുണ്ടെന്നും അവര്‍ വിശ്വസിക്കാനിടയായി. അന്യഗ്രഹങ്ങളില്‍ പാര്‍ക്കുന്നവരോ അവിടെ മരിച്ച ആത്മാക്കളോ  ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും അവരുടെ അതേ മാനസികതരംഗമുള്ളവരുമായി അവര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ വിശ്വസിച്ചു. മരണത്തിന്റെ പാലം കടക്കാന്‍ ആത്മഹത്യ ചെയ്യുകയോ നരബലി നടത്തുകയോ ചെയ്യുന്നത് യുക്തിക്കു നിരക്കാത്ത കാര്യമാണ്. ഇങ്ങനെ ചിന്തിക്കുന്നവരുടെ സംഘങ്ങള്‍ തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ''പുനര്‍ജനനി'' എന്ന പേരില്‍ ഇത്തരം ചിന്താധാരയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനപോലും പ്രവര്‍ത്തിക്കുന്നുണ്ട്.
അന്യഗ്രഹവാസമുണ്ടെന്നു വാദിക്കുന്നതിന് അവര്‍ അവതരിപ്പിക്കുന്ന ഒരു ന്യായം വിചിത്രമാണ്. ഭൂമിയില്‍ ഒരുകാലത്ത് ലക്ഷക്കണക്കിനു ദിനോസറുകള്‍ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍, വളരെ ചുരുക്കം ദിനോസറുകളുടെ ഫോസിലുകള്‍മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ദിനോസറുകള്‍ അന്യഗ്രഹങ്ങളിലേക്കു സംവഹിക്കപ്പെട്ടതാണ് അതിന്റെ കാരണമെന്നാണ് അവരുടെ നിഗമനം. ഇത്തരം വിശ്വാസമുള്ളവര്‍ അതിസ്വാഭാവികശക്തികളിലും അതീന്ദ്രിയാനുഭവങ്ങളിലും താത്പര്യമുള്ളവരാണ്.
ഭൂമിയില്‍ വലിയ പ്രളയമുണ്ടാകുമെന്നും അങ്ങനെ എല്ലാം നാമാവശേഷമാകുന്നതിനുമുമ്പ് അന്യഗ്രഹങ്ങളിലേക്കു മാറണമെന്നോ മരണാനന്തരജീവിതത്തിലേക്കു പ്രവേശിക്കണമെന്നോ അവരാഗ്രഹിക്കുന്നു. ഈ ആഗ്രഹം സഫലമാക്കാന്‍ അതിസ്വാഭാവികശക്തികളെ, അത് തിന്മയുടെ ശക്തികളാണെങ്കില്‍പ്പോലും അതിനെ, ആശ്രയിക്കണമെന്ന് അവര്‍ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ആഭിചാരക്രിയകള്‍, മന്ത്രവാദം, ദുര്‍മന്ത്രവാദം, ബ്ലാക് മാജിക്, ബ്ലാക് മാസ്, സാത്താന്‍സേവ തുടങ്ങിയ തെറ്റായ വിചാരധാരകളിലേക്കും കുറ്റകരമായ പ്രവര്‍ത്തനങ്ങളിലേക്കും അവര്‍ പ്രവേശിക്കുന്നത്. ഇത്തരം അപകടകരവും സദാചാരവിരുദ്ധവുമായ ചിന്താഗതിക്കാരെ കര്‍ശനമായി നേരിടേണ്ടതാണ്. ഇത് ഏതാനും ചിലരുടെ വികലമായ മാനസികഘടനയുടെ ഫലമായി സംഭവിക്കുന്നതാണെന്നു ലാഘവബുദ്ധിയോടെ ചിന്തിച്ചു വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാന്‍ ശ്രമിച്ചാല്‍ അതിനു സമൂഹം വലിയ വിലകൊടുക്കേണ്ടിവരും. വലിയൊരു മാഫിയാസംഘംതന്നെ ഇതിനു പിന്നിലുണ്ട്.
ബ്ലാക് മാജിക്കുപോലുള്ള വിശ്വാസവ്യതിചലനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊതുവെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവരാണ്. എങ്കിലും ഒരേ ചിന്താഗതിക്കാര്‍ തമ്മില്‍ ഗാഢമായ ബന്ധത്തിലാണു ജീവിക്കുക. അവരെ ഒന്നിപ്പിക്കുന്നത് മദ്യവും മയക്കുമരുന്നുകളും ലൈംഗികവൈകൃതങ്ങളും കൂട്ട ആത്മഹത്യകളും നരബലിയുമൊക്കെയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മതവിരുദ്ധശക്തികളും സമൂഹവിരുദ്ധപ്രസ്ഥാനങ്ങളുമുണ്ട്. കത്തോലിക്കാസഭയെ തകര്‍ക്കുന്ന ആന്റി ജീസസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നു.
തിന്മയുടെ ശക്തികളെ ആരാധിക്കുകവഴി അവര്‍ പ്രസാദിക്കുമെന്നും അവരുടെ ശക്തി തങ്ങളിലേക്കു സന്നിവേശിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ആ ശക്തിയുപയോഗിച്ച് ഭൗതികനേട്ടങ്ങളുണ്ടാക്കാം, മെച്ചപ്പെട്ട ജീവിതം നയിക്കാം ശത്രുസംഹാരം സാധിക്കാം എന്നൊക്കെയാണ് അവരുടെ ധാരണ. ഇത്തരക്കാര്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും സാമ്പത്തികഭദ്രതയുള്ളവരും സ്ഥാനമാനങ്ങളുള്ളവരുമാണെന്നതാണ് വിചിത്രമായ സത്യം. അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലില്‍പ്പെടാതെ അവര്‍ക്കു വ്യാപരിക്കാന്‍ സാധിക്കുന്നു. ഇത്തരം ഗൂഢസംഘങ്ങളെ പോലീസ് തിരിച്ചറിയണം. നാട്ടുകാര്‍ ഇക്കൂട്ടരെ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം.
ഏറ്റവും പ്രധാനപ്പെട്ടത് മതങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുക എന്നതാണ്. നാമമാത്രമതാത്മകജീവിതത്തില്‍നിന്ന് ആഴമായ വിശ്വാസബോധ്യങ്ങളിലേക്കു വിശ്വാസികള്‍ വളരുന്നുവെന്ന് അധികാരികള്‍ ഉറപ്പാക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തിന്റെ മറുവശമാണെന്നു വിസ്മരിക്കരുത്. എല്ലാ പ്രബലമതങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും വ്യക്തമായ ദര്‍ശനം നല്‍കുന്നുണ്ട്. ക്രൈസ്തവമതത്തില്‍ പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസത്തില്‍ മരണത്തിന്റെ അര്‍ഥത്തെക്കുറിച്ചും മരണാനന്തരജീവിതത്തിന്റെ പ്രത്യാശയെക്കുറിച്ചും സുവ്യക്തമായ പ്രബോധനം നല്‍കുന്നുണ്ട്: ''ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്റെ ദാതാവായ ദൈവത്തിലേക്കു തിരിച്ചുപോവുകയും ചെയ്യും'' (സഭാപ്രസംഗകന്‍ 12:7). ''ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും'' (യോഹ. 11:25). ''മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.'' അതുകൊണ്ട്, മതങ്ങളുടെ ശരിയായ വിശ്വാസസംഹിതയ്ക്കനുസരിച്ച് ജീവിക്കുകമാത്രമാണ് അബദ്ധസഞ്ചാരത്തിനു പരിഹാരം.

 

Login log record inserted successfully!