അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും കറതീര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാര്‍ അന്തരിച്ചിട്ട് ഏപ്രില്‍ 10 ന് മൂന്നുവര്‍ഷം.
ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപവും കാലത്തിന്റെ കാവലാളുമായിരുന്നു കെ. എം. ചുമ്മാര്‍. കോണ്‍ഗ്രസിന്റെ മഹത്തായ ആദര്‍ശങ്ങളും ആശയങ്ങളും നെഞ്ചിലേറ്റി, ബഹുദൂരം നഗ്നപാദനായി നിവര്‍ന്നുനടന്ന മഹാനായ മനുഷ്യസ്‌നേഹി. കനവുകളും കണക്കുകൂട്ടലുകളും കാലത്തിനു തിരികെ നല്‍കി, ആരോടും യാത്ര പറയാതെ അദ്ദേഹം നോക്കെത്താദൂരത്തേക്കു മെല്ലെ നടന്നുമറഞ്ഞിട്ട് മൂന്നുവര്‍ഷം.
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എനിക്കും എന്നോടൊപ്പം ജീവിക്കുന്ന തലമുറകള്‍ക്കും കെ. എം. ചുമ്മാര്‍ ഒരു വ്യക്തിമാത്രമല്ല; ഗുരുവും ആചാര്യനും സാഹിത്യകാരനും സാംസ്‌കാരികനായകനും വഴികാട്ടിയുമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളദ്ദേഹത്തെ ആദരപൂര്‍വം അഭിസംബോധന ചെയ്യട്ടെ,'ചുമ്മാരുസാറേ' എന്ന്.
ആദര്‍ശവാനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നതിനപ്പുറം എനിക്ക് അദ്ദേഹം പ്രേരണയും പ്രചോദനവുമായിരുന്നു. ഞാന്‍ എഴുതിത്തുടങ്ങുന്ന കാലത്തുതന്നെ എന്നിലെ സാഹിത്യവാസനയെ അദ്ദേഹം തിരിച്ചറിഞ്ഞു. ദീപികയുടെ വാരാന്തപ്പതിപ്പില്‍ 'പാറകളുടെ പാട്ട്' എന്ന കഥ അച്ചടിച്ചുവന്നപ്പോള്‍ സാറ് എന്നെ വിളിച്ചു പ്രോത്സാഹിപ്പിച്ചു: ''കൊള്ളാം ജോസേ.. കഥ നന്നായിരിക്കുന്നു.'' പിന്നീട് കാണുമ്പോഴൊക്കെ അദ്ദേഹം എഴുതാന്‍ നിര്‍ബന്ധിക്കുമായിരുന്നു.
ചുമ്മാര്‍സാര്‍ ചരിത്രബോധമുള്ള ഗ്രന്ഥകര്‍ത്താവും ഒട്ടേറെ സത്യങ്ങളുടെ വെളിപാടുമായിരുന്നു എന്ന സത്യം പുതിയ തലമുറയിലെ പ്രതിഭാശാലികളില്‍ പലര്‍ക്കും അറിഞ്ഞുകൂടാ.
പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ എന്റെ ഗുരുവായിരുന്നു ചുമ്മാര്‍സാര്‍. പിന്തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ഏറെ ഇഷ്ടം ചുമ്മാര്‍സാര്‍ എന്ന കോണ്‍ഗ്രസുകാരനോടോ ചരിത്രപണ്ഡിതനായ എഴുത്തുകാരനോടോ അല്ല; മറിച്ച്, അദ്ദേഹത്തിലെ ഗുരുവിനോടാണ്. അര്‍പ്പണമാനസനായ ഗുരു. ആകാശത്തിനുകീഴിലും ഭൂമിക്കു മുകളിലുമുള്ള ഏതു സംശയവും ചോദിക്കാം. എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സാറിന്റെ നാവില്‍ വിശദമായ ഉത്തരമുണ്ട്. അപാരമായിരുന്നു ആ വലിയ ഗുരുവിന്റെ അറിവും അനുഭവങ്ങളും. സമയം പോകുന്നത് അറിയുകയേയില്ല. അത്രയ്ക്കു വിജ്ഞാനപ്രദവും രസകരവുമായിരുന്നു ആ ക്ലാസുകള്‍.
പ്രഭാഷണകലയിലും അസാധാരണപ്രതിഭയായിരുന്നു ചുമ്മാര്‍സാര്‍. നാലും അഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേഹം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നു. വാക്കുകളുടെ, ആശയങ്ങളുടെ അനര്‍ഗളമായ പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍.
ആത്മാര്‍ഥതയുടെ പര്യായമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവനുതുല്യം സ്‌നേഹിക്കുന്ന തന്റെ കോണ്‍ഗ്രസിനെ പുകഴ്ത്തിപ്പറയുമ്പോഴും മറ്റു പാര്‍ട്ടികളെ ഇകഴ്ത്തിക്കാണിക്കാനോ കുറ്റപ്പെടുത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. അതായിരുന്നു കെ. എം. ചുമ്മാര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യക്തിത്വം. കോണ്‍ഗ്രസിനുവേണ്ടി ജീവിച്ച സാത്വികനായ ഈ വലിയ മനുഷ്യന്‍ ഏറെ സ്‌നേഹിച്ചിരുന്നത് അക്ഷരങ്ങളെയും പുസ്തകങ്ങളെയുമാണ്. കിട്ടാവുന്നത്ര പുസ്തകങ്ങളും വാരികകളും വാര്‍ഷികപ്പതിപ്പുകളും തേടിനടന്നു വാങ്ങിക്കൂട്ടി. അവയെല്ലാം സ്വന്തം മുറികള്‍ക്കുമാത്രമല്ല, മുറ്റത്തെ വായനശാലയ്ക്കും മുതല്‍ക്കൂട്ടാക്കി. പുസ്തകങ്ങളുടെ വെറും സൂക്ഷിപ്പുകാരനായിരുന്നില്ല അദ്ദേഹം. അക്ഷരങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവച്ച് ഓമനിക്കുകയും അവയെ നിധിപോലെ കാത്തുവയ്ക്കുകയും ചെയ്തു അദ്ദേഹം.
ഒരു സര്‍വകലാശാലയോ ഗുരുകുലമോ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ മനസ്സ്. പിഴയ്ക്കാത്ത വാക്കുകളും പതറാത്ത ചുവടുകളും എന്നും സാറിന്റെ പ്രത്യേകതയായിരുന്നു.
തകഴി, കേശവദേവ്, ബഷീര്‍, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, വയലാര്‍ തുടങ്ങിയ എഴുത്തുകാരെ പുതിയകാലത്തിനു പരിചയപ്പെടുത്താനും അവരുടെ അപ്രകാശിതരചനകളെ കണ്ടെത്തി പ്രസിദ്ധീകരിക്കാനും സാര്‍ സമയം കണ്ടെത്തി. കേരളസാഹിത്യ അക്കാദമി മെമ്പറായും കേരളഗ്രന്ഥശാലാസംഘം അംഗമായും പ്രവര്‍ത്തിക്കാനുള്ള അവസരവും ചുമ്മാര്‍സാറിനു ലഭിച്ചു. കോണ്‍ഗ്രസിനെയും പാലാ സെന്റ് തോമസ് കോളജിനെയും കുറിച്ചുള്ള ചരിത്രരചനകള്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ അടയാളപ്പെടുത്തലുകളാണ്.
മഹാത്മാഗാന്ധിയായിരുന്നു എന്നും ചുമ്മാര്‍സാറിന്റെ രാഷ്ട്രീയഗുരു. ആ മഹാത്മാവിനെക്കുറിച്ചുള്ള അറിവും പഠനവുമാണ് സാറിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു വളര്‍ത്തിയത്. ഗുരുവിനെപ്പോലെ വലിയ ചിന്തകളുടെയും എളിയജീവിതത്തിന്റെയും ഉടമയായിരുന്നു എന്നും ചുമ്മാര്‍സാര്‍. തൂവെള്ളഖദറിന്റെ വെണ്മയും വിശുദ്ധിയും മങ്ങാതെ സൂക്ഷിച്ച കൊച്ചുമനുഷ്യന്‍. ജീവിതകാലത്ത് ഒരിക്കല്‍പ്പോലും ആ കാലുകളില്‍ പാദുകം ധരിച്ചു കണ്ടിട്ടില്ല. നിഷ്പാദുകനായിരുന്നു എന്നും അദ്ദേഹം. കൈയില്‍ പുസ്തകങ്ങളോ, ഏറ്റവും പുതിയ വാരികകളോ ഉണ്ടാകും. വായിച്ചശേഷം അവയെല്ലാം താനുംകൂടി ചേര്‍ന്നു സ്ഥാപിച്ചെടുത്ത വേഴങ്ങാനം 'ഗ്രാമീണ' വായനശാലയ്ക്കു സമ്മാനിക്കുകയായിരുന്നു.
ആള്‍ക്കൂട്ടത്തിനു നടുവില്‍ തനിയെ നടന്ന ഒരാള്‍. പദവികളോ പ്രശസ്തിയോ ആഗ്രഹിക്കാത്ത, തേടിപ്പോകാത്ത മനുഷ്യന്‍. നാട്ടില്‍ ഒരു പഞ്ചായത്തു മെമ്പര്‍ ആവാന്‍പോലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല.
'എന്റെ ജീവിതം എനിക്കുള്ളതല്ല, അത് വരുംതലമുറയ്ക്കുകൂടി ഉപകാരപ്പെടണം' എന്ന ചിന്താഗതിയിലായിരുന്നു എന്നും, വേഴങ്ങാനംകാരുടെ, പ്രവിത്താനത്തിന്റെ, പാലായുടെ, കോട്ടയത്തിന്റെ, കേരളത്തിന്റെ, പിന്നെ കോണ്‍ഗ്രസിന്റെ സ്വന്തം 'ചുമ്മാര്‍ സാര്‍.'
ഒരിക്കല്‍ സംഭാഷണത്തിനിടയില്‍ സാറിന്റെ ഭാര്യ ചോദിച്ചു: ''ജോസേ, നിങ്ങളൊക്കെ നോക്കിയാല്‍ സാറിന് ഒരു നല്ല സ്ഥാനം നേടിക്കൊടുക്കാനാവില്ലേ?'' മറുപടിക്കു കാത്തുനില്‍ക്കാതെ റ്റീച്ചര്‍ സ്വയം പറഞ്ഞു: ''നല്ല മനുഷ്യരും വലിയ വ്യക്തികളും ഇങ്ങനെയാണ്.'' ആ നല്ല മനുഷ്യന്റെ വിശുദ്ധമായ മനസ്സിനു മുമ്പില്‍ ഒരുപിടി ഓര്‍മപ്പൂക്കള്‍!