•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അടയാളങ്ങള്‍ സൃഷ്ടിച്ച അതികായന്‍

കെ.എം. മാണി അന്തരിച്ചിട്ട് ഏപ്രില്‍ ഒമ്പതിന് അഞ്ചുവര്‍ഷം

കേരളം ഇനി എങ്ങനെയെല്ലാം മാറി മറിഞ്ഞാലും, അതിന്റെ രാഷ്ട്രീയഭൂപടത്തില്‍ കെ.എം. മാണി എന്ന അതികായന്‍ സൃഷ്ടിച്ച അടയാളങ്ങള്‍ക്ക് ആര്‍ക്കും മായ്ക്കാനാവാത്ത മഷിക്കറുപ്പാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ''കേരളശബ്ദ''ത്തിലോ കലാകൗമുദിവാരികയിലോ എന്നു നിശ്ചയം പോരാ, കവര്‍പേജില്‍കെ.എം. മാണിയുടെ ചിരിക്കുന്ന ഒരു മുഖചിത്രം വന്നതോര്‍ക്കുന്നു. അതിനു താഴെ ഒരു തലവാചകവും: കന്നിമണ്ണിന്റെ രാഷ്ട്രീയോന്മേഷം. കെ.എം. മാണിയുടെ രാഷ്ട്രീയപ്രസക്തി വിലയിരുത്തിക്കൊണ്ട് ഉള്‍പ്പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന മുഖലേഖനത്തിന്റെ തലക്കെട്ടായിരുന്നു അത്.
ഓര്‍മയില്‍ ഇപ്പോഴും തങ്ങിനില്ക്കുന്നത് ആ തലക്കുറിയാണ്: കന്നിമണ്ണിന്റെ രാഷ്ട്രീയോന്മേഷം. ഒരുപക്ഷേ, കെ.എം. മാണിയെന്ന രാഷ്ട്രീയനേതാവ് പ്രതിനിധാനം ചെയ്യുന്ന ജനസമൂഹത്തിന്റെയും അവര്‍ ചവിട്ടിനില്ക്കുന്ന മണ്ണിന്റെയും ഒരു ആവേശമുദ്ര എന്ന നിലയിലാവണം അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിച്ചത്. അതെന്തായാലും, അന്ത്യനാളുകളിലെ അല്പകാലമൊഴിച്ചു നിര്‍ത്തിയാല്‍, ജീവിതത്തിലുടനീളം അടിമുടി അദ്ദേഹം ഉന്മേഷവാനായിരുന്നുവെന്നതു നേര്.
വാസ്തവത്തില്‍ ഈ ഉന്മേഷമല്ലേ ആളുകളെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചുനിര്‍ത്തിയതെന്നാലോചിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും  യൗവനം ഇതുപോലെ ജീവിതകാലമത്രയും നിലനിര്‍ത്തിയ മറ്റൊരു രാഷ്ട്രീയനേതാവ് കേരളത്തിലിന്നോളമുണ്ടായിട്ടില്ല. ആരെയും നിരായുധരാക്കുന്ന ചിരികൊണ്ട്, ആളുകളെ അദ്ദേഹം നേരിട്ടു. തൊട്ടും  തലോടിയും അദ്ദേഹം അണികളെ ആവശഭരിതരാക്കി; ആ വഴിയിലൂടെത്തന്നെ എതിരാളികളെ നിഷ്പ്രഭരാക്കി. രാഷ്ട്രീയക്കാരുടെ ചിരി ഒരു പരിഹാസവിഷയമായ ലോകത്ത്, അതിനെ അതിലംഘിക്കുന്ന ഒരു ഭാവമണ്ഡലം തന്റെ സൗഹൃദവലയത്തില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണു വാസ്തവം. മാണിസാര്‍ മനുഷ്യനന്മയിലും മാനവികതയിലും വിശ്വസിച്ച സ്‌നേഹസമ്പന്നനായ ഒരു നല്ല സുഹൃത്തായിരുന്നുവെന്നു നിറകണ്ണുകളോടെ പറയുന്നത്, വെറുമൊരു കേരളകോണ്‍ഗ്രസുകാരനല്ല; എം.പി. വീരേന്ദ്രകുമാര്‍ എന്ന ബുദ്ധിജീവിയാണ്.
ഒരര്‍ത്ഥത്തില്‍ കെ.എം. മാണിയും ഒരു ബുദ്ധിജീവിതന്നെയെന്ന് എത്രയോ പണ്ടേ സക്കറിയ എഴുതി. കേവലം ഒരു പ്രാദേശികകക്ഷിയുടെ നേതാവായിരുന്നിട്ടുകൂടി, തന്റെ വ്യക്തിപ്രഭാവംകൊണ്ട് കേരളത്തിന്റെ അതിര്‍വരമ്പുകളെ നിരന്തരം ഭേദിച്ചുനില്ക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ മരണാനന്തരവും ശ്രദ്ധേയനാക്കുന്ന ഘടകം. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ക്കും, കെ.എം. മാണിയുടെ കാര്യനിര്‍വഹണശേഷിയെയും ഭരണപാടവത്തെയും നിയമപാണ്ഡിത്യത്തെയും സാമ്പത്തികശാസ്ത്രവൈദഗ്ധ്യത്തെയും വാക്‌സാമര്‍ത്ഥ്യത്തെയുംകുറിച്ചു തര്‍ക്കിക്കാന്‍ ഒന്നുമില്ലായിരുന്നുവെന്നു നാമറിയണം. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒറ്റവീല്‍ സൈക്കിളിലിരുന്നുകൊണ്ട്, തികഞ്ഞ മെയ്യഭ്യാസിയെപ്പോലെ അദ്ദേഹം ഒരു കാലഘട്ടത്തെ നയിക്കുന്നത് വലിയ അദ്ഭുതത്തോടെയും അതിലേറെ അസൂയയോടെയും രാഷ്ട്രീയകേരളം നോക്കിക്കണ്ടു.
സ്വന്തം കക്ഷി പലപ്പോഴായി പിളര്‍ന്നു മാറുമ്പോഴും, അപ്രതിരോധ്യമായ മുന്നേറ്റത്തിലൂടെ നേതാക്കന്മാരുടെ നേതാവായി നില്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുന്നണിരാഷ്ട്രീയത്തിന്റെ സൂത്രധാരനായിരുന്നു അദ്ദേഹം. കുശാഗ്രബുദ്ധിയായ ലീഡര്‍ കരുണാകരന്‍പോലും ഓരോ അഴിയാക്കുരുക്കിലും ഭരണപരിഷ്‌കാരനടപടികളിലും മാണിസാറിന്റെ അഭിപ്രായം തേടിയിരുന്നുവെന്നതു ചരിത്രം. അങ്ങനെ തിരുവനന്തപുരത്തിരിക്കുന്നവര്‍  മാത്രമല്ല, അങ്ങു ഡല്‍ഹിയിലിരിക്കുന്നവര്‍വരെ പാലായിലിരിക്കുന്ന കെ.എം.മാണിയെ എത്തിനോക്കി.
കേരളമാകെ നിറഞ്ഞു നില്ക്കുമ്പോഴും ഈ രാഷ്ട്രീയകലാമര്‍മജ്ഞനെ അസഹിഷ്ണുക്കളായ ചില മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പാലായിലേക്കു ചേര്‍ത്തൊട്ടിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വെറുമൊരു പാലാക്കാരനായിരുന്നില്ല അദ്ദേഹം. എത്രയോ മുമ്പേ അദ്ദേഹം ചരിത്രത്തിലേക്കു കയറിപ്പോയി! പരാജയമറിയാതെ എന്നും തന്നെ  താങ്ങിനിറുത്തിയ ജന്മനാടിനെ മറന്നാല്‍ അതു വലിയ കൃതഘ്‌നതയാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പാലായെ കണക്കറ്റു വാഴ്ത്തി, സ്‌നേഹിച്ചു. പക്ഷേ, അദ്ദേഹം നടപ്പാക്കിയ  ജനക്ഷേമകരമായ പദ്ധതികളോരോന്നും കേരളസമൂഹമൊന്നാകെ കൈനീട്ടി സ്വീകരിച്ചവയായിരുന്നു. കര്‍ഷത്തൊഴിലാളി പെന്‍ഷനും കാരുണ്യ പദ്ധതിയും ഉള്‍പ്പെടെ അദ്ദേഹം ആവിഷ്‌കരിച്ച ഭരണനടപടികളൊന്നും പാലായ്ക്കുവേണ്ടി മാത്രമായിരുന്നില്ല.
അതിശയവര്‍ണനകളുടെ ചായം പുരട്ടാതെ ധൈര്യമായി പറയട്ടെ: കെ.എം. മാണി ചരിത്രമെഴുതി സ്വയം ചരിത്രമായ ആളാണ്. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഒളിപ്പിച്ചുവയ്ക്കാനാവാത്ത സത്യങ്ങളാണ്. അടുത്തറിഞ്ഞവരുടെ ഓര്‍മകളില്‍, ചേര്‍ത്തണച്ചുള്ള മാണിസാറിന്റെ കെട്ടിപ്പിടിത്തത്തിന്റെയും പൊട്ടിച്ചിരിയുടെയും മാസ്മരികസ്പര്‍ശം മായാതെ നില്ക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)