ദൈവത്തെ കൈകളില്‍
കോരിയെടുക്കുവാന്‍
കൈവന്ന ഭാഗ്യത്തി-
ന്നുടമയാം താതാ,
പൈതലാം യേശുവിന്‍
പാലനം താവക
കൈകളില്‍ ഭദ്രമായ്
കണ്ടു ദൈവം.
ധൈര്യമോടെതിര്‍വരും
പ്രതികൂലവേളകള്‍
തരണം ചെയ്‌വാനങ്ങേ
മനഃശക്തി ഹേതുവായ്;
തളരാതെ സ്വര്‍ഗീയ
ദൂതുകള്‍ക്കനുസൃതം
തവദീര്‍ഘയാനങ്ങള്‍
ശ്ലാഘനീയം.
മരവേല ചെയ്തുംകൊ-
ണ്ടുപജീവനത്തിനാല്‍
തൊഴിലിന്റെ ശ്രേഷ്ഠത
കാട്ടീ ഭവാന്‍.
ഒരുപാടു പൊരുതി
വളര്‍ത്തി കുമാരനെ
ഒരു മൗനജീവിതം
ചരിതാര്‍ഥമായ്.
പരിഭവമില്ലാത്ത
ഗൃഹനാഥനാമങ്ങേ-
പ്പിതൃഭാവമുന്നതം
യൗസേപ്പിതാവേ
കരപുടംകൊണ്ടു
നമിക്കുന്ന ഞങ്ങളെ
കരുതണേ നാക-
വരങ്ങളാലേ.