വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ആശ ശോഭനയും മിന്നും മണിയും സജന സജീവനും. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഉജ്ജ്വലതിരിച്ചുവരവു നടത്തി 400 മീറ്റര്‍ താരം നോഹ നിര്‍മല്‍ ടോമും ലോങ് ജംപ് താരം നയന ജയിംസും. ഈയിടെ കായികകേരളം ഏറെ ചര്‍ച്ച ചെയ്തത് ഈ അഞ്ചുപേരുകളാണ്.
ക്രിക്കറ്റ്താരങ്ങള്‍ മൂന്നു പേരും പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചു കടന്നുവന്നവരാണ്. വനിതാക്രിക്കറ്റില്‍ കേരളത്തിനു മേല്‍വിലാസം ഒരുക്കിയവര്‍. നോഹ നിര്‍മല്‍ ടോമും നയന ജയിംസും ഇടക്കാലത്ത് നിറം മങ്ങിയവരായിരുന്നു. പരുക്കും ഫോംനഷ്ടവുമൊക്കെ അതിജീവിച്ച് ഇരുവരും ഇപ്പോള്‍ മുന്‍നിരയിലേക്കു മടങ്ങിവന്നിരിക്കുകയാണ്.
ചെന്നൈയില്‍ വളര്‍ന്ന സുധാഷായും സൂസന്‍ ഇട്ടിച്ചെറിയയും കേരളത്തില്‍ വേരുകള്‍ ഉള്ളവരാണ് എന്നതുമാത്രമാണ് വനിതാ ക്രിക്കറ്റില്‍ ഇതുവരെ നമുക്കു പറയാന്‍ ഉണ്ടായിരുന്നത്. ഇരുവരും 1970 കളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. സുധ പിന്നീട് ഇന്ത്യന്‍ കോച്ചുമായി. വയനാട്ടുകാരി മിന്നുമണി കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ കളിച്ചു. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ടീമിലും അംഗമായിരുന്നു.
വനിതകളുടെ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ സീസണില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. ഏറെ മാധ്യമശ്രദ്ധയും ലഭിച്ചു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കിരീടനേട്ടത്തില്‍ ആശാ ശോഭന പങ്കാളിയായി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശ ശോഭന ഫൈനലില്‍ നേടിയ രണ്ടു വിക്കറ്റുള്‍പ്പെടെ പരമ്പരയില്‍ 12 വിക്കറ്റു വീഴ്ത്തി. പ്ലേ ഓഫില്‍ അവസാന ഓവര്‍ ബൗള്‍ ചെയ്യാന്‍ ലെഗ് സ്പിന്നര്‍ ആശയെയാണ് റോയല്‍ ചലഞ്ചേഴ്‌സ് നായിക സ്മൃതി മന്ഥാന ചുമതലപ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ 12 വിക്കറ്റു വേണ്ടിയിരിക്കെ ആറു റണ്‍സു മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി ആശ ബാംഗ്ലൂര്‍ടീമിനെ ഫൈനലിലെത്തിച്ചു. ലീഗ് റൗണ്ടില്‍ ആദ്യമത്സരത്തില്‍ യു.പി. ടീമിനെതിരേ 22 റണ്‍സിന് അഞ്ചു വിക്കറ്റ് നേടിക്കൊണ്ടായിരുന്നു ആശയുടെ തുടക്കംതന്നെ. നേരത്തേ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലെത്തിയ ആശ സീനിയര്‍ തലത്തില്‍ മികച്ച തുടക്കമാണു കാഴ്ചവച്ചിരിക്കുന്നത്.
മിന്നുമണിയാകട്ടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡല്‍ഹി കാപ്പിറ്റല്‍സ് ടീമില്‍ സ്ഥാനം നേടുന്നത്. രണ്ടു തവണയും ടീം ഫൈനല്‍ കളിക്കുകയും ചെയ്തു. ഫൈനലില്‍ എതിര്‍ടീം നായിക സ്മൃതി മന്ഥാനയെ പുറത്താക്കിയത് മിന്നുവിന്റെ ഓഫ് സ്പിന്‍ മികവാണ്. മിന്നുവിനെപ്പോലെ സജന സജീവനും വയനാട് മാനന്തവാടിസ്വദേശിയാണ്. ഇരുവരും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ വളര്‍ന്നവര്‍. നോക്കൗട്ട് ഘട്ടത്തിലെത്തിയ മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗമായിരുന്ന സജനയ്ക്കാണ് പരമ്പരയിലെ മികച്ച കാച്ചിനുള്ള ബഹുമതി കിട്ടിയത്. യു.പി. വോറിയേഴ്‌സിന്റെ സോഫി എക്‌ളസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചാണ് അംഗീകരിക്കപ്പെട്ടത്.
ഓള്‍ റൗണ്ടറായ സജന ബാറ്റിങ് മികവിലാണ് ഇക്കുറി ശ്രദ്ധിക്കപ്പെട്ടത്. എട്ടാം നമ്പര്‍ ആയി തുടങ്ങി ഓപ്പണറായി മാറിയ ബാറ്റര്‍. ആദ്യമത്സരത്തില്‍ ഡല്‍ഹിടീമിനെതിരേ വിജയിക്കാന്‍ അവസാനപന്തില്‍ മുംബൈയ്ക്ക് അഞ്ചു റണ്‍സ് വേണ്ടിയിരിക്കെ, സജന സിക്‌സര്‍ അടിച്ചു. ഇവര്‍ക്കൊപ്പം പ്രതിഭാശാലികളായ ഏതാനും കൗമാരയുവതാരങ്ങള്‍ കൂടി കേരളവനിതാക്രിക്കറ്റ് ടീമില്‍ ഉണ്ടെന്നതാണു ശ്രദ്ധേയം.
ലോങ് ജംപില്‍ കോഴിക്കോട് ചക്കിട്ടപാറ സ്വദേശിനി നയന ജയിംസ് 2017 ല്‍ ഭുവനേശ്വറില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. തുടര്‍ന്ന് 2018 ല്‍ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ കടന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും മത്സരിച്ചു. പക്ഷേ, പിന്നീടു ഫോം നഷ്ടപ്പെട്ടു. ജൂണിയര്‍ താരങ്ങള്‍ മുന്നിലെത്തുകയും ചെയ്തു. 2023 ല്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ടീമില്‍ സ്ഥാനം കിട്ടിയില്ല.
ഇപ്പോളിതാ, നയന ബംഗളൂരു ദേശീയ ഓപ്പണ്‍ ജംപ്‌സ് മത്സരത്തില്‍ 6.67 മീറ്റര്‍ ചാടി അതിശയകരമായ തിരിച്ചുവരവു നടത്തിയിരിക്കുന്നു. നയനയുടെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. അതിലുപരി ഇന്ത്യന്‍ വനിതാതാരങ്ങളുടെ ലോങ് ജംപ് ചരിത്രത്തിലെ മൂന്നാമത്തെ മികച്ച ചാട്ടമായിരുന്നിത്. ദേശീയ റെക്കോര്‍ഡ് ഉടമ അഞ്ജു ബോബി ജോര്‍ജും (6.83 മീറ്റര്‍), അഞ്ജുവിന്റെ ശിഷ്യകൂടിയായ ഷൈലി സിങ്ങും (6.76 മീറ്റര്‍) മാത്രമാണ് നയനയ്ക്കു മുന്നിലുള്ളത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ വി. നീനയും ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി കരസ്ഥമാക്കിയ ആന്‍സി സോജനും പിന്നിലാണ്. പാരീസ് ഒളിംപിക്‌സിനു യോഗ്യത നേടുകയാണ് നയനയുടെ അടുത്ത ലക്ഷ്യം.
നോഹ നിര്‍മല്‍ ടോം ആകട്ടെ, 2021 ലെ ടോക്കിയോ ഒളിംപിക്‌സില്‍ 4ഃ400 മീറ്റര്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ ഒന്‍പതാംസ്ഥാനംനേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പിന്നീട് ഏതാനും മാസംകൂടി മികവുകാട്ടിയ നോഹയ്ക്കു പരുക്കു വിനയായി. ഇക്കഴിഞ്ഞ സര്‍വീസസ് മീറ്റിലാണു തിരിച്ചുവരവു നടത്തിയത്. തിരുവനന്തപുരത്തു നടന്ന ദേശീയ ഓപ്പണ്‍ 400 മീറ്ററില്‍ ഒന്നാംസ്ഥാനവുമായാണ് തിരിച്ചുവരവ് അറിയിച്ചത്. കോഴിക്കോട് പൂഴിത്തോട് സ്വദേശി നോഹ 46.40 സെക്കന്‍ഡാണ് തിരുവനന്തപുരത്തു കുറിച്ചത്. സര്‍വീസസ് മീറ്റില്‍ 45.99 സെക്കന്‍ഡിന് ഒരു ലാപ്പ് ഓടിയിരുന്നു. ഇനി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തണം. പാരിസ് ഒളിംപിക്‌സ് റിലേ ടീം തന്നെയാണു നോഹയുടെയും ലക്ഷ്യം.
മികച്ച തുടക്കം കുറിച്ചവര്‍ക്കും ഫോം വീണ്ടെടുത്തവര്‍ക്കും 2024 പ്രധാനപ്പെട്ടത്. അത്‌ലറ്റുകള്‍ക്കു മുമ്പില്‍ പാരിസ് ഒളിംപിക്‌സ്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം അകലെയാണ്.പക്ഷേ, മിന്നുമണിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറിപ്പിക്കാനും സജനയ്ക്കും ആശയ്ക്കും സ്ഥാനം കണ്ടെത്താനും അവസരങ്ങളുണ്ട്. കായികകേരളത്തിന് ഒരു പുത്തനുണര്‍വു പ്രദാനം ചെയ്യാന്‍ ഇവര്‍ക്കൊക്കെ സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.