മാനം ചിരിക്കുന്ന കാലമതു കാക്കുന്നു
മര്‍ത്ത്യന്റെ ചിറകറ്റ മോഹം
എല്ലാം കൊഴിഞ്ഞും കരിഞ്ഞും നശിച്ചൊരാ
നാട്ടില്‍ വിശുദ്ധമാം നാട്ടില്‍
പുകമാറിപ്പൊടിമാറിപ്പാരിന്‍ പ്രതീക്ഷയുടെ
വാരൊളി ചിന്നുന്ന പുതുനാമ്പുകള്‍
ഏറ്റം കരുത്തില്‍ ശിരസ്സുയര്‍ത്തി; വിഷം
തുപ്പിയോരാച്ഛിദ്ര നിമിഷങ്ങളെ
അതിജീവനം ചെയ്തു മുന്നിലായ്ത്തീര്‍ത്തിടും
നല്ലോരു നാളെയുടെ നല്‍വസന്തം!
ഓര്‍ത്തിടാമെപ്പോഴും വന്‍മരക്കുരിശതും
ഓര്‍ശലേം ചിന്തിയ കടുനിണവും
ആണ്ടുവട്ടം തികഞ്ഞീടുന്ന വേളകളി-
ലാകുലചിത്തരായ് മാറിടുമ്പോള്‍
നാഥന്‍ ചൊരിഞ്ഞൊരാ മാനവസ്‌നേഹത്തിന്‍
നവ്യരജതകിരണങ്ങളെ
മാനസച്ചെപ്പിലടച്ചു നമുക്കിനി
നല്ല നാളേക്കായി സൂക്ഷിച്ചിടാം.
ചുറ്റിലും പടരുന്ന വിദ്വേഷവഹ്നിതന്‍
കാറ്റിനെ ഒരു കൊടുംമാരിയാലേ
തൂത്തെറിഞ്ഞീടുകില്‍ ഒന്നായിനിന്നിനി
നമ്മള്‍ക്കീയീസ്റ്ററില്‍ ചിരിതൂകിടാം
പീഡിതരായിപ്പിടയുന്ന മര്‍ത്ത്യന്റെ
മേനിയില്‍പ്പൊന്തും വടുക്കളെല്ലാം
നാളെയുടെ വീഥിയില്‍ നമ്മള്‍ക്കു കാട്ടുന്ന
മുദ്രകളതാണെന്നറിഞ്ഞീടേണം.
നൊമ്പരമതെല്ലാമതിമ്പകരമാക്കിയും
സമ്പ്രതി ഭജിച്ചിടാം നാഥനാമം!
ഉയിര്‍ത്തെഴുന്നേല്പിന്റെ നല്ലകാലം!
ഉയിര്‍ത്തെഴുന്നേല്പിന്റെ പുണ്യകാലം!