പ്രഭാവര്‍മ്മയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം
പ്രഭാവര്‍മയുടെ ''രൗദ്രസാത്വികം'' എന്ന കൃതി കെ.കെ. ബിര്‍ള ഫൗണ്ടേഷല്‍ നല്‍കുന്ന 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ''സരസ്വതീസമ്മാന്‍'' പുരസ്‌കാരത്തിന് അര്‍ഹമായി. 12 വര്‍ഷത്തിനുശേഷമാണ് മലയാളത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. 2013-22 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച 22 ഭാഷകളിലെ പുസ്തകങ്ങളില്‍നിന്നു തിരഞ്ഞെടുത്ത അഞ്ചു കൃതികളെയാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്.
നാലാം തവണയാണ് മലയാളത്തിനു സരസ്വതീസമ്മാന്‍ ലഭിക്കുന്നത്. 1995 ല്‍ ബാലാമണിയമ്മയ്ക്കും 2005 ല്‍ അയ്യപ്പപ്പണിക്കര്‍ക്കും 2013 ല്‍ സുഗതകുമാരിക്കും ഈ പുരസ്‌കാരം ലഭിച്ചു.
1959 ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കടപ്രയില്‍ ടി. കെ. നാരായണന്‍ നമ്പൂതിരിയുടെയും പങ്കജാക്ഷിത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദുകോളജില്‍നിന്ന് ആംഗലേയസാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബിയും കരസ്ഥമാക്കിയിട്ടുണ്ട്.
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രഭാവര്‍മ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാവര്‍മ്മ കവിയും എഴുത്തുകാരനും ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമാണ്. 'ഇന്ത്യാ ഇന്‍സൈഡ്' എന്ന ഒരു വാര്‍ത്താധിഷ്ഠിത പരിപാടി പീപ്പിള്‍ ടി.വിയില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
പന്ത്രണ്ടുകാവ്യസമാഹാരങ്ങള്‍, ശ്യാമ മാധവം, കനല്‍ച്ചിലമ്പ്, രൗദ്രസാത്വികം എന്നി കാവ്യാഖ്യായികള്‍, അളലേൃ വേല അളലേൃാമവേ എന്ന ഇംഗ്ലീഷ് നോവല്‍, ഏഴ് ഗദ്യസാഹിത്യകൃതികള്‍, സമകാലികവിഷയങ്ങള്‍ സംബന്ധിച്ച നാലു കൃതികള്‍, ഒരു യാത്രാവിവരണം, ഒരു മാധ്യമസംസ്‌കാരപഠനം എന്നിവ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്‌കാരം, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ നേടിയിട്ടുണ്ട്. ചലച്ചിത്രഗാനരചനയ്ക്ക് രജതകമല്‍ ദേശീയപുരസ്‌കാരം, മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകള്‍, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവയും നാടകരചനയ്ക്ക് രണ്ട് സ്റ്റേറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ദശാബ്ദത്തിലെ മികച്ച സാഹിത്യകൃതിക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ് ശ്യാമമാധവത്തിനു ലഭിച്ചു.
സ്വര്‍ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോയ, പോയകാലജീവിതചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം. ഇതിഹാസപുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച ഈ കാവ്യാഖ്യായിക മലയാളസാഹിത്യ ചരിത്രത്തില്‍ത്തന്നെ തികച്ചും വേറിട്ടുനില്‍ക്കുന്ന സൃഷ്ടിയാണ്.