•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പേടിക്കാഴ്ചകളുടെ മായാലോകം

പേടി കുട്ടികള്‍ക്കുമാത്രമല്ല, മുതിര്‍ന്നവര്‍ക്കുമുണ്ട്. പേടിയുടെ കാരണം മിക്കവാറും മനസ്സിന്റെ അടിത്തട്ടിലായിരിക്കും. അതിനാല്‍, മനസ്സിന്റെ അടിത്തട്ടില്‍ കടന്നുചെന്നു പരിചരിച്ചാല്‍ മാത്രമേ പ്രശ്‌നം മാറൂ.  
പേടി സ്വയം ഉണ്ടാകുന്നതല്ല. ചില സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. പണ്ടൊക്കെ മുത്തശ്ശിക്കഥകള്‍ കേട്ട് കുട്ടികള്‍ പേടിക്കുന്നതു സാധാരണമാണ്. പ്രേതകഥകള്‍ വായിച്ചു പേടിച്ച കുട്ടികളും ഡ്രാക്കുള വായിച്ചു പേടിച്ച മുതിര്‍ന്നവരും ധാരാളം. ഇത്തരം കഥകള്‍ സിനിമകളായപ്പോള്‍ അവ കണ്ട് ഉറക്കം നഷ്ടപ്പെട്ടവര്‍ വേറേ.
ഫോബിയ എന്ത്? 
ഫോബിയ അറുന്നൂറു  തരത്തിലധികമുണ്ട്. എന്നാല്‍, കുട്ടികളുമായി ബന്ധപ്പെട്ട ചില ഫോബിയകള്‍ പരിചയപ്പെടുന്നത് ഈ പരീക്ഷക്കാലത്ത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകരമായിരിക്കും. കൂടുതല്‍ വ്യക്തത ലഭിക്കാനായി ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
 പരീക്ഷക്കാലത്ത് മുറിയില്‍ ഒറ്റയ്ക്കിരുന്നു പഠിക്കുന്നതിലുള്ള പേടി. സ്‌കൂളില്‍ ചെല്ലുമ്പോള്‍ തുറസ്സായ സ്ഥലത്തു സഞ്ചരിക്കാന്‍ പേടി.
 പരീക്ഷാഹാളില്‍ കുട്ടികളുടെ യിടയില്‍ ഇരിക്കാന്‍ പേടി.
 പരീക്ഷാസംബന്ധമായി അധ്യാപകരോടും സുഹൃത്തുക്കളോടും സംശയങ്ങള്‍ ചോദിക്കാനും സംസാരിക്കാനും പേടി. ഇത്തരക്കാര്‍ക്ക് സ്റ്റേജില്‍ കയറാനും പ്രസംഗിക്കാനും ഇന്റര്‍വ്യൂ നേരിടാനും വൈവാ പരീക്ഷയ്ക്കും പേടിയുണ്ടായിരിക്കും.
 പരീക്ഷാഹാളിലും ക്ലാസുമുറിയിലും കടന്നുവരുന്ന ചിലന്തി, പാറ്റ, പല്ലി, ഈച്ച, മൂട്ട, പേന്‍, ചിത്രശലഭം, കരിവണ്ട്, കൊതുക്, പ്രാണികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പേടി. ചിലന്തിയെ കണ്ടു ബോധം കെട്ടുപോയ വിദ്യാര്‍ഥിയുണ്ട്.  പാറ്റയെ കണ്ട്  ടോയ്‌ലറ്റില്‍ കയറാതെ പേടിച്ചുനടന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുണ്ട്.
 പരീക്ഷാഹാളില്‍ ബ്ലേഡുപയോഗിച്ച് പെന്‍സിലിന്റെ മുനകൂട്ടിയപ്പോള്‍ വിരല്‍ത്തുമ്പ് മുറിഞ്ഞു രക്തം വന്നപ്പോള്‍ പേടിച്ചവരുണ്ട്. നേഴ്‌സിങ് പഠിക്കാന്‍ പോയിട്ട് രക്തം കാണുമ്പോഴുള്ള പേടി കാരണം പഠനമുപേക്ഷിച്ചവരുണ്ട്.
 കിണര്‍, കുളം, നദി, തോട്,  തുടങ്ങിയവ കാണുമ്പോളുണ്ടാകുന്ന പേടി. ഇതു ഹിസ്റ്റീരിയാരോഗമായിട്ടും വരാം. ഇത്തരക്കാര്‍ ബോധംകെട്ടു വെള്ളത്തില്‍ വീണു മരിച്ച സംഭവമുണ്ട്. സ്‌കൂളില്‍നിന്ന് കടല്‍ത്തീരത്തേക്കും മറ്റും ടൂര്‍ പോകുമ്പോള്‍ ഇത്തരം ഫോബിയ ഉള്ള കുട്ടികള്‍ക്കു സമ്മതപത്രം നല്‍കരുത്.
തീ കത്തിക്കുമ്പോള്‍ ചില കുട്ടികള്‍ പേടിച്ചുകരയാറുണ്ട്.  (തീ കാണുമ്പോഴുള്ള പേടി) ഇതു വലിയ അപകടമാണ്. ഇത്തരം ഫോബിയ ഉള്ളവര്‍ ബോധംകെട്ടു തീയില്‍ വീഴാം.
പല നിലകളുള്ള കെട്ടിടത്തിന്റെ തുറസ്സായ ബാല്‍ക്കണിയും മറ്റും ചിലര്‍ക്കു ഭയകാരണമാണ്. തലകറക്കം ഉണ്ടാകും. വീഴാനും സാധ്യതയുണ്ട്. (ഉയരത്തില്‍ നില്‍ക്കുമ്പോഴുള്ള പേടി). ഹോസ്റ്റലിനു മുകളില്‍നിന്നു കാല്‍ വഴുതി വീണുവെന്നും മറ്റുമുള്ള വാര്‍ത്ത കാണുമ്പോള്‍ ഫോബിയമൂലം സംഭവിച്ചതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാലയങ്ങളുള്‍പ്പെടെ പല സ്ഥാപനങ്ങളിലും ഇന്നു ലിഫ്റ്റുണ്ട്.  ഇതു പേടിയുള്ള കുട്ടികളും മുതിര്‍ന്നവരും ധാരാളം.  
 ചില കുട്ടികള്‍ക്ക് അടച്ചുമൂടിയ വാഹനങ്ങളില്‍ കയറാന്‍ പേടിയാണ്, പ്രത്യേകിച്ചു മഴക്കാലത്ത്. എയര്‍ കണ്ടീഷന്‍ ഇടുമ്പോള്‍ കാറില്‍ ഇരിക്കാന്‍ കഴിയാറില്ല (അടച്ചുമൂടിയ സാഹചര്യത്തോടുള്ള പേടി). (വണ്ടിയില്‍ കയറുമ്പോള്‍ ചിലര്‍ ഛര്‍ദിക്കുന്നത് വണ്ടി ചൊരുക്കുന്നതുകൊണ്ടാണ്. ഇതു ഫോബിയ അല്ല.  അലര്‍ജിയാണ്.  മനഃശാസ്ത്രപരിചരണത്തിലൂടെ ഇതു പൂര്‍ണമായി പരിഹരിക്കാവുന്നതാണ്.)
 പാമ്പിനോടുള്ള പേടി.  മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. എന്നാല്‍, വിഷമില്ലാത്ത പാമ്പുകളെ പേടിക്കുകയും ഓടിപ്പോവുകയും ചെയ്യുന്ന കുട്ടികളും മുതിര്‍ന്നവരും അനേകം.
 പട്ടിയോടുള്ള പേടി. പട്ടിയുടെ കടി മേടിച്ചിട്ടുള്ളവര്‍ക്കു പേടി-യുണ്ടാവുക സ്വാഭാവികം. ഇക്കാലത്ത് തെരുവുനായകളെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, വളര്‍ത്തുനായ്ക്കളെ പേടിച്ചാലോ?
 കോഴിയെ പേടി.  വീട്ടില്‍ വളര്‍ത്തുന്ന കോഴി, താറാവ്, പശു, ആട്, മറ്റു വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെ പേടിക്കുന്നരുമുണ്ട്. ഇത്തരം അനാവശ്യമായി പേടികള്‍ ഫോബിയ ആണ്.  
കൂടാതെ, പ്രേതങ്ങളെ പേടി, യക്ഷിയെ പേടി, രാത്രിയില്‍ പുറത്തിറങ്ങാന്‍ പേടി, ലൈറ്റ് പോയാല്‍ പേടി, ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്കു പോകാന്‍ പേടി ഇങ്ങനെ ഫോബിയകള്‍ ഒട്ടേറെയുണ്ട്. ഇവ ചെറുപ്പത്തില്‍ത്തന്നെ പരിഹരിക്കുന്നതാണു നന്ന്.  സൈക്കോളജിസ്റ്റുകളുടെ സഹായം ഇക്കാര്യത്തില്‍ വേണ്ടിവരും.  
ഹാലൂസിനേഷന്‍
മനസ്സിലുണ്ടാകുന്ന മതിഭ്രമതോന്നലുകളാണ് ഹാലൂസിനേഷനുകള്‍. കുട്ടികള്‍ മിക്കപ്പോഴും ദിവാസ്വപ്നങ്ങളില്‍ മുഴുകുന്നു.  സിനിമയിലും മറ്റും കാണുന്നത് യഥാര്‍ഥമായി ചിന്തിക്കുന്നു.  സിനിമയിലെ കഥാപാത്രങ്ങളെ മനസ്സില്‍ താലോലിക്കുന്നു.  അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന  സമയത്തുപോലും കുട്ടികള്‍ ദിവസ്വപ്നം കണ്ടിരിക്കുന്നതു സാധാരണമാണ്. 
ഹാലൂസിനേഷനുകള്‍ അഞ്ചു തരത്തില്‍ കാണപ്പെടുന്നു.    
1. കാഴ്ച 
മിഥ്യാകാഴ്ചകളാണ് ഇവ. വ്യക്തിമാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവര്‍ കാണുന്നില്ല. എന്നാല്‍, കണ്ടെന്നു പറയുന്നവര്‍ ഓരോ ഭാഗവും കൃത്യമായി വിവരിക്കുകയും ചെയ്യും. അതു കണ്ടു, ഇതു കണ്ടു എന്നൊക്കെ കുട്ടികള്‍ തെളിവുസഹിതം വിവരിക്കുന്നത് ഇക്കാരണത്താലാണ്. ചിലര്‍ മരിച്ചവരെ കാണുന്നു.  വെള്ളവസ്ത്രം ധരിച്ച ആത്മാക്കളെ കാണുന്നു. ഇത്തരം കാഴ്ചകള്‍ കണ്ടു പേടിമൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നു ചില കുട്ടികള്‍. 
2. കേള്‍വി 
മിഥ്യാശബ്ദങ്ങള്‍ കേള്‍ക്കുന്നതാണിത്.  വ്യക്തിമാത്രമേ കേള്‍ക്കുന്നുള്ളൂ. മറ്റുള്ളവര്‍ കേള്‍ക്കുന്നില്ല. വ്യക്തി കൃത്യമായി കേള്‍ക്കുന്നു. രാത്രിയില്‍ മാത്രമല്ല പകലും ചിലപ്പോള്‍ ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി കുട്ടികള്‍ പറയാറുണ്ട്.  ചില കുട്ടികള്‍ ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതു കാണാറില്ലേ?  ഡയലോഗ് നടക്കുന്നതിന്റെ ലക്ഷണമാണ്. അങ്ങും ഇങ്ങും സംസാരിക്കും. നീ എന്താണു സംസാരിക്കുന്നതെന്നു ചോദിച്ചാല്‍ ഒന്നുമില്ലായെന്നു മറുപടി പറയുകയും ചെയ്യും. 
3. ഗന്ധം 
മിഥ്യാഗന്ധങ്ങള്‍ അനുഭവപ്പെടുന്നതാണ് ഇത്.  സുഗന്ധവും ദുര്‍ഗന്ധവും ആകാം.  റോസാപ്പൂക്കളുടെ സുഗന്ധം മൂക്കില്‍ വരുന്നുണ്ട്, പുസ്തകത്തിനു മുല്ലപ്പൂവിന്റെ സുഗന്ധമുണ്ട്, ക്ലാസുമുറിയില്‍ എന്തോ ദുര്‍ഗന്ധമുണ്ട്, എന്തോ ചീഞ്ഞുകിടക്കുന്നുണ്ട് എന്നിങ്ങനെ പോകുന്നു ഇവ.  ഇതിന്റെ പേരില്‍ ദിവ്യത്വം കല്പിക്കുന്നവരുമുണ്ട്. 
4. രുചി
മിഥ്യാരുചികള്‍ അനുഭവപ്പെടുന്നതാണ് ഇത്.  നാവില്‍ ചില പ്രത്യേക രുചികള്‍ തോന്നും.  രുചി ഇല്ലാതെയും വരും.  രുചി മാറിവരുകയും ആവാം.  മധുരത്തിനു പകരം കയ്പ് അനുഭവപ്പെട്ടേക്കാം. 
5. സ്പര്‍ശനം
മിഥ്യാസ്പര്‍ശനങ്ങളാണ് ഇവ. താന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോ തോണ്ടുന്നു എന്നു കുട്ടികള്‍ പരാതി പറയാറുണ്ട്. ചിലപ്പോള്‍ വെറും തോന്നലായിരിക്കാം. ഇതു ദൈവികമായും പേടിപ്പെടുത്തുന്ന രീതിയിലും പറയും. ദൈവദൂതന്മാര്‍ തോളില്‍ കൈവച്ചു സംസാരിച്ചു, ഉറങ്ങുമ്പോള്‍ എന്തോ ദേഹത്തേക്കു വന്നുവീണു, വരിഞ്ഞുമുറുക്കി, അള്ളിപ്പറിച്ചു എന്നിങ്ങനെ. ഇത്തരം പാടുകള്‍ കൃത്യമായി കാണിക്കുകയും ചെയ്യും.  
ഇവിടെ ശ്രദ്ധിക്കേണ്ട രസകരമായ ഒരു വസ്തുതയുണ്ട്.  ഹാലൂസിനേഷന്‍ ഒരേസമയം ഒന്നിലധികം ആളുകള്‍ക്ക് ഒരുപോലെ അനുഭപ്പെടുന്ന ചില അവസരങ്ങള്‍ കണ്ടിട്ടുണ്ട്.  ഉദാഹരണമായി, ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്കും അച്ഛനും അമ്മയ്ക്കും ഒരേസമയം ഒരു നാലുകെട്ട് കത്തുന്ന കാഴ്ചയുടെ അനുഭവം ഉണ്ടായിട്ടുണ്ട്.  ചില അദ്ഭുതങ്ങള്‍ അനവധി ആളുകള്‍ ഒരേസമയം കണ്ട സംഭവങ്ങള്‍ നമുക്കറിയാം.  അവ ഒന്നിലധികം പേര്‍ക്ക് ഒരേസമയം ഉണ്ടാകുന്ന ഹാലൂസിനേഷനുകള്‍ ആയിരിക്കാം.  അല്ലാത്തപക്ഷം ശാസ്ത്രീയമായി തെളിയിക്കപ്പെടണം.
ഉന്മാദാവസ്ഥ 
മാനസികപ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായതാണ് ഉന്മാദരോഗം. നൂറു ശതമാനവും മനസ്സിന്റെ സമനില തെറ്റിപ്പോകുന്ന അവസ്ഥ. അക്രമസ്വഭാവത്തിലേക്ക് ഇതു പരിണമിക്കാറുണ്ട്.  ലഘുവായ രീതിയിലും കുട്ടികളില്‍ ഇതു കാണപ്പെടുന്നു.  ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടി. അധ്യാപകന്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ ഇരിക്കും. ഡസ്‌കിനടിയില്‍ കയറി ഒളിച്ചിരിക്കും. ക്ലാസില്‍നിന്ന് ഇറങ്ങിപ്പോകും. ഒരിക്കല്‍ ഈ കുട്ടി സ്‌കൂളില്‍നിന്നുതന്നെ ഒളിച്ചോടി. പോലീസിന്റെ  സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്.  ഒരു പെണ്‍കുട്ടിയുടെ ഉദാഹരണംകൂടി പറയാം. എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്നു. ഇന്‍വിജിലേറ്റര്‍ എന്തോ വഴക്കു പറഞ്ഞു. കുട്ടി ചോദ്യപ്പേപ്പറും ഉത്തരപ്പേപ്പറും വലിച്ചുകീറിയെറിഞ്ഞിട്ട് സ്‌കൂളില്‍നിന്ന് ഇറങ്ങിപ്പോയി. ഒരു ഓര്‍ഫനേജിലെ വാര്‍ഡനായ കന്യാസ്ത്രീയുടെ കഴുത്തിനു കുത്തിപ്പിടിച്ച ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടിയെയും നേരിട്ടറിയാം.  
ഓട്ടിസം അഥവാ മെന്റലി ചലഞ്ച്ഡ് ആയ കുട്ടികള്‍ പെട്ടെന്ന് വയലന്റാകാനുള്ള സാധ്യത കൂടുതലാണ്. ഓട്ടിസം ബാധിച്ച ഒരു ആണ്‍കുട്ടിയെ സഹപാഠി കളിയാക്കിയതിന്റെ പേരില്‍ കൊല്ലാന്‍ തുടങ്ങിയ അനുഭവം ഓര്‍മയിലുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)