•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുതുജീവന്റെ ആനന്ദമുഹൂര്‍ത്തം

ത്മോസ് ദ്വീപില്‍ വേറാക്കൂറനുഭവിച്ച് കടുത്ത നൈരാശ്യത്തില്‍ക്കഴിയുമ്പോള്‍ യോഹന്നാന്‍ ശ്ലീഹായ്ക്ക് അദ്ഭുതകരമായ ഒരു ദര്‍ശനമുണ്ടായി. നാടുകടത്തപ്പെട്ടവന്റെ സങ്കടത്തിലായിരുന്ന യോഹന്നാന്റെ മുമ്പില്‍ ഉത്ഥിതനായ ഈശോ നില്ക്കുന്നു! അതൊരു ആനന്ദമുഹൂര്‍ത്തമായിരുന്നു. ഈശോയുടെ തുടര്‍ന്നുള്ള വാക്കുകള്‍ക്കു വലിയൊരു മുഴക്കമുണ്ടായിരുന്നു. വെളിപാടു പുസ്തകം ഒന്നാം അധ്യായത്തിലെ ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു:
''ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ, എന്നന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ട്.''
ഏതൊരു മനുഷ്യനും ആവേശവും ആഹ്ലാദവും പകരുന്ന ഒരു സന്ദേശമാണിത്. പുതുജീവന്റെയും പുതുശക്തിയുടെയും ദിവ്യമായ മന്ത്രമാണ് ഉത്ഥിതനായ ഈശോ യോഹന്നാനു നല്‍കിയത്. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അനുഭവവേദ്യമാകുന്ന ഒരു സന്ദേശമാണിത്. തിന്മയുടെമേല്‍ നന്മയുടെ വിജയം സാധ്യമാണെന്ന ഒരു വലിയ ചിന്ത ഈ സന്ദേശം പ്രദാനം ചെയ്യുന്നുണ്ട്. അതിനാല്‍, ഉത്ഥിതനായ ഈശോ മനുഷ്യന്റെ എല്ലാ ഭഗ്നാശകള്‍ക്കും ഒരു പരിഹാരമാണ്. മാനവരാശിക്കു മോചനവും പുതുജീവനും നല്‍കുന്നു, ഈ അനര്‍ഘമായ ഉത്ഥാനം.
പുതുജീവന്റെയും പുതുശക്തിയുടെയും മന്ത്രങ്ങളായി മാറുന്ന മറ്റു ചില വചനങ്ങള്‍കൂടി പുതിയനിയമത്തിലുണ്ട്. യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തില്‍ ലാസര്‍ മരിച്ച വാര്‍ത്ത അറിഞ്ഞിട്ട് ആ വസതിയിലെത്തിയ യേശു മര്‍ത്തയോടു പറയുന്നതിങ്ങനെ: ''ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.''
അപ്പസ്‌തോലനായ പൗലോസ് ഫിലിപ്പിയര്‍ക്കെ ഴുതിയ ലേഖനം ഒന്നാം അധ്യായത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
''അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണധൈര്യംപൂണ്ട് ക്രിസ്തു എന്റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ, മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകയേയുള്ളൂ എന്നു പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.''
തിമോത്തെയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ അപ്പസ്‌തോലനായ പൗലോസിന്റെ വാക്കുകള്‍ ഇങ്ങനെ: ''സകലകാലത്തിനുംമുമ്പേ ക്രിസ്തുയേശുവില്‍ നമുക്കു നല്‍കിയിരിക്കുന്നതും ഇപ്പോള്‍ മരണം നീക്കുകയും സുവിശേഷംകൊണ്ടു ജീവനും അക്ഷയത്വവും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിര്‍ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ.''
എബ്രായര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അധ്യായത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം: ''മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകുകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.''
പുതിയ നിയമത്തിലെ ഈ വചനത്തില്‍നിന്നു നമ്മള്‍  തിരഞ്ഞെടുക്കേണ്ട രണ്ടു താക്കോല്‍വാക്കുകളുണ്ട്: ഒന്ന്, മരണം; രണ്ട്, ജീവന്‍. ഈസ്റ്റര്‍ പ്രഘോഷിക്കുന്ന ആശയത്തെ സമര്‍ഥിക്കുന്നതാണീ വാക്കുകള്‍. ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് യേശുവിന്റെ ഉയിര്‍പ്പാണ്. 
ക്രൂശില്‍ മരിച്ച ക്രിസ്തുവിലോ ഉത്ഥാനം ചെയ്യാത്ത ക്രിസ്തുവിലോമാത്രമുള്ള വിശ്വാസത്തെ നമുക്കു യഥാര്‍ഥ ക്രിസ്തീയവിശ്വാസമെന്നു പറയാന്‍ കഴിയില്ല. ക്രിസ്തീയവിശ്വാസത്തിന്റെ ശക്തിയും സൗന്ദര്യവും യേശുവിന്റെ ഉയിര്‍പ്പിലാണ്. കാരണം, മരണമല്ല, ജീവനിലേക്കുള്ള തിരിച്ചുവരവാണ് ക്രിസ്തീയവിശ്വാസത്തെ മഹത്ത്വവത്കരിക്കുന്നത്.
മരണത്തിന്മേലുള്ള ക്രിസ്തുവിന്റെ വിജയമാണ് ഉത്ഥാനമെങ്കില്‍ മനുഷ്യരാശിക്കു പാപത്തില്‍നിന്നുള്ള മോചനമാണ് അത് ഉറപ്പുനല്‍കുന്നത്. ക്രൂശില്‍ മരിച്ച ക്രിസ്തുവിനെക്കാള്‍ ശക്തനാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു എന്നു പറയുമ്പോള്‍ മനുഷ്യകുലത്തിനാകെ അക്ഷയതയുടെ ഒരു ആവരണം അണിയിക്കപ്പെടുകയാണ്. അതു മരണത്തെ തോല്പിക്കുന്ന ജീവന്റെ തുടിപ്പാണ്. 
ഇക്കാലത്ത് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശമെന്താണ്? ക്രിസ്തു ജനിച്ച നാട്ടില്‍പോലും സംഘര്‍ഷങ്ങള്‍ ഒരു തുടര്‍ക്കഥപോലെ ആയിരിക്കുന്നു. മറ്റൊരു ലോകമഹായുദ്ധത്തിന്റെ കേളികൊട്ടുപോലെ പലയിടത്തും വംശീയമായ കലഹങ്ങളും യുദ്ധങ്ങളും സജീവമായി അരങ്ങേറിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അഹന്തയും അഹങ്കാരവും അധികാരമോഹവും എത്രയോ മനുഷ്യരുടെ ജീവനു ഭീഷണിയായിരിക്കുന്നു! നമ്മുടെ നാട്ടില്‍ വര്‍ഗീയസംഘര്‍ഷങ്ങളും ഫാസിസ്റ്റ്പ്രവണതകളും തലപൊക്കിത്തുടങ്ങിയിരിക്കുന്നു. പുതിയ തലമുറയെ മദ്യവും മയക്കുമരുന്നും കീഴടക്കുന്നു. കാമ്പസുകളിലെ ചങ്ങാതികള്‍ മനുഷ്യരല്ലാതായി മാറുന്നു. കൊല്ലാനും കൊല്ലിക്കാനും ആര്‍ക്കും മടിയില്ല.
വാര്‍ധക്യത്തില്‍ ഒറ്റപ്പെടലും നിരാശയുമായി കഴിയുന്ന മാതാപിതാക്കള്‍. രാഷ്ട്രീയമായ കൊലപാതകങ്ങള്‍ വേറേ. ഇങ്ങനെ ഇക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനുഷ്യമനസ്സില്‍ ഭയം വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ക്രിസ്തുവിലുള്ള വിശ്വാസം എല്ലാ ഭയവും അകറ്റുന്നു. പാപം, അധര്‍മം, ജീര്‍ണത, ദാരിദ്ര്യം, വേദന, ഏകാന്തത... ഇതിനെല്ലാം ഒരു മറുപടിയെന്നോണം ഇതാ ഈസ്റ്റര്‍ വീണ്ടും കടന്നുവരുന്നു. ''ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കടന്നുപോയി, ഇതാ പുതിയതു വന്നുകഴിഞ്ഞു.''
മനുഷ്യരാശിക്കു പുതുജീവന്‍ നല്‍കുന്ന ഈസ്റ്ററിന്റെ പ്രഖ്യാപനമിതാണ്. യേശുവിന്റെ ശിഷ്യന്മാര്‍ ഈസ്റ്റര്‍ ദിവസം ശ്രവിച്ച ആദ്യവാക്ക് 'സമാധാനം' എന്നായിരുന്നു. റോമന്‍ അധികാരികളെയും യഹൂദപ്രമാണികളെയും ഭയപ്പെട്ട് അടച്ചിട്ട ഒരു മുറിയില്‍ ഇരിക്കുമ്പോള്‍ ഉത്ഥിതനായ യേശു ശിഷ്യന്മാരുടെ നടുക്കു പ്രത്യക്ഷപ്പെട്ടു മൊഴിഞ്ഞത് 'നിങ്ങള്‍ക്കു സമാധാനം' എന്നായിരുന്നു. അന്നത്തെ അവസ്ഥയില്‍ ആ സന്ദേശം ശിഷ്യന്മാര്‍ക്കു വലിയ സന്തോഷമാണു പ്രദാനം ചെയ്തത്. ഉയിര്‍പ്പു പ്രദാനം ചെയ്യുന്ന ഈ സമാധാനവും സന്തോഷവും മാനവരാശി ആദ്യം അനുഭവിച്ചതു യേശുവിന്റെ തിരുപ്പിറവിനാളിലായിരുന്നല്ലോ. യേശുവിന്റെ ജനനവേളയില്‍ മാലാഖമാര്‍ ആലപിച്ച ഗാനം ഭൂമിയിലെ മനുഷ്യര്‍ക്കു സമാധാനം എന്നായിരുന്നു. അതിനാല്‍... ജനനംപോലെ യേശുവിന്റെ ഉയിര്‍പ്പും മനുഷ്യമനസ്സിലേക്കു പകരുന്നതു സമാധാനത്തിന്റെ സന്ദേശമാണ്.
ഉത്ഥാനം ചെയ്ത യേശു നമ്മോടു ചോദിക്കുന്നത്, ഈ സമാധാനത്തെ നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ ആഗിരണം ചെയ്യാമെന്നുള്ളതാണ്. ഉത്ഥാനസത്യം എന്നത് ഒരു ജീവിതവീക്ഷണമായി സ്വീകരിക്കാനുള്ള ആഹ്വാനമാണ് ഓരോ ഈസ്റ്ററും നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്. പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞത്, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലായെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥം, നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം എന്നാണ്. അതിനാല്‍, ഉത്ഥാനസത്യം ഇന്നത്തെ നമ്മുടെ ജീവിതസംഘര്‍ഷങ്ങള്‍ക്കും നിരാശയ്ക്കും ഒറ്റപ്പെടലിനുമൊക്കെ ഒരു പരിഹാരമാണ്. നമ്മള്‍ എന്നും അടയ്ക്കപ്പെട്ട മുറിയില്‍ ജീവിക്കേണ്ടവരല്ല എന്ന സന്ദേശം ഉത്ഥാനസത്യത്തിലുണ്ട്. നമ്മള്‍ ധൈര്യവും ശക്തിയും ആര്‍ജിക്കേണ്ടതുണ്ട്. ഉത്ഥാനശക്തി അനുഭവിച്ചറിയാനുള്ള അനര്‍ഘമുഹൂര്‍ത്തമാണ് ഈസ്റ്റര്‍ എന്ന ബോധ്യം ഓരോ ക്രിസ്തീയവിശ്വാസിക്കും ഉണ്ടായിരിക്കണം. ഉത്ഥാനവിശ്വാസം നമ്മുടെ ജീവിതത്തിനും പ്രത്യാശയും പ്രതീക്ഷയും പ്രദീപ്തമാക്കുന്നു. മരണത്തില്‍നിന്നു ജീവനിലേക്കുള്ള രൂപാന്തരീകരണമാണ് ഈസ്റ്റര്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)