''ഇല്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഈ കര്‍മ്മത്തെ ''നന്മത്വം'' എന്നു വിളിക്കാന്‍'' (മലയാള മനോരമ, 2020 സെപ്റ്റംബര്‍, 27 ഞായര്‍) ''നന്മത്വം'' എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ലേഖനത്തിന്റെ അവസാന ഖണ്ഡികയിലെ ഒരു വാക്യമാണിത്. പദനിര്‍മ്മിതിയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍പോലുമറിയാതെ പുതുസൃഷ്ടിക്ക് ഇറങ്ങിയതിന്റെ ഫലമത്രേ ''നന്മത്വം'' എന്ന പ്രയോഗം.
പുതിയ പദങ്ങളെ യഥേച്ഛം സൃഷ്ടിക്കണമെങ്കില്‍ പ്രകൃതിപ്രത്യയങ്ങളുടെ സംയോഗത്തെക്കുറിച്ച് ശരിയായ ധാരണ ആവശ്യമുണ്ട്. ''മ'' മലയാളത്തിലെയും ''ത്വം സംസ്‌കൃതത്തിലെയും തദ്ധിതപ്രത്യയമാണ്. രണ്ടിനും ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം. ''മ'' ചേര്‍ന്നുവരുന്ന നന്മയ്ക്കു നല്ലതായിരിക്കുന്ന അവസ്ഥയെന്നും ''ത്വം'' ചേര്‍ന്നുവരുന്ന മഹത്ത്വത്തിന് മഹത്തായിരിക്കുന്ന അവസ്ഥയെന്നും അര്‍ത്ഥംവരും.
നല്+മ ആണ് നന്മയാകുന്നത്. വീണ്ടും ത്വം ചേര്‍ത്തു സൃഷ്ടിച്ച ''നന്മത്വം'' എന്നതിലെ തെറ്റ്, തദ്ധിതപ്രത്യയം ഒന്നു മതിയെന്നിരിക്കേ, മേല്‍ക്കുമേല്‍ രണ്ടെണ്ണം ചേര്‍ത്തതാണ്. ''നന്മത്തം'' എന്ന രൂപവും ശരിയല്ല. ത്വം എന്നതിന്റെ തദ്ഭവമാണ് ''ത്തം''. അര്‍ത്ഥം മാറുന്നില്ല. പ്രത്യയപൗനരുക്ത്യം എന്ന ദോഷമാണ് ഇവിടെ സംഭവിച്ചത്. കൂടാതെ, മലയാളപ്രത്യയത്തിനുമേല്‍ (മ) സംസ്‌കൃതപ്രത്യയം (ത്വം) ചേര്‍ക്കരുത് എന്ന നിയമവും ഇവിടെ ലംഘിച്ചിരിക്കുന്നു. ഉദ്ദിഷ്ടാര്‍ത്ഥം സംവേദനം ചെയ്യാത്ത വികലരൂപങ്ങളായി ''നന്മത്വവും'' ''നന്മത്തവും'' മാറി എന്നു ചുരുക്കം.
നല്+മ, നന്മയും തില്+മ, വിപരീതമായ തിന്മയും ആകും. സന്ധിയില്‍ ''ല'' യ്ക്കു പരമായി ''മ'' വന്നാല്‍ ലകാരം വര്‍ത്സ്യാനുനാസികമായ '' കാരമായി മാറും.* ഈ നിയമം അനുസരിച്ചാണ് നല്+മ=നന്മ, തില്+മ=തിന്മ എന്നീ ശബ്ദങ്ങള്‍ ഉണ്ടായത്. നന്മയ്ക്കും തിന്മയ്ക്കും തുല്യമായി നല്പും തില്പും എന്നും പ്രയോഗമുണ്ട്. നല് +പ് = നല്പ്, തില്+പ് = തില്പ്. നല്പിന് നന്മ, നല്ലത് എന്നും തില്പിന് ചീത്തത്തം, ചീത്തവസ്തു എന്നും വിവക്ഷിതങ്ങള്‍ കല്പിക്കാം.
ലക്കും ലഗാനുമില്ലാതെ പുതുപദങ്ങള്‍ പടച്ചുവിടുന്നവരെ ഉദ്ദേശിച്ചാവണം സി.വി. വാസുദേവഭട്ടതിരി ഇങ്ങനെ കുറിച്ചത്: ''നൂതനപദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പദം വ്യാകരണദൃഷ്ട്യാ ശുദ്ധമായിരിക്കണം. വിവക്ഷിതം വ്യക്തമാക്കാന്‍ പര്യാപ്തവും അര്‍ത്ഥഗ്രഹണത്തിനു ക്ലേശം സൃഷ്ടിക്കാത്തതും ആകണം. കഴിയുമെങ്കില്‍ ഭാരതത്തിലെ ഇതരഭാഷകളില്‍ പ്രയോഗത്തിലുള്ളതോ അല്ലെങ്കില്‍ അവയിലും സ്വീകാര്യമോ ആയിരിക്കണം.'' **
* അച്യുതവാര്യര്‍, എസ്, ഭാഷാവ്യാകരണപഠനം, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2011, പുറം - 99
** വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഇംപ്രിന്റ് കൊല്ലം, 1992, പുറം - 174