അന്ത്യത്താഴവേളയില്‍ വി. കുര്‍ബാന സ്ഥാപിക്കവേ യേശു ഒരു ഉടമ്പടിയെക്കുറിച്ച്, തന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയെക്കുറിച്ചു പറയുന്നുണ്ടല്ലോ. എന്താണവയുടെ ഉള്‍പ്പൊരുള്‍? എന്താണീ ഉടമ്പടിയുടെ രക്തം? ഒത്തിരിയേറെ സൂചിതാര്‍ഥങ്ങളുള്ള ഒരു വാചകമാണത്.
വാസ്തവത്തില്‍ ബൈബിള്‍ ഉടമ്പടികളുടെ പുസ്തകമാണ്-ദൈവവും മനുഷ്യനുമായുള്ള ഉടമ്പടികളുടെ.
ഉത്പത്തിയുടെ പുസ്തകം പതിനഞ്ചാം അധ്യായത്തില്‍, താന്‍ തിരഞ്ഞെടുത്തു വിളിച്ചുവരുത്തിയ അബ്രാഹവുമായി ദൈവം ഒരു ഉടമ്പടി ഉണ്ടാക്കുന്നതു കാണാം. ഈ ഉടമ്പടിയുടെ നവീകരണങ്ങള്‍ ഇസഹാക്കുമായും (ഉത്പത്തി 17:18-21), പിന്നീട് യാക്കോബുമായും മറ്റും കാണാന്‍ കഴിയുമെങ്കിലും അസല്‍രൂപം അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കപ്പെടുന്നത്, അബ്രാഹവുമായി നടത്തപ്പെടുന്ന (അധ്യായം 15) ഉടമ്പടിയിലാണ്.
ബി.സി. 14, 13 നൂറ്റാണ്ടുകളില്‍ പ്രാബല്യത്തിലിരുന്നത് പുരാതനമായ ഹിറ്റെറ്റ് (ഹിത്യരുടെ) ഉടമ്പടികളാണ്. അലംഘനീയമായ ആ ഉടമ്പടികളില്‍, പിഴവുവരുത്തുന്നവര്‍ക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ അതിഭയങ്കരങ്ങളായിരിക്കും! മേലധികാരിയാണ് തന്റെ ആനുകൂല്യങ്ങളും അഗ്രഹങ്ങളും കൈപ്പറ്റുന്ന സാമന്തര്‍ക്ക് നിബന്ധനകളും നിര്‍ദേശങ്ങളും വയ്ക്കുന്നത്. സാമന്തര്‍ അതു സ്വീകരിക്കുന്നു.
ഒരു മൃഗത്തെ മുറിച്ചു നേര്‍ക്കുനേര്‍ വച്ചുകൊണ്ടാണ് നിബന്ധനകള്‍ ഉച്ചരിക്കപ്പെടുന്നത് - സാമന്തര്‍ ഭവിഷ്യത്തുകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് സമ്മതം മൂളുന്നതും. ഉടമ്പടി ലംഘിക്കുന്ന കക്ഷിക്കുണ്ടാകാന്‍ പോകുന്നത് അതേ ശിക്ഷാവിധിയായിരിക്കും എന്നാണു വ്യംഗ്യം! കാരറ്റ് ബറീറ്റ് എന്നു ഹീബ്രുഭാഷയില്‍ ഒരു ചൊല്ലുണ്ട് - ഠീ രൗ േമ രീ്‌ലിമി േഎന്ന് അക്ഷരാര്‍ഥം.
അന്ന് അവിടെ പതിവുണ്ടായിരുന്ന അതേ രീതിയിലാണ് ദൈവം അബ്രാഹവുമായി ഉടമ്പടിയുണ്ടാക്കുന്നത്. ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണത്തരികള്‍പോലെയും തനിക്കു സന്താനങ്ങളുണ്ടാകുമെന്നു ദൈവം പറഞ്ഞതിനെപ്പറ്റി അബ്രാഹത്തിന് ഒരു സംശയം: 'ഇതെങ്ങനെ സംഭവിക്കും?' (ഉത്പത്തി 15-8). അവിടെവച്ചാണ് ദൈവം ഉടമ്പടിയിലേക്കു നീങ്ങുന്നത് - നിലവിലുണ്ടായിരുന്ന (ഹിറ്റെറ്റ്) ശൈലിയില്‍ത്തന്നെ!
കല്പനയനുസരിച്ച് അബ്രാഹം മൂന്നു കാളകളെയും മൂന്നു പെണ്ണാടുകളെയും മൂന്നു മുട്ടാടുകളെയും കൊണ്ടുവന്നു. പിന്നീട്, അവയെ ഉടമ്പടിക്രമപ്രകാരം വിഭജിച്ച് (മുറിച്ച്) നേര്‍ക്കുനേര്‍ വച്ചു... ജ്വലിച്ചുപുകയുന്ന തീച്ചൂളയില്‍നിന്ന് കര്‍ത്താവിന്റെ തീനാളം പിളര്‍ന്നിട്ടിരിക്കുന്ന കഷണങ്ങളുടെ ഇടയിലൂടെ കടന്നുപോയി. അങ്ങനെ ആ ഉടമ്പടി മുദ്രവച്ച് ഉറപ്പിക്കപ്പെട്ടു!
സീനാമലയില്‍വച്ച് പത്തു കല്പനകള്‍ കൊടുത്തുകൊണ്ട് ദൈവം പഴയ ഉടമ്പടി നവീകരിക്കുന്നതും ശ്രദ്ധേയമാണ്. പിതാക്കന്മാരോടു പണ്ടു ചെയ്ത ഉടമ്പടികളെ അനുസ്മരിപ്പിക്കുമാറ്, താന്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണെന്നു പറഞ്ഞുകൊണ്ടാണ് (ഉത്പത്തി 15) ദൈവം മോശയെ വിളിക്കുന്നത് (പുറപ്പാട് 3:6), പത്തു കല്പനകള്‍കൂടി നല്കി പഴയവ പുതുക്കുന്നത്.
ആ ഉടമ്പടിയുടെ വാചകങ്ങളെല്ലാം അന്നു മോശ ജനങ്ങളെ വായിച്ചുകേള്‍പ്പിച്ചതാണ്. 'കര്‍ത്താവ് കല്പിച്ചതുപോലെ ഞങ്ങള്‍ ചെയ്യുമെന്ന്' (പുറപ്പാട് 24-7) അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞതുമാണ്... ഉടമ്പടിയുടെ അടയാളമായി കാളക്കിടാങ്ങളുടെ രക്തം മോശ അവരുടെമേല്‍ തളിക്കുകയും ചെയ്തിരുന്നു. എങ്കിലും, കാലാന്തരത്തില്‍ 'അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും' മക്കള്‍ ആ ഉടമ്പടി ലംഘിച്ചു (ജറെമിയ 31-32)! ഇതാ, ദൈവത്തിന്റെ അണപൊട്ടിയൊഴുകുന്ന ദുഃഖം: 'ആകാശങ്ങളേ, ശ്രവിക്കുക; ഭൂതലമേ ശ്രദ്ധിക്കുക... ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു, കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍... എന്റെ ജനം മനസ്സിലാക്കുന്നില്ല? (ഏശയ്യ. 1:2-3).
ഹിറ്റെറ്റ്മുറയനുസരിച്ചു പിളര്‍ത്തപ്പെട്ട കഷണങ്ങള്‍പോലെ അവര്‍ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. എങ്കിലും, ദൈവികസ്‌നേഹം അതിനു മുതിര്‍ന്നില്ല.
പകരം, ജറെമിയാപ്രവാചകനിലൂടെ പുതിയ ഒരു ഉടമ്പടിയുടെ അറിയിപ്പു നല്കി: 'അവരുടെ (അബ്രാഹത്തിന്റെ മക്കളുടെ) അകൃത്യത്തിനു ഞാന്‍ മാപ്പുകൊടുക്കും. അവരുടെ പാപം ഞാന്‍ മനസ്സില്‍ വയ്ക്കുകയില്ല? (ജറെമിയ 31:33-34).
അതാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ അനുസ്മരിക്കപ്പെടുന്നത് (ഹെബ്രായര്‍ 8,9,10 അധ്യായങ്ങള്‍). അവരുടെ അകൃത്യങ്ങള്‍ക്കും പാപങ്ങള്‍ക്കും ദൈവം മാപ്പുകൊടുക്കുകമാത്രമല്ല, പഴയ ഉടമ്പടി കാലഹരണപ്പെടുത്തുകയും പുതിയ ഒന്നിനു രൂപംകൊടുക്കുകയും ചെയ്യുന്നു.
സമയത്തിന്റെ പൂര്‍ണതയില്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം കരുണയുടെ ആള്‍രൂപമായി കടന്നുവന്നു. ഉടമ്പടി ലംഘിച്ചവരുടെ മുഴുവന്‍ ശിക്ഷയും തനിക്കുതന്നെ നല്കിക്കൊണ്ട്.
ദൈവം പ്രതിസ്ഥാനത്തു നില്ക്കുന്നവരില്‍ ഒരുവനായി മാറി, അവര്‍ക്കു നിര്‍ദേശിക്കപ്പെട്ടിരുന്ന പരിച്ഛേദനംപോലും സ്വീകരിച്ചുകൊണ്ട് (ഉത്പത്തി 17:10). പാര്‍പ്പിടമില്ലാത്ത പരദേശിയെപ്പോലെ കാലിത്തൊഴുത്തില്‍ പിറന്നു. പിതാക്കന്മാരുടെ ദൈവം ഈജിപ്തില്‍നിന്നു തങ്ങളെ വീണ്ടെടുത്തതു (ഉത്പത്തി 15-14) മറന്നുപോയവര്‍ക്കുവേണ്ടി ഈജിപ്തിലേക്കുതന്നെ അവന്‍ പലായനം ചെയ്തു... ഒരു ആശാരിപ്പണിക്കാരന്റെ മകനായി വളര്‍ന്നുവന്നു.
തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചവന്‍ (ഫിലിപ്പി 2:7), തന്റെ 'ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍' (ലൂക്കാ. 9:51), ഒരു അടിമയെപ്പോലെ അടികളേറ്റുവാങ്ങുവാന്‍ തയ്യാറായി! പടയാളികള്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി അവനെ ഒരു തൂണിനോടു ചേര്‍ത്തു ബന്ധിച്ചു വരിഞ്ഞുമുറുക്കി. ഈയക്കട്ടകളും എല്ലിന്‍കഷണങ്ങളും ചേര്‍ത്തുപിടിപ്പിച്ച ചമ്മട്ടിക്കൊണ്ട് അടിമുടി അടിച്ചുമുറിച്ചു. രക്തം ചീറ്റിത്തെറിച്ചു; മാംസക്കഷണങ്ങള്‍ മുറിഞ്ഞുവീണു.
ഇതാ, നിങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുന്ന എന്റെ ശരീരം! 'മെസ്‌ക്കുസേ' എന്ന മൂലപദത്തിന്റെ അര്‍ഥം 'വിഭജിക്കപ്പെടുക' എന്നുതന്നെയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അബ്രാഹത്തിന്റെ മുമ്പില്‍ പഴയ ഉടമ്പടി പ്രകാരം വിഭജിക്കപ്പെട്ടു കിടക്കുന്ന ബലിമൃഗങ്ങളെ അവന്‍ ഓര്‍ത്തുകാണും. അക്ഷരാര്‍ഥത്തില്‍ ഇവിടെയും ഒരു വിഭജനം നടക്കേണ്ടതുണ്ടായിരുന്നു - നടക്കുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ്, പുതിയ ഉടമ്പടിയിലെ 'രക്തം', 'എന്റെ രക്തം' എന്നൊക്കെ അവന്‍ എടുത്തുപറയുന്നത്. ഉടമ്പടി ലംഘിച്ച പ്രതികളെ വിഭജിക്കാന്‍ തുനിയാതെ ഇതാ, വാദിതന്നെ അത് ഏറ്റുവാങ്ങുന്നു!
ആ വിഭജനം അനുസ്മരിച്ചുകൊണ്ട്, അവന്റെ ഓര്‍മയ്ക്കായി പുതിയ ഉടമ്പടിയിലെ ആ തിരുക്കര്‍മം അനുസ്യുതം തുടരുകയാണ്. അപ്പംമുറിക്കല്‍ ശുശ്രൂഷ എന്ന പേരിലാണ് ആദിമകാലത്ത് അത് അറിയപ്പെട്ടിരുന്നത്. അവിടെയും ഒരു മുറിക്കല്‍ നടക്കേണ്ടതുണ്ട് - നടന്നേ തീരൂ.
സീനായ് ഉടമ്പടിയില്‍വച്ചു മുറിക്കപ്പെട്ട കാളകളുടെ മാംസം മോശയും ശ്രേഷ്ഠന്മാരും കഴിച്ചു. അതുപോലെ ഇതും ഭക്ഷിക്കപ്പെടണം; രക്തം പാനം ചെയ്യപ്പെടുകയും വേണം.
എല്ലാറ്റിന്റെയും പരിസമാപ്തിയായി അവസാനം ഒരു മലമുകളില്‍ കൊണ്ടുപോയി അവനെ തറച്ചുതൂക്കി സര്‍വര്‍ക്കും ഒരു പ്രദര്‍ശനവസ്തുവായി. അങ്ങനെ ആ ഉടമ്പടി അതിന്റെ സമ്പൂര്‍ണതയിലെത്തി: 'എല്ലാം പൂര്‍ത്തിയായി' (യോഹ. 19-30).
നിന്‍ദിവ്യ രക്തശരീരങ്ങള്‍
ഞങ്ങള്‍ക്കു നല്കിയ നാഥാ,
സ്വര്‍ഗത്തില്‍ നിത്യമായ് നിന്മുഖം കാണുവാന്‍
ഭാഗ്യമേകണേ.
നന്ദിയോടങ്ങയെ വാഴ്ത്തുവാന്‍
ഞങ്ങള്‍ക്കനുഗ്രഹമേകണേ.
നിത്യവുമങ്ങയെ കാണുവാന്‍
സ്വര്‍ഗത്തില്‍ ഞങ്ങളെ ചേര്‍ക്കണേ!