ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യ ആരു ഭരിക്കണമെന്നുള്ള ജനങ്ങളുടെ തീരുമാനം വോട്ടായി മാറുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
ദേശീയ, പ്രാദേശികപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും അടിച്ചേല്പിച്ചും കാലങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകം വീണ്ടും ആവര്‍ത്തിക്കുന്നു. ചേരി
തിരിവുകളും കൂറുമാറ്റങ്ങളും രാഷ്ട്രീയപകപോക്കലുകളും നിത്യസംഭവങ്ങളായിരിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട പൗരന്മാര്‍ ഇവയൊന്നും മുഖവില
യ്‌ക്കെടുക്കാതെ ഒളിച്ചോട്ടം തുടരുന്നു. ഈയവസരത്തില്‍, ഇന്ത്യയുടെ ആനുകാലിക സാമൂഹികരാഷ്ട്രീയപശ്ചാത്തലം വിലയിരുത്തിക്കൊണ്ടുള്ള ഭാരത കത്തോലിക്കാമെത്രാന്‍സമിതിയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വളരെ പ്രസക്തമാണ്.
സി.ബി.സി.ഐ. സമ്മേളനം
ഭാരത കത്തോലിക്കാസഭയുടെ ദേശീയ കൂട്ടായ്മയായ കാത്തലിക് ബിഷപ്‌സ്കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ 36-ാം ജനറല്‍ ബോഡി 2024 ജനുവരി 31 മുതല്‍
ഫെബ്രുവരി ഏഴുവരെ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കുകയുണ്ടായി.
ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നീ മൂന്നു കത്തോലിക്കാ സഭാവിഭാഗങ്ങള്‍ സി.ബി.സി.ഐയില്‍ ഉള്‍പ്പെടുന്നു. 174 കത്തോലിക്കാരൂപതകളാണ് നില
വില്‍ ഇന്ത്യയിലുള്ളത്. എട്ടു ദിവസങ്ങളായി നടന്ന ചിന്തകളുടെയും പഠനങ്ങളുടെയും പങ്കുവയ്ക്കലുകളുടെയും വെളിച്ചത്തില്‍, ഇന്ത്യയിലെ ആനു
കാലിക സാമൂഹികരാഷ്ട്രീയസാഹചര്യങ്ങളിന്മേല്‍ ഭാരത കത്തോലിക്കാസഭയുടെ കാഴ്ചപ്പാടുകളും നിലപാടുകളും സംക്ഷിപ്തമായി ഇവിടെ ചേര്‍ക്കുന്നു.
സാമൂഹികരാഷ്ട്രീയ വിലയിരുത്തലുകള്‍
നാനാത്വത്തില്‍ ഏകത്വമെന്ന സമ്പന്നമായ സാംസ്‌കാരികപാരമ്പര്യമുള്ള പുരാതന നാഗരികതയാണ് നമ്മുടേത്. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള മത
സൗഹാര്‍ദം, അഹിംസ, സമാധാനം എന്നീ മൂല്യങ്ങളെ ഭാരതസമൂഹം വിലമതിക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ,സാമ്പത്തികരംഗം തുടങ്ങി ഒട്ടനവധി മേഖലകളില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയായി രാജ്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ ക്രൈസ്തവസമൂഹം അഭിമാനിക്കുന്നു. എന്നിരുന്നാലും, ആശങ്കയ്ക്ക് ഇടനല്‍കുന്ന ഗുരുതരമായ കാരണങ്ങള്‍ കണ്ടെത്തുന്നു.
സഭയുടെ ആശങ്കകള്‍
നമ്മുടെ രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഒരു ചെറിയ ശതമാനത്തിനുമാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. തൊഴി
ലില്ലായ്മനിരക്കു വളരെയധികം വര്‍ധിച്ചു. വന്‍തോതിലുള്ള കുടിയേറ്റം പലര്‍ക്കും പറഞ്ഞറിയിക്കാനാവാത്തദുരിതങ്ങള്‍ സൃഷ്ടിച്ചു. അതുപോലെ,
ശാസ്ത്രീയവും സാങ്കേതികവുമായ വികസനം നമ്മുടെ ഭൂരിഭാഗം ആളുകളിലും,
പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇതുവരെ എത്തിയിട്ടില്ല. ഇത് ഡിജിറ്റല്‍വിഭജനത്തിനു കാരണമാകുന്നു.
വികസനം പലപ്പോഴും പരിസ്ഥിതിക്കു ഹാനികരമായിത്തീരുകയാണ്. പ്രത്യേകിച്ച് വികസനത്തിന്റെ മറവില്‍ ആദിവാസിസഹോദരങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്നു. അവരില്‍ പലരും അവരുടെ ഭൂമിയില്‍നിന്നു കുടിയൊഴിപ്പിക്കപ്പെടുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും കര്‍ഷകരുടെ ദീര്‍ഘകാലപോരാട്ടവും നാം വേദനയോടെ കാണുന്നു.
ന്യൂനപക്ഷാവകാശങ്ങള്‍
വിഭജനമനോഭാവങ്ങളും വിദ്വേഷപ്രസംഗങ്ങളുംമൂലം മതമൗലികവാദപ്രസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും എല്ലായ്
പോഴും സവിശേഷതയായ ബഹുസ്വരവും മതേതരവുമായ ധാര്‍മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും ഒരിക്കലും ദുര്‍ബലപ്പെടാന്‍ പാടില്ല.
ആക്രമണങ്ങളുടെ ഇരകള്‍
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവഭവനങ്ങളും പള്ളികളും തകര്‍ക്കുന്നതിനോടൊപ്പം അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നത് ഇന്നു സാധാരണമാണ്. മണിപ്പൂരില്‍ നാളുകളായി നീണ്ടുനില്‍ക്കുന്ന അക്രമങ്ങളില്‍ ജീവനും ഉപജീവനമാര്‍ഗവും വലിയ തോതില്‍ നഷ്ടപ്പെടുന്നത് പരിഭ്രാന്തി ഉളവാക്കുന്നു.
മതധ്രുവീകരണം
രാജ്യത്തെ പ്രധാനപ്പെട്ട ജനാധിപത്യസംവിധാനങ്ങളും സ്ഥാപനങ്ങളും ദുര്‍ബലമാവുകയാണെന്നും ഫെഡറല്‍ഘടന സമ്മര്‍ദത്തിലാണെന്നും ജനാധിപത്യത്തിന്റെ നാലാംതൂണെന്ന നിലയില്‍ മാധ്യമങ്ങള്‍ അവരുടെ പങ്കു നിറവേറ്റുന്നില്ലെന്നും വ്യാപകമായ ധാരണയുണ്ട്. അഭൂതപൂര്‍വമായ മതധ്രുവീകരണം നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹികസൗഹാര്‍ദത്തെ ദോഷകരമായി ബാധിക്കുമെന്നുമാത്രമല്ല, ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു.
ക്രൈസ്തവപ്രതികരണം
ഇപ്പോഴത്തെ സാഹചര്യത്തോടുള്ള കത്തോലിക്കാസഭയുടെ പ്രതികരണം അഹിംസ, രോഗശാന്തി, നീതി, അനുരഞ്ജനം എന്നിവയുടെ പാതയിലാണ്. ഇതു കണക്കിലെടുത്ത് താഴെപ്പറയുന്നവ നിര്‍ദേശിക്കുന്നു.
രാജ്യത്തിനായി പ്രാര്‍ഥന
ക്രിസ്ത്യാനികളെന്ന നിലയില്‍ ഭാരതസഭയുടെ ആദ്യപ്രതികരണം പ്രാര്‍ഥനയാണ്. 'ദൈവത്തിന് എല്ലാം സാധ്യമാണ്' (മത്തായി 19:26). നമ്മുടെ രാജ്യത്തു സമാധാനത്തിനും ഐക്യത്തിനുംവേണ്ടി ഓരോ രൂപതയും 2024 മാര്‍ച്ച് 22 വെള്ളിയാഴ്ച പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കണമെന്ന് സി.ബി.സി.ഐ. അഭ്യര്‍ഥിക്കുന്നു.
ഭരണഘടനയെ മാനിക്കണം
വികസനത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവും താഴ്ന്നവരിലേക്ക് എത്തിക്കുന്നതിനായി ജാതി, മത, ലിംഗ ഭേദമെന്യേ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ സേവിക്കാനുള്ള സഭയുടെ പ്രതിബദ്ധത സഭ പുതുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളും സമുദായങ്ങളും സ്ഥാപനങ്ങളും ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ കത്തോലിക്കാസഭ ആഗ്രഹിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയില്‍, പ്രത്യേകിച്ച് ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്ന 'ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്' എന്ന അടിസ്ഥാനതത്ത്വം സംരക്ഷിക്കുന്നതിനോടൊപ്പം, നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കാത്തുസൂക്ഷിച്ചുനടപ്പാക്കണമെന്ന് രാഷ്ട്രീയനേതൃത്വങ്ങളോട് ഭാരതകത്തോലിക്കാസഭ അഭ്യര്‍ഥിക്കുന്നു.
പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരോടും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാനും അവരുടെ പവിത്രമായ കടമ വിനിയോഗിക്കാനും അഭ്യര്‍ഥിക്കുന്നു. അതുവഴി ഭരണഘടനാമൂല്യങ്ങളോടും ദരിദ്രരുടെ ഉന്നമനത്തോടും പ്രതിജ്ഞാബദ്ധരായ നേതാക്കളെ തിരഞ്ഞെടുക്കാന്‍ കഴിയും.
ദളിത്ക്രിസ്ത്യാനികള്‍ക്കും, മറ്റു വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ പട്ടികജാതിപദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നു. അതുപോലെ, ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ പട്ടികവര്‍ഗപദവി കവര്‍ന്നെടുക്കാനുള്ള ശ്രമത്തില്‍നിന്നും രാജ്യത്തെ ഗോത്രവിഭാഗത്തെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണം.
ബോധവത്കരണപദ്ധതി
ഭൂമിയുടെ പുനരുപയോഗിക്കാനാവാത്ത വിഭവങ്ങളുടെ അമിത ഉപയോഗം, ജലത്തിന്റെയും വായുവിന്റെയും മലിനീകരണം, ഭക്ഷണം പാഴാക്കല്‍ തുടങ്ങി നിലവിലെ ജീവിതശൈലി സൃഷ്ടിക്കുന്ന പരിസ്ഥിതിയപകടങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാന്‍ ഇടവകകളോടും രൂപതകളിലെ കമ്മീഷന്‍ ഫോര്‍ ഇക്കോളജിയോടും ഭാരതസഭ അഭ്യര്‍ഥിക്കുന്നു. നമ്മുടെ പൊതുഭവനത്തെ പരിപാലിക്കുന്ന ഒരു മനോഭാവം എല്ലാവരിലും വളര്‍ത്തിയെടുക്കാനും ആഗ്രഹിക്കുന്നു.
പാലം പണിയണം
സന്മനസ്സുള്ള എല്ലാ മനുഷ്യര്‍ക്കുമൊപ്പം സന്തോഷങ്ങളിലും സങ്കടങ്ങളിലും പരസ്പരം പങ്കുചേര്‍ന്ന്, മതാന്തരസംഭാഷണത്തിലൂടെയും അയല്‍പക്കസമൂഹങ്ങളിലൂടെയും വിവിധ മതങ്ങളിലെ സഹോദരീസഹോദരന്മാരുമായി പാലം പണിയാന്‍ സഭയിലെ അംഗങ്ങളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു.
വിശ്വസ്തരായ പൗരന്മാര്‍
പ്രത്യാശയുടെ തീര്‍ഥാടകരെന്ന നിലയില്‍, സിനഡാലിറ്റിയുടെ ചൈതന്യത്തില്‍, ഇന്ത്യയിലെ സഭ 2025 ലെ ജൂബിലിവര്‍ഷത്തിലേക്കു മുന്നേറുകയാണ്. സായുധസേനയിലായാലും വിദ്യാഭ്യാസത്തിലായാലും സാക്ഷരതയിലായാലും ആരോഗ്യരംഗത്തായാലും സാമൂഹികസേവനത്തിലായാലും വര്‍ഷങ്ങളായി ക്രൈസ്തവര്‍ അര്‍പ്പണബോധത്തോടെ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ രാജ്യസേവനം പൗരസമൂഹം അംഗീകരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ വിശ്വസ്തരായ പൗരന്മാരെന്ന നിലയില്‍, എന്തുവിലകൊടുത്തും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് കത്തോലിക്കാസഭ തുടരും.
ഭാരതകത്തോലിക്കാ മെത്രാന്‍സമിതിയുടെ, മുകളില്‍ അവതരിപ്പിച്ച ആഹ്വാനത്തോടൊപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ക്രൈസ്തവര്‍ക്കുനേരേ അനുദിനം ശക്തിപ്പെടുന്ന ഭീകരവാദ വര്‍ഗീയ അജണ്ടകളെയും രാഷ്ട്രീയ ഭരണനിലപാടുകളെയും കേരളത്തിലെ ക്രൈസ്തവര്‍ പഠിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു.
കേരളക്രൈസ്തവര്‍ തിരിച്ചറിയുക
വിദ്യാഭ്യാസവിദഗ്ധരെക്കൊണ്ടു സമ്പന്നവും വിദ്യാഭ്യാസചരിത്രസംഭാവനകളില്‍ ഊറ്റംകൊള്ളുന്നതുമായ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ ഇക്കാലമത്രയും കാര്യമായ ഇടപെടലുകള്‍ നടത്താനായില്ലെങ്കില്‍ അത് കഴിവുകേടും വീഴ്ചയുമെന്നേ പറയാനാവൂ. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാലത്തിലൂടെയാണു കടന്നുപോകുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ സമൂഹം വരുംനാളുകളില്‍ നടുക്കടലിലേക്കു വലിച്ചെറിയപ്പെടുമെന്നുറപ്പാണ്. കേരളത്തിന്റെ സമഗ്രവളര്‍ച്ചയില്‍ അതുല്യസംഭാവനകള്‍ നല്‍കിയ അഥവാ നല്‍കുന്ന ക്രൈസ്തവസഭയെ ഉന്മൂലനം ചെയ്യുക, കെട്ടുറപ്പുള്ള സഭാസംവിധാനങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുക, സഭയുടെയും സമുദായത്തിന്റെയും നിസ്വാര്‍ഥമായ സേവനശുശ്രൂഷകളെ തമസ്‌കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വര്‍ഗീയശക്തികളുടെ അണിയറ അജണ്ടകള്‍ ശക്തിപ്പെടുന്നതിന്റെ സൂചന
യും മറനീക്കി പുറത്തുവരുന്നുണ്ട്. കൂടുതല്‍ ഐക്യവും ഒരുമയും ഊട്ടിയുറപ്പിക്കുന്നില്ലെ
ങ്കില്‍ വിരുദ്ധശക്തികള്‍ സഭാസമൂഹത്തെ ശിഥിലമാക്കുന്ന രീതിയില്‍ ഇനിയും ആഞ്ഞടി
ക്കുമെന്നുറപ്പാണ്.
കേരളം: ചരിത്രം മറക്കരുത്
ചരിത്രം പഠിക്കാത്തവരും ചരിത്രം മനഃപൂര്‍വം മറക്കുന്നവരും പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കുക. അപ്പോള്‍ കാണാം മാറുമറയ്ക്കാന്‍പോലും നിവൃത്തിയില്ലാതെ പ്രാകൃതാചാരങ്ങള്‍ക്കുമുമ്പില്‍ പേടിച്ചുവിറച്ചുനിന്ന കേരളത്തിലെ ഒരു ജനതയുടെ ചിത്രം. പട്ടിണിയകറ്റാന്‍, കുഞ്ഞുങ്ങളെ പോറ്റാന്‍, പൊരിവെയിലില്‍ വെന്തുരുകി പണിയെടുത്തവര്‍. അവിടേക്കു സൂക്ഷിച്ചുനോക്കിയാല്‍ കാണാം മേല്പറഞ്ഞ മനുഷ്യരെയൊക്കെ സ്‌നേഹത്തോടെ മാറോടണച്ച ക്രൈസ്തവമിഷനറിമാരെ. ഒപ്പം കേള്‍ക്കാം, നാട്ടില്‍ നിലവിലിരുന്ന കിരാതവ്യവസ്ഥിതികള്‍ക്കു
നേരേ വെല്ലുവിളികളുയര്‍ത്തിയ വേറിട്ട ശബ്ദങ്ങള്‍! പുഞ്ചിരിക്കുന്ന മുഖത്തോടെ, പാവങ്ങളുടെ പട്ടിണിമാറ്റാന്‍ അന്നം പകര്‍ന്നേകിയ ക്രൈസ്തവമിഷനറിമാര്‍. ആഹാരം മാത്രമല്ല, നാവിന്‍തുമ്പത്ത് അറിവിന്റെ അക്ഷരങ്ങളും അവര്‍ കുറിച്ചുകൊടുത്തു. അഭിമാനത്തിന്റെയും അന്തസ്സിന്റെയും ലോകത്തിലേക്ക് ഒരു തലമുറയെ ജാതിയും മതവും നോക്കാതെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു ക്രൈസ്തവ മിഷനറിമാര്‍. പൊന്നിന്‍കുരിശു വിറ്റും പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് നാടിന്റെ നവോത്ഥാനത്തിനും സാമൂഹികപുരോഗതിക്കും നേതൃത്വം കൊടുത്ത ഒരു സമുദായത്തിന്റെ ചരിത്രസാക്ഷ്യങ്ങള്‍ കല്ലിലെഴുതിവെച്ച കവിതപോലെ ഇന്നും നിലനില്‍ക്കുമ്പോള്‍ അടച്ചാക്ഷേപിച്ച് ചിലര്‍ ചരിത്രത്തെ വികൃതമാക്കാന്‍ ശ്രമിക്കുന്നത് ക്രൈസ്തവര്‍ തിരിച്ചറിയണം. തങ്ങള്‍ സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ ഇവയിലൂടെയെല്ലാം പങ്കുവച്ചത് സ്‌നേഹവും സേവനവുമാണ്. ജീവിതത്തകര്‍ച്ചകളില്‍ നെടുവീര്‍പ്പിട്ട മനുഷ്യമനസ്സിന്റെ ഉള്ളറകളില്‍ നന്മയുടെയും ആശ്വാസത്തിന്റെയും ചൈതന്യം വാരിവിതറിയ സഭയുടെ നിസ്വാര്‍ഥസേവനത്തിന്റെ സദ്ഫലങ്ങള്‍ ജാതിമതഭേദമെന്യേ തലമുറകള്‍ ഒന്നാകെയാണ് ഏറ്റുവാങ്ങിയതെന്നും ഇന്ന് ഏറ്റുവാങ്ങുന്നതെന്നും ഓര്‍മപ്പെടുത്തേണ്ടിവരുന്നു.