ഘടികാരം പോല്‍ മിടിപ്പതോ
ഹൃദയം കഠിനഭാരത്താല്‍
അദൃശ്യ ചക്രവാളത്തിന്‍
ചെരുവിലേക്കാഴ്‌വൂ ദൃഷ്ടികള്‍
മൗനമുദ്രയാല്‍ ഗ്രസ്തം
അഗതിയെന്‍ മനസ്സിന്‍ സാക്ഷി
ആത്മാവെന്നുമഴുക്കിനാല്‍
ആഴത്തില്‍ നിമഗ്നവും
നിജമായ് മാഴുകയാകുന്നോ
വ്യാജം കലികാലസന്ധിയില്‍
വ്യര്‍ത്ഥം ജീവിതമാമാങ്കം
വാനത്തിന്‍ കേളികൊട്ടുകള്‍
നീലാകാശം തൊട്ടുതൊട്ടല്ലോ
നില്പൂ ഗിരിശൃംഗങ്ങള്‍?
സ്മൃതിഭംഗത്തിന്‍ പാഴ്‌നിഴല്‍
ചിത്തം പൂത്ത കാനനം
തുഷാരബിന്ദുക്കള്‍ തൂവുന്നു
നിരഹങ്കൃത പ്രപഞ്ചവും
ബിംബം അവിശാലമെന്നേലും
വിയത്തില്‍ കാണ്‍മു നേര്‍ച്ഛായ
നിയതം നീലിമയോലുന്ന
നീലസാഗരയക്ഷികള്‍
ആഴിയില്‍നിന്നുയരുന്നുവോ
അശാന്തം കല്ലോലജാലങ്ങള്‍?