അവന് അഞ്ചു വയസ്സു പ്രായം. സച്ചു എന്നാണു പേര്. ഓമനത്തമുള്ള മുഖം. സ്റ്റാന്‍ലി - നീതു ദമ്പതികളുടെ ഏകമകന്‍. അവനിപ്പോള്‍ കിടക്കുന്നത് ആശുപത്രി വാര്‍ഡില്‍.
മുമ്പ് അവര്‍ക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായി. പക്ഷേ, ലോകം കാണുന്നതിനുള്ള ഭാഗ്യം ആ കുരുന്നുകള്‍ക്കുണ്ടായില്ല. ആരംഭവും അന്ത്യവും ഗര്‍ഭപാത്രത്തില്‍ത്തന്നെയായിരുന്നു. മാസം തികയുന്നതിനുമുമ്പു പ്രസവിച്ചു. പുറത്തുവന്നതു ചാപിള്ളകള്‍!
ദമ്പതികളുടെ ദുഃഖം അടക്കാനാവാത്തതായിരുന്നു. നൈരാശ്യവും നഷ്ടബോധവും അവരെ കീഴടക്കി. നിരന്തരമായ പ്രാര്‍ഥനയും വിലാപവും കണ്ണീരുമായി ദമ്പതികള്‍ മുമ്പോട്ടുപോയി. സന്താനഭാഗ്യത്തിനായി അകമുരുകി ദൈവത്തോടു പ്രാര്‍ഥിച്ചു.
കുഞ്ഞിനുവേണ്ടിയുള്ള ഉത്കടമായ ദാഹം പ്രാര്‍ഥനയുടെ ചിറകുകളില്‍ ദൈവസന്നിധിയിലെത്തി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നീതു ഗര്‍ഭിണിയായി. സമയത്തിന്റെ പൂര്‍ണതയില്‍ സച്ചു ജനിച്ചു. നല്ലൊരു മാലാഖക്കുഞ്ഞ്.
ദമ്പതികള്‍ക്ക് അളക്കാനാവാത്ത ആനന്ദം. പൊന്നുമോനേ! എന്ന് നീതു വിളിക്കുമ്പോള്‍ സ്റ്റാന്‍ലിയുടെ വിളി 'തങ്കക്കുട്ടാ!' എന്നാണ്. വീട്ടില്‍ ആനന്ദത്തിന്റെ ആറാട്ട്. ആ മോനാണ് ഇപ്പോള്‍ ആശുപത്രിവാര്‍ഡില്‍ കിടക്കുന്നത്. മൂന്നുനാലു വയസ്സുവരെ സച്ചുവിനു കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഇടയ്ക്കു ചിലപ്പോള്‍ ശ്വാസം മുട്ടലും കിതപ്പും. വിദഗ്ധനായ ഡോക്ടറെ കാണിച്ചു. തുടര്‍ച്ചയായ ചികിത്സകള്‍ നടന്നു. അങ്ങനെ നാലഞ്ചു വയസ്സുവരെ മുമ്പോട്ടുനീങ്ങി.
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ സച്ചുവിന് അമിതമായ കിതപ്പും ശ്വാസതടസ്സവുമുണ്ടായി. ഉടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഹൃദയത്തിനാണ് അസുഖമെന്നു മനസ്സിലായി. തുടര്‍ന്ന് കുട്ടിയെ ഹൃദ്രോഗവിഭാഗത്തിലേക്കു മാറ്റി. ഐസിയുവില്‍ കിടത്തി. പ്രഗല്ഭനായ കാര്‍ഡിയോളജിസ്റ്റ് ഡോ. ബല്‍രാജ് കുട്ടിയെ വിശദമായി പരിശോധിച്ചു. സ്‌കാന്‍ ചെയ്തു. എക്കോ ചെയ്തു.
പരിശോധനകള്‍ക്കുശേഷം പുറത്തുവന്ന ഡോക്ടര്‍ മാതാപിതാക്കളെ വിളിപ്പിച്ചു. വേവലാതിപൂണ്ട് അവര്‍ ഓടിയെത്തി. അവരോടു പറഞ്ഞു: ''കുട്ടിക്ക് വെന്‍ട്രിക്കുലര്‍ ഡിഫെക്ടാണ്. അതായത്, ഹൃദയഭിത്തിയില്‍ ചെറിയൊരു ദ്വാരം കാണുന്നുണ്ട്. എത്രയും വേഗം ഓപ്പറേഷന്‍ നടത്തണം.''
നടുക്കത്തോടെയാണ് അവര്‍ ഇതു കേട്ടത്.
''ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റില്ലേ ഡോക്ടര്‍?'' സ്റ്റാന്‍ലിയുടെ ചോദ്യം.
''ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്നതല്ല. ഉടനെ ഓപ്പറേഷന്‍ നടത്തേണ്ട കേസാണ്. നീട്ടിവയ്ക്കുന്നത് ഒട്ടും ബുദ്ധിയല്ല. വളരെ ഗൗരവമുള്ളതാണ് ഓപ്പറേഷന്‍ കാര്‍ഡിയാക് അറസ്റ്റും ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടാകാം.''
ഇതുകേട്ട് നീതു തളര്‍ന്ന മട്ടിലായി.
''ഓപ്പറേഷന്‍ ഒഴിവാക്കാന്‍ കഴിയില്ലേ ഡോക്ടര്‍?'' ഉത്കണ്ഠയോടെയുള്ള ചോദ്യം വീണ്ടും.
ഡോക്ടര്‍ മയത്തില്‍ പറഞ്ഞു: ''ഇതിന്റെ ഗൗരവം ഞാന്‍ പറഞ്ഞുമനസ്സിലാക്കിയില്ലേ? കോംപ്ലിക്കേറ്റഡ് കേസാണ്. റിസ്‌കുള്ള ഓപ്പറേഷന്‍. സക്‌സസ് റേറ്റ് വളരെ കുറവാണ്. എന്തുവേണം?''
അവര്‍ തീ വിഴുങ്ങിയപോലെ നിന്നു. തീരുമാനത്തിലെത്താനാവാതെ ദമ്പതികള്‍ പരസ്പരം പകച്ചു മിഴിച്ചു നിന്നു.
''ഒന്നു ഞാന്‍ പറയാം. ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടി...''
''അയ്യോ...!'' നീതു വിങ്ങിപ്പൊട്ടി. തലകറങ്ങുന്നതുപോലെ തോന്നി. ഉടനെ സ്റ്റാന്‍ലി അവളെ താങ്ങി കസേരയിലിരുത്തി. പുറത്തുതട്ടി സാന്ത്വനപ്പെടുത്തി.
നിമിഷങ്ങള്‍ നീങ്ങി. ഒടുവില്‍ തീ പിടിച്ച ഹൃദയവും പുകയുന്ന മനസ്സുമായി ദമ്പതികള്‍ നിറമിഴികളോടെ ഡോക്ടറെ സമ്മതമറിയിച്ചു.
അവര്‍ ചങ്കുപൊട്ടി ദൈവത്തെ വിളിച്ചു നിലവിളിച്ചു. പൊന്നുമോനെ കൊഞ്ചിച്ചും കളിപ്പിച്ചും മതിയായില്ല. അവന്റെ കുസൃതികളും കൊച്ചുകൊച്ചു വികൃതികളും കണ്ടു കൊതിതീര്‍ന്നില്ല. ചില്ലറ അസുഖങ്ങളുണ്ടെങ്കിലും അവനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അപ്പോഴേക്കും...
''ദൈവമേ! ഞങ്ങളുടെ പൊന്നുമോനെ ഞങ്ങള്‍ക്കു തിരിച്ചു തരണമേ!'' അവരുടെ മനംനൊന്ത വിലാപം.
പിറ്റേന്നു രാവിലെ ഓപ്പറേഷന്‍. കുട്ടിയുടെ കേസാണ് ആദ്യം. ഡോക്ടര്‍ ഓപ്പറേഷനു സന്നദ്ധനായി തിയേറ്ററിലേക്കു കടന്നുവന്നു. അവന്റെ അടുത്ത് ഫൈനല്‍ ചെക്കപ്പിനായി എത്തി. ഗുഡ്‌മോണിങ് പറഞ്ഞു. പുഞ്ചിരിച്ചു കിടക്കുന്ന സച്ചുവിനെ ഏറെ സന്തുഷ്ടിയോടെ നോക്കി വാത്സല്യപൂര്‍വം അവന്റെ കവിളില്‍ തട്ടി.
''മോനേ! പേടിക്കാനൊന്നുമില്ല, കേട്ടോ.''
''എനിക്കു പേടിയൊന്നുമില്ല ഡോക്ടര്‍.''
''വെരി ഗുഡ്''
''ഞാന്‍... ഞാനൊരു കാര്യം പറയട്ടെ?'' കഥയില്ലാത്തപോലെ. ബാലന്റെ മൊഴികള്‍.
''എന്താണു മോനെ?''
നിഷ്‌കളങ്കതയോടെ ആ കിളുന്തുബാലന്‍ ഡോക്ടറോടു പറഞ്ഞു: ''ഡോക്ടര്‍ എന്റെ ഹൃദയം തുറന്ന് ഓപ്പറേഷന്‍ ചെയ്യുമ്പോ അവിടെ യേശുവിനെ കാണും. എന്റെ മമ്മി പറഞ്ഞിട്ടുണ്ട് ഹൃദയത്തില്‍ യേശുവുണ്ടെന്ന്. ഓപ്പറേഷന്‍ ചെയ്യുമ്പോ എനിക്ക് യേശുവിനെ കാണാന്‍ പറ്റില്ലല്ലോ. ഡോക്ടറ് കാണും. അപ്പോ യേശുവിനോടു പറയണം, ഞാന്‍ യേശുവിനെ ഒരുപാട് ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്.''
വിചിത്രമായ ഈ പറച്ചില്‍ കേട്ടു ഡോക്ടര്‍ അമ്പരന്നുപോയി. നിമിഷനേരം തരിച്ചുനിന്നു. സമയം കളയാതെ ഡോക്ടര്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ബാലന്റെ ശരീരം ഓപ്പണ്‍ ചെയ്തു കത്തി വച്ചപ്പോള്‍, അപ്രതീക്ഷിതമായി പെട്ടെന്നു ബ്ലീഡിങ്ങുണ്ടായി. നിലയ്ക്കാത്ത ബ്ലീഡിങ്. ഡോക്ടര്‍ വല്ലാത്ത ആശങ്കയില്‍. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. ഹാര്‍ട്ടുബീറ്റ് കൂടുന്നു. കുഞ്ഞു കൈവിട്ടുപോകുമോ? ക്രമേണ പള്‍സ്‌റേറ്റ് വല്ലാതെ താഴുന്നു. കുഞ്ഞു യാത്രയാവുകയാണ്. ഡോക്ടര്‍ക്കു വല്ലാത്ത ടെന്‍ഷന്‍. കൂടെ നില്ക്കുന്ന മെഡിക്കല്‍ സംഘത്തിനും അതേ പരിഭ്രാന്തി. നൂറുകണക്കിനു ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുള്ള താന്‍ ഇവിടെ പരാജയപ്പെടുകയാണ്. ഈ വിഷമസന്ധിയില്‍ ബാലന്‍ അല്പം മുമ്പു പറഞ്ഞ വാക്കുകള്‍ ഡോക്ടര്‍ ബല്‍രാജിന്റെ കാതുകളില്‍ മുഴങ്ങി.
''....ഓപ്പറേഷന്‍ ചെയ്യുമ്പോ എനിക്കു കാണാന്‍ പറ്റില്ലല്ലോ. ഡോക്ടര്‍ കാണും. അപ്പോള്‍ യേശുവിനോടു പറയണം, ഞാന്‍ യേശുവിനെ ഒരുപാട്...ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്.''
ആ ചിന്തയില്‍ ഡോക്ടര്‍ മ്ലാനമുഖനായി, നിസ്സഹായതയോടെ ബാലന്റെ ഹൃദയത്തെ ഉറ്റുനോക്കി. എന്നിട്ട് ഏതോ വിശുദ്ധവികാരത്തിന്റെ പ്രേരണയാല്‍ ആ ഹൃദയത്തോടു സംസാരിച്ചു: ''ഈ കുഞ്ഞിന്റെ അഭിലാഷമാണ്... ഇവന്റെ വിശ്വാസമാണ്, ജീസസ് ഇവന്റെ ഹൃദയത്തിലുണ്ടെന്ന്. ഈ കുഞ്ഞ് എന്നെ പറഞ്ഞേല്പിച്ചിരിക്കുന്നു; ഞാന്‍ ജീസസിനെ നേരിട്ടു കാണുമ്പോള്‍, ജീസസിനെ ഈ കുഞ്ഞ് ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നു പറയണമെന്ന്.''
പതറിയ സ്വരത്തില്‍ ഇത്രയും പറഞ്ഞുകഴിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരു മിറക്കിള്‍ സംഭവിച്ചതുപോലെ പൊടുന്നനേ ബ്ലീഡിങ് നിന്നു. ഡോക്ടര്‍ക്ക് ആശ്ചര്യവും ആവേശവും ഉടനെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. ഗംഭീരവിജയം. ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തികഞ്ഞ സംതൃപ്തിയും സന്തോഷവും ഉള്ളിലടക്കി ഡോക്ടര്‍ ബല്‍രാജ് അല്പനിമിഷം നിന്നു. എന്നിട്ടു സ്വയം മനസ്സില്‍ പറഞ്ഞു: ക മെം ഖലൗെ െശി വശ െവലമൃ.േ ''സത്യമായും ഈ കുഞ്ഞിന്റെ ഹൃദയത്തില്‍ ഞാന്‍ യേശുവിനെ കണ്ടു.''