•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുട്ടികളിലെ മാനസികവ്യതിചലനങ്ങള്‍

ഠനകാലത്തു മാത്രമല്ല പരീക്ഷാസമയത്തും കുട്ടികള്‍ പലവിധ മാനസികപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്.  ചില കുട്ടികള്‍ പഠിക്കാതെ ഉഴപ്പിനടക്കുന്നു.  മറ്റു ചിലരോ പഠിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ക്കു പഠിക്കാന്‍ കഴിയുന്നില്ല. ചില കുട്ടികള്‍ നന്നായി പഠിക്കും. എന്നാല്‍, പരീക്ഷാസമയത്തു ഭയങ്കര ടെന്‍ഷന്‍. പഠിച്ചതുപോലും എഴുതാന്‍ കഴിയുന്നില്ല.  അകാരണമായി മറന്നുപോകുന്നു.  
കുട്ടികള്‍ക്കുണ്ടാകുന്ന ചില മാനസികപ്രശ്‌നങ്ങളെക്കുറിച്ച് സാമാന്യമായി താഴെ വിവരിക്കുന്നു.
1. ഉത്കണ്ഠ 
അമിതമായി വരുന്ന ഉത്കണ്ഠയാണ് രോഗമാകുന്നത്. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും സാമാന്യമായി ഉത്കണ്ഠ ഉണ്ടായിരിക്കണം.  പരീക്ഷക്കാലമാകുമ്പോള്‍ ഉത്കണ്ഠ ഉണ്ടെങ്കിലേ കുട്ടികള്‍ പഠിക്കൂ. മാര്‍ക്കിനെക്കുറിച്ചും വിജയിക്കുന്നതിനെക്കുറിച്ചും ഉന്നതപഠനത്തെക്കുറിച്ചും ചിന്ത വേണം.  അപ്പോഴാണ് കുട്ടികള്‍ ഉത്തരവാദിത്വത്തോടെ പഠിക്കുന്നത്.
ഇതൊരു രോഗാവസ്ഥയാകുന്നത് എപ്പോഴാണ്?  
- കുട്ടികള്‍ പരീക്ഷയെ ഓര്‍ത്ത് വല്ലാതെ ആധിപിടിച്ചു നടക്കുമ്പോള്‍ - പരീക്ഷയെക്കുറിച്ചു രക്ഷിതാക്കളോടു വിലപിച്ചു പറയുമ്പോള്‍ - പഠിക്കുന്നത് ഓര്‍ത്തിരിക്കുന്നില്ല എന്നു പരാതിപ്പെടുമ്പോള്‍ - പരീക്ഷയില്‍ മാര്‍ക്കു കിട്ടുകയില്ല എന്നു സങ്കടപ്പെടുമ്പോള്‍ - പരീക്ഷ എഴുതാന്‍ കഴിയുകയില്ല എന്നു സ്വയം വിചാരിക്കുമ്പോള്‍ - പഠിക്കാനും പരീക്ഷയ്ക്കും പോകാതെ മടിപിടിച്ചിരിക്കുമ്പോള്‍ - എപ്പോഴും പരീക്ഷയെക്കുറിച്ച് ആകുലപ്പെട്ടു പറഞ്ഞുനടക്കുമ്പോള്‍ - പരീക്ഷയെക്കുറിച്ചോര്‍ത്തു ഭക്ഷണം കഴിക്കാതെ നടക്കുമ്പോള്‍ - എല്ലാക്കാര്യങ്ങളും അലസമായി കൈകാര്യം ചെയ്യുമ്പോള്‍ - ഭാവി അനിശ്ചിതത്വത്തിലാണെന്നു സ്വയം വിചാരിക്കുമ്പോള്‍ എല്ലാം ഇതൊരു രോഗാവസ്ഥയായി പരിണമിക്കുകയാണ്.
ഉത്കണ്ഠ സത്യമല്ല. അതു മിഥ്യയാണ്. വെറും തോന്നലാണ്.  അത് അനിയന്ത്രിതമായിത്തീരാം. ഉത്കണ്ഠയുള്ളവര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ അവര്‍ക്കുമാത്രമേ അറിയൂ.  നമ്മള്‍ നിസ്സാരമാണെന്നു പറഞ്ഞാല്‍ അവര്‍ക്കു സഹിക്കാന്‍ കഴിയുകയില്ല. പരീക്ഷക്കാലത്ത് ഇത്തരം അവസ്ഥയില്‍ ചില കുട്ടികളെങ്കിലും ചെന്നുപെടാറുണ്ട്.  പഠിച്ച ഉത്തരങ്ങള്‍പോലും പരീക്ഷാസമയത്തു തെറ്റിച്ചുകളയും. എഴുതിയ ഉത്തരങ്ങള്‍ വീണ്ടും എഴുതിയെന്നു വരാം. ഉത്തരമെഴുതുമ്പോള്‍ ചോദ്യത്തിന്റെ നമ്പര്‍ ഇട്ടെന്നു വരുകയില്ല. ഇട്ടാലും തെറ്റിച്ചുകളഞ്ഞെന്നു വരാം. ഉത്തരപ്പേപ്പറില്‍ എന്താണു കാട്ടിക്കൂട്ടിവച്ചിരിക്കുന്നത് എന്നു തോന്നാം. ഈ ഉത്കണ്ഠ പിന്നീട് വിഷാദാവസ്ഥയിലേക്കു നയിക്കും.
2. വിഷാദരോഗം 
മുതിര്‍ന്നവര്‍ക്കുമാത്രമല്ല, കുട്ടികള്‍ക്കും വിഷാദരോഗം വരാം.  മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കാണു സാധ്യത.  കാരണം, അവരുടെ മനസ്സ് വളരെ നിഷ്‌കളങ്കമാണ്.  ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ഇരുപതു ശതമാനം പേരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഏതാണ്ട് അഞ്ചില്‍ ഒരാള്‍ക്കുവീതം ഈ രോഗലക്ഷണമുണ്ട്. ഇരുപത്തിയഞ്ചു കുട്ടികളുള്ള ഒരു ക്ലാസുമുറിയില്‍ അഞ്ചു പേര്‍ക്കെങ്കിലും വിഷാദരോഗത്തിന്റെ ലക്ഷണമുണ്ടെന്നു നാം മനസ്സിലാക്കണം. 
വിഷാദരോഗത്തിന്റെ  ലക്ഷണങ്ങള്‍
- എപ്പോഴും സങ്കടത്തില്‍ മുഴുകിയിരിക്കുന്നു. - എല്ലാക്കാര്യങ്ങളും നെഗറ്റീവ് മനസ്ഥിതിയോടെമാത്രം കാണുന്നു. - എന്തിനെക്കുറിച്ചും നെഗറ്റീവായി മാത്രം സംസാരിക്കുന്നു. - ജീവിതത്തിലെ നഷ്ടങ്ങള്‍മാത്രം എപ്പോഴും പറയുന്നു. - ലഭിച്ച മാര്‍ക്കിനെക്കുറിച്ചല്ല, ലഭിക്കാത്ത മാര്‍ക്കുകളെക്കുറിച്ചു വിവരിക്കുന്നു. - അധ്യാപകര്‍ എപ്പോഴും തിരിച്ചുവ്യത്യാസം കാണിക്കുന്നുവെന്നു പരാതിപ്പെടുന്നു. - സഹപാഠികള്‍ തന്നോടു മിണ്ടുന്നില്ലെന്നു രക്ഷിതാക്കളോടു പറയുന്നു. - മറ്റുള്ളവരുടെ തെറ്റിനു താന്‍ ശിക്ഷ അനുഭവിക്കുന്നുവെന്നു ചിത്രീകരിക്കുന്നു. - രക്ഷിതാക്കള്‍ തന്നോടു സ്‌നേഹം കാണിക്കുന്നില്ല എന്നു പരാതിപ്പെടുന്നു. - എനിക്കു ജീവിക്കണ്ടാ എന്നു ചിലപ്പോഴെങ്കിലും ചിന്തിക്കുന്നു.
വിഷാദരോഗാവസ്ഥയില്‍ ഉള്ളവര്‍ പലപ്പോഴും ആത്മഹത്യാപ്രവണത കാണിക്കാറുണ്ട്.  അല്ലെങ്കില്‍ ആത്മഹത്യാചിന്ത പുലര്‍ത്തുന്നവര്‍ മിക്കവാറും ഡിപ്രഷന്‍ രോഗികള്‍ ആയിരിക്കാം. ഇന്നു കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത ഏറിവരുന്നത് നാം കാണാറുണ്ട്. പരീക്ഷയില്‍ തോറ്റാലും ഇത്തിരി മാര്‍ക്കു കുറഞ്ഞാലും കുട്ടികള്‍ വിഷാദാവസ്ഥയിലേക്കു വീണുപോകാം. മറ്റു കുട്ടികളുമായി അധികം ഇടപഴകാതെ ഭാരംപേറുന്ന മനസ്സുമായി കഴിയുന്ന കുട്ടികള്‍ വിഷാദരോഗത്തിന്റെ ലക്ഷണം കാണിക്കുന്നു. 
വിഷാദാവസ്ഥയുള്ള കുട്ടികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിയില്ല. പരീക്ഷാസമയത്തു പഠിച്ച കാര്യങ്ങള്‍ മറന്നുപോകും. ഉത്തരങ്ങള്‍ വ്യക്തമായി എഴുതുകയില്ല. ചില സമയത്തു പരീക്ഷ എഴുതാതെ എന്തൊക്കെയോ ചിന്തിച്ചിരിക്കും. എന്താണു ചിന്തിക്കുന്നതെന്നു ചോദിച്ചാല്‍ വെറുതേ എന്ന് ഉത്തരം പറയും.  വിഷാദാവസ്ഥയിലുള്ളവര്‍ ആരോടും അഡ്ജസ്റ്റു ചെയ്യാറില്ല. ചിലപ്പോള്‍ അകാരണമായി പൊട്ടിത്തെറിക്കുകയും വയലന്റ് ആകുകയും ചെയ്‌തേക്കാം. അതിനാല്‍, വളരെ വിവേകത്തോടെ ഇവരെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.
3. വ്യക്തിത്വവൈകല്യങ്ങള്‍
കുട്ടികളില്‍നിന്നു നാം പ്രതീക്ഷിക്കുന്ന ചില പെരുമാറ്റരീതികളുണ്ട്. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി ചില കുട്ടികള്‍ പെരുമാറുന്നതു നാം കാണുന്നു. ഈ കുട്ടി എന്താ ഇങ്ങനെ?  ഈ കുട്ടിക്ക് എന്തു പറ്റി?  ഇങ്ങനെ ചില കുട്ടികളെക്കുറിച്ചു നാം  ചിന്തിക്കാറുണ്ട്. ഇത് ഇവന്റെ കുറ്റമല്ല, ജനിപ്പിച്ചവരുടെ കുറ്റമാണ് എന്നും പറയാറുണ്ട്. സമയദോഷം എന്നും ആക്ഷേപിക്കും. എല്ലാം കടകവിരുദ്ധമായിട്ടേ ചെയ്യൂ.  എല്ലാ അലമ്പിലും അക്രമത്തിലും ഇത്തരക്കാര്‍ ഉണ്ടായിരിക്കും. പൊതുവെ വഴക്കാളികളും അനുസരണക്കേടു കാട്ടുന്നവരുമായിരിക്കും. 
വ്യക്തിത്വവൈകല്യങ്ങള്‍ പലതരത്തില്‍ കാണപ്പെടാറുണ്ട്.
1. അക്രമവാസന
ഇത്തരക്കാര്‍ വീട്ടിലും നാട്ടിലും സ്‌കൂളിലും പ്രശ്‌നക്കാരായിരിക്കും.  മറ്റു കുട്ടികളെ ഉപദ്രവിക്കുന്നതു സാധാരണമാണ്.  അനാദരവും അനുസരണക്കേടുമാണ് ഇവരുടെ മുഖമുദ്ര. രാഷ്ട്രീയക്കാരും മറ്റും ഇവരെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുപയോഗിക്കും. മയക്കുമരുന്നുമാഫിയ ഇവരെ ദുരുപയോഗിക്കുന്നതും സാധാരണം. വാക്കേറ്റവും കൈയേറ്റവും ഇവര്‍ മറ്റുള്ളവരോടു കാണിക്കും. ആരോടും പൊരുത്തപ്പെടാന്‍ ഇവര്‍ തയ്യാറല്ല.  തങ്ങള്‍ പറയുന്നതും ചെയ്യുന്നതുമാണു ശരി എന്നു വാശിപിടിക്കും. സ്‌നേഹിച്ചും മെരുക്കിയും ഇവരെ കൊണ്ടുപോകേണ്ടതാണ്.
2. അമിതദേഷ്യം
ശൈശവത്തില്‍ സ്‌നേഹം ലഭിക്കാതെപോയ നിര്‍ഭാഗ്യവാന്മാരാണ് പൊതുവെ അമിതദേഷ്യം പ്രകടിപ്പിക്കുന്നത്.  എന്തിനും ഏതിനും പൊട്ടിത്തെറിക്കും.  കുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വിചാരമില്ല. തങ്ങളുടെ പ്രവൃത്തികളെ ലജ്ജയില്ലാതെ ന്യായീകരിക്കും. കുറ്റബോധം യാതൊരു കാര്യത്തിലും കാണിക്കില്ല. നശീകരണസ്വഭാവവും ഇത്തരക്കാരില്‍ കാണാം. കൈയില്‍ കിട്ടുന്ന എന്തും എറിഞ്ഞുടയ്ക്കും. മാതാപിതാക്കള്‍ ഇച്ഛിക്കാതെ ജനിക്കുന്ന കുട്ടികളില്‍ ഈ വൈകല്യം സാധാരണമാണ്. 
3. സാഡിസം
ഇത്തരക്കാര്‍ മറ്റു കുട്ടികളെ വല്ലാതെ ഉപദ്രവിക്കുന്നു.  യാതൊരു കുറ്റബോധവും ഇവര്‍ക്കില്ല.  തങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കുകയും ചെയ്യും. മറ്റു കുട്ടികള്‍ വേദനിക്കുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നു. ഇവര്‍ മറ്റുള്ളവരെ കൊല്ലാനും മടിക്കില്ല. സാഡിസ്റ്റ് സ്വഭാവമുള്ള കുട്ടികള്‍ ഗ്രൂപ്പായി മാറി, മാഫിയപോലെ പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്.
4. മസോക്കിസം
സ്വയം പീഡിപ്പിക്കുന്നതില്‍ രസം കണ്ടെത്തുന്നവരാണ് ഈ വിഭാഗം കുട്ടികള്‍.  സാഡിസത്തിനു നേരേ വിപരീതസ്വഭാവക്കാരാണ് ഇവര്‍. എന്തെങ്കിലും ചെറിയൊരു ഇഷ്ടക്കേടുണ്ടായാല്‍ ഇവര്‍ സ്വയം പീഡിപ്പിക്കും. സ്വന്തം രക്തം കാണുന്നത് ഇവര്‍ക്കിഷ്ടമാണ്.  തോല്‍വി ഇവര്‍ക്കു സഹിക്കാന്‍ കഴിയില്ല. പൊതുവെ ഇവര്‍ അന്തര്‍മുഖരായിരിക്കും.  മറ്റുള്ളവരുടെ മുമ്പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കും. അവസരം കിട്ടുമ്പോള്‍ യഥാര്‍ഥസ്വഭാവം പുറത്തുവരും.
5. അഡിക്ഷന്‍ 
അമിതമായ ആഗ്രഹമുണ്ടാകുന്ന അവസ്ഥാവിശേഷമാണിത്. എന്തും കൂടിയേ കഴിയൂ എന്ന അവസ്ഥ. കുട്ടികള്‍ക്കിടയില്‍ പല തരത്തിലുള്ള അഡിക്ഷന്‍ കാണപ്പെടുന്നു.  പഠനവും പരീക്ഷയും മാറ്റിവച്ചിട്ട് ഇത്തരം അഡിക്ഷനില്‍ കുട്ടികള്‍ അകപ്പെടുന്നു. ചങ്ങാത്തം നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും അഡിക്ഷന്‍ പങ്കുവയ്ക്കല്‍ കുട്ടികള്‍ക്കിടയിലുണ്ട്.
മദ്യപാനം, പുകവലി, ലഹരിവസ്തുക്കള്‍, സൈക്യാട്രിക് ഗുളികകള്‍, ദൃശ്യമീഡിയ, ഗെയിം-ചൂതുകളി, ഭക്ഷണസാധനങ്ങള്‍, വാഹനങ്ങള്‍, അനുകരണപ്രവണത, സംഘടനാപ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ അഡിക്ഷനുകള്‍ക്ക് ഉദാഹരണമാണ്.
4. ഡെല്യൂഷന്‍
ചില തെറ്റായ ചിന്താഗതികളാണ് ഡെല്യൂഷനുകള്‍.  ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മനോഭാവം. ഇത്തരക്കാരോട് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ല. മുതിര്‍ന്നവരിലാണ് ഈ വ്യക്തിത്വവൈകല്യം ഏറെ കാണപ്പെടുന്നത്.  കുട്ടികളും മോശക്കാരല്ല. ഇവരെ ഒരു കാര്യം പറഞ്ഞുമനസ്സിലാക്കാന്‍ പറ്റില്ല.  എന്തിനും ഏതിനും ഇവര്‍ക്കു ന്യായീകരണമുണ്ട്. വാചകക്കസര്‍ത്താണ് ഇവരുടെ ആയുധം.  
5. മാനിയ
കുട്ടികളെ ഏറെ ബാധിക്കുന്നതാണ് മാനിയ. ഒരു കാര്യത്തില്‍ത്തന്നെ മുഴുകിയിരിക്കുന്ന അവസ്ഥ. ഉദാഹരണത്തിന് മൊബൈല്‍ ഫോണുകളോടുള്ള അമിതമായ ആവേശം.  കുട്ടികള്‍ പഠനവും പരീക്ഷയും മാറ്റിവച്ചിട്ട് മൊബൈലില്‍ത്തന്നെ മുഴുകിയിരിക്കുന്നു. കമ്പ്യൂട്ടര്‍, ഗെയിമുകള്‍ തുടങ്ങിയവയും കുട്ടികളുടെ ദൗര്‍ബല്യമാണ്. ഇതു കുട്ടികളുടെ പഠനത്തെയും പരീക്ഷയെയും വല്ലാതെ സ്വാധീനിക്കുന്നു. അവരുടെ ജീവിതംതന്നെ തകരുന്നതിന് ഇവ കാരണമായിത്തീരുന്നു. ഇതിന്റെ പേരില്‍ മിക്ക വീടുകളിലും മാതാപിതാക്കളും മക്കളും തമ്മില്‍ വഴക്കുണ്ടാകുന്നതും സാധാരണമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)