•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കരുണവറ്റിയ കലാലയങ്ങള്‍ സാക്ഷരകേരളമേ ലജ്ജിക്കൂ!

മ്മള്‍ ഒരോട്ടമത്സരത്തില്‍ പങ്കെടുത്തു വിജയിയാകുമ്പോള്‍ ഒപ്പമോടി തോറ്റവരെ മറക്കാതെ ചേര്‍ത്തുപിടിക്കുന്നതിന്റെ പേരാണ് ജനാധിപത്യം എന്നു ഗാന്ധിജി പറഞ്ഞത് ഒരു കുട്ടിയുടെ ചോദ്യത്തിന് ഉത്തരമായാണ്. അശരണരെയും ദുര്‍ബലരെയും ചേര്‍ത്തുപിടിക്കുന്നതാണ് ജനാധിപത്യം എന്ന അടിസ്ഥാനപാഠം അമ്പേ പരാജയപ്പെടുകയും പത്തൊന്‍പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഒരാശയസംഹിത അത്രതന്നെ അപരിഷ്‌കൃതവും അവികസിതവുമാണെന്നു ലോകത്തിനുമുമ്പില്‍ തെളിയിക്കുകയും ചെയ്ത കിരാതത്വമാണ് ഇക്കഴിഞ്ഞ  ദിവസങ്ങളില്‍ വയനാട്ടിലെ പൂക്കോടു വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ഥി നേരിട്ട കൊടിയ അനുഭവങ്ങളും അതു മരണത്തിലൊടുങ്ങിയതും നമ്മെ കാണിക്കുന്നത്. 
അശരണര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നു ലോകത്തോടു വിളിച്ചുപറയുകയും ഏകാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും എതിര്‍ശബ്ദങ്ങളെ കൊടുവാള്‍ത്തലപ്പുകളില്‍ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ നവമുകുളങ്ങളാണ് ഒരിരുപതുകാരനെ ബെല്‍റ്റിനടിച്ചും, വാരിയെല്ലു ചവിട്ടിയൊടിച്ചും നഗ്നനാക്കി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്... മൂന്നുദിവസം ജലപാനം നല്‍കാതെ പട്ടിണിമരണം വിധിച്ചത്... ഹോസ്റ്റലില്‍ ഉറങ്ങിയിരുന്ന വിദ്യാര്‍ഥികളെ  ഉണര്‍ത്തിക്കൊണ്ടുവന്നു നിര്‍ബന്ധിച്ച് അവനെ തല്ലിച്ചതപ്പിച്ചത്... ഭീഷണി ഭയന്ന് തല്ലിയതിന്റെ മനോവ്യഥയില്‍ വിദ്യാര്‍ഥികള്‍ പലരും കരഞ്ഞുകൊണ്ടാണു മടങ്ങിയത്.
കേരളത്തില്‍ അധികാരദുര്‍വിനിയോഗവും ഭരണകൂടധാര്‍ഷ്ട്യവും സമ്മാനിച്ച കൊടുംവറുതിയുടെ ഈ മുടിഞ്ഞകാലത്ത് എതിര്‍ശബ്ദങ്ങളെ എങ്ങനെ കഴുത്തറുത്തു നിശ്ശബ്ദമാക്കാം എന്നതിന്റെ ബാലപാഠങ്ങള്‍ അതിക്രൂരമായി പാര്‍ട്ടി
യുടെ വിദ്യാര്‍ഥിവിഭാഗത്തെ അഭ്യസിപ്പിക്കുകയാണോ എന്നു തോന്നിപ്പോകുന്നു. 
അതോ, തങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്യാതെ നിശ്ശബ്ദരാകൂ എന്ന ഭീഷണിയുടെ മുന്നറിയിപ്പു സന്ദേശം കേരളജനതയ്ക്കു കൈമാറുകയാണോ ചെയ്യുന്നത്?
കേന്ദ്രം ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു എന്ന ഇടതുപക്ഷത്തിന്റെ തൊണ്ടപൊട്ടും ആക്രോശങ്ങള്‍ക്ക് ഇവിടെ എന്തു പ്രസക്തി? അത്രത്തോളം ജനാധിപത്യധ്വംസനത്തിനു കുടപിടിക്കുകയാണ് ഇവരിവിടെ.
സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വെട്ടിവീഴ്ത്തി ആര്‍ത്തുവിളിക്കുന്ന ഈ തലമുറയുടെ കൈകളില്‍ ഭാവിജനാധിപത്യവും രാജ്യവും എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നു ചിന്തിക്കേണ്ടതുണ്ട്. ഇത്ര കിരാതമായി വന്യവത്കരിക്കപ്പെട്ട എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടാന്‍പോലും, ഇതെഴുതുന്ന നേരംവരെ, മാതൃസംഘടന തയ്യാറായിട്ടില്ലെന്നതുതന്നെ നിലപാടുകളിലെ ഇരട്ടത്താപ്പു സംബന്ധിച്ച ആശങ്ക പരത്തുന്നു. 
സിദ്ധാര്‍ഥന്റെ മരണദിവസം മലയാളമറിയാത്ത വിദ്യാര്‍ഥിനി മലയാളത്തിലെഴുതിയ പരാതി കോളജിലെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റിക്കു പരാതി  നല്‍കുന്നതും, മരിച്ച വിദ്യാര്‍ഥിക്കെതിരേ അവന്റെ മരണശേഷം പരാതി സ്വീകരിച്ചതും, ആ പരാതിയില്‍ പരാതിക്കാരിയുടെ വിവരങ്ങള്‍ വ്യക്തമല്ല എന്ന പേരില്‍ രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു പരാതി സ്വീകരിച്ചതും അങ്ങേയറ്റം അപഹാസ്യവും കിരാതരായ പീഡകരെ സംരക്ഷിച്ചുപിടിക്കാന്‍ കോളജ് അധികൃതര്‍ കാണിക്കുന്ന ഉത്സാഹത്തിനു തെളിവുമാണ്.
പരസ്യവിചാരണയും ശിക്ഷയും നടപ്പാക്കാന്‍ തക്കവിധം പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തുല്യമായ ഇടമാക്കുകയാണ് കോളജുകാമ്പസുകള്‍ എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെയും സ്‌നേഹസഹവര്‍ത്തിത്വത്തിന്റെയും മൂശകളാകേണ്ട പഠനയിടങ്ങള്‍ നരഭോജികളുടെ ഭക്ഷണമേശകളാകുന്ന നിര്‍ദയവൈചിത്ര്യത്തിനാണ് ഇക്കാലം നമ്മെ സാക്ഷികളാക്കുന്നത്.
മനുഷ്യവംശത്തിന്റെ ദുരിതങ്ങളെച്ചൊല്ലി  വേദനയനുഭവിക്കുന്നവര്‍ ആരാണോ, അവരാണു മഹത്ത്വത്തിലെത്തിച്ചേര്‍ന്നവര്‍ എന്ന് ബര്‍ട്രാര്‍ഡ് റസ്സല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. അതിനു നേര്‍വിപരീതമായി ഭീഷണിയിലൂടെയും ധാര്‍ഷ്ട്യത്തിലൂടെയും സ്വയം മഹത്ത്വീകരിക്കാന്‍ ശ്രമിക്കുന്ന ഭരണനേതൃത്വത്തിന് ഓശാന പാടാന്‍ വളര്‍ത്തിയെടുക്കുന്ന വികലവ്യക്തിത്വങ്ങള്‍ സഹാനുഭൂതി വറ്റിയ കിരാതന്മാരായി വളരുന്നതു സ്വാഭാവികം.
മുരളുന്ന മൈക്കിനെതിരേ കേസെടുക്കുന്നതിനും കറുപ്പിടുന്നവന്റെ മുതുകത്തിടിക്കുന്നതിനും സഹപ്രവര്‍ത്തകരെ വേദികളില്‍ അപമാനിക്കുമ്പോള്‍  അതു മഹത്തരമെന്നു വാഴ്ത്താനും, കരിമണല്‍ മാസപ്പടികളെ പട്ടിണികിടന്നു ന്യായീകരിക്കാനും പഠിച്ചുവളര്‍ന്ന  ഒരു പ്രത്യയശാസ്ത്രതലമുറയില്‍നിന്ന് നാം എന്തു പ്രതീക്ഷിക്കണം? ചെടിച്ചട്ടികൊണ്ട് എതിര്‍പാര്‍ട്ടിക്കാരന്റെ തലയടിച്ചുതകര്‍ത്തതിനെ 'രക്ഷാപ്രവര്‍ത്തനം' എന്നു വിളിച്ചു വിശിഷ്ടസേവാമെഡല്‍ നല്‍കുന്നത് മാതൃകയാക്കുന്ന തലമുറയുടെ നല്ല പാഠം അപരനു നേര്‍ക്കു കരുണ വേണ്ടാ എന്നതുതന്നെയാണ്. അങ്ങനെ ധാര്‍മികമൂല്യങ്ങളെ ബഹുമാനിക്കാതെ തകരുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് പൂക്കോട്ട് വെറ്ററിനറികോളജില്‍ നാം കണ്ടത്.
നമ്മുടെയുള്ളിലെ ധാര്‍മികശക്തിയെ ഉയര്‍ത്തിപ്പിടിച്ചു പോഷിപ്പിക്കേണ്ട അധ്യാപകര്‍ മൂല്യങ്ങള്‍ മറന്നത് തെറ്റായ സന്ദേശം പകരുന്നു. തലമുറയെ സമൂഹത്തിന്റെ നന്മ വികാസങ്ങള്‍ക്കായി വാര്‍ത്തെടുക്കേണ്ട ചുമതലയില്‍നിന്നു മനഃപൂര്‍വം ഒഴിഞ്ഞുമാറി ശമ്പളത്തിന്റെ സുരക്ഷിതത്വവും കയ്യൂക്കുള്ളവന് ഓശാന പാടലുംമാത്രമാണ് അധ്യാപനത്തിന്റെ മാതൃകയെന്നു വിളിച്ചുപറയുന്ന പൂക്കോട്ട് വെറ്ററിനറി കോളജിലെ അധ്യാപകര്‍ സമൂഹത്തിനു നല്‍കുന്നത് അധ്യാപകര്‍ എങ്ങനെയാവരുത് എന്ന തിരിച്ചറിവു സന്ദേശമാണ്.
അസാധാരണനടപടിയിലൂടെ പൂക്കോട്ട് വെറ്ററിനറി  സര്‍വകലാശാല വൈസ്ചാന്‍സലറെ സസ്‌പെന്‍ഡു ചെയ്തുകൊണ്ട് ഗവര്‍ണര്‍ തന്റെ അധികാരപരിധിയില്‍നിന്നുകൊണ്ടുള്ള നടപടികള്‍ ആരംഭിച്ചു എന്നതാണ് പ്രതീക്ഷയുടെ വെളിച്ചം പകരുന്നത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സെക്രട്ടറിക്കു പകരം നേരിട്ട് ഒപ്പുവച്ച ഗവര്‍ണര്‍ അന്വേഷണത്തിനുത്തരവിടുകയും  ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്കു കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരേ നിരന്തരം പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ കിട്ടിയ അവസരം ഗവര്‍ണര്‍ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണെങ്കിലും വി.സി. അടക്കമുള്ള സര്‍വകലാശാലാധികൃതരുടെ നിസ്സംഗതയ്ക്കും പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചേക്കാവുന്ന രാഷ്ട്രീയഇടപെടലുകള്‍ക്കുമുള്ള ഒരു നടപടികൂടിയായി ഇത്.
അങ്ങേയറ്റം വേദന പകരുന്നത് ഷണ്ഡീകരിക്കപ്പെട്ട യുവതലമുറയെക്കുറിച്ചുള്ള ആശങ്ക തന്നെ. സമൂഹമാധ്യമഭിത്തികളില്‍ കമന്റെഴുതി നിറയ്ക്കാനല്ലാതെ, പ്രകടപ്രതികരണശേഷി നഷ്ടപ്പെട്ട ഒരു യുവതലമുറയെക്കുറിച്ചു നാം ചിന്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ പ്രകാശിതവിഹായസ്സിനെക്കാള്‍ പാരതന്ത്ര്യത്തില്‍ ലഭിക്കുന്ന പുളിച്ച അപ്പക്കഷണങ്ങള്‍കൊണ്ടു തൃപ്തരാവുകയാണോ ഇവര്‍? നരകജീവിതത്തിലേക്കുള്ള വഴികളില്‍ ഒരു പ്രതിഷേധശബ്ദമുയര്‍ത്താന്‍പോലും തുനിയാതെ സുരക്ഷിത ഇടങ്ങളിലേക്കുള്ള ഒളിച്ചോട്ടം ഈ നിര്‍ജീവതലമുറയെ എങ്ങനെ അടയാളപ്പെടുത്തും? ഇല്ല, അടയാളപ്പെടുത്തില്ല തന്നെ...
അടുത്തുനില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍-
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
ഈ കവിവാക്യമല്ലാതെ മറ്റെന്തു പറയാന്‍?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)