ലോകം മുഴുവന്‍ കൊവിഡ് - 19 മഹാമാരി പരത്തിയ ഭീതിയിലും മരണനിഴലിലുമാണ്. മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കപ്പുറമുള്ള അസാധാരണസാഹചര്യത്തെ നേരിടുമ്പോള്‍ പ്രത്യാശയുടെ വെളിച്ചവുമായി വിശുദ്ധരായ മഹാവ്യക്തികളുടെ ഓര്‍മ്മ മനുഷ്യകുലത്തെ ധൈര്യപ്പെടുത്തുന്നു. ആ ഗണത്തിലെ ഒരു നക്ഷത്രമാണ് രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. കൊവിഡ് 19 വൈറസ് ബാധയ്ക്കു നേരിട്ട് മനുഷ്യനു പങ്കില്ലെന്നിരിക്കെ, നമ്മുടെ സമൂഹവ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന മനുഷ്യസൃഷ്ടിയായ വൈറസ് ആയിരുന്നു ജാതിവ്യവസ്ഥിതിയില്‍നിന്നുയിര്‍ക്കൊണ്ട ഉച്ചനീചത്വങ്ങള്‍. സാമൂഹികവ്യവസ്ഥിതിയില്‍ വൈറസ് ആയി മാറിയിരുന്ന ഈ പ്രവണതയ്‌ക്കെതിരേ, അസമത്വത്തിനെതിരേ ''നിശ്ശബ്ദമായ വിപ്ലവം'' നയിച്ച ഏകാംഗസൈന്യാധിപനായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍. ഒരു തിന്മയെ മറ്റൊരു തിന്മകൊണ്ടല്ല; പ്രത്യുത, തിന്മയെ നന്മകൊണ്ട് തിരുത്താന്‍ അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. അതിനദ്ദേഹം കൈയില്‍ കരുതിവച്ച മൂലധനം ദൈവസ്‌നേഹമായിരുന്നു (1 യോഹ. 3:18). ''കുഞ്ഞു ങ്ങളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.'' ഈ ദൈവവചനത്തിന്റെ സാക്ഷാത്തായ ജീവിതാവിഷ്‌കാരമാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. സാമൂഹികാസമത്വമെന്ന വൈറസിനെ കീഴ്‌പ്പെടുത്താന്‍ അദ്ദേഹം സ്വയം സ്‌നേഹമെന്ന ''മുറിവുണക്കുന്ന തൈലം'' മുറിവേറ്റ ഹൃദയങ്ങളില്‍ പുരട്ടി സാന്ത്വനവും ആശ്വാസവുമേകി. അസമത്വത്തിലെ വേലിക്കെട്ടുകള്‍ താനേ പൊളിഞ്ഞു വീഴുവാന്‍ കാരണമായത് ത്യാഗോജ്വലമായ ജീവിതസമര്‍പ്പണത്തിന്റെ ആത്മശക്തികൊണ്ടാണ്. അസമത്വത്തിന്റെ വിലങ്ങുകള്‍ അഴിക്കാന്‍ കുഞ്ഞച്ചന്‍ ജനത്തിനു പറഞ്ഞുകൊടുത്ത ഇരട്ട മന്ത്രങ്ങളായിരുന്നു പള്ളിയും പള്ളിക്കൂടവും. രാമപുരത്തും സമീപപ്രദേശങ്ങളിലുമുള്ള ദളിത് ഭവനങ്ങളില്‍ കയറിയിറങ്ങി തങ്ങളുടെ മക്കളെ പള്ളിയിലും പള്ളിക്കൂടങ്ങളിലും വിട്ടു പഠിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്കു പ്രേരണയും പ്രചോദനമായി കുഞ്ഞച്ചന്‍. തങ്ങള്‍ക്ക് ഈ മനുഷ്യസ്‌നേഹിയുടെ ഹൃദയത്തില്‍ ഇടം കിട്ടിയതിന്റെ ആനന്ദമാണ് പാവപ്പെട്ട ഒരു ജനസഞ്ചയം അദ്ദേഹത്തിന്റെ കബറിടത്തിങ്കല്‍ ഓടിയെത്തി പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് -19 മഹാമാരിയുടെ നാളുകളിലും സ്‌നേഹത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത ഉറവയായി നില്‍ക്കുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍.
ഇന്ന് ലോകം ഒരു നവസിദ്ധാന്തത്തിന്റെ സ്വാധീനവലയത്തിലാണ്. വി. ഗ്രന്ഥഭാഷയില്‍ ഈ നവീനസിദ്ധാന്തം ''ബാബേലിസം'' എന്നറിയപ്പെടുന്നു. ഉത്പത്തി 11:1-9 വരെ നാം വായിക്കുന്ന ബാബേല്‍ഗോപുരവുമായി ബന്ധപ്പെട്ട പ്രതിപാദ്യമാണത്. അതായത്, സൃഷ്ടിയായ മനുഷ്യന്‍ സ്രഷ്ടാവാകുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ തിരിച്ചടിയായി കൊവിഡ്-19 മഹാമാരിയെ കാണുവാന്‍ കഴിയും. എല്ലാം തന്റെ കൈപ്പിടിയിലാണെന്നും പ്രകൃതിയും പ്രകൃതിവിഭവങ്ങളും തന്റെ സ്വാര്‍ത്ഥപൂര്‍ണ്ണമായ സുഖേച്ഛയ്ക്കു മാത്രമുള്ളതാണെന്നും അഹങ്കരിച്ച മനുഷ്യനു ലഭിച്ച തിരിച്ചടിയാണ് ഈ വൈറസ്ബാധ. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായാവസ്ഥയും ഇത്രയും വ്യക്തമായ മറ്റൊരു കാലഘട്ടമില്ല. എല്ലാം കൈപ്പിടിയിലെന്ന് അഹങ്കരിക്കുന്നവന് ഒന്നും കൈപ്പിടിയില്‍ നില്‍ക്കുന്നില്ലെന്ന അവബോധം ഈ കാലഘട്ടം നല്കി. രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ലോകത്തെ പഠിപ്പിക്കുന്ന സത്യം ദൈവഹിതത്തിനു കീഴ്‌പ്പെടുകയെന്നതാണ്. ദൈവാധിപത്യത്തില്‍നിന്ന് മനുഷ്യാധിപത്യത്തിലേക്കു മലക്കംമറിഞ്ഞ സാഹചര്യത്തിന്റെ പരിണതഫലംതന്നെയാണ് ഈ പകര്‍ച്ചവ്യാധി. പകര്‍ച്ചവ്യാധികള്‍ വി. ഗ്രന്ഥാടിസ്ഥാനത്തില്‍ അടയാളങ്ങളാണ്. ഈജിപ്തില്‍ ഇസ്രായേല്‍ക്കാരെ ഫറവോ അടിമകളാക്കി. അവരുടെ നിലവിളി ദൈവസന്നിധിയില്‍ എത്തിയപ്പോഴാണ് ഒന്നിനുപിറകേ ഒന്നായി പത്തു ബാധകള്‍ ദൈവം ഈജിപ്തുകാരുടെമേല്‍ അയയ്ക്കുന്നത്. ഓരോ ബാധയും ഫറവോയെയും ഈജിപ്തുകാരെയും കൂടുതല്‍ കഠിനഹൃദയരാക്കിക്കൊണ്ടിരുന്നു. അതേത്തുടര്‍ന്നാണ് തുടര്‍ച്ചയായ ബാധകളയച്ചതും ഒടുവില്‍ സംഹാരദൂതന്‍ ഈജിപ്തുകാരുടെ ഭവനങ്ങളിലൂടെ കടന്നുപോയതും ഇസ്രായേല്‍ഭവനങ്ങളെ ദൈവം അടയാളമിട്ടു സംരക്ഷിച്ചതും.
ഈ ചിന്തകള്‍ കുറിക്കുമ്പോള്‍, ഇപ്പോള്‍ സജീവമായിരിക്കുന്ന ഒരു സംഭവമാണ് ഏവരെയും ഭയപ്പെടുത്തുന്നത്. ഉത്തരപ്രദേശിലെ ഹാത്രസില്‍ ഒരു ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതാണ് ഞെട്ടിക്കുന്ന ഓര്‍മ്മകളായി നില്‍ക്കുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന വിധത്തില്‍ നാട്ടിലെ നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതാണ് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം. കൊവിഡ് - 19 മഹാമാരിയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഇനിയും മനുഷ്യന്‍ തയ്യാറായിട്ടില്ലെന്നത് ശുഭകരമായ ഒരു പര്യവസാനമല്ല സൂചിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അനീതിയും അസമത്വവും കൊവിഡ്-19 നെക്കാള്‍ മാരകമായ വൈറസ് ബാധയാണ്. ശരീരത്തിലെ വൈറസ് ബാധയെക്കാള്‍ ഭീകരമാണ് മനസ്സിനെ ബാധിക്കുന്ന വൈറസ്. മനസ്സിനെ ബാധിക്കുന്ന വൈറസിന്റെ ഉത്പന്നങ്ങളും ഉപോത്പന്നങ്ങളുമാണ് സാമൂഹിക അസമത്വവും ഉച്ചനീചത്വങ്ങളും.
രാമപുരത്തെ വാഴ്‌പ്പെട്ട കുഞ്ഞച്ചന്‍ സമൂഹത്തിനു നല്‍കുന്ന ദര്‍ശനം മനസ്സിനെ ദൈവവിചാരംകൊണ്ട് ശുദ്ധീകരിക്കുവാനാണ്. സത്യവും നീതിയും സമത്വവും ഉറപ്പാക്കുന്ന സാമൂഹികവ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യജീവിതം മഹത്തരമാകൂ. സമൂഹത്തിന്റെ ജീര്‍ണ്ണിപ്പുകളുടെ അടയാളങ്ങളായ അസമത്വവും അനീതിയും അകറ്റി സമത്വസുന്ദരമായ ഒരു പരിസ്ഥിതിയില്‍ മാത്രമേ വൈറസുകളെ മനുഷ്യനു നിയന്ത്രിക്കാനാവൂ. സ്രഷ്ടാവായ ദൈവത്തിനു സൃഷ്ടികള്‍ കീഴ്‌പ്പെട്ടിരിക്കാനും സ്രഷ്ടാവിന്റെ ഹിതാനുസരണം ജീവിക്കാനാവശ്യമായ ജീവിതക്രമം പാലിക്കാനും സൃഷ്ടികള്‍ക്ക്, വിശിഷ്യാ, സൃഷ്ടിയുടെ മകുടമായ മനുഷ്യനു കടമയുണ്ട്. ഈ സൃഷ്ടപ്രപഞ്ചത്തെ സംബന്ധിച്ച സ്രഷ്ടാവിന്റെ ഹിതം തിരിച്ചറിഞ്ഞ് തികഞ്ഞ ദൈവാവബോധത്തോടെ ജീവിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുമ്പോഴാണ് ദൈവരാജ്യം സംജാതമാകുന്നത്. ഈ ദൈവരാജ്യത്തിന്റെ വാഗ്മിയും സാക്ഷിയും ആയിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. അദ്ദേഹത്തിന്റെ അനുസ്മരണനാളുകള്‍ മനുഷ്യര്‍ക്ക് ഒരു ദൈവാഭിഷേകമായിരിക്കണം.