രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം കൂടുകയും ഭീതി പരക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശനനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സിനിമാശാലകള്‍ തുടങ്ങിയവ രാജ്യവ്യാപകമായി മാര്‍ച്ച് 31 വരെ അടച്ചിടാനാണു നിര്‍ദ്ദേശം. എന്നാല്‍ 10,12 ക്ലാസ്സുകളിലെ ശേഷിക്കുന്ന ബോര്‍ഡുപരീക്ഷകള്‍ക്കു മാറ്റമില്ല. യൂറോപ്യന്‍രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു പ്രവേശനം വിലക്കി. യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ (മാര്‍ച്ച് 17ലെ റിപ്പോര്‍ട്ടുപ്രകാരം 129 പേര്‍) കൊറോണയെ ദേശീയദുരന്തമായി കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാന്‍ സംസ്ഥാനദുരന്തനിവാരണനിധി ഉപയോഗിക്കാന്‍ മന്ത്രാലയം അനുമതി നല്കിയിരിക്കുന്നു. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് പ്രസ്തുത നടപടി. പ്രളയദുരിതാശ്വാസമായി കേരളത്തിനനുവദിച്ച 2500 കോടിയോളം രൂപയില്‍ ബാക്കിയുള്ള 500 കോടിയിലധികമുള്ള തുക ഇനി കൊറോണാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം.
കോവിഡ്-19 രോഗബാധയുടെ വ്യാപനം തടയുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന 'ബ്രേക് ദ ചെയിന്‍' കാമ്പയിന്‍, ഊര്‍ജ്ജിതമായ പ്രതിരോധപ്രവര്‍ത്തനത്തിന്റെ കൂട്ടുത്തരവാദിത്വമാണ്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട പെരുമാറ്റക്രമങ്ങളില്‍ ശുചിത്വസംസ്‌കാരം ഉറപ്പാക്കാനുള്ള കൂട്ടായ പരിശ്രമമാണ് അടിയന്തരമായി വേണ്ടത്.
കൊറോണക്കാലം പഠിപ്പിക്കുന്ന പ്രഥമവും പ്രധാനവുമായ സന്ദേശവും മറ്റൊന്നല്ല; ശുചിത്വാവബോധത്തിന്റെ സംക്രമണം സാധ്യമാക്കുക. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ സാമൂഹികസുരക്ഷയില്‍ നാം പങ്കാളികളാവുകയാണ്. സാമൂഹികസമ്പര്‍ക്കങ്ങളില്‍ നിയന്ത്രണവും അച്ചടക്കവും പാലിക്കുക എന്നത് ഓരോ വ്യക്തിയും കരുതേണ്ട ശുചിത്വബോധത്തിന്റെ ഭാഗം തന്നെയാണ്. ഹസ്തദാനംപോലെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആശംസകളും സ്‌നേഹപ്രകടനങ്ങളും ഒഴിവാക്കുക, ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ കൂടക്കൂടെ കഴുകുക, സാനിറ്റൈസര്‍ പുരട്ടി കൈകള്‍ ശുചീകരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ടു മറയ്ക്കുക, യാത്രയ്ക്കിടയിലും മറ്റും മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ കൈകൊണ്ടു സ്പര്‍ശിക്കാതിരിക്കുക എന്നിങ്ങനെയെല്ലാം കൊറോണാവൈറസിന്റെ വ്യാപനം പരാമാവധി കുറയ്ക്കാന്‍ ജാഗ്രതയോടെ നമുക്കു പരിശ്രമിക്കാവുന്നതാണ്.
കൊറോണാബാധ 146 രാജ്യങ്ങള്‍ പിന്നിട്ടതായാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. മരണസംഖ്യ 6000 കടന്നിരിക്കുന്നു. രോഗികളുടെ എണ്ണം 1,53,648 ആയിരിക്കുന്നു. ലോകവ്യാപകമായി പടര്‍ന്നുകയറുന്ന ഈ വൈറസിനെ പിടിച്ചുകെട്ടേണ്ടത് നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയുമാണ്. വികസിതരാഷ്ട്രങ്ങള്‍പോലും ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നില്ക്കുമ്പോഴും, നമ്മുടെ രാജ്യവും സംസ്ഥാനവും പതറാതെ പിടിച്ചുനില്ക്കുന്നത് സംഘടിതമായ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നു നമുക്കഭിമാനിക്കാം.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ബോധവത്കരണയത്‌നങ്ങളോടുചേര്‍ന്ന് നമ്മുടെ മതപ്രസ്ഥാനങ്ങളും ആത്മീയാചാര്യന്മാരും സാമൂഹികസാംസ്‌കാരികസംഘടനകളും നായകരും രാഷ്ട്രീയനേതൃത്വവും മാധ്യമങ്ങളും മറ്റും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാസഭ ഇക്കാര്യത്തില്‍ വളരെ ശക്തവും കാര്യക്ഷമവുമായ നേതൃത്വമാണു നല്കിയത്. വിവിധ രൂപതാധ്യക്ഷന്മാര്‍ സര്‍ക്കുലറുകളിറക്കി വിശ്വാസികളെ പ്രബോധിപ്പിച്ചതും ആരാധനാലയങ്ങള്‍ക്കും മതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനനിയന്ത്രണം ഏര്‍പ്പെടുത്തിയതും ബോധവത്കരണയജ്ഞത്തിന് ആക്കംകൂട്ടി. അതേ സമയം, സാമൂഹികസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സര്‍ക്കാര്‍ നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായും എല്ലാ ദൈവാലയങ്ങളിലും വിശ്വാസികള്‍ക്കു പ്രാര്‍ത്ഥിക്കാനുള്ള അവസരങ്ങള്‍ നല്കണമെന്നും വിശ്വാസികള്‍ക്കു കൂദാശകള്‍ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ അജപാലകരായ വൈദികര്‍ ചെയ്തുകൊടുക്കണമെന്നും കെ.സി.ബി.സി. സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശിക്കുകയുണ്ടായി. മാത്രമല്ല, നോമ്പനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ഓരോ കുടുംബവും കൂടുതല്‍ ശ്രദ്ധയും നിഷ്ഠയും പുലര്‍ത്തണമെന്നും കെ.സി.ബി.സി. ആഹ്വാനം നല്കിയിരിക്കുന്നു.
പ്രിയമുള്ളവരേ, കൂടുതല്‍ സാമൂഹികപ്രതിബദ്ധതയോടെ നമുക്കു മുന്നേറാം. വൈദ്യശാസ്ത്രം പകച്ചുനില്ക്കുന്ന വേളയില്‍, പരമകാരുണികനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിക്കേണ്ട സമയമാണിത്. മനുഷ്യന്റെ നിസ്സഹായതയിലും അസാധ്യതയിലും, സംരക്ഷണം നല്കുന്ന ബലവാനായ ദൈവത്തിന്റെ പക്കല്‍ പ്രത്യാശയോടെ നമുക്കഭയം പ്രാപിക്കാം.