ഖലീല്‍ ജിബ്രാന്‍ പറഞ്ഞു: ''മക്കള്‍ മാതാപിതാക്കളിലൂടെ വരുന്നു.'' അക്കൂട്ടത്തില്‍ ഇതുകൂടെ പറയാം: ''മനുഷ്യന്‍ മരിക്കുന്നില്ല, അവന്‍ മക്കളിലൂടെ ജീവിക്കുന്നു.'' അതേ, മക്കളെ ശ്രദ്ധിച്ചു നോക്കിയാല്‍, അവരുടെ മാതാപിതാക്കളെ അവരില്‍ വ്യക്തമായും വ്യംഗ്യമായും കാണാം. അങ്ങനെ പ്രകൃതത്തിലും സ്വഭാവത്തിലും മക്കള്‍ മുത്തച്ഛനോടും മുത്തശ്ശിയോടും ഏറെ അടുത്തിരിക്കും.
പ്രകൃതിപരമായ മാനുഷികഗുണങ്ങള്‍ ചോര്‍ന്നുപോകാതെ മക്കള്‍ വളരണമെങ്കില്‍ അവര്‍ മുതിര്‍ന്ന മാതാപിതാക്കളോടു ചേര്‍ന്നു വളരണം. അതു വഴി രണ്ടു കൂട്ടര്‍ക്കും അനേകം ഗുണങ്ങള്‍ സിദ്ധിക്കും. ഇക്കാലത്തെ മുത്തച്ഛന്മാരിലും മുത്തശ്ശിമാരിലും, മിക്കവരും നല്ല മാനസിക ബൗദ്ധികനിലവാരം പുലര്‍ത്തുന്നവര്‍തന്നെ. അവരോടു തൊട്ടുചേര്‍ന്നു വളരുന്ന കുഞ്ഞുങ്ങള്‍ നൈസര്‍ഗികമായി ഒത്തിരി വിദ്യ നേടും. പെരുമാറ്റഗുണങ്ങളും അവര്‍ക്കുണ്ടാകും.
നേരേമറിച്ച്, കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം, വൃദ്ധ മാതാപിതാക്കള്‍ക്ക് ആയുസ്സും ആരോഗ്യവും നിലനിര്‍ത്തിക്കൊടുക്കും. കൊച്ചുമക്കളുടെ ചങ്ങാത്തം പല വയോധികര്‍ക്കും അഞ്ചും പത്തും വര്‍ഷത്തെ ആരോഗ്യജീവിതം നീട്ടിക്കൊടുക്കും.
മുത്തച്ഛനും മുത്തശ്ശിയുമൊത്തു വളരാത്ത കൊച്ചുമക്കളും, കൊച്ചുമക്കളോടൊത്തു ജീവിക്കാത്ത മാതാപിതാക്കളും ജീവിതത്തിലെ നല്ല ഭാഗം നഷ്ടപ്പെടുത്തിയിരിക്കുന്നു. ചില പുത്തന്‍, യുവമാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വൃദ്ധമാതാപിതാക്കളോടടുക്കുന്നതു തീരെ ഇഷ്ടപ്പെടുന്നില്ല. ഇതു ശരിയായ നിലപാടെന്നു പറയാനാവില്ല. കൊച്ചുമക്കളോടൊത്തു ജീവിച്ചുനോക്കൂ, ആ സുഖം ഒന്ന് ആസ്വദിച്ചു നോക്കൂ. അവര്‍ ദൈവമക്കളാണ്, ദൈവാനുഗ്രഹവാഹകരാണ്.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
എന്തുകൊണ്ട് ഈ പരാജയം?
ഡിജോ കാപ്പന്റെ ലേഖനം (ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലോ? - നാളം 44) വായിച്ചു. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങള്‍ പ്രസക്തംതന്നെ. ജനാധിപത്യതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരി, ഏകാധിപത്യത്തിലേക്കു തിരിയുന്നതിലെ അപകടമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നു നാം ചിന്തിക്കണം.
ഉള്ളതുപറയട്ടെ, നരേന്ദ്രമോദിക്കു തുല്യം നില്ക്കുന്ന ശക്തനായ ഒരു നേതാവ് ഇന്ന് ഇന്ത്യയില്‍ ഒരു കക്ഷിയിലും നിലവിലില്ല. ഒരു ജോഡോയാത്രയുടെ ക്ഷീണം മാറുന്നതിനു മുമ്പേ അടുത്ത യാത്രയ്ക്കു രാഹുല്‍ ഇറങ്ങിയിരിക്കുകയാണ്. ആദ്യയാത്രയ്ക്കു ശേഷമാണല്ലോ മൂന്നുനാലു നിയമസഭാതിരഞ്ഞെടുപ്പുകള്‍ നടന്നത്. രാഹുലിന്റെ പാര്‍ട്ടിക്ക് എന്തുകിട്ടി? ജനങ്ങളെ വശീകരിക്കാന്‍ പോന്ന കരിസ്മകൊണ്ട് മോദി ഉത്തരേന്ത്യന്‍ഗ്രാമങ്ങളെയും എന്തിന്, നഗരങ്ങളെപ്പോലും തന്റെ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. അപ്പോഴും നാം കാണേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനയേ വിജയിച്ച തിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിക്കുള്ളൂ. പക്ഷേ, ഏതു വിജയിക്കും തുള്ളിമറിയാന്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം മതി.
ബിനു തോമസ് കാഞ്ഞിരപ്പള്ളി