വ്യത്യസ്തമാം പ്രകാശമണ്ഡലത്തില്‍
ഒരു വിരോധാഭാസം തെളിഞ്ഞുനിന്നു
വെളിച്ചവുമിരുട്ടും നൃത്തം ചെയ്തിടും
പ്രക്ഷുബ്ധമാവനിയില്‍
ജ്ഞാനത്തിന്‍ പ്രതിഫലനമായ്
ഒരു നിശാപുഷ്പം വിരിഞ്ഞുവന്നു
മുന്‍വിധികളുമവജ്ഞയും
കൊടികുത്തി വാഴുമീ ഭ്രാന്തമാം തൊഴുത്തില്‍
വാക്കുകള്‍ ജ്വലിക്കാത്ത പുലയപ്പറമ്പുകളില്‍
ഗുരുവിന്‍ നാദമാം ഒരു വീണപൂവ്
ഒരു വജ്രംപോലെ, സമൂഹത്തിന്റെ
അലസതകള്‍ക്കിടയില്‍ ആശാന്‍ തിളങ്ങി
വ്രണങ്ങള്‍ നിറഞ്ഞ ലോകത്ത്
ഉയിരിന്റെ പരുക്കന്‍കല്ലുകളില്‍നിന്ന്
നിഴലിന്റെയും വെളിച്ചത്തിന്റെയും
നിറങ്ങള്‍ ധീരവും തിളക്കമുള്ളതുമായി.
സ്വതന്ത്രമായ് ഒഴുകുന്ന നദിപോലെ
ഇരുട്ടില്‍ തെളിയുന്ന വിളക്കുമാടം
ആശാന്റെ വാക്കുകള്‍ മെരുക്കപ്പെടാത്ത
ചാരത്തില്‍നിന്നുയര്‍ന്ന പക്ഷിപോലെ
ഇരുണ്ട ആകാശത്തെ പ്രകോപിപ്പിക്കാന്‍ ധൈര്യപ്പെട്ടു
ഒരു കണ്ണാടിയുടെ പ്രതിബിംബംപോലെ
ആ വരികളില്‍ സത്യം തിളങ്ങി
ഉഗ്രമാം ഉപമകളാല്‍ സമൂഹത്തിന്‍
വികലമാം അടിത്തറ ദുര്‍ബലമായ
ഇതളുകള്‍പോലെ അരിഞ്ഞുവീഴ്ത്തി
ജീവിതകലഹങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ
വെളിച്ചമായി അദ്ദേഹത്തിന്റെ കവിത
നിറഞ്ഞ സ്‌നേഹത്തോടെ, ആത്മാവിന്റെ
ആഴമേറിയ കോണുകളില്‍ സ്പര്‍ശിച്ച്
ആ വാക്കുകള്‍ ഒരു തലമുറയെ പ്രചോദിപ്പിച്ചു
കാരണം, ആ വാക്കുകള്‍
വേശ്യയെയും പ്രണയത്തെയും
ദുരവസ്ഥയെയും അവരുടെ സിരകളില്‍ നിറച്ചു
വരുംതലമുറകളില്‍ അവ നൃത്തം ചെയ്യട്ടെ
കാലത്തിന്റെ ഈ അദ്ഭുതസൃഷ്ടിയെ നമുക്ക് ആഘോഷിക്കാം
ഹൃദയങ്ങളില്‍ ആ പ്രഭ പ്രചോദനമായി ജ്വലിച്ചു നിന്നിടട്ടെ
കുമാരനാശാന്‍, ഒരു നിധിപോലെ എന്നും കാത്തുസൂക്ഷിച്ചിടപ്പെടട്ടെ.