•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കെ.പി. തോമസിന്റെ വഴിയേ മകള്‍ രജനിയും

തേഞ്ഞിപ്പലത്തു നടന്ന സംസ്ഥാന സെന്‍ട്രല്‍ സ്‌കൂള്‍ കായികമേളയില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. എറണാകുളം റവന്യൂജില്ലയെ പ്രതിനിധാനം ചെയ്ത നിര്‍മല സ്‌കൂളിലെ കുട്ടികള്‍ ഏഴു സ്വര്‍ണവും എട്ടു വെള്ളിയും രണ്ടു വെങ്കലവുമായി 104 പോയിന്റ് കരസ്ഥമാക്കി. ഇനി മൂന്നു വ്യാഴവട്ടം പിന്നിലേക്കൊന്നു നോക്കാം. 1986 - 87 ല്‍ അരുവിത്തുറയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസിന്റെ മികവില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ചാമ്പ്യന്‍മാരായി. അരുവിത്തുറയില്‍ തുടങ്ങിയൊരു കുടുംബചരിത്രം തേഞ്ഞിപ്പലത്ത് ആവര്‍ത്തിക്കപ്പെടുകയായിരുന്നു.
കോരുത്തോട് സ്‌കൂളിനെ സംസ്ഥാനത്തെ ചാംപ്യന്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കിയത് കായികാധ്യാപകന്‍ കെ.പി. തോമസ് ആണെങ്കില്‍ മൂവാറ്റുപുഴസ്‌കൂളിനെ വിജയകിരീടം ചൂടിച്ചത് കെ.പി. തോമസിന്റെ ഇളയമകള്‍ രജനി തോമസ് എന്ന കായികാധ്യാപികയും. എം.ജി. സര്‍വകലാശാല ജാവലിന്‍ ചാമ്പ്യന്‍ ആയിരുന്ന രജനി മാറാടി ഹോളി ഫാമിലി സ്‌കൂളില്‍ ആയിരുന്നു 11 വര്‍ഷം. കഴിഞ്ഞ 12 വര്‍ഷമായി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലാണ്. ഏഴുവര്‍ഷം സഹോദയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ നിര്‍മല സ്‌കൂള്‍ സി.ബി.എസ്.ഇ.ക്ലസ്റ്റര്‍തല സംസ്ഥാനമീറ്റില്‍ റണ്ണേഴ്‌സ് അപ് ആയതിന്റെ തുടര്‍ച്ചയായിട്ടാണ് സംസ്ഥാന സെന്‍ട്രല്‍ സ്‌കൂള്‍മീറ്റില്‍ കിരീടനേട്ടം സാധ്യമാക്കിയത്.
തേഞ്ഞിപ്പലത്ത് കടുത്ത മത്സരമാണു നടന്നത്. തൃശൂര്‍ റവന്യൂജില്ലയാണു ചാമ്പ്യന്മാര്‍. തൃശൂര്‍ ജില്ലയിലെ പാറമേക്കാവ് വിദ്യാമന്ദിര്‍ 101 പോയിന്റുമായി തൊട്ടുപിന്നിലെത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്‌കൂള്‍സ് കേരളയും സംയുക്തമായി സംഘടിപ്പിച്ചതാണ് സെന്‍ട്രല്‍ സ്‌കൂള്‍ മീറ്റ്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കായി 2018 ലാണ് പ്രത്യേക കായികമേള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയത്. നൂറുകണക്കിനു പബ്ലിക് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇത് അവസരംമാത്രമല്ല, ആവേശവുമായി. ഇതിനുമുമ്പ്, 1996 ല്‍ മരങ്ങാട്ടുപിള്ളിയിലെ ലേബര്‍ ഇന്ത്യ സ്‌കൂള്‍ എം.ഡി, രാജേഷ് ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ കോട്ടയത്ത് 'സി.ബി.എസ്.ഇ. അത്‌ലറ്റിക് മീറ്റ്' നടത്തി. ലേബര്‍ ഇന്ത്യ സ്‌കൂള്‍ കായികരംഗത്തു കാട്ടിയ മികവിന് അംഗീകാരമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവിടെ ഹോസ്റ്റലും അനുവദിച്ചു. ഇതു വലിയൊരു മാറ്റത്തിനു തുടക്കമായി.
മൂവാറ്റുപുഴ നിര്‍മല സ്‌കൂളിന്റെ കിരീടനേട്ടം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കില്‍ അതിനു കാരണം അവിടത്തെ കായികാധ്യാപിക രജനി തോമസ്, ദ്രോണാചാര്യ കെ.പി. തോമസിന്റെ പുത്രി ആയതുകൊണ്ടാണ്. കെ.പി. തോമസിന്റെ നേതൃത്വത്തില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ്. നടത്തിയ കുതിപ്പ് 2003 വരെ നീണ്ടുനിന്നു. 1979 ലാണ് കെ.പി. തോമസ് സൈനികസേവനം മതിയാക്കി കോരുത്തോട് സ്‌കൂളില്‍ കായികാധ്യാപകനായി ചേര്‍ന്നത് 87-88 ലും 88-89 ലും പാലായ്ക്കു പിന്നില്‍ രണ്ടാമതായ കാഞ്ഞിരപ്പള്ളി 1989-90 ല്‍ പാലായെ പിന്തള്ളി കിരീടം വീണ്ടെടുത്തപ്പോള്‍ അവര്‍ നേടിയ 101 പോയിന്റില്‍ 51 പോയിന്റ് കോരുത്തോട് സ്‌കൂളിന്റേതായിരുന്നു.
മോളി ചാക്കോയും സി.എസ്. മുരളീധരനും അഞ്ജു മര്‍ക്കോസും (അഞ്ജു ബോബി ജോര്‍ജ്) ജിന്‍സി ഫിലിപ്പും ഒക്കെ കോരുത്തോട്ടുനിന്നു തുടങ്ങി ഇന്ത്യന്‍ താരങ്ങളായി. കെ.പി. തോമസിന്റെ ശിഷ്യരില്‍ ഇരുനൂറോളം പേര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വോട്ടായില്‍ ജോലി കിട്ടിയത്. കേരളത്തിലെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കായികരംഗത്ത് ഒരു വിപ്ലവമായിരുന്നു അത്.
കോരുത്തോടിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് 2003 ല്‍, കോതമംഗലം രൂപതയ്ക്കു കീഴിലുള്ള സെന്റ് ജോര്‍ജ് സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്‍ സ്‌കൂളായി. 2018 ല്‍ തിരുവനന്തപുരത്തു പത്താം കിരീടനേട്ടവുമായാണ് സെന്റ് ജോര്‍ജിന്റെ കുട്ടികള്‍ കായികാധ്യാപകന്‍ രാജു പോളിനു യാത്രയയപ്പു നല്‍കിയത്. കോതമംഗലത്തെതന്നെ മാര്‍ ബേസില്‍ 2009 മുതല്‍ പല തവണ ചാമ്പ്യന്മാരായി. തുടര്‍ന്ന് കോഴിക്കോട് പുല്ലൂരാംപാറയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ (മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), പാലക്കാട് പറളി സ്‌കൂള്‍ (പറളി അത്‌ലറ്റ്ക് ക്ലബ്) തുടങ്ങിയവയൊക്കെ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ഒട്ടേറെ താരങ്ങളെ സൃഷ്ടിച്ചു.
കെ.പി.തോമസ് ഇപ്പോള്‍ പൂഞ്ഞാര്‍ എസ്.എം.വി.സ്‌കൂളില്‍ കായികപരിശീലകനായുണ്ട്. അദ്ദേഹത്തിന്റെ പുത്രന്‍ രാജുസ് തോമസ് അവിടെത്തന്നെ കായാകാധ്യാപകനായുണ്ട്. കെ.പി. തോമസിന്റെ മൂത്തപുത്രി രാജി തോമസ് ഗണിതശാസ്ത്രഅധ്യാപികയായി കോരുത്തോട് സി.കെ.എം.എച്ച്.എസില്‍ ജോലി നോക്കുന്നു. പാലായുടെ മരുമകള്‍ ആയ ഒളിമ്പ്യന്‍ ഷൈനി വില്‍സന്റെ പിതൃസഹോദരനാണ് ഇടുക്കി കുരിശിങ്കല്‍ വീട്ടില്‍ കെ.പി. തോമസ്.
കെ.പി. തോമസ് സംസ്ഥാന സ്‌കൂള്‍ കായികരംഗത്തു തുടക്കമിട്ട പോരാട്ടം മകള്‍ രജനിക്കു പബ്ലിക് സ്‌കൂള്‍ കായികരംഗത്തു സാധ്യമാകണം. അവിടെയും മത്സരം മുറുകിയാല്‍ കൂടുതല്‍ പബ്ലിക് സ്‌കൂളുകളില്‍ കായികരംഗം സജീവമാകും. പബ്ലിക് സ്‌കൂളുകള്‍ പണ്ടുമുതല്‍ക്കേ ചെസ്, ബ്രിജ് തുടങ്ങി മൈന്‍ഡ് ഗെയിമുകളില്‍ ശ്രദ്ധിക്കുന്നുണ്ട്. ഭാവിയില്‍ ഇ-സ്‌പോര്‍ട്‌സും പ്രചരിക്കും. എന്നാല്‍, കായികക്ഷമത പരമപ്രധാനമാണ്. കളിക്കളങ്ങളും അനിവാര്യമാണ്. അത്തരമൊരു സംസ്‌കാരത്തിലേക്കു പബ്ലിക് സ്‌കൂളുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്.
മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളിലേതുപോലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സാധ്യതകള്‍ വരുംനാളുകളില്‍ പല പബ്ലിക് സ്‌കൂളിലും ഉരുത്തിരിയും. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികള്‍ കൂടുതല്‍ വ്യാപിക്കുമ്പോള്‍ പബ്ലിക് സ്‌കൂളിലെ താരങ്ങള്‍ക്കു മത്സരസാധ്യതയേറും. വിവിധ സ്‌കൂളുകള്‍ വ്യത്യസ്തയിനങ്ങളില്‍ ശ്രദ്ധയൂന്നിയാല്‍ അവസരങ്ങള്‍ ഏറും. വളരാനുള്ള സാധ്യത കൂടും. തൃശൂരിലെയും എറണാകുളത്തെയും സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വീറുള്ളതാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)